നല്ല കാര്യങ്ങൾ സംഭവിച്ചാൽ മാധ്യമങ്ങൾ ഗൗനിക്കാറില്ലെന്നതാണ് പൊതുവേയുള്ള ആക്ഷേപം. ഇതിന് വിരുദ്ധമായും ചിലത് സംഭവിക്കാറുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രമുഖ മാധ്യമങ്ങളായ യൂറോ ന്യൂസ്, ബിബിസി, ഗാർഡിയൻ, ഇൻഡിപെൻഡന്റ് എന്നിവയിൽ പിന്നിട്ട വാരത്തിൽ സ്ഥാനം പിടിച്ചു. അദ്ദേഹത്തിന്റെ കാമുകി കാരി സിമണ്ട്‌സിനൊപ്പം വിമാനത്തിൽ ഇക്കോണമി ക്ലാസിൽ യാത്ര ചെയ്തതാണ് വാർത്താ പ്രാധാന്യം നേടിയത്. കരീബിയൻ ദ്വീപുകളിൽ പുതുവർഷ ആഘോഷത്തിനുള്ള യാത്രയിലായിരുന്നു ഇരുവരും.
ഇത്രയും വലിയ വിവിഐപി ആയിട്ടും അകമ്പടിക്കാരില്ലാതെയാണ് പ്രധാനമന്ത്രി യാത്ര ചെയ്തത്. സാധാരണക്കാരെ പോലെ കാറ്റിൽ ക്ലാസിലായിരുന്നു ആകാശ യാത്ര. കരീബിയൻ ദ്വീപ് രാഷ്ട്രമായ സെന്റ് വിൻസന്റ് ആൻഡ് ഗ്രെനഡെൻസിലെ മസ്റ്റീക്ക് എന്ന ടൂറിസം കേന്ദ്രത്തിലേക്കായിരുന്നു ബോറിസിന്റെയും കാരിയുടെയും യാത്ര.
ചെലവ് ചുരുക്കിയുള്ള യാത്ര വഴി ബ്രിട്ടീഷ് ഖജനാവിന് ലാഭം ഒരു ലക്ഷം പൗണ്ട്. ലണ്ടനിൽ നിന്നുള്ള യാത്രക്കിടെ സഹയാത്രക്കാർ പകർത്തിയ ചിത്രങ്ങളിലൂടെയാണ് പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ലാളിത്യം പ്രേക്ഷകരും വായനക്കാരും അറിഞ്ഞത്.
തെരഞ്ഞെടുപ്പിലെ മിന്നും വിജയം ആഘോഷിക്കാൻ കൂടിയാണ് ബോറിസും കാമുകിയും പറന്നത്.
*** *** ***
പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണ തേടി പ്രധാനമന്ത്രി നരേന്ദ്ര മോഡി രംഗത്ത് വന്നിരുന്നു. പ്രധാനമന്ത്രിയുടെ ഹാഷ് ടാഗ് പ്രചാരണം പ്രതിഷേധത്തെ മറി കടക്കുമോ എന്നതായിരുന്നു ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവർ കഴിഞ്ഞ ദിവസം ചർച്ച ചെയ്തത്. ബിജെപിയെ പ്രതിനിധീകരിച്ച് ശോഭാ സുരേന്ദ്രനാണ് ചർച്ചയിൽ പങ്കെടുത്തത്. അഡ്വക്കറ്റ് രശ്മിത രാമചന്ദ്രൻ, ഡോ. ഷീന ഷുക്കൂർ എന്നിവരായിരുന്നു മറ്റു പാനലിസ്റ്റുകൾ. വിനു വി ജോൺ നയിച്ച ചർച്ചയിൽ ശോഭാ സുരേന്ദ്രനെ അഡ്വക്കറ്റ് രശ്മിത പൊളിച്ചടുക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. നിയമസഭയിൽ പ്രതിപക്ഷവും ഭരണപക്ഷവും ചേർന്ന് പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പ്രമേയം പാസാക്കുന്നതിനെ തോന്ന്യവാസം എന്നാണ് ചർച്ചയിൽ ശോഭാ സുരേന്ദ്രൻ വിശേഷിപ്പിച്ചത്. അതാണ് ജനാധിപത്യത്തിന്റെ ശക്തിയെന്ന് അവതാരകനായ വിനു ഇടപെട്ട് വ്യക്തമാക്കി. കേന്ദ്ര സർക്കാറിനെയും നരേന്ദ്ര മോഡിയെയും രൂക്ഷമായി വിമർശിച്ച അഡ്വക്കറ്റ് രശ്മിതയുടെ അഭിപ്രായങ്ങൾക്ക് മറുപടി പറയാനില്ലെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
ശോഭാ സുരേന്ദ്രന്റെ ഓരോ ആരോപണത്തിനും അക്കമിട്ടാണ് രശ്മിത രാമചന്ദ്രൻ ചുട്ട മറുപടി പറഞ്ഞത്. എൽഎൽബിക്ക് എൻറോൾ ചെയ്തപ്പോൾ തന്റെ രാഷ്ട്രീയം അടിയറ വെച്ചുകൊള്ളാം എന്ന് താൻ എവിടെയും എഴുതിക്കൊടുത്തിട്ടില്ല എന്ന് രശ്മിത തുറന്നടിച്ചു. രാഷ്ട്രീയവും നിയമത്തിലുളള അറിവും താൻ പറയും. മോഡിയുടെ ഹാഷ് ടാഗ് പ്രചാരണത്തെയും രശ്മിത പരിഹസിച്ചു.
പണ്ട് ഈദി അമീൻ ആളുകളെ കൊല്ലുന്നതിന് ഇലക്ട്രിക് ചെയർ കൊണ്ടുവന്നു. പക്ഷേ ആ നാട്ടിൽ വൈദ്യുതി ഇല്ലായിരുന്നു. തങ്ങൾക്കൊക്കെ മാനസാന്തരം വന്ന് പൗരത്വ നിയമത്തെ പിന്താങ്ങണമെങ്കിൽ തന്നെ എവിടെയാണ് ഇന്റർനെറ്റ് കണക്ഷനെന്നും രശ്മിത പരിഹസിച്ചു. നമ്മുടെ പ്രധാനമന്ത്രിക്ക് ഈ നാടിനെ കുറിച്ച് ഒരു ചുക്കും അറിയില്ല. താൻ കരുതിയത് മാഡത്തിന് കൺകറന്റ് ലിസ്റ്റ് മാത്രമേ അറിയാത്തതുളളൂ എന്നാണ്. ആർട്ടിക്കിൾ 19 അറിയും എന്നാണ് കരുതിയത്. ആർട്ടിക്കിൾ 14 എന്ന് ഓട്ടോക്ക് പേരിടുന്ന നാട്ടിലാണിത്. സകല പൗരന്മാർക്കും അഭിപ്രായം പറയാനും നിയമപരമായി പ്രതിഷേധിക്കാനും സ്വാതന്ത്ര്യം നൽകുന്നതാണ് ആർട്ടിക്കിൾ 19 എന്ന് രശ്മിത പറഞ്ഞു.
*** *** ***
അന്തി ചർച്ചക്കെത്തുന്ന ബി.ജെ.പി നേതാക്കളെ കോമഡിയായി കാണാനാണ് പലർക്കും താൽപര്യം. കോട്ടയം നസീറിന്റെ ഷോ കാണാൻ പോകുകയാണെന്ന് പറഞ്ഞ് പുറപ്പെട്ട കുട്ടിയോട് അമ്മ ചാനൽ ചർച്ചയിൽ ബി.ജെ.പി നേതാവ് വരുന്നുണ്ടെന്ന് പറഞ്ഞപ്പോൾ തിരികെ വരുന്ന കാർട്ടൂണും സമൂഹ മാധ്യമങ്ങളിൽ കണ്ടു.
മനോരമ ന്യൂസിൽ അടുത്തിടെ കണ്ട ഒരു സാമ്പിൾ- ഷാനീ, 1947 ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ ബംഗ്ലാദേശിൽ എത്ര ഹിന്ദുക്കളുണ്ട്? അവതാരകയുടെ മറുപടി- അതിന് 47 ൽ ബംഗ്ലാദേശില്ല, അത് സ്ഥാപിതമായത് 1971 ലാണ്. ഇങ്ങനെ തമാശകൾ മാത്രം പറയുന്നവരിൽ നിന്നും അൽപമെങ്കിലും വ്യത്യസ്തനാണ് സന്ദീപ് വാരിയർ. വിഷയങ്ങൾ പഠിച്ചു വന്ന് അവതരിപ്പിക്കാറുണ്ട്. കുറച്ചു കാലം സൗദിയിൽ പ്രവാസിയായിരുന്ന സന്ദീപ് വള്ളുവനാട്ടിൽ ശാസ്ത്ര സാഹിത്യ പരിഷത്തിൽ പ്രവർത്തിച്ചാണ് പൊതു രംഗത്ത് തുടക്കം കുറിച്ചതെന്ന് ഒരു അഭിമുഖത്തിൽ പറയുന്നത് കേട്ടു.
സോഷ്യൽ മീഡിയയിൽ താരമായി ഉയർന്ന രശ്മിത രാമചന്ദ്രൻ സന്ദീപിനെയും കൈകാര്യം ചെയ്യുന്നതാണ് കഴിഞ്ഞ ദിവസം കണ്ടത്. മീഡിയ വൺ ചാനലിന്റെ സംവാദ പരിപാടിയിലാണ് സന്ദീപ് വാര്യരോട് രശ്മിത ഏറ്റുമുട്ടിയത്. രശ്മിതയുടെ കുറിക്ക് കൊളളുന്ന മറുപടികളെ നേരിടാൻ സാധിക്കാതെ അവസാനം ബഹളം വെച്ച് ചർച്ച വഴിതിരിച്ച് വിടാനുളള ശ്രമമാണ് സന്ദീപ് വാര്യർ നടത്തിയത്.
പൗരത്വ ഭേദഗതി നിയമത്തിന് എതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയതിനെ ഗവർണർ എതിർത്ത വിഷയമാണ് മീഡിയ വൺ സ്‌പെഷ്യൽ എഡിഷൻ ചർച്ചക്ക് എടുത്തത്. അവതാരകനായി എത്തിയത് അഭിലാഷ് മോഹനൻ. ഗവർണറുടെ നിലപാടിനെ അഡ്വക്കറ്റ് രശ്മിത രൂക്ഷമായ ഭാഷയിൽ തന്നെ വിമർശിച്ചു. ‘പോടാപ്പാ ഗവർണറെ' എന്ന് ഈ നാട്ടിലെ ജനം അദ്ദേഹത്തോട് പറയുന്ന അവസ്ഥയിലേക്ക് എത്തുമെന്ന് രശ്മിത പറഞ്ഞു. ഗവർണർ എന്ന പദവിക്ക് അടുത്ത കാലം വരെ ഒരു വിലയുണ്ടായിരുന്നു. അത് തീർന്നുവെന്നും രശ്മിത പറഞ്ഞു. പിന്നാലെയാണ് സന്ദീപ് വാര്യർ രൂക്ഷമായി പ്രതികരിച്ചത്. ഗവർണറെ കുറിച്ച് പോടാപ്പാ എന്ന് പറയുന്നവരോട് ഇന്നസെന്റ് ഒരു സിനിമയിൽ പറഞ്ഞത് പോലെ കേറിപ്പോടീ പിത്തക്കാടീ എന്നാണ് മറുപടി പറയാനുളളത് എന്നാണ് സന്ദീപ് വാര്യർ പറഞ്ഞത്. പിന്നാലെ ഒട്ടും കുറയാത്ത മറുപടിയുമായി രശ്മിത വീണ്ടും രംഗത്ത് വന്നു.
ഇറങ്ങിപ്പോടീ പിത്തക്കാടീ എന്ന് പറഞ്ഞ കേരളത്തിന്റെ പുതിയ ഇൻകം ടാക്‌സ് ഓഫീസറായ മാന്യദേഹത്തോട് പറയാനുളളത് പ്രമുഖ നടിയായ റിമ കല്ലിങ്കൽ പറഞ്ഞ ഫിലോമിനയുടെ ഡയലോഗ് തന്നെയാണ്. ആ ഡയലോഗ് താനിവിടെ പറയുന്നില്ലെന്നും രശ്മിത പറഞ്ഞു. പക്ഷേ അതാണ് തന്റെ മറുപടി. എന്താടോ വാര്യരെ നന്നാവാത്തത്, ഒന്ന് നന്നായിക്കൂടെ എന്ന് രശ്മിത തിരിച്ച് ചോദിച്ചു. ഇതോടെ സന്ദീപ് ബഹളം തുടങ്ങി. രശ്മിത പറയുന്നതിനെ ഭയന്ന് ശബ്ദമുണ്ടാക്കുകയാണ് എന്നേ കാണുന്ന ആളുകൾ കരുതൂ എന്ന് അഭിലാഷും മറുപടി നൽകി. പണം മുടക്കാതെ അടിപൊളി സിനിമ കണ്ട ത്രില്ലിലായി പ്രേക്ഷകർ.
*** *** ***
നിയമസഭയിൽ സംയുക്ത പ്രമേയം അവതരിപ്പിച്ച വേളയിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ഭരണകക്ഷി എം.എൽ.എ എം സ്വരാജിന്റെ പ്രസംഗമാണ്. ഏറനാടിന്റെ ചരിത്രത്തിൽ നിന്നുദ്ധരിച്ചാണ് അദ്ദേഹം സംസാരിച്ചത്. ഇന്ത്യയിൽ ആകെ ഒരിടത്തു മാത്രമേ ബ്രിട്ടീഷ് പട്ടാളത്തോട് സിവിലിയൻമാർ നേരിട്ട് ഏറ്റുമുട്ടിയിട്ടുള്ളൂ. അത് ഇന്നത്തെ മലപ്പുറം ജില്ലയിലെ പൂക്കോട്ടൂരിലെ മണ്ണിലാണെന്നും സ്വരാജ് കേന്ദ്ര സർക്കാറിനെയും ഓർമിപ്പിച്ചിരുന്നു. ഇന്നും അവിടെ യുദ്ധസ്മാരകം ഉണ്ട്. ബ്രിട്ടീഷ് പട്ടാളത്തെ തോൽപിച്ചവരാണ് ഈ ഏറനാട്ടിലെ മാപ്പിളമാർ. ആ പ്രൗഢഗംഭീരമായ ഭൂതകാലം നിലനിൽക്കുമ്പോഴാണ് നിങ്ങൾ ഒരു ജനതയെ സംശയത്തിന്റെ നിഴലിൽ നിർത്തി തുടച്ചുനീക്കാനുള്ള സമീപനം സ്വീകരിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.
ഇവിടെ ജീവിക്കുന്നവരോട് രേഖ ചോദിക്കുകയാണ്. പതിറ്റാണ്ടുകളായി ഈ മണ്ണിൽ ജീവിക്കുന്നവരോട് പൗരത്വം ചോദിക്കുകയാണ്. എല്ലാ മതവിഭാഗത്തിലും പെട്ട വീരശൂര പരാക്രമികളായ എത്രയെത്ര രക്തസാക്ഷികൾ ഇവിടെയുണ്ട്? കേരളത്തിൽ എത്ര അനുഭവമുണ്ടെന്നും സ്വരാജ് അക്കമിട്ട് നിരത്തിയാണ് രാജഗോപാലിനോട് ചോദിച്ചിരുന്നത്.
സംസാരത്തിന്റെ ഒഴുക്കിൽ പരിണത പ്രജ്ഞൻ എന്ന പ്രയോഗം കടന്നു കൂടിയിട്ടുണ്ട്. ഇതിലെ തെറ്റും ശരിയും വ്യക്തമാക്കിയ മാതൃഭൂമി ന്യൂസിലെ വക്രദൃഷ്ടി ശ്രദ്ധേയമായി.
*** *** ***
ന്യൂസ് 18 ചാനലിലെ പുഷ് പുള്ളിൽ കേന്ദ്ര മന്ത്രി വി. മുരളീധരൻ പൗരത്വ ബില്ലിനെ കുറിച്ച് വിശദീകരിക്കുന്നത് ഉൾപ്പെടുത്തിയിട്ടുണ്ട്. നാലഞ്ച് മിനിറ്റ് നീണ്ട വിശദീകരണത്തിൽ പറഞ്ഞതെന്താണെന്ന് അദ്ദേഹത്തിന് പോലും മനസ്സിലായിരിക്കാൻ സാധ്യതയില്ല. പൗരത്വ നിയമ ഭേദഗതിക്കെതിരെ മാതൃഭൂമി ന്യൂസ് അഭിമുഖത്തിൽ നടി മഞ്ജു വാര്യരും പ്രതികരിച്ചു.
ഇത്രയും കാലം മതേതര ഇന്ത്യയിലാണ് ജീവിച്ചതെന്നും ഇനിയും അങ്ങനെ തന്നെയാവണമെന്നും ഇന്ത്യയിൽ മതേതരത്വം നിലനിൽക്കണമെന്നും മഞ്ജു പ്രതികരിച്ചു. തന്റെ പുതിയ ചിത്രമായ പ്രതി പൂവൻ കോഴിയുടെ പ്രചാരണാർത്ഥം പങ്കെടുത്ത അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.നിയമത്തിനെതിരെ സംവിധായകൻ റോഷൻ ആൻഡ്രൂസും രംഗത്തെത്തി. പൗരത്വം തെളിയിക്കണമെന്ന് ആവശ്യപ്പെട്ടാൽ കൈരേഖ കാണിക്കുമെന്ന് റോഷൻ ആൻഡ്രൂസ് പരിഹസിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരനും രംഗത്തെത്തിയിരുന്നു.
*** *** ***
വർഷാന്ത്യത്തിലെ തമാശകളിലൊന്നായി എൻഡിടിവി സംപ്രേഷണം ചെയ്ത ഉത്തരേന്ത്യയിലെ ബി.ജെ.പി നേതാവിന്റെ ഡയലോഗ്. താജ്മഹൽ മുഗൾ ചക്രവർത്തിയായ ഷാജഹാൻ പണിത പ്രണയ സ്മാരകമാണെന്ന കാര്യം അദ്ദേഹം അംഗീകരിക്കില്ല. ത്രേതായുഗത്തിലേ ഉള്ളതാണിത്. അവിടെ കൊണ്ടും അവസാനിച്ചില്ല. ദൽഹിയിലെ ജുമാ മസ്ജിദ് യഥാർഥത്തിൽ ജമുനാ മന്ദിറാണ്. യമുനാ നദിക്കരയിലെ കെട്ടിടമാണിത്. ഇതിന് ഇസ്‌ലാമുമായി ബന്ധമൊന്നുമില്ല. അല്ലെങ്കിലും നദിക്കരയിൽ ആരും പള്ളി പണിയാറില്ലല്ലോ. ഇത്രയേറെ വിജ്ഞാനവുമായി കഴിയുന്ന സംഘി പ്രതിനിധി വൈകാതെ ഭോപാൽ എം.പിയും പ്രധാനമന്ത്രിയുമൊക്കെയായി മാറുമെന്ന് പ്രതീക്ഷിക്കാം.






