ഷെഹ്ബാസ് അമന്റെ KEF1126 എന്ന സൂഫി ആൽബത്തെക്കുറിച്ച്
പരമ്പരാഗത സൂഫി സംഗീതത്തിന്റെ രീതിയേ അല്ല, അതിന്റെ മട്ടും ഭാവവുമൊന്നുമല്ല, മലയാളത്തിന് ഒട്ടും പരിചിതമല്ലാത്തൊരു വേറിട്ട സംഗീത യാത്ര. ആ യാത്രയ്ക്ക് വേണ്ടി ഒരു വലിയ കുന്നിന് അരികിലൂടെ ഷഹബാസ് അമൻ KEF1126 എന്ന പഴയ ജീപ്പ് ഒരു കോട്ടവും സംഭവിക്കാതെ ഒരു പുതിയ വഴി തെളിയിച്ച് അതിന്റെ ഏറ്റവും ഉയരത്തിലേക്ക് ഓടിച്ച് കേറ്റുകയാണ്, അവിടെ ചെന്നിട്ട്, ഉച്ചത്തിൽ ഇങ്ങനെ പാടുന്നു
'ദർവേഷ്
ദർവേഷ്
മഹമൂദുര ചെയ്‌തൊരു
സങ്കട കാവ്യം കേൾക്കൂ
കേൾക്കൂ...'
കവിതയുടെ ഉൾവഴികൾ, ചൂടുള്ള മണൽത്തരികൾ, കറുത്തതും വെളുത്തതുമായ ഇടങ്ങൾ എന്നിവയെ അതേപോലെ നിലനിർത്തി വരികളിലെ ചില നിമിത്തങ്ങളെ ഉസ്താദ് കാറ്റിനൊപ്പം കറക്കി ഉയർത്തി പറത്തി അന്തരീക്ഷത്തിലേക്ക് സ്വതന്ത്രമാക്കി, ചിന്തയിൽ നിന്ന് ചിന്തയിലേക്ക് തന്നെയുള്ള മടങ്ങിപ്പോക്കാണ് ഗഋഎ1126 എന്ന മലയാളം സൂഫി റൂട്ട് എന്ന ആൽബം. അതിനായി പാട്ടുകാരനും കേൾവിക്കാരനും ഒരേ രേഖയിൽ സഞ്ചരിക്കേണ്ടതുണ്ട്. അതും അദ്ദേഹത്തിനൊരു കമ്പൽസറി എലമന്റല്ല, കൂടെ വരുന്നവർ അങ്ങനെ വന്നുകൊള്ളും എന്നാണ് ഗായകൻ പ്രത്യാശാഭരിതനാകുന്നത്.
ഷെഹബാസ് അമൻ KEF1126 എന്ന പേരിനെ കുറിച്ച് ഇങ്ങനെ പറയുന്നുണ്ട്:
അതൊരു പഴയ ജീപ്പിന്റെ നമ്പറാണ്. ഞങ്ങൾ മലബാറുകാർക്ക് സെവൻസ് ഫുട്‌ബോൾ ഒരു ഹരമാണ്.
പാടം കൊയ്താൽ പന്ത് കളി തുടങ്ങിയാൽ ഞങ്ങൾ കളിക്കാൻ പോയിരുന്നത് ഒരു ജീപ്പിലായിരുന്നു.
തോറ്റും ജയിച്ചും വരുന്നത് അതിൽ തന്നെയാണ്. ആ പ്രതീകമാണ് കൺസെപ്റ്റിൽ കൊണ്ട് വരുന്നത്, ജീവിതത്തിന്റെ ഒരു പ്രത്യേക ഇടം അവിടെ നിന്ന് എങ്ങിനെയാണ് പരമമായ സത്യത്തെ മനസ്സിലാക്കുന്നത് എന്ന രീതി. ജീപ്പ് ജീവിതത്തിന്റെ ഒരു പ്രതീകം മാത്രമാണ്, ആ ഇടത്തിൽ തന്നെ ഉണ്ട് നിന്റെ സ്വർഗവും നരകവും, അവിടെതന്നെയാണ് ദൈവവും എന്ന് പറയാതെ പറയുന്ന ആത്മീയ വിസ്മയമാണ് പകർന്നു തരുന്നത്.
വരികൾ ചിലതിന്റെ പ്രതീകങ്ങളാണ്, അത്തരം പ്രതിബിംബങ്ങളെ മുന്നിൽ പ്രതിഷ്ഠിച്ച് വിശ്വാസത്തിന്റെ പരമമായ സത്യത്തിലേക്കാണ് ഷെഹ്ബാസ് അമൻ എന്ന സംഗീതജ്ഞൻ നമ്മളെ കൊണ്ട് പോകുന്നത്.
എല്ലാറ്റിന്റെയും മുമ്പിൽ ദൈവം വെച്ച കരുണയും സ്‌നേഹവുമാണ് ജീവിതമെന്ന് വരികളിൽ മൊത്തം പ്രതിപാദിക്കുന്നുണ്ട്.
'അരുണാചല മലയിലുമുണ്ടാ കരുണ..!
ധ്യാന, മൗന രമണ..!
അണ്ണാവിൻ തിരുമലയിൽ നിത്യം
ഉയിർപ്പോരേയൊരു ശരണ ..
നീയാർ ? നീയാർ ?'
എന്ന് പാടുമ്പോൾ പ്രണയത്തിന്റേയും കരുണയുടേയും മാസ്മരിക നൃത്തം പ്രപഞ്ചത്തിലാകമാനം ഒഴുക്കുന്നുണ്ട് ഈ സൂഫി സംഗീതധാര. അങ്ങനെ കാണുന്ന ആ വഴി ഇന്ന് മാത്രമല്ല, ആ ഈണം നിരവധി വഴികൾക്ക് വളമാകുന്നുണ്ട്. അത് തന്റെ ചിന്തയ്ക്ക് ഉതകുന്ന രീതിയിൽ സംഭവിക്കുന്നു.
'ഒരു മരത്തെ നോക്കൂ..ഒരു മരത്തെ നോക്കൂ .....
വേരുകൾ മണ്ണിന്നടിയിൽ ...
അടിയിൽ..അടിയിൽ.അടിയിൽ പക്ഷെ
കാണാം അതിന്റെ അടയാളം
ഇലയിൽ..ഇലയിൽ.. ഇലയിൽ !'
ജലാലുദ്ദീൻ റൂമിയുടെ വരികളിലെ അർത്ഥങ്ങൾക്ക് പുതിയ പ്രകാശം നൽകുന്ന സംഗീത യാത്ര.
എന്നിട്ട് ഷെഹ്ബാസ് ഇങ്ങനെ കൂട്ടിച്ചേർത്തു:
'ഈ നമ്പർ പ്ലെയിറ്റ് അങ്ങനെയുള്ള ഒരു യാത്രയ്ക്ക് നമ്മളെ പ്രേരിപ്പിക്കുമെങ്കിൽ സന്തോഷം തന്നെ. എന്തെന്നാൽ സ്വർഗ നരകങ്ങൾ കൊണ്ട് സെറ്റ്ൽ ചെയ്യാവുന്ന ഒന്നല്ല ഈ യാത്ര. ഹിമാലയത്തിൽ അവസാനിക്കുന്നതുമല്ല.
.. അനന്തത ..അനന്തത ...എന്ന് ട്രിപ്പ് വിളിക്കും ഈ ജീപ്പ് !
- യാ അല്ലാഹ്'' എന്ന്!
ചക്രങ്ങൾ കയറിയിറങ്ങും ...ഒന്നും അവസാനിക്കുന്നില്ല.
ഭക്തിയുടെ മറ്റൊരു രൂപത്തെയാണ് കവിതകളിലുടനീളം പറയാൻ ശ്രമിക്കുന്നത്, പ്രാചീന അറബ് കവി റാബിയയുടെ വരികൾ മനോഹരമായി സംഗീതം നൽകിയത് കവിതയെ സ്‌നേഹിക്കുന്ന ആരും ഒന്ന് ഇരുന്ന് കേൾക്കും, മലയാളത്തിൽ ഇത്തരം കവിതകളെ ഇങ്ങനെ ആവിഷ്‌കരിക്കാൻ ഇനിയാരും മുമ്പോട്ട് വരുമെന്ന് തോന്നുന്നില്ല, ഇതിനു മുമ്പും അത് സംഭവിച്ചിട്ടില്ല എന്ന ചരിത്രവും KEF1126 നു തന്നെ ആയിരിക്കും,
റാബിയയുടെ വിശ്വാസത്തിന്റെ വിശ്വതലങ്ങളെ സംഗീതാകമ്പടിയോടെ സാംസ്‌കാരിക കേരളത്തിന്റെ വിശാലതയിലേക്ക് എത്തിക്കുക എന്നതിൽ വലിയ വിസ്മയമാണ് ഈ ആൽബം നിർവഹിച്ചിരിക്കുന്നത് എന്ന് പറയേണ്ടിവരും.
ഷെഹ്ബാസ് അമൻ പറയുന്നത്, നിങ്ങൾ ഹൃദയം കൊണ്ട് കേൾക്കുക, ഹൃദയത്തിൽ സൂക്ഷിക്കുക, സ്‌നേഹംകൊണ്ട് പാടാൻ ശ്രമിക്കുക എന്നാണ്. അപ്പോൾ സങ്കടങ്ങൾ മാറ്റപ്പെടും, എന്നിട്ട് കരയാൻ പറയുന്നുണ്ട്, ആ കരച്ചിലിലും ചില ആത്മീയ ശാന്തതയുണ്ട്.
'മിഴിനീരിൻ മഴ പെയ്യാതെ
കോപാഗ്‌നി ശമിക്കുകില്ല ....
കരയൂ ....കരയൂ...കരയൂ...
മിഴിനീർ നിന്നെ കഴുകും
മിഴിനീർ നിന്നെ കഴുകും'..
ഓരോ ചിന്തകളും വ്യത്യസ്തമായാണ് അപേക്ഷയുടെ അങ്ങേ അറ്റത്തേക്ക് എത്തുക. പ്രകമ്പനങ്ങൾകൊണ്ട് സംഗീതം തീർക്കുക. കൈകൾ ഉയർത്തി പറയുക. അത് ആത്മ സമർപ്പണം കൊണ്ട് നേടാനാവുക എന്നിങ്ങനെയുള്ള സിദ്ധാന്ത തലങ്ങളെ കവിതയും സഗീതവുമായി കൂട്ടി ഉറപ്പിക്കുന്നു, ഇവിടെ.






