മസ്കത്ത്- ഒമാന്റെ പുതിയ ഭരണാധികാരിയായ സുൽത്താൻ ഹൈതം ബിൻ താരീഖ് അൽ സഈദിനെ പ്രഖ്യാപിച്ചു. സാംസ്കാരിക മന്ത്രിയായി സേവനം ചെയ്തുവരികയായിരുന്നു 65 കാരനായ താരീഖ്. കുടുംബം യോഗം ചേർന്ന ശേഷം പുതിയ ഭരണാധികാരിയെ പ്രഖ്യാപിക്കുകയായിരുന്നുവെന്ന് സർക്കാർ വ്യക്തമാക്കി. സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ നിര്യാണത്തെ തുടർന്നാണ് നിയമനം. ഖാബൂസ് ബിൻ സഈദിന്റെ അനന്തരവൻ കൂടിയാണ് ഹൈതം ബിൻ താരീഖ്. ഇന്ന് രാവിലെ അധികാരമേറ്റു. കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു സുൽത്താൻ ഖാബൂസ്.

കായികപ്രേമിയും വിദേശ കാര്യങ്ങളിൽ നൈപുണ്യവുമുള്ളയാണ് പുതിയ ഭരണാധികാരി താരീഖ് അൽ സഈദ്. 1979-ൽ ഓക്സ്ഫെഡ് യൂണിവേഴ്സിറ്റിയിൽനിന്ന് വിദേശ പഠനത്തിൽ ബിരുദം നേടിയ താരീഖ് അൽ സഈദ എൺപതുകളിൽ ഒമാൻ ഫുട്ബോൾ ഫെഡറേഷന്റെ തലവനുമായി. രാജ്യത്തിന്റ വിദേശനയങ്ങളിലും താരീഖ് മികച്ച സേവനമാണ് കാഴ്ചവെച്ചത്. വിദേശത്ത് നടക്കുന്ന യോഗങ്ങളിൽ ഒമാനെ പ്രതിനിധീകരിച്ച് നിരവധി തവണ പങ്കെടുക്കുകയും ചെയ്തു.






