Sorry, you need to enable JavaScript to visit this website.

മാലാഖമാർക്ക്  ചിറകുകൾ

തിരുവനന്തപുരം ഡിഫറന്റ് ആർട്ട് സെന്ററിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ കലാപരിപാടി  

സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നൊറ്റപ്പെട്ടു പോയ, ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ കഴിവുകൾ തിരിച്ചറിഞ്ഞ് ആവശ്യമായ പരിശീലനം നൽകി അവരിലെ സർഗശേഷി വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഡിഫറന്റ് ആർട്ട് സെന്റർ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ രൂപം കൊണ്ടത്. കേരള സർക്കാരിന്റെ ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിന്റെ സഹകരണത്തോടെയാണ് ഭിന്നശേഷിക്കാരായ കുട്ടികളിലെ വ്യത്യസ്ത അഭിരുചികൾ പ്രോത്സാഹിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ ഈ സ്ഥാപനം ആരംഭിച്ചത്. 
ചിത്രരചന, ഗാനാലാപനം, നൃത്തം, നാടകം തുടങ്ങി വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ചവർക്ക് സ്ഥിരമായി പരിപാടികൾ അവതരിപ്പിക്കാനും സ്വയം പര്യാപ്തരാകാനും സഹായിക്കുന്ന ഡിഫറന്റ് ആർട്ട് സെന്റർ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്.
സപ്തവർണങ്ങൾ പോലെ, സപ്തസ്വരങ്ങൾ പോലെ, സപ്ത വേദികളാണ് അതിസുന്ദരമായി രൂപകൽപന ചെയ്ത സെന്ററിനായി പൂർത്തീകരിച്ചത്.
സംഗീതത്തിന് ബിഥോവൻ ബംഗ്ലാവ്, നൃത്തത്തിന് ജലിയോ മഹൽ, ചിത്രകലയ്ക്ക് ആഞ്ചലോസ് ആർട്ടറി ആന്റ് ആർകേഡ്, അഭിനയത്തിന് ഇന്ത്യ ഫോർട്ട്, തത്സമയ സിനിമാ നിർമാണത്തിന് കാമല്ലേ കാസ്‌കേഡ്, ഉപകരണ സംഗീതത്തിന് വണ്ടർ വിംഗ്‌സ് എന്നിങ്ങനെ ഏഴു വേദികൾ. നൂറോളം ഭിന്നശേഷി കുട്ടികളാണ് ആദ്യഘട്ടത്തിൽ പരിശീലനം നേടുന്നത്.
കുട്ടികൾക്ക് പരിശീലനം, ഭക്ഷണം, താമസം എന്നിവ സെന്ററിൽ സൗജന്യമാണ്. ചെറിയ തുക സ്‌റ്റൈപ്പന്റും നൽകുന്നു. സാമൂഹിക സുരക്ഷാ മിഷനും മാജിക് പ്ലാനറ്റും സംയുക്തമായാണ് ഡിഫറന്റ്ആർട്ട് സെന്റർ യാഥാർഥ്യമാക്കിയത്. നിരവധി കമ്പനികളുടേയും വ്യക്തികളുടേയും സഹായവും പിന്തുണയുമുണ്ട്.
ഭിന്നശേഷിക്കാർക്ക് ശാസ്ത്രീയ പരിചരണം നൽകുന്ന രീതികൾ വിശദീകരിക്കാനായി വിമാനത്തിന്റെ മാതൃകയിൽ തയാറാക്കിയ ഡിഫറന്റ് തോട്ട്‌സ് സെന്ററിന്റെ ഉദ്ഘാടനം സ്പീക്കർ പി.ശ്രീരാമകൃഷ്ണനാണ് നിർവഹിച്ചത്. മാജിക് പ്ലാനറ്റിലെത്തുന്ന കുട്ടികൾക്ക് എല്ലാ ദിവസവും ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപ്രകടനവും ആസ്വദിക്കാം. ലോകത്തെവിടെയുമുള്ള ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അതിഥികളായി എത്തി പ്രകടനം നടത്താനും സാധിക്കും. ഏറെ കഴിവുകളുള്ള ഭിന്നശേഷി കുട്ടികളുടെ കലാ പ്രകടനങ്ങൾ മാജിക് പ്ലാനറ്റിലെത്തുന്ന കാണികളിൽ വിസ്മയം തീർക്കുമെന്നത് ഉറപ്പ്. ഇതിനകം 1400 വേദികളിൽ ചുവട് പിഴക്കാതെ, ഭിന്നശേഷിക്കാർ നടത്തിയ കലാ പരിപാടികളത്രയും കാൺകെ തന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയെന്ന് മുതുകാട് പറഞ്ഞു. ഇത്തരം കുട്ടികളുടെ അമ്മമാരുടെ ആനന്ദക്കണ്ണീർ പറഞ്ഞറിയിക്കാനാവില്ല. അമ്മമാരിൽ ദരിദ്രരായവരെക്കൂടി പുനരധിവസിപ്പിക്കുന്ന പദ്ധതിയും ആസൂത്രണം ചെയ്തിട്ടുണ്ട്. ഇത്തരം ഒരു സംരംഭം ലോകത്തിലെവിടെയുമില്ലെന്നത് വലിയ സാധ്യതകളാണ് തുറന്നിടുന്നത്. 
ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ അളവറ്റ പ്രോത്സാഹനം നന്ദിയോടെ മാത്രമേ സ്മരിക്കാനാവൂവെന്നും ഭിന്നശേഷിക്കാരുടെ ഈ വേറിട്ട സ്ഥാപനത്തെ സഹായിക്കാൻ സന്മനസ്സുള്ള വ്യക്തികളുടെ പിന്തുണ കൊച്ചുമാലാഖമാർക്ക് പുതിയ ചിറകുകൾ നൽകുമെന്നും ഗോപിനാഥ് മുതുകാട് കൂട്ടിച്ചേർത്തു.

Latest News