തുടർച്ചയായ എട്ടാം പരമ്പര വിജയം
കൊളംബൊ - ഓപണർ ദിമുത് കരുണരത്‌നെയുടെയും കുശാൽ മെൻഡിസിന്റെയും സെഞ്ചുറികളിലൂടെ ശ്രീലങ്ക ചെറുത്തുനിന്നെങ്കിലും രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ ഇന്നിംഗ്‌സ് ജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി. തുടർച്ചയായ എട്ടാമത്തെ പരമ്പരയാണ് ഇന്ത്യ ജയിക്കുന്നത്. ഒരെണ്ണം കൂടി ജയിച്ചാൽ ലോക റെക്കോർഡാവും. അഞ്ചു വിക്കറ്റെടുത്ത രവീന്ദ്ര ജദേജയാണ് നാലാം ദിനം ചായക്കു മുമ്പ് ഇന്നിംഗ്‌സിന്റെയും 53 റൺസിന്റെയും വിജയത്തിലേക്ക് ഇന്ത്യയെ നയിച്ചത്. പുറത്താവാതെ 70 റൺസുമടിച്ച ജദേജയാണ് മാൻ ഓഫ് ദ മാച്ച്. കരിയറിൽ ഒമ്പതാം തവണ ജദേജ അഞ്ചു വിക്കറ്റ് നേട്ടം പൂർത്തിയാക്കി. ശ്രീലങ്കയിൽ ആദ്യമായാണ് ഇന്ത്യ ഇന്നിംഗ്‌സ് വിജയം നേടുന്നത്.
മൂന്നാം ദിനം മെൻഡിസും (110) ഇന്നലെ കരുണരത്‌നെയും ധീരമായ ചെറുത്തുനിൽപാണ് നടത്തിയത്. ഫോളോ ഓണിനു ശേഷം രണ്ടിന് 209 ൽ ഇന്നിംഗ്‌സ് പുനരാരംഭിച്ച ആതിഥേയർ 386 ന് ഓളൗട്ടായി. ആദ്യ ഇന്നിംഗ്‌സിൽ 183 ന് ഓളൗട്ടായതാണ് അവരുടെ കഥ കഴിച്ചത്.
കരുണരത്‌നെയുടെ ആറ് സെഞ്ചുറികളിൽ നാലും രണ്ടാം ഇന്നിംഗ്‌സിലാണ്. തൊണ്ണൂറുകളിലുള്ളപ്പോൾ കരുണരത്‌നെ അനുവദിച്ച പ്രയാസകരമായ ക്യാച്ച് ഫോർവേഡ് ഷോട്‌ലെഗിൽ കെ.എൽ. രാഹുലിന് കൈയിലൊതുക്കാനായില്ല.
ഒടുവിൽ ജദേജയുടെ അസാധാരണമാം വിധം കുത്തിയുയർന്ന പന്താണ് ആ ഇന്നിംഗ്‌സ് അവസാനിപ്പിച്ചത്. ആദ്യ വിക്കറ്റിനായി തന്റെ ഇരുപത്തിമൂന്നാം ഓവർ വരെ കാത്തിരിക്കേണ്ടി വന്ന ജദേജ പിന്നീട് ലങ്കൻ ഇന്നിംഗ്‌സ് ചുരുട്ടിക്കെട്ടി. ക്യാപ്റ്റൻ ദിനേശ് ചണ്ടിമാൽ (2) സ്ലിപ്പിൽ അജിൻക്യ രഹാനെയുടെ മികച്ച ക്യാച്ചിൽ മടങ്ങി. എക്‌സ്ട്രാ ബൗൺസിൽ അമ്പരന്ന ഏഞ്ചലൊ മാത്യൂസിനെ (36) വിക്കറ്റ്കീപ്പർ വൃദ്ധിമാൻ സാഹ ഉജ്വലമായി പിടിച്ചു. സ്ലിപ്പിൽ വിരാട് കോഹ്‌ലിയുടെ പതിവ് അബദ്ധങ്ങളൊഴിച്ചാൽ ഇന്ത്യയുടെ ക്ലോസ് ക്യാച്ചിംഗ് ഉന്നത നിലവാരം പുലർത്തി.
രാവിലെ നൈറ്റ് വാച്ച്മാൻ മാലിന്ദ പുഷ്പകുമാര (16) കരുണരത്‌നെയോടൊപ്പം മുക്കാൽ മണിക്കൂർ പിടിച്ചുനിന്നു. വൈകി ബൗളിംഗിന് അവസരം കിട്ടിയ ആർ. അശ്വിനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നീട് നിരോഷൻ ഡിക്‌വെലയും (36) മാത്യൂസും വാലറ്റക്കാരായ രംഗന ഹെറാത്ത് (17 നോട്ടൗട്ട്), ധനഞ്ജയ ഡിസിൽവ (17) എന്നിവരും ചെറുത്തുനിന്നെങ്കിലും ഇന്ത്യ ജയത്തിലേക്ക് വഴി കണ്ടു. നുവാൻ പ്രദീപിനെ പുറത്താക്കി അശ്വിൻ വിജയം പൂർത്തിയാക്കി. അവസാന ടെസ്റ്റ് പള്ളെക്കിലിയിൽ ശനിയാഴ്ച തുടങ്ങും.