സ്വർഗത്തിന്റെ വാതിലുകൾ

വായനക്കിടയിൽ മനസ്സിൽ പതിഞ്ഞുകിടക്കുന്ന മറ്റൊരു ഉമ്മയോർമ്മയുണ്ട്. വർഷങ്ങളായി നാടുവിട്ട്  ഒരിക്കൽ ഒരു പാതിരാത്രി വീടണഞ്ഞ വൈക്കം മുഹമ്മദ് ബഷീർ ജനലിലൂടെ കണ്ടത്, മുനിഞ്ഞുകത്തുന്ന ചിമ്മിനി വിളക്കിന്റെ വെട്ടത്തിലിരുന്ന് പരിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്ന സ്വന്തം ഉമ്മയെ. വാതിൽ തുറന്ന ഉമ്മ  മകന് ആഹാരം വിളമ്പിയതു കണ്ടപ്പോൾ, ഈ പാതിരാത്രിക്കെവിടുന്നാണുമ്മാ ചോറ് എന്ന ചോദ്യത്തിന് ലോകത്തുള്ള  സ്‌നേഹക്കൊട്ടാരങ്ങളുടെ പ്രതിനിധിയായി അവർ പറഞ്ഞു, 'നീ വരുമെന്നു കരുതി എന്നും ഉമ്മ അത്താഴമുണ്ടാക്കി  കാത്തിരിക്കാറുണ്ട്. എന്നെങ്കിലുമൊരിക്കൽ എന്റെ മോൻ വരുമെന്ന് ഉമ്മയ്ക്കറിയാമായിരുന്നെടാ.''

 

'ഉമ്മമാരുടെ കാൽക്കീഴിലാണ് മക്കളുടെ സ്വർഗം' -മുഹമ്മദ് നബി

മക്കളെക്കുറിച്ചുള്ള ചിന്തയും ഉൽക്കണ്ഠയും ഏതൊരമ്മയ്ക്കും മറ്റെന്തിനേക്കാളും വലുതായിരിക്കുമെന്ന് തീർച്ച. മദ്രസാ വിദ്യാഭ്യാസ കാലത്ത് ഒരു യാത്ര കഴിഞ്ഞ് ലൈൻ ബസിൽ ഞാൻ അങ്ങാടിയിലിറങ്ങിയത് പിൻവാതിലിലൂടെ. ഒരു കടലവണ്ടിക്കാരന്റെയടുത്ത് കപ്പലണ്ടി വാങ്ങാൻ നിന്ന എന്നെ കാണാതെ, മുമ്പിലെ വാതിലിലൂടെ ഇറങ്ങിയ ഉമ്മ ഓടിക്കിതച്ചുകൊണ്ട് ബസിനു പിന്നാലെ... എന്നെ കാണാഞ്ഞിട്ടാണ് എന്ന് എനിക്കു മനസ്സിലായി.
മറ്റൊരിക്കൽ വാപ്പയോട് പിണങ്ങി പാടവരമ്പത്തൂടെ എങ്ങോട്ടെന്നില്ലാതെ, എവിടേക്കെന്നറിയാതെ നടന്നുപോയത്... വാപ്പ അൽപം കണിശക്കാരനായിരുന്നതിനാൽ അദ്ദേഹത്തിന് എളുപ്പം ശുണ്ഠി വരും. വീടിന്റെ പിറകുവശം വിശാലമായ പാടശേഖരമാണ്. അത് നീണ്ടുപോയി ചെന്നു ചേരുന്നത് റെയിൽ പാളത്തിലും.
പിന്തിരിഞ്ഞ് നോക്കിയതേയില്ല. വാപ്പ എന്നെ തല്ലിയതിന്റെ രോഷം തീർക്കാൻ ഈ റെയിൽവേ പാളം യാത്ര പരിഹാരമാണ്. എന്നെ കാണാതെ വാപ്പ സങ്കടപ്പെടട്ടെ. നടന്നു. നടത്തത്തിനിടയിൽ എന്തോ ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയപ്പോൾ ഉമ്മയുണ്ട്, എന്റെ പത്തടി വ്യത്യാസത്തിൽ ആധി പിടിച്ച് നടന്നുവരുന്നു! വാപ്പാനെ കാണാനേയില്ല. വാപ്പായ്ക്കു വേണ്ടാത്ത മകനെ ഉമ്മായ്ക്ക് എങ്ങനെ വേണ്ടാതാകുമെന്ന് മാതൃസ്‌നേഹത്തിന്റെ അനന്ത ലോകത്തെക്കുറിച്ച് അറിഞ്ഞപ്പോൾ ഞാൻ തിരിച്ചറിയുകയായിരുന്നു.
ഉമ്മമാരുടെ മഹത്വം വിവരിക്കുന്ന പല ചരിത്ര കഥകൾ മദ്രസയിൽ ഉസ്താദും, രാത്രികാലങ്ങളിലുള്ള പ്രസംഗ പരമ്പരകളിലും പറയുന്നത് കേട്ടിട്ടുണ്ട്. സർവ്വശക്തനെ ആരാധിക്കാൻ ഏകാന്തമായൊരു കുന്നിൻചെരിവിൽ കുടിൽ കെട്ടി താമസിച്ച ജുറൈജ് എന്ന വിശുദ്ധനെ സന്ദർശിക്കാൻ മാതാവ് വന്നപ്പോൾ, അത്രയും നേരം തന്റെ ആരാധന മുടങ്ങിപ്പോകുമെന്ന് ശങ്കിച്ച്, വാതിൽ തുറക്കാതിരുന്നു. അപഥ സഞ്ചാരിണിയായ ഒരു സ്ത്രീയുമായുള്ള അപവാദക്കുരുക്കിൽ ജുറൈജ് അകപ്പെടാൻ കാരണം മാതാവിന്റെ കരളുരുകിയുള്ള പ്രാർത്ഥനയായിരുന്നുവെന്ന് വിവരിച്ചത് കേട്ടപ്പോൾ എങ്ങനെയെന്നറിയാതെ എന്റെ കണ്ണുകൾ ഈറനായി. എന്നെങ്കിലുമൊരിക്കൽ ഇവ്വിധമൊരു ശാപവാക്ക് കേൾക്കാൻ താൻ അവസരമൊരുക്കിയിട്ടുണ്ടോ?
ഏതൊരു മാതാവിനാണ് നൊന്തുപെറ്റ മക്കളെ ശപിക്കാൻ മനസ്സ് വരിക? 
നാളുകളായി തന്നെ പിരിഞ്ഞിരിക്കുന്ന പൊന്നുമകനെ കാണാനുള്ള ആഗ്രഹം സാധിക്കാതെ വന്നപ്പോൾ ആ മനസ്സിന്റെ വേദനയിൽ നിന്നുയിർകൊണ്ട തേങ്ങൽ മാത്രമായിരുന്നിരിക്കാം ജുറൈജിന് നേരിടേണ്ടിവന്നിരിക്കുക. 
മാതാക്കളുടെ തേങ്ങലുകളും ഉള്ളിൽ നിന്നുള്ള പ്രാർത്ഥനകളും സർവശക്തൻ എളുപ്പം കേൾക്കുമെന്നതിന് എത്രയോ ഉദാഹരണങ്ങൾ ചരിത്രങ്ങളിൽ നിന്നും ആനുകാലിക സംഭവങ്ങളിൽ നിന്നും ചൂണ്ടിക്കാണിക്കാം. ഉമ്മയുടെ വിളി കേട്ടാണ് എന്നും എന്റെ ഉറക്കമുണരലുകൾ. വാപ്പയുടെ കാല ശേഷം പാരമ്പര്യമായുള്ള കൃഷിയുടെ ഉത്തരവാദിത്തം ഉമ്മ ഏറ്റെടുത്തു. പണിക്കാരെ വിളിക്കുന്ന ചാർജാണ് സ്‌കൂൾ വിദ്യാർത്ഥിയായ എനിക്ക്. നീലിയും ചക്കിയും ശാന്തയും തങ്കനും ചാത്തനും അയ്യപ്പനും കുടുംബത്തിലെ പണ്ടുതൊട്ടേയുള്ള ആശ്രിതരായിരുന്നു. അവരോട് 'പണിച്ചെറുമർ' എന്നതിനേക്കാൾ ഗാഢമായ ഒരു അടുപ്പം പണ്ടുമുതലേ കുടുംബം കാത്തുസൂക്ഷിച്ചിരുന്നു. 'ആയിശുണ്ണിത്താത്ത' എന്ന് ഏറ്റവും ബഹുമാനത്തോടെ ആയിഷ എന്ന ഉമ്മയെ അവർ വിളിക്കും. പാടത്തുനിന്ന് പത്തു മണിച്ചായയ്ക്ക് വരുന്ന ഇവരുടെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞുകൊണ്ട് അവരുടെ പ്രിയപ്പെട്ട 'ഉമ്മക്കുട്ടി'യുമുണ്ടാകും. വൈകുന്നേരം പണിക്കൂലി കൃത്യമായി നൽകാൻ ഉമ്മ വളരെ ശ്രദ്ധിച്ചിരുന്നു. 'വിയർപ്പു വറ്റും മുമ്പ് കൂലി നൽകണം' എന്ന തിരുദൂതരുടെ ആജ്ഞ ഉമ്മ എന്നും കൂടെക്കൊണ്ടു നടന്നിരുന്നു.
ജീവിതത്തിലെ വഴിത്തിരിവ് എന്നു പറയുന്ന പ്രവാസത്തിന് ഞാനും വിധേയനായ കാലത്താണ് ഉമ്മ പക്ഷാഘാതം വന്നു കിടപ്പിലായത്. സന്ധ്യാസമയങ്ങളിൽ മാത്രമായിരുന്നു പിന്നെ ഉമ്മയോട് സംസാരിക്കാൻ കഴിഞ്ഞിരുന്നത്. വീട്ടിലെ ഫോണിനരികിൽ അപ്പോൾ മാത്രമേ ഉമ്മയെ കൊണ്ടിരുത്തിയിരുന്നുള്ളൂ. മൊബൈൽ ഫോൺ അത്ര തന്നെ പ്രചാരത്തിലാകാത്ത കാലം. പ്രവാസത്തിന് അൽപം ഇട നൽകി വീടണഞ്ഞപ്പോൾ ആദ്യമായി, തളർന്ന മാതൃസവിധം തന്നെയാണ് തേടിയത്. കൈപിടിച്ച് തന്ന ആ മുത്തങ്ങളുടെ കുളിരാർന്ന ഓർമ്മ, പ്രവാസത്തിലെ ഏതൊരു അസുഖകരമായ അനുഭവത്തിലും എനിക്ക് ആശ്വാസമേകി, മരുപ്പച്ചത്തണൽ പോലെ.
'മാമാ ഖുവൈസ്?' എന്ന കുശലാന്വേഷണവുമായി എന്റെ ഓഫീസിലേക്ക് ഫോൺ ചെയ്യാൻ വന്നിരുന്ന വൃദ്ധനായ ഒരു അറബിയോട് 'മാമ സെയ്ൻ, അൽഹംദുലില്ലാഹ്' എന്ന് പതിവായി മറുപടി പറഞ്ഞിരുന്ന എനിക്ക് മ്ലാനമുഖത്തോടെ 'ഉമ്മി മൗത്ത്' എന്നു സങ്കടത്തോടെ പറയേണ്ടിവന്നപ്പോൾ അയാൾ ഞെട്ടിപ്പോയതും മുഖം കുനിഞ്ഞ് അൽപനേരം നിന്നിട്ട് മിണ്ടാതെ ഇറങ്ങി നടന്നതും... പിന്നീട് ഒരിക്കൽ പോലും അദ്ദേഹം ഉമ്മയുടെ വിശേഷം അന്വേഷിക്കാതിരുന്നതും മാതാവിന് അറബികൾ നൽകുന്ന മഹത്വവും പ്രാധാന്യവും എത്രത്തോളമുണ്ടെന്നുള്ള അറിവ് എനിക്ക് പകരുകയായിരുന്നു. ഏതൊരാൾക്കും സ്വന്തം മാതാവ് നഷ്ടമായാൽ അയാൾ ലോകത്ത് ഒറ്റപ്പെട്ടവനെപ്പോലെയാണ് എന്ന കവിവാക്യം എത്രമാത്രം അർത്ഥവത്താണ്.
ഉമ്മ ഒരു കണക്കിന് ഭാഗ്യവതിയായിരുന്നു.
അവസാന കാലങ്ങളിൽ വിദേശ നാടുകളിലായിരുന്ന ഞാനും ജ്യേഷ്ഠനും ജ്യേഷ്ഠത്തിയും അടുത്തു തന്നെയുണ്ടായിരുന്നു. ലീവ് കിട്ടുമോയെന്ന് ഉൽക്കണ്ഠപ്പെട്ടിരുന്ന ഞങ്ങൾ, മാതാക്കളുടെ പ്രാർത്ഥന സർവ്വശക്തൻ സാധിച്ചുനൽകുമെന്ന സത്യം തിരിച്ചറിഞ്ഞു. അസുഖ ശയ്യയിൽ കിടന്നപ്പോൾ ഒരു മയക്കത്തിൽ നിന്നുണർന്ന ഉമ്മയോട് ഡോക്ടർ 'ഇളയ മകന്റെ പേര് പറയൂ' എന്നു പറഞ്ഞപ്പോൾ, ഒരു നിമിഷം ആലോചിച്ച ശേഷം എന്റെ പേര് തെളിമയോടെത്തന്നെ പറഞ്ഞു. ഇല്ല, ഉമ്മയുടെ ഓർമ്മശക്തിക്ക് ഒരു കുഴപ്പവുമില്ല. 
ദൈവമേ നിനക്കു നന്ദി!
തൊണ്ടയിൽ നിന്ന് വെള്ളമിറങ്ങാത്തതായിരുന്നു, ഉമ്മയുടെ ആശുപത്രി വാസത്തിനു കാരണം. ചികിത്സിച്ചിരുന്ന ആയുർവേദ വൈദ്യൻ കൈമലർത്തി. നാട്ടിലെ പ്രമുഖ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും കാര്യമായ പുരോഗതിയില്ലാത്തതിനാൽ, ദക്ഷിണേന്ത്യയിലെ ഹോസ്പിറ്റൽ സിറ്റി എന്നറിയപ്പെടുന്ന പെരിന്തൽമണ്ണയിലെ ഇ.എം.എസ് കോ ഓപ്പറേറ്റീവ് സെന്ററിലായിരുന്നു പിന്നീ
ടുള്ള ദിനങ്ങൾ. മരണത്തിന്റെ തലേന്ന് പ്രതീക്ഷകൾ അവസാനിച്ചപ്പോൾ വീണ്ടും ഗ്രാമത്തിലെ ആതുരാലയത്തിൽ തന്നെ വന്നെത്തി. എന്നാൽ വാപ്പയെപ്പോലെ സ്വന്തം വീട്ടിൽ കിടന്നുകൊണ്ട് അവസാന ശ്വാസം വലിക്കാൻ ഉമ്മയ്ക്കു സാധിക്കാത്തത് മറ്റൊരു പരീക്ഷണമായിരുന്നിരിക്കാം.
സ്‌നേഹത്തിന്റെയും സഹനത്തിന്റെയും സ്വയം സമർപ്പണത്തിന്റെയും ത്യാഗത്തിന്റെയുമൊക്കെ ആൾരൂപമായാണ് നമ്മൾ മാതാക്കളെ കാണുന്നത്. മാതാവിന്റെ വാത്സല്യവും സ്‌നേഹ പരിലാളനയുമറിയാതെ വളർന്ന തിരുദൂതർ പോലും മാതാവിന്റെ മഹത്വത്തെ വാഴ്ത്തി. ദൈവ മാർഗത്തിലുള്ള സമരത്തിനു സമാനമാണ് മാതാവിനെ പരിചരിക്കുന്നത് എന്ന് ലോകത്തെ പഠിപ്പിച്ചു. ആ ഉമ്മമാർക്കുവേണ്ടി എന്തും ത്യജിക്കാൻ സന്നദ്ധനായ ഒരു ബാലന്റെ കഥയാണ് ചന്ദ്രിക ആഴ്ചപ്പതിപ്പിൽ ഞാൻ എഴുതിയ 'സ്വർഗത്തിന്റെ വാതിൽ' (സൈകതം ബുക്‌സ്-കോതമംഗലം) എന്ന നോവൽ. പിൽക്കാലത്തു വന്ന പല കഥകളിലും ഉമ്മമാരുടെ സ്‌നേഹ വാത്സല്യങ്ങൾ നിറഞ്ഞുനിന്നിട്ടുണ്ട്. മാതാപിതാക്കൾ നഷ്ടപ്പെട്ട ഒരു ബാലന്റെ അതിജീവനത്തിന്റെ കഥയാണ് 'നിലാവ് പെയ്യുന്നു' എന്ന എന്റെ മറ്റൊരു നോവൽ.
കഥകളങ്ങനെ ആയിരത്തൊന്ന് കഴിഞ്ഞ് മുന്നേറിയാലും ഉമ്മമാരെക്കുറിച്ചെഴുതാൻ ഇനിയുമെത്ര ബാക്കി കിടക്കുന്നു. അങ്ങനെ എഴുതിയാൽ തീരുന്നതല്ലല്ലോ ഉമ്മയും ഉമ്മയോർമ്മകളും. 'സുഖമല്ലേ മോനേ' എന്ന മുഖവുരയോടെ കൊല്ലത്തെ കൊട്ടിയത്തു നിന്നു വിളിക്കുന്ന സ്റ്റെല്ല ടീച്ചറും എന്റെ മറ്റൊരു ഉമ്മ തന്നെയാണ്.
വായനക്കിടയിൽ മനസ്സിൽ പതിഞ്ഞുകിടക്കുന്ന മറ്റൊരു ഉമ്മയോർമ്മയുണ്ട്. വർഷങ്ങളായി നാടുവിട്ട് ഒരിക്കൽ ഒരു പാതിരാത്രി വീടണഞ്ഞ വൈക്കം മുഹമ്മദ് ബഷീർ ജനലിലൂടെ കണ്ടത്, മുനിഞ്ഞുകത്തുന്ന ചിമ്മിനി വിളക്കിന്റെ വെട്ടത്തിലിരുന്ന് പരിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്ന സ്വന്തം ഉമ്മയെ. വാതിൽ തുറന്ന ഉമ്മ മകന് ആഹാരം വിളമ്പിയതു കണ്ടപ്പോൾ, ഈ പാതിരാത്രിക്കെവിടുന്നാണുമ്മാ ചോറ് എന്ന ചോദ്യത്തിന് ലോകത്തുള്ള സ്‌നേഹക്കൊട്ടാരങ്ങളുടെ പ്രതിനിധിയായി അവർ പറഞ്ഞു,
''നീ വരുമെന്നു കരുതി എന്നും ഉമ്മ അത്താഴമുണ്ടാക്കി കാത്തിരിക്കാറുണ്ട്. എന്നെങ്കിലുമൊരിക്കൽ എന്റെ മോൻ വരുമെന്ന് ഉമ്മയ്ക്കറിയാമായിരുന്നെടാ.''
 

Latest News