ഭൂമുഖത്ത് ഏറ്റവുമൊടുക്കം ഉണ്ടായത് മനുഷ്യനാണ്. കോടാനുകോടി ജീവികളുള്ള പ്രകൃതിയിലാണ് നമ്മൾ ജീവിക്കുന്നത്. എന്നാൽ പ്രകൃതിയെ ഇക്കാണുന്ന രീതിയിൽ അതിദാരുണമാം വിധം പരിക്കേൽപിച്ചതും മനുഷ്യർ തന്നെ. മണ്ണിൽ സൂക്ഷ്മ ജീവികൾക്ക് പോലും ഇടമുണ്ടായിരിക്കണം എന്നത് പ്രകൃതി നിയമമാണ്. മനുഷ്യ കേന്ദ്രീകൃതമായ ഇടപെടൽ ഭൂമിയുടെ കവിതകളായ ജീവിത താളത്തെ ഇല്ലാതാക്കിക്കൊണ്ടേയിരിക്കുന്നു. അവന്റെ ധാർഷ്ട്യമാണ് മണ്ണും ജലവും പച്ചപ്പിന്റെ സകല ആകാശങ്ങളും മലിനമാക്കിക്കൊണ്ടിരിക്കുന്നത്.
പ്രകൃതിയോടുള്ള അതിരു കടന്ന ആസക്തിയാണ് ഒരു കവിയെക്കൊണ്ട് 'ആകാശവേരുകൾ' എന്ന ശീർഷകം തുന്നിക്കുന്നതെന്നും ഒരു കവിയുടെ ഭാവനകൾ തമ്മിലുരസി തെറിച്ചു പോകാൻ അനുവദിക്കാത്തത് ചില പ്രകൃതി വായനകൾ തന്നെയാണെന്നും അവതാരികയിൽ സുനിൽ സി.ഇ പറയുന്നുണ്ട്. കവിതയുടെ ഭൂമികയിലേക്ക് കൃത്യമായി വേരുകൾ പടർത്തുകയും പുതുബിംബങ്ങളുടെ പ്രകാശത്തിൽ തെളിഞ്ഞു വരുന്ന കവിതയുടെ ചൈതന്യവത്തായ ആഖ്യാനങ്ങളും റീന പി.ജി എഴുതിയ ആകാശവേരുകൾ എന്ന കവിതാ പുസ്തകത്തിൽ നിരന്തരം കാണാം. സാമൂഹ്യ വിമർശനങ്ങളുടെ വ്യാളിപ്പല്ലുകൾ മൂർച്ച കൂട്ടിയും നമ്മുടെ വായനയെ വ്യത്യസ്തമായ തലങ്ങളിലേക്ക് കൈപിടിച്ച് കൂട്ടിക്കൊണ്ടുപോവുന്നു ഈ കവിതകളിൽ. ദർശന ലാവണ്യ ബോധമുള്ള, പരിസ്ഥിതി പ്രതിജ്ഞകൾ സ്ഫുരിക്കുന്ന ചില വരികളും ഇതിൽ പലയിടങ്ങളിലായി തെളിയുന്നു.
അൽബേനിയൻ കവി ഹേവഹീർ സ്പാഹിയുയുടെ വരികൾ ഇങ്ങനെ.
രാവ് മുഴുവൻ ഞാനിരുന്ന്
പുഴയെ പരിഭാഷപ്പെടുത്തി.
രാവിലെ നോക്കുമ്പോൾ
പരിഭാഷ പോയ്മറഞ്ഞിരുന്നു'
ഈ വരികൾ വായിക്കുമ്പോൾ പുഴ ഒരു വിരലായി വന്ന് നമ്മുടെ ഉള്ളം തൊടും. റീനയുടെ കവിതയിലേക്ക് വരുമ്പോഴാവട്ടെ, പുഴയുടെ വിങ്ങൽ നമ്മുടെയുള്ളിലേക്ക് ഓളങ്ങളായി തെന്നിത്തെറിക്കും.
നിങ്ങൾ അണകെട്ടി നിർത്തിയ
പുഴയെ കേൾക്കാൻ ശ്രമിച്ചിട്ടുണ്ടോ?
കെട്ടിനിർത്തപ്പെട്ടതിന്റെ വിങ്ങൽ
കുത്തിയൊഴുകാനുള്ള അവളുടെ വ്യഗ്രത..
നിസ്സഹായതയുടെ രോദനം
ഇതൊക്കെയാവും നിങ്ങൾ കേൾക്കുക.'
പ്രകൃതിയുടെ താളമാണ് മണ്ണിലെ നീരൊഴുക്കുകളെല്ലാം. അവ മെലിഞ്ഞു മെലിഞ്ഞു തീരുമ്പോൾ അതിന് കാരണക്കാരാവുന്ന നാമോരോരുത്തരും പ്രകൃതിയേകും തിരിച്ചടിക്ക് കാതോർക്കുക എന്ന മുന്നറിയിപ്പ് കവിതയിലൂടെ വന്ന് നമ്മുടെ നെഞ്ചിനുള്ളിൽ തൊടുന്നു.
സാമൂഹിക അരാജകത്വത്തിന്റെ ഈ കറുത്ത കാലത്ത് സ്ത്രീത്വത്തിനെതിരെയുള്ള അവഹേളനങ്ങൾക്ക് നേരെയാണ് ഈ കാലത്തിലെ കവിതയുടെ ഒറ്റയാൾ പോരാട്ടങ്ങൾ. തനിമയൂറുന്ന നാട്ടുമൊഴി വഴക്കങ്ങളിലൂടെ കവിത കറുത്താർജിക്കുമ്പോൾ ദഹിക്കാതെ, ഉള്ളിൽ വിലങ്ങനെ കിടക്കുന്ന വാക്കുകളൊന്നും അനുവാചകനിലേക്ക് തുറന്നുവിടുന്നില്ല ഈ എഴുത്തുകാരി എന്നത് ശ്രദ്ധേയമാണ്.
മണൽ തിട്ടയിൽ
തലയില്ലാതെ
വീണു പിടയുന്നൊരുടൽ.
തീരാപ്പകയൊരു
ചുഴലിയായ് ആഞ്ഞടിക്കുന്നു.
ജീവിതത്തിൽ സാന്ത്വനത്തിന്റെ ഇളംകാറ്റായിരുന്നു കവിതകളെന്ന് പറയുമ്പോൾ തന്നെ ഉള്ളിലെ അസ്വസ്ഥതകളുടെ അഗ്‌നിപർവതങ്ങൾ ലാവയായൊഴുകുന്ന പ്രകമ്പനങ്ങളിൽ തിരമാലകളാവണമെന്ന് കൊതിക്കുകയും അതിനായി കുതറുകയും ചെയ്യുന്ന ഒരെഴുത്താളിനെ ഈ പുസ്തകത്തിലുടനീളം വായിക്കാനും കഴിയുന്നുണ്ട്.
സ്മാർട്ട് ഫോൺ വന്നതിൽ പിന്നെയാണ്
ഒച്ച വീട് വിട്ടിറങ്ങിയത്.
ഒച്ചയുടെ സ്ഥാനം സ്‌മൈലികളും
ഇമോജികളും അപഹരിച്ചതാണ് കാരണം.
ചുറ്റുവട്ടങ്ങളിലെ യാഥാർത്ഥ്യങ്ങളെ കാവ്യ സമ്പുഷ്ടതയിലേക്ക് വരച്ചിടുമ്പോഴാണ് കവിതക്ക് ചന്തം വെക്കുന്നത്. പ്രകൃതിസ്‌നേഹം, ഫാസിസത്തിനെതിരെയുള്ള വിരൽ ചൂണ്ടൽ, സ്‌നേഹം പുഴ പോലെ വറ്റിയൊടുങ്ങുന്നതിലെ ആകുലപ്പെടൽ, അങ്ങനെ ആശയ വൈവിധ്യങ്ങളാണ് റീനയുടെ കവിതയിൽ നിന്നും വായിച്ചെടുക്കാൻ പറ്റുന്നത്. ഈ പുസ്തകമാകെ മുഴങ്ങുന്നത,് അവതാരികയിൽ നിന്ന് ഒരു വരി കൂടി കടമെടുത്ത് പറഞ്ഞാൽ മായം ചേർക്കാത്ത ശബ്ദങ്ങളാണ്.
കാറ്റെടുത്തതിൽ ചിലത്, പുഴ ജൽപനങ്ങൾ, കര പ്രസവിച്ച കടൽ, തീക്കാറ്റ്: ഗൗരിലങ്കേഷിന്, ഒറ്റമരങ്ങൾ, വെള്ള പുതച്ച കറുപ്പ്, ഞാൻ എന്റെ രാജ്യം തിരയുകയാണ്, അഭിമന്യു നീ അമരൻ, തല തിരിഞ്ഞ തലവര എന്നിങ്ങനെ നീളുന്ന നാൽപത്താറ് കവിതകളാണ് ഈ പുസ്തകത്തിലുള്ളത്. മലപ്പുറം ജില്ലയിലെ അടയ്ക്കാകുണ്ട് ക്രസന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗം ഫിസിക്കൽ സയൻസ് അധ്യാപികയാണ് ഗ്രന്ഥകാരി റീന പി.ജി
പ്രസാധനം: ഒലിവ്
വില: 130 രൂപറഫീഖ് പന്നിയങ്കര