Sorry, you need to enable JavaScript to visit this website.

മാജിക്കൽ റിയലിസം

ഗോപിനാഥ് മുതുകാടിന് മുഖവുര ആവശ്യമില്ല. ഇന്ദ്രജാല വിദ്യയുടെ ഇന്ത്യൻ പര്യായമാണ് ഈ അപൂർവ പ്രതിഭ. ഏഴാം വയസ്സ് മുതൽ മാജിക്കുകളുടെ വിസ്മയ പ്രപഞ്ചത്തിൽ ഇന്ദ്രധനുസ്സിന്റെ നിറക്കൂട്ട് പകർന്ന മുതുകാട്, 54 രാജ്യങ്ങൾ സന്ദർശിച്ചു, 8000 സ്റ്റേജുകൾ കീഴടക്കി. ഭിന്നശേഷിക്കാരായ കുട്ടികളുടെ സർഗശേഷി വളർത്താനായി തിരുവനന്തപുരം കഴക്കൂട്ടത്ത് ഡിഫറന്റ് ആർട്ട് സെന്റർ സ്ഥാപിച്ച് ലോകശ്രദ്ധ പിടിച്ചുപറ്റി. ചങ്ങായീസ് എന്ന കൂട്ടായ്മയുടെ ക്ഷണമനുസരിച്ച് ഇതാദ്യമായി ജിദ്ദയിലെത്തിയ ഗോപിനാഥ് മുതുകാട് തന്റെ 45 വർഷത്തെ മാജിക് ജീവിതം, മോട്ടിവേഷണൽ രംഗത്തെ ഇടപെടൽ, ഏഷ്യയിലാദ്യമായി മന്ത്രവിദ്യ പഠിപ്പിക്കാൻ സ്ഥാപിച്ച വിദ്യാലയം, തെരുവിൽ അലഞ്ഞ് നടക്കുന്ന നിർധനരായ മായാജാലക്കാരുടെ പുനരധിവാസം... മനുഷ്യസ്‌നേഹത്തിന്റെ അലിവ് കിനിയും അനവധി മഹാപാഠങ്ങൾ മലയാളം ന്യൂസുമായി പങ്കുവെക്കുന്നു... 

പഴയ തലമുറയിൽ മന്ത്രവിദ്യകളുടെ കുലപതിയായി വാണ വാഴക്കുന്നം നമ്പൂതിരിയുടെ വിസ്മയ കഥകൾ കേട്ട് ത്രില്ലടിച്ച ബാല്യം. കൺകെട്ടു വിദ്യയുടെ മായവും മറിമായവും കണ്ട് അത്ഭുതം കൂറിയ കൗമാരം. മലപ്പുറം നിലമ്പൂർ കവളമുക്കട്ടയിലെ കർഷകനായ കുഞ്ഞുണ്ണി നായരുടേയും ദേവകി അമ്മയുടേയും ഇളയ മകൻ ഗോപിനാഥിന് ഒരൊറ്റ ആഗ്രഹം മാത്രം: മായാജാലക്കാരനാകണം.
അച്ഛന്റെ നല്ല സപ്പോർട്ടുണ്ടായിരുന്നു. അങ്ങനെയാണ് ചില ചെറിയ വിദ്യകളൊക്കെ പഠിച്ച് അധ്യാപകന്റെ കൂടി പിന്തുണയോടെ പത്താം വയസ്സിൽ സ്‌കൂളിലൊരു ജാലവിദ്യ പ്രദർശിപ്പിച്ചത്. അത് പക്ഷേ ഫ്‌ളോപ്പായി. നിരാശനായി, കരഞ്ഞുകൊണ്ട് വീട്ടിൽ വന്ന ഗോപിനാഥിനെ അച്ഛൻ ആശ്വസിപ്പിച്ചു. പിന്നെ ഉപദേശിച്ചു: സാരമില്ല മോനേ, തോൽവിയിലൂടെ നീ വിജയത്തിലേക്ക് എത്തും. 
അച്ഛന്റെ നാക്ക് പൊന്നായി. പരാജയത്തിൽ നിന്നാണ് ഗോപിനാഥ് വിജയത്തിന്റെ പടവുകൾ കയറിയത്. അത് ശരാശരി മനുഷ്യന്റെ വിജയമായിരുന്നില്ല. ലോകം മുഴുവൻ അറിയപ്പെടുന്ന മഹാപ്രതിഭയുടെ പദവിയിലേക്കുള്ള പടയോട്ടമായിരുന്നു. ഇതിനായി ഏറെ കടമ്പകൾ കടക്കേണ്ടി വന്നു. അതീവ ദുഷ്‌കരമായ അഭ്യാസങ്ങൾ പഠിക്കാനും മെയ്‌വഴക്കത്തോടെ അത് വിജയകരമായി പ്രദർശിപ്പിക്കാനും അതികഠിനമായി അധ്വാനിക്കേണ്ടി വന്നു. പലപ്പോഴും തോറ്റു പിന്മടങ്ങേണ്ട അവസ്ഥ. ആത്മഹത്യയുടെ വക്കിൽ വരെയെത്തി ജീവിതം. പക്ഷേ ആത്മവിശ്വാസമായിരുന്നു മുതുകാടിന്റെ കൈമുതൽ. 
നിലമ്പൂർക്കാരൻ തന്നെയായ ആർ.കെ മലയത്താണ് ആദ്യഗുരു. പിന്നീട് ലോകപ്രശസ്തരായ പല മാജിക്കുകാരുടേയും ശിഷ്യത്വം സ്വീകരിച്ച ഗോപിനാഥ് മുതുകാട്, ഇപ്പോൾ ഈ രംഗത്തെ ഇന്ത്യയിലെ നമ്പർ വൺ തന്നെയാണെന്ന് നിസ്സംശയം പറയാം. യൂനിസെഫ് അംബാസഡർ, ദേശീയ ഇലക്ഷൻ കമ്മീഷന്റെ കേരള ഐക്കൺ എന്നീ പദവികളും ഇദ്ദേഹം അലങ്കരിക്കുന്നു. ദേശീയ, സംസ്ഥാന നേതാക്കൾ, ഭരണ മേധാവികൾ, ലോകരാജ്യങ്ങളുടെ ഭരണത്തലവന്മാർ, അതിവിശിഷ്ട വ്യക്തികൾ എന്നിവരിൽ നിന്നെല്ലാം വിവിധ മേഖലകളിൽ നിന്നുള്ള പുരസ്‌കാരങ്ങൾ മുതുകാടിനെ തേടിയെത്തി. 
മഞ്ചേരി എൻ.എസ്.എസ് കോളേജിൽ നിന്ന് ഡിഗ്രിയെടുത്ത ശേഷം ബാംഗ്ലൂർ ലോ കോളേജിൽ ചേർന്നെങ്കിലും ഒരു വർഷം കൊണ്ട് പഠനം നിർത്തി. വീണ്ടും മാജിക്കുകളുടെ ലോകത്തേക്കായിരുന്നു ഗോപിനാഥ് മുതുകാടിന്റെ 'ഫയർ എസ്‌കേപ്'. ഇരുപത്തിനാലു മണിക്കൂറും മുതുകാടിന്റെ മനസ്സിൽ മാജിക് തന്നെ. ഇന്ത്യൻ മാജിക്കിന്റെ തലസ്ഥാനമായ കൊൽക്കത്തയിലെയും രാജ്യ തലസ്ഥാനത്തെയും പ്രസിദ്ധരായ മാജിക്കുകാരുമായി പരിചയപ്പെടുകയും അന്ന് വരെ അപ്രാപ്യമെന്ന് കരുതിയ പല അഭ്യാസങ്ങളും സ്വായത്തമാക്കുകയും ചെയ്തു, മുതുകാട്. 
കോളേജ് ഡ്രോപൗട്ടായി മാജിക്കിനു പിറകെ അലയുമ്പോഴും മുതുകാടിനൊരു സ്വപ്‌നമുണ്ടായിരുന്നു: അവതരിപ്പിക്കപ്പെടുന്ന എല്ലാ ഇനങ്ങളും അന്യൂനമാകണമെന്ന്. അത് കൊണ്ട് തന്നെ വേറിട്ടൊരു മാജിക് ശൈലിയുടെ ഉടമയായി അദ്ദേഹം. സാക്ഷരതാ പ്രവർത്തനം, മദ്യത്തിനും മയക്കുമരുന്നിനുമെതിരായ ബോധവൽക്കരണം... നന്മയുടെ പാഠങ്ങൾക്കായി മാജിക്കിനെ മാറ്റിയെടുക്കുകയായിരുന്നു, ഭാവനാശാലിയായ ഈ കലാകാരൻ. 
മാജിക് വിത്ത് എ മിഷൻ എന്ന ദൗത്യവുമായാണ് മുതുകാട് രംഗത്തിറങ്ങിയത്. ഇല്യൂഷണിസ്റ്റ്, മെന്റർ, എസ്‌കോപ്പളോളജിസ്റ്റ് തുടങ്ങി പല നിലകളിലും പെട്ടെന്ന് പ്രശസ്തനായി. ഇന്ത്യയ്ക്കകത്തും പുറത്തുമായി എണ്ണായിരത്തിലധികം സ്റ്റേജുകളിൽ മാജിക് അവതരിപ്പിച്ച മുതുകാട് 54 രാജ്യങ്ങളിൽ പര്യടനം നടത്തി.


1996 ൽ ഏഷ്യയിലെ ആദ്യത്തെ മാജിക് അക്കാദമി, മാജിക് പ്ലാനറ്റ് എന്ന പേരിൽ തിരുവനന്തപുരം പൂജപ്പുരയിൽ സ്ഥാപിച്ചു. പ്രസിദ്ധ സാഹിത്യകാരനും മാജിക് ആചാര്യൻ വാഴക്കുന്നം നമ്പൂതിരിയുടെ സുഹൃത്തുമായ മലയാറ്റൂർ രാമകൃഷ്ണന്റെ സഹായത്തോടെയാണ് മാജിക് അക്കാദമി ഉയർന്നു വന്നത്. കേരള യൂനിവേഴ്‌സിറ്റിയുടെ സിലബസ് പ്രകാരം മാജിക് ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്‌സുകളാണ് മാജിക് അക്കാദമിയിലിപ്പോഴുള്ളത്. മാജിക് നടത്തി ആളുകളെ ഹരം കൊള്ളിക്കുക മാത്രമല്ല, അവയിൽ നിന്നെന്തെങ്കിലും പുതിയ അറിവ് കൂടി (മനസ്സിൽ പുതിയൊരു സ്പാർക് എന്ന് മുതുകാടിന്റെ വാക്ക്) കാണികളിലേക്ക് കൈമാറുകയെന്നതാണ് തന്റെ പ്രദർശനങ്ങളുടെ ലക്ഷ്യമെന്നും ഈ ജീനിയസ് പറയുന്നു. മാജിക് ലോകത്തെ ഓസ്‌കർ പുരസ്‌കാരമെന്നറിയപ്പെടുന്ന അന്താരാഷ്ട്ര മെർലിൻ അവാർഡ് 2011 ൽ മുതുകാടിന് ലഭിച്ചു. 1995 ൽ സംഗീത നാടക അക്കാദമി അവാർഡ് കിട്ടി. ആദ്യമായാണ് മാജിക് രംഗത്തെ ഒരു പ്രതിഭയ്ക്ക് അക്കാദമി ഈ അവാർഡ് നൽകിയത്. വ്യക്തി ജീവിതത്തിലും പ്രൊഫഷനൽ ജീവിതത്തിലും നൂറ് ശതമാനം സത്യസന്ധതയും ആത്മാർഥതയും പുലർത്തുന്ന വ്യക്തിത്വത്തിനുടമയാണ് മുതുകാട്.
യു.എ.ഇയിലെ അൽഐൻ ഫെസ്റ്റിവലിൽ മുതുകാട് നടത്തിയ ഹൗഡിനി എസ്‌കേപ്പ് ലോകശ്രദ്ധ പിടിച്ചുപറ്റി. 1904 ൽ ഹാരി ഹൗഡിനി എന്ന വിശ്വപ്രശസ്ത കലാകാരൻ നടത്തിയ ഈ ഐറ്റം മുപ്പത്തിരണ്ടാം വയസ്സിലാണ് മുതുകാട് അൽഐനിൽ അവതരിപ്പിച്ചത്. കൈകാലുകൾ ബന്ധിച്ച് വൈക്കോൽ കൂനയിലേക്ക് തന്നെ തള്ളിവിട്ട ശേഷം അത് മുഴുവൻ അഗ്നിക്കിരയാക്കുന്നു. ശ്വാസം അടക്കിപ്പിടിച്ച ആൾക്കൂട്ടത്തിനു നടുവിലേക്ക് കേവലം അറുപത് സെക്കന്റിനകം ബന്ധനസ്ഥനായി തീയിട്ട മുതുകാട് പുഷ്പം പോലെ ചിരിച്ചുകൊണ്ട് കൈവീശി പ്രത്യക്ഷപ്പെടുന്നു. അത്യത്ഭുതകരം എന്നത് പോലെ അപകടകരം കൂടിയായ ഹൗഡിനി എസ്‌കേപ്പ് കൂടുതൽ സ്ഥലങ്ങളിലൊന്നും അവതരിപ്പിച്ചില്ല.
ആർദ്ര കേരളം എന്ന പേരിൽ മലയാള മനോരമയുടെ ഒരു പരിപാടിയുമായി ബന്ധപ്പെട്ട് കേരളത്തിലെ സ്‌പെഷ്യൽ സ്‌കൂളിലാകെ സഞ്ചരിക്കുമ്പോഴാണ് ഭിന്നശേഷിക്കാരായ കുട്ടികളുമായും അവരുടെ മാതാപിതാക്കളുമായും സംവദിക്കാൻ അവസരം കിട്ടിയത്. ഓട്ടിസം, ഡൗൺ സിൻഡ്രോം എന്നിവ ബാധിച്ച കുട്ടികളിൽ മാജിക് ഏത് വിധം പ്രതികരണം സൃഷ്ടിക്കുമെന്ന് അറിയാനുള്ള ശ്രമം നടത്തിയ മുതുകാട് അത്തരം കുട്ടികളിലെ അത്ഭുതകരമായ കഴിവ് വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഡിഫറന്റ് ആർട്ട് സെന്ററിന് തുടക്കം കുറിച്ചത്. തന്റെ മാജിക് ജീവിതത്തിന്റെ ജൈത്രയാത്ര പ്രതിപാദിക്കുന്ന 'ഓർമകളുടെ മാന്ത്രിക സ്പർശം' എന്ന ശീർഷകത്തിൽ പുസ്തകം രചിച്ചിട്ടുണ്ട്, മുതുകാട്. മാന്ത്രിക ജീവിതത്തെ സമഗ്രമായി വരച്ചുകാട്ടുന്ന ദ റിയൽ ലൈഫ് മജീഷ്യൻ എന്ന ഡോക്യു ഫിക്ഷൻ ഈയിടെ  (സംവിധാനം പ്രജീഷ് പ്രേം) മുതുകാടിന്റെ അമ്മ പ്രകാശനം ചെയ്യുകയുണ്ടായി. ജിദ്ദയിലും ഈ ഡോക്യു ഫിക്ഷൻ പ്രദർശിപ്പിച്ചത് ആരവങ്ങളോടെയാണ് ആൾക്കൂട്ടം വരവേറ്റത്. ഇല്ലായ്മകളിൽ നിന്ന് ഇഛാശക്തിയുടെ ബലത്തിൽ ഒരു മഹാപ്രതിഭ ഉദയം ചെയ്തതിന്റെ ചേതോഹരമായ ദൃശ്യാവിഷ്‌കാരമാണ് ദ റിയൽ ലൈഫ് മജീഷ്യൻ. മലപ്പുറം മേലാറ്റൂർ സ്വദേശി കവിതയാണ് മുതുകാടിന്റെ ജീവിത പങ്കാളി. മകൻ വിസ്മയ് ഒമ്പതാം ക്ലാസ് വിദ്യാർഥി.

Latest News