പ്രേമലേഖനത്തിലെ പ്രവാസി പ്രതിഭ

നിതിൻ ജോസ്
നിതിൻ ജോസ് ഷീലയോടൊപ്പം.

ഫോർട്ട്  എന്റർടെയ്ൻമെന്റിന്റെ ബാനറിൽ നിർമിച്ച് അനീഷ് അൻവർ സംവിധാനം ചെയ്ത, വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനം കേരളം ഏറ്റെടുത്തിരിക്കുന്നു. ഈ സിനിമയിലെ മുഖ്യ കഥാപാത്രങ്ങളെ ധന്യമാക്കിയത് ഫർഹാൻ ഫാസിലും സന അൽത്താഫുമാണ്. ബേപ്പൂർ സുൽത്താന്റെ പ്രേമലേഖനം ഭാഷയുടെ ചാരുതയിൽ മൂല്യം ഒട്ടും ചോരാതെ സാഹിത്യ പ്രേമികൾ നെഞ്ചിലേറ്റിയ പ്രണയ പരവശരായ കഥാപാത്രങ്ങൾക്കു ജീവൻ നൽകി സിനിമ പുറത്തിറങ്ങിയപ്പോൾ ഇരു കയ്യും നീട്ടി മലയാളക്കര ഇതിനെ സ്വീകരിച്ച് കഴിഞ്ഞു. 
ഇതിലെ കേന്ദ്ര കഥാപാത്രമായ ബഷീറിനെ ഫർഹാൻ ഫാസിൽ അവതരിപ്പിച്ചപ്പോൾ ഇതിനു തുല്യമായ ഷുക്കൂർ എന്നാ കഥാപാത്രമായി പ്രവാസി മലയാളിയായ നിതിൻ ജോസ് എന്ന ജേക്കബ് ജോസ് വേഷമിടുന്നു. നായക തുല്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇദ്ദേഹത്തിന്റെ സിനിമയോടുള്ള ഒടുങ്ങാത്ത മോഹം തന്റെ കഥാപാത്രത്തിൽ ഉടനീളം കാണാൻ സാധിക്കും. 
ദമാമിലെ പ്രമുഖ വ്യവസായി ജോസ് ഈപ്പന്റേയും ഈ സിനിമയുടെ കോ പ്രൊഡ്യുസർ വിൻസി ജോസിന്റെയും മകനായ നിതിൻ എൽ.കെ.ജി. മുതൽ പ്ലസ് ടു വരെ ദമാം ഇന്ത്യൻ സ്‌കൂളിലും പിന്നീട് മണിപ്പാലിൽ നിന്നും എൻജിനീയറിംഗ് ബിരുദവും യു. കെയിൽ നിന്നും ബിരുദാനന്തരബിരുദവും നേടി, ബിസിനസ്സിലേക്ക് കാലുറപ്പിക്കാൻ കാത്തിരിക്കെയാണ് ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനും അത് വിശ്വസാഹിത്യ മേഖലയിൽ മുടിചൂടാമന്നനായ ബഷീറിന്റെ കഥയെ ആവിഷ്‌കരിക്കുന്ന സിനിമയിൽ  അഭിനയിക്കാനുള്ള അവസരം തന്നെ തേടിയെത്തുകയും ചെയ്തത്.
പുതിയ കഥകളോ ജീവനുള്ള കഥാപാത്രങ്ങളെയോ സൃഷ്ടിച്ചെടുക്കാൻ കഴിയാതെ ഇഴഞ്ഞിഴഞ്ഞു നീങ്ങുന്ന ആധുനിക മലയാള സിനിമയിൽ പ്രണയത്തിനു ഊഷ്മളത നൽകി ബഷീറിന്റെ പ്രണയ ലേഖനം സിനിമയാകുന്നത് പുതിയ അനുഭവമാണ്.. പാലക്കാട്, ഷൊർണൂർ, ഒറ്റപ്പാലം എന്നിവിടങ്ങളിൽ ഷൂട്ടിംഗ് പൂർത്തിയാക്കിയ ഈ സിനിമയിൽ ഗ്രാമീണതയുടെ തുടിപ്പുകൾ നിറയുന്നു. തികച്ചും നാൽപതുകളിലെ ബഷീറിയൻ കഥാപാത്രങ്ങളെ ഇത് ധന്യമാക്കിയിട്ടുണ്ടെന്നും തിരിച്ചറിയാം. ദമാമിൽ താമസിക്കുന്ന ജോസ് ഈപ്പൻ - വിൻസി ജോസ് ദമ്പതികൾക്ക് നിതിനെ കൂടാതെ നീന ജോസ്, നിമ്മി ജോസ് എന്നീ മക്കൾ കൂടിയുണ്ട്. 

Latest News