കായിക ജീവിതത്തിന്റെ വലക്കണ്ണികൾക്ക് മുകളിലൂടെ അവസാനത്തെ സ്മാഷ് ഉതിർത്ത് കിഷോർ കുമാർ തിരിച്ചിറങ്ങുകയാണ്. തകർപ്പൻ സ്മാഷുകളിലൂടെയും എതിരാളികളെ വരിഞ്ഞുകെട്ടുന്ന ബ്ലോക്കുകളിലൂടെയും ഇന്ത്യൻ വോളിബോളിലെ മിന്നുന്ന താരം. ജീവിതം തന്നെ നിശ്ചലമാക്കിയ പരിക്കിനെ ഇഛാ ശക്തി കൊണ്ട് കീഴടക്കി വർധിത വീര്യത്തോടെ കോർട്ടിലെത്തിയ പോരാളി. പുതിയ തലമുറയുടെ മുന്നേറ്റങ്ങൾക്ക് ബ്ലോക്കിടാനില്ലെന്ന വലിയ സന്ദേശം നൽകി 38 കാരൻ ദേശീയ, അന്തർദേശീയ ചാമ്പ്യൻഷിപ്പിനോട് വിട പറയുന്നു. എങ്കിലും ഇൻവിറ്റേഷൻ ടൂർണമെന്റുകളിലും പരിശീലന ക്യാമ്പുകളിലും ഈ മികവുറ്റ താരത്തിന്റെ സാന്നിധ്യം നമുക്കൊപ്പമുണ്ടാകും.
താമരശ്ശേരി സ്വദേശിയ കിഷോർ കുമാർ വോളിബോളിലെ ഇന്ത്യൻ താരമായി മാറിയത് ജീവിത വിജയത്തിന്റെ വലിയ മാതൃകയാണ്. കോഴിക്കോട് ദേവഗിരി കോളേജിലെയും മലബാർ ക്രിസ്ത്യൻ കോളേജിലെയും പഠന കാലത്ത് യൂനിവേഴ്സിറ്റി താരമായി വളർന്ന് പിന്നീട് ജൂനിയർ ഇന്ത്യൻ ടീമിന്റെയും കേരള സീനിയർ ടീമിന്റെയും കാപ്റ്റനായി മാറിയതാണ് കിഷോറിന്റെ വിജയഗാഥ. കഴിഞ്ഞ മാസം ചെന്നൈയിൽ നടന്ന ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തെ കിരീട വിജയത്തിലേക്ക് നയിച്ചുകൊണ്ടായിരുന്നു മടക്കം. അഭിമാനകരമായ ആ നേട്ടത്തിന് പിന്നാലെ കിഷോർ വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു.
1998 ൽ കേരള ടീം അംഗമായ കിഷോർ പല വർഷങ്ങളിൽ ടീമിനെ നയിച്ചു. 19 വർഷം തുടർച്ചയായി സംസ്ഥാനത്തിന്റെ ജഴ്സിയണിഞ്ഞു. തുടർന്ന് ദേശീയ ജൂനിയർ ടീമിന്റെ നായകനായി. പിന്നീട് സംസ്ഥാന ടീമിൽ തിരിച്ചെത്തിയ കിഷോർ, 2000 ൽ കോഴിക്കോട്ട് നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളം കിരീടം നേടിയപ്പോൾ ടീമിലെ പ്രധാന താരമായിരുന്നു. മൂർച്ചയുള്ള സ്മാഷുകൾ പായിക്കുന്നതിലും എതിരാളികളുടെ സ്മാഷുകളെ തന്ത്രപരമായി ബ്ലോക്കു ചെയ്യുന്നതിലും കിഷോർ കുമാറിനുള്ള മികവ് ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടതാണ്. എതിർ ടീമുകളുടെ പേടിസ്വപ്നമായി കിഷോർ പതിറ്റാണ്ടുകളോളം കോർട്ടിൽ നിറഞ്ഞുനിന്നു. ഗാലറികളുടെ ആവേശമായി. ഇടക്കാലത്ത് പരിക്കു മൂലം മാറി നിന്നതൊഴിച്ചാൽ കേരള വോളിബോളിൽ നിറസാന്നിധ്യമായിരുന്നു കൊച്ചി ഭാരത് പെട്രോളിയത്തിലെ ജീവനക്കാരനായ കിഷോർ.
കേരളത്തിന്റെ കായിക രംഗത്ത് വേറിട്ടൊരു പദ്ധതിക്ക് തുടക്കം കുറിക്കാനും കിഷോറിന് കഴിഞ്ഞു. തടവുപുള്ളികൾക്ക് വോളിബോളിൽ പരിശീലനം നൽകി ജയിലുകളിൽ ടീമുകൾ വാർത്തെടുക്കുന്ന പദ്ധതിയായിരുന്നു ഇത്. കഴിഞ്ഞ വർഷം വിയ്യൂർ ജയിൽ തുടങ്ങിയ പദ്ധതി ജയിൽ പുള്ളികളുടെ കായിക വളർച്ചക്കും മാനസിക വികാസത്തിനും ഏറെ ഉപകാരപ്പെടുന്നതായി. ഡി.ജി.പിയുടെ പ്രത്യേക ആവശ്യപ്രകാരമായിരുന്നു ഇത്. വിയ്യൂരിൽ മികച്ചൊരു ടീമുണ്ടാക്കാൻ കഴിഞ്ഞതായി കിഷോർ പറയുന്നു. കണ്ണൂർ ജയിലിലും ഇതിന് തുടക്കം കുറിച്ചിട്ടുണ്ട്. കണ്ണൂരിലെ തടവുകാരിൽ മികച്ച കളിക്കാരാണുള്ളതെന്നും ഇവരെ പരിശീലിപ്പിച്ചാൽ നല്ലൊരു ടീമുണ്ടാക്കിയെടുക്കാനാകുമെന്നും കിഷോർ പറയുന്നു.
2016 ആദ്യത്തിലാണ് വിയ്യൂർ ജയിലിൽ കിഷോർ പരിശീലനം ആരംഭിച്ചത്. ജയിലുകളിൽ കായിക കൂട്ടായ്മകളുള്ളതായും വോളിബോളിൽ മികവുള്ളവർ അവിടെയുള്ളതായും ഒരു സുഹൃത്ത് മുഖേനയാണ് കിഷോർ അറിഞ്ഞത്. അതോടെ വിയ്യൂർ ജയിലിൽ വോളിബോൾ ക്യാമ്പ് തുടങ്ങുന്നതിനെ കുറിച്ച് ആലോചിച്ചു. ജയിൽ അധികൃതർ സമ്മതം മൂളിയതോടെ താൻ ജോലി ചെയ്യുന്ന ഭാരത് പെട്രോളിയം അധികൃതരുടെ അനുമതി വാങ്ങി ക്യാമ്പ് തുടങ്ങുകയായിരുന്നു. ഇതിനായി കൊച്ചിയിൽനിന്ന് എല്ലാ ദിവസവും കിഷോർ കുമാർ വിയ്യൂർ ജയിലിലെത്തി. തടവുകാരുടെ ശാരീരിക ക്ഷമത വർധിപ്പിക്കുന്നതിനുള്ള പരിശീലനങ്ങളായിരുന്നു ആദ്യം. പിന്നീട് വോളിബോളിൽ താൽപര്യമുള്ളവരെ കോർത്തിണക്കി ടീമുകളുണ്ടാക്കി പരിശീലനം നൽകി. ഇപ്പോൾ മികച്ച രീതിയിൽ കളിക്കുന്ന 16 പേരാണ് വിയ്യൂർ ടീമിലുള്ളത്. ഇടക്കിടെ ജയിലിൽ മറ്റു ടീമുകളുമായുള്ള മൽസരം നടത്തും.
കണ്ണൂരിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കാനുള്ള ശ്രമം കിഷോർ കുമാർ അടുത്തിടെയാണ് തുടങ്ങിയത്. കൊച്ചിയിൽ നിന്ന് എല്ലാ ദിവസവും കണ്ണൂരിലെത്തി പരിശീലിപ്പിക്കുന്നതിന് പരിമിതികളുണ്ടെങ്കിലും കണ്ണൂരിലെ തടവുപുള്ളികളിൽ മികച്ച കളിക്കാരുണ്ടെന്നത് കിഷോറിനെ ആവേശം കൊള്ളിക്കുന്നുണ്ട്.
പരിക്കിന്റെ തിരിച്ചടിയിൽനിന്ന് തികഞ്ഞ ഇഛാശാക്തിയോടെ വോളിബോൾ കോർട്ടിൽ തിരിച്ചെത്തിയ ജീവിതമാണ് കിഷോറിന്റേത്. ജീവിതം തന്നെ കൈവിട്ടു പോയെന്ന് കരുതിയ വർഷങ്ങളിലൂടെയാണ് താൻ കടന്നു പോയതെന്ന് അദ്ദേഹം ഓർക്കുന്നു. 2004 ൽ അഖിലേന്ത്യാ ടീമിന്റെ പരിശീലന ക്യാമ്പിൽ പങ്കെടുക്കവേയാണ് അപ്രതീക്ഷിതമായി നട്ടെല്ലിന് പരിക്കേറ്റത്. പരിശീലനത്തിനിടെ സഹകളിക്കാരൻ ഉയർന്നു ചാടി വീണത് കിഷോറിന്റെ ദേഹത്തേക്കാണ്. അതോടെ മുതുകിലെ എല്ലിന് സ്ഥാനചലനമുണ്ടായി. പിന്നെ കൈകാലുകൾക്ക് ചലന ശേഷി നഷ്ടപ്പെട്ടു. പ്രാഥമിക കാര്യങ്ങൾക്ക് പോലും പരസഹായം ആവശ്യമായ അവസ്ഥയിലായി. ശരീരം പാടെ തളർന്ന് കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ കഴിയാത്ത കാലം. ജീവിതത്തിന്റെ ചലനം നഷ്ടമായെന്ന് തോന്നിപ്പിച്ച നാളുകൾ. തുടർന്ന് വർഷങ്ങൾ നീണ്ട ചികിൽസയായിരുന്നു. ഒപ്പം യോഗയും. കളിക്കളത്തിലേക്ക് തിരിച്ചെത്തണമെന്ന കടുത്ത മോഹവും അതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളും കിഷോർ കുമാറിനെ വീണ്ടും ഗാലറിക്ക് മുന്നിലെത്തിച്ചു. കായിക ജീവിതത്തിൽ നഷ്ടപ്പെട്ടത് കർമോൽസുകമായ ഏഴു വർഷങ്ങളായിരുന്നു. എന്നാൽ തിരിച്ചുവരവ് ആഘോഷമാക്കാൻ കിഷോറിന് കഴിഞ്ഞു. പ്രായത്തിന്റെ സ്മാഷുകളെ മനക്കരുത്തു കൊണ്ട് ബ്ലോക്ക് ചെയ്ത് ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി വീണ്ടും കോർട്ടിലിറങ്ങാൻ കിഷോറിനായി, കേരളത്തിന് വേണ്ടി കിരീടം നേടിയ ടീമിൽ അംഗമാകാനായി.
പുതിയ തലമുറക്ക് വേണ്ടി കളമൊഴിയാൻ ഇത്തവണത്തെ ദേശീയ ചാമ്പ്യൻഷിപ്പിന് ശേഷം കിഷോർ തീരുമാനിക്കുകയായിരുന്നു. ദേശീയ - അന്തർദേശീയ ചാമ്പ്യൻഷിപ്പുകളിൽ നിന്നാണ് വിരമിക്കൽ. മറ്റ് ടൂർണമെന്റുകളിൽ കളിക്കും. ബി.പി.സി.എല്ലിന് വേണ്ടിയും കോർട്ടിലിറങ്ങും.
പുതിയ തലമുറയിൽ നിന്നുള്ളവർക്ക് അവസരം ലഭിക്കാനാണ് തന്റെ പിൻവാങ്ങലെന്ന് കിഷോർ പറയുന്നു. പുതിയ താരങ്ങൾക്ക് സൗകര്യങ്ങളേറെയുണ്ടെങ്കിലും കളിയോടുള്ള അവരുടെ മനോഭാവത്തിൽ താൻ തൃപ്തനല്ല. പഴയ തലമുറ ഒരു കളിയിലൂടെ രംഗത്തിറങ്ങിയാൽ അതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നവരായിരുന്നു. എന്നാൽ ഇന്നത്തെ തലമുറക്ക് ഈ അർപ്പണ ബോധം നഷ്ടപ്പെടുകയാണ്. പല മേഖലകളിലേക്ക് വ്യതിചലിച്ചു പോകുന്നതാണ് പുത്തൻ തലമുറയുടെ മനസ്സ്. സോഷ്യൽ മീഡിയയിലെ അമിത ഇടപെടൽ വോളിബോളിലെ പുത്തൻ താരങ്ങളെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
പല വിദേശ രാജ്യങ്ങളിലും കളിച്ചിട്ടുള്ള കിഷോറിന് ഗൾഫ് നാടുകളിലെ ടൂർണമെന്റുകളിലേക്ക് ഇടക്കിടെ ക്ഷണം ലഭിക്കാറുണ്ട്. റിയാദ് തറവാട് കൂട്ടായ്മയുടെ ക്ഷണം സ്വീകരിച്ച് ഒരിക്കൽ സൗദിയിൽ കളിച്ചത് കിഷോർ ആഹ്ലാദത്തോടെ ഓർക്കുന്നു. കുവൈത്തിലും അമേരിക്കയിലുമെല്ലാം ടൂർണമെന്റുകളിൽ അതിഥി താരമായി കിഷോർ തിളങ്ങിയിട്ടുണ്ട്.
ഇന്ത്യയിൽ വോളിബോൾ താരങ്ങൾക്ക് ഏറെ അവസരങ്ങൾ ലഭിക്കുന്നുണ്ടെന്ന് കിഷോർ പറയുന്നു. ഒട്ടേറെ കമ്പനികൾ വോളിബോൾ ടീമുകളെ നിലനിർത്തുന്നുണ്ട്. എന്നാൽ കളിക്കാരുടെ ഗുണനിലവാരം ഇനിയും ഉയരേണ്ടതുണ്ട്. ഐ.എസ്.എല്ലിലൂടെ രാജ്യത്ത് ഫുട്ബോളിന് ജനപ്രീതി ലഭിച്ചെങ്കിലും ഇന്ത്യൻ കളിക്കാരുടെ മികവ് വർധിച്ചിട്ടില്ല. ഇത്തരം പരീക്ഷണങ്ങൾ വോളിബോളിൽ ഗുണകരമാകില്ലെന്നാണ് കിഷോറിന്റെ അഭിപ്രായം. താരങ്ങൾക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാൻ ലീഗ് ചാമ്പ്യൻഷിപ്പുകൾ സഹായകമാകാം. എന്നാൽ കായിക മികവ് വർധിക്കാൻ ഇത് ഗുണകരമാകില്ലെന്ന് അദ്ദേഹം പറയുന്നു.
കൊച്ചിയിൽ കുടുംബത്തോടൊപ്പം കഴിയുന്ന കിഷോറിന്റെ ഭാര്യ നമിത കൊച്ചിൻ ഗ്ലോബൽ പബ്ലിക് സ്കൂളിലെ അധ്യാപിക. ഇന്ദ്രദത്ത്, അഷീറിയ എന്നിവർ മക്കൾ.






