Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആട്ടിയോടിക്കപ്പെട്ടവരുടെ ആർത്തനാദം 

ജുനൈദ് അബൂബക്കർ 

അയർലണ്ടിലെ മലയാളി പ്രവാസി ജുനൈദ് അബൂബക്കർ മൊറോക്കൻ മണ്ണിൽ നിന്ന് ഭ്രഷ്ടരാക്കപ്പെട്ടവരെക്കുറിച്ചെഴുതിയ നോവലാണ് സഹറാവീയം. സമകാലിക ഇന്ത്യൻ 
അവസ്ഥയുമായി കൂട്ടിയിണക്കാവുന്ന ഈ നോവലിനെക്കുറിച്ച് അഭിഭാഷകയും എഴുത്തുകാരിയുമായ ആർ. ഷഹിനയുടെ (ദമാം) ആസ്വാദനവും നോവലിസ്റ്റുമായുള്ള അവരുടെ സംഭാഷണവും. 


നേർജീവിതം ഒരിക്കലും കൽപിത കഥകളായി മാറില്ല. എന്നാൽ മുൻകൂട്ടി തയാറാക്കിയ ഒരു തിരക്കഥയുടെ ഭാഗമായി ഒരു സമൂഹത്തെ അവർ അതുവരെ ജീവിച്ചിരുന്ന മണ്ണിൽ നിന്ന് പറിച്ച് ദൂരേക്ക് വലിച്ചെറിഞ്ഞാലോ? വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും ഇന്നും പലായനത്തിന്റെ ദുരന്തങ്ങളിൽ അഭിയാർത്ഥിത്വത്തിന്റെ അരക്ഷിതാവസ്ഥയിൽ ജീവിക്കേണ്ടി വരുന്നവരെപ്പറ്റി നമ്മൾ വാർത്തകളിൽ മാത്രം വായിച്ചു മറക്കുന്നു.
പിറന്ന മണ്ണിൽ നിന്നും പലായനം ചെയ്യേണ്ടി വന്ന സഹറാവികൾ എന്ന അറബ് സമൂഹത്തിന്റെ നേർരേഖാ ചിത്രമാണ് ഈ നോവലിലൂടെ ജുനൈദ് അബൂബക്കർ വരച്ചിടുന്നത്. ലോകത്തിലെ രണ്ടാമത്തെ വലിയ മതിലിനാൽ വിഭജിക്കപ്പെട്ട ഒരു സമൂഹമാണ് സഹറാവികൾ. അവരുടെ അതിജീവനത്തിനുള്ള, സ്വാതന്ത്ര്യത്തിനുള്ള മുറവിളികൾക്ക് വർഷങ്ങൾ ഏറെ പഴക്കമുണ്ട്.
പോളിസാരിയോ എന്ന സഹറാവികളിലെ തീവ്ര വിഭാഗത്തിന്റെ വിപ്ലവ പ്രസ്ഥാനത്തിന്റെ ആക്രമണം ചെറുക്കാനും അഭയാർത്ഥികൾ തിരിച്ചെത്താതിരിക്കാനുമായി മൊറോക്കോ പണിതു തുടങ്ങിയതാണു ബേം എന്ന മതിൽ. മതിലുകൾ നിർമിക്കപ്പെടുന്നത് സുരക്ഷിതത്വത്തിനു വേണ്ടിയെന്ന് പറയപ്പെടുമ്പോഴും യഥാർത്ഥത്തിൽ സംഭവിക്കുന്നത് സ്വകാര്യതയെ നിർമിച്ചെടുക്കുന്നതായാണ് കാണുന്നത്.
ജസീക്ക ഒമർ ഇംഗ്ലണ്ടിലെ സാം എന്ന ചാനലിലെ പത്രപ്രവർത്തകയാണ്. മഞ്ഞുകാലമായാൽ ആ തണുപ്പ് ശരീരത്തേക്കാൾ അവളുടെ മനസ്സിനെ മരവിപ്പിച്ചു കിടത്തും. വിന്റർ ബ്ലൂസ് എന്ന ആ മഞ്ഞുകാല വിഷാദ രോഗം അവളിലെ ഏകാന്തതയെ ഓരോ നാളിലും അധികമായി വീർപ്പു മുട്ടിക്കുമ്പോൾ സ്വയം തീർക്കുന്ന തടങ്കലിലേക്ക് ഊളിയിട്ട് താഴ്ന്നു പോകും. ആ അവസ്ഥയിൽ നിന്നും തൽക്കാല രക്ഷക്കായി ചൂടുള്ള രാജ്യത്തേക്ക് യാത്ര പോകാൻ ഡോക്ടർ നിർദേശിക്കുന്നയിടത്ത് നിന്നാണ് നോവലിന്റെ തുടക്കം. ഈ സമയത്താണ് ചാനലിൽ ഫാക്ട് എന്ന ഷോർട്ട് ഫിലിം സംപ്രേഷണം ചെയ്യാനായി വിഷമിക്കുന്ന ആബിദിനെ പരിചയപ്പെടുന്നത്.
ഫാക്ട് ഷോർട്ട് ഫിലിം, പടിഞ്ഞാറൻ സഹാറയിൽ നിന്നും പുറത്താക്കപ്പെട്ട, അൾജീരിയൻ മരുഭൂമിയിൽ അഭയാർത്ഥികളായി കഴിയുന്ന സഹറാവികളുടെ ജീവിത ദുരന്തങ്ങളുടെ നേർ കാഴ്ചകൾ ആയിരുന്ന ആ ഡോക്യുമെന്ററി ലോകം കണ്ണടച്ചു പിടിച്ചിരിക്കുന്ന ചില യാഥാർത്ഥൃങ്ങളെ തുറന്നു കാണിക്കുന്നു. ഫാക്റ്റ് കാണിച്ചു തന്ന വിഷ്വൽസ് ജസീക്ക ഉള്ളിൽ പേറുന്ന അസ്തിത്വ പ്രതിസന്ധിയെ ഉണർത്തി. അതിനാൽ മൊറോക്കോയിലൂടെ, പടിഞ്ഞാറൻ സഹാറയിലേക്ക് അതുവഴി സഹറാവികളിലേക്ക് സാഹസിക യാത്രക്ക് അവൾ തയാറാകുന്നു. കാണുന്നവയെല്ലാം വീഡിയോയും ചിത്രങ്ങളുമാക്കി സഹറാവികളെപ്പറ്റി മറ്റൊരു ഡോക്യുമെന്ററി തയാറാക്കാനുള്ള തീരുമാനത്തിലാണ് അവൾ യാത്രക്ക് ഒരുങ്ങുന്നത്. മൊറോക്കൻ അതിർത്തികളെ ഭേദിച്ചുകൊണ്ട് സഹറാവികളുടെ ക്യാമ്പിലേക്കുള്ള ജസീക്ക ഒമറിന്റെ യാത്രയാണ് ഈ നോവലിന്റെ പ്രധാന ഭാഗങ്ങൾ. അതിനായി അവൾ തെരെഞ്ഞെടുക്കുന്ന വഴികളിൽ ജീവനു ഭീഷണിയാകുന്ന സാഹചര്യങ്ങളാണ് അധികവും. സഹാറ മരുഭൂമിയെ രണ്ടാക്കി മാറ്റിയ ബേം മതിലിന്റെ ചരിത്രവും നിലനിൽപും രാഷ്ട്രീയ അധിനിവേശങ്ങളും വളച്ചു കെട്ടലില്ലാതെ ഈ നോവലിൽ വ്യക്തമാക്കുന്നു.
അറബ് സംസ്‌കാരത്തിന്റെ ചരിത്രങ്ങൾ, വിശ്വാസങ്ങൾ, ജീവിത രീതികൾ തുടങ്ങിയവയെല്ലാം ഓരോരോ കഥാപാത്രങ്ങളിലൂടെ ഈ നോവലിൽ വിശദീകരിക്കുന്നുണ്ട്. ബ്രാഹിം മുസ്തഫ, ബസ്മ, ദുനിയ, യഹ്യ, മേജർ മുഹമ്മദ് അയ്യൂബ് തുടങ്ങിയ കഥാപാത്രങ്ങൾ എല്ലാം തന്നെ അഭയാർഥിത്വത്തിന്റെ വർത്തമാന കാലത്തെ പ്രതിനിധീകരിക്കുന്നു.
സ്വയം പേറുന്ന അസ്തിത്വ പ്രതിസന്ധികൾക്ക് ആ യാത്ര അവൾക്ക് തിരിച്ചറിവ് നൽകുന്നു. വംശീയതയുടെ കെട്ടുപിണഞ്ഞ വേരുകളറ്റ് ചിന്നിച്ചിതറിപ്പോകുന്നവരുടെ ചരിത്രവും ജസീക്ക ഓർമപ്പെടുത്തുന്നു.
അൾജീരിയൻ മരുഭൂമിയിലെ അഞ്ചു ക്യാമ്പുകളിലായി 1975 - 76 കാലഘട്ടത്തിൽ പടിഞ്ഞാറൻ സഹാറയിൽ നിന്നും പലായനം ചെയ്യപ്പെട്ട സഹറാവികൾ ഇന്നും അവർക്ക് അവകാശപ്പെട്ട രാജ്യത്തിനു വേണ്ടി തർക്കിച്ചുകൊണ്ടിരിക്കുന്നു. ലയൂൻ, സ്മാറ ഔസേർദ്, ദഖ്‌ല, ബൊഷദൂർ ഇവയാണ് ആ അഞ്ചു ക്യാമ്പുകൾ. കോടതിയും ജയിലും ഉൾപ്പെടുന്ന നീതിന്യായ വ്യവസ്ഥയും ഈ ക്യാമ്പിൽ നിലനിൽക്കുന്നു. ഇത്രയും വർഷങ്ങൾ ആയിട്ടും ശിഥിലീകരിച്ചു പോകാതെ ഈ ക്യാമ്പുകളെ ഒരുമിച്ച് നിർത്തുന്നതിൽ അവരിൽ തന്നെയുള്ള കമ്മിറ്റികൾ ക്യത്യമായ അജണ്ടയോടെ പ്രവർത്തിക്കുന്നു. സ്വന്തം രാജ്യത്തിന്റെ രാഷ്ട്രീയാധികാരം കൈവിട്ടു പോകുമ്പോൾ ഭാവിയിൽ ഭരിക്കാമെന്ന് പ്രത്യാശിച്ച് നാടുകടത്തപ്പെട്ടവർ വിദേശ മണ്ണിൽ ഉണ്ടാക്കിയ സദ്ർ (സഹ്‌റാവി അറബ് ഡെമോക്രാറ്റിക് റിപ്പബ്ലിക്) എന്ന പേരിൽ സർക്കാറും ഇവർക്കുണ്ട്.
സമകാലിക ഇന്റർനാഷണൽ പൊളിറ്റിക്‌സ് തന്റെ കഥാപാത്ര സൃഷ്ടിയിലൂടെ വായനക്കാർക്ക് മുൻപിൽ എഴുത്തുകാരൻ മറയില്ലാതെ വ്യക്തമാക്കുന്നുണ്ട്. തീർച്ചയായും മലയാളികൾക്ക് അധികം സുപരിചിതമല്ലാത്ത ഭൂമികയിലൂടെയുള്ള യാത്രയാണ് ഈ നോവൽ. അതുകൊണ്ട് തന്നെ മലയാളത്തിൽ എഴുതപ്പെട്ട ഈ പൊളിറ്റിക്കൽ ഫിക്ഷൻ നോവൽ ചർച്ച ചെയ്യപെടേണ്ടതാണ്.
ഈ നോവലിൽ പറയുന്ന പോലെ, സത്യങ്ങളെപ്പോഴും വികലാംഗരാണ്, കാഴ്ചയില്ലാത്ത, കേൾവിയില്ലാത്ത, കാലുകളില്ലാത്ത, കൈകളില്ലാത്ത, എന്തിനു തല പോലുമില്ലാത്ത സത്യങ്ങൾ, അതെ, ചിലപ്പോൾ സത്യങ്ങൾ അങ്ങനെയുമാണ്, ജഡങ്ങൾ. 


                                 
***    ***    ***

മലയാളത്തിലെ എഴുത്തുകാരിൽ ജുനൈദ് അബൂബക്കർ വ്യത്യസ്തനാകുന്നത് അദ്ദേഹത്തിന്റെ എഴുത്തു ശൈലി കൊണ്ട് മാത്രമല്ല, അതോടൊപ്പം നോവലിനായി തെരഞ്ഞെടുക്കുന്ന വിഷയങ്ങളും വേറിട്ടു നിൽക്കുന്നതുകൊണ്ട് കൂടിയാണ്. ആദ്യ നോവലായ പോനോൻ ഗോംബെയിൽ ഇസ്‌ലാമോ ഫോബിയയെ കുറിച്ച് ആഫ്രിക്കൻ പശ്ചാത്തലത്തിൽ എഴുതിയതാണ്. അന്തരാഷ്ട്ര വിഷയങ്ങളെ തന്റെ കഥാപാത്ര സൃഷ്ട്ടിയിലൂടെ കൈകാര്യം ചെയ്യുന്ന ഈ പ്രവാസി സാഹിത്യകാരൻ തന്റെ എഴുത്തു ജീവിതത്തെപ്പറ്റി സംസാരിക്കുന്നു:

? സഹറാവീയം എന്ന പുസ്തകത്തെപ്പറ്റി.....

ജെസീക്കാ ഒമറിന്റെ യാത്രയാണ് സഹറാവീയം. ബേം എന്ന മൺമതിലിനാൽ വിഭജിക്കപ്പെട്ട് വിപ്രവാസത്തിൽ കഴിയുന്ന സഹറാവികളെത്തേടിയുള്ള ജെസീക്കയുടെ യാത്ര. സ്വതന്ത്ര രാജ്യത്തിനായി നാലു പതിറ്റാണ്ടിലധികമായി കാത്തിരിക്കുന്ന ഒരു സമൂഹത്തെക്കുറിച്ചുമാണ് സഹറാവീയം. 
? ഈ നോവൽ എഴുതാനുള്ള പ്രചോദനം, ഇങ്ങനെയൊരു വിഷയത്തിൽ എത്തിപ്പെട്ടത്?

മൈനപകടത്തിൽ കാൽ നഷ്ടപ്പെട്ട ഒരു കൗമാരക്കാരനെക്കുറിച്ചുള്ള വാർത്തയിൽ നിന്നുമാണ് ഈ കഥ ലഭിക്കുന്നത്. അങ്ങനെയാണ് ലോകത്തിൽ ഏറ്റവും വലിയ മൈൻ പാടത്തെപ്പറ്റി അന്വേഷിക്കുന്നതും അറിയുന്നതും. ആ അന്വേഷണമാണ് സഹറാവീയമായി പരിണമിച്ചത്.

? പോനോൻഗോംബെ, സഹറാവീയം -ഈ രണ്ടു നോവലുകളിലെയും വിഷയങ്ങൾ അന്തരാഷ്ട്ര വിഷയങ്ങളെ ആസ്പദമാക്കിയതാണ്. ഇത് യാദൃഛികമായി സംഭവിച്ചതാണോ? 

മനഃപൂർവം ഒരു വിഷയം തെരഞ്ഞെടുത്ത് എഴുതുന്നതല്ല. എഴുതാനുള്ള വിഷയം തേടിവരുമെന്നതാണ് അനുഭവം. ചില വാർത്തകൾ, ചിത്രങ്ങൾ കേട്ടുകഴിഞ്ഞിട്ടും കണ്ടുകഴിഞ്ഞിട്ടും മനസ്സിൽ നിന്നും മായാതെ നിൽക്കും; വേദനിപ്പിക്കും. അതിനെക്കുറിച്ച് എഴുതണമെന്നു തോന്നും. അങ്ങനെയാണവ കവിതകളും നോവലുകളും മറ്റുമായി ഭവിക്കുന്നത്. ആദ്യ നോവലായ പൊനോൻ ഗോംബെയും ഒരു വാർത്തയുടെ പിറകെയുള്ള അന്വേഷണത്തിന്റെ ഭാഗമായി ലഭിച്ചതാണ്. ഐറിഷ് ബാന്റായ വെസ്റ്റ് ലൈഫിന്റെ 'മൈ ലവ്' എന്ന ഗാനം ടോർച്ചറിംഗിനായി സി.ഐ.എ ഉപയോഗിച്ചുവെന്ന വർത്ത.

? ആദ്യ പുസ്തകത്തെപ്പറ്റി...

ആദ്യ പുസ്തകം ലോഗോസ് പ്രസിദ്ധീകരിച്ച പിൻബെഞ്ച് എന്ന കവിതാ സമാഹാരമാണ് -2015 ൽ 

? സഹറാവീയം പൂർത്തീകരിക്കാൻ എടുത്ത സമയം, തയാറെടുപ്പുകൾ

എഴുത്തും, എഡിറ്റിംഗും എല്ലാം കൂടി രണ്ടര വർഷത്തോളമെടുത്തു സഹറാവീയം പൂർത്തിയാക്കാൻ. ഏകദേശം ഒരു വർഷം കൊണ്ട് എഴുതിത്തീർന്നു. ഒന്നര വർഷം എഡിറ്റിംഗ്. 
ചെകുത്താന്റെ പൂന്തോട്ടം എന്നറിയപ്പെടുന്ന തിന്ദൌഫ് എന്ന മരുഭൂമിയിൽ കഴിയുന്ന, മൈനപകടത്തിൽ കാലു നഷ്ടപ്പെട്ട കൗമാരക്കാരൻ താനുൾപ്പെടുന്ന സമൂഹത്തിന്റെ അവസ്ഥ ഒരു ഡോക്യുമെന്ററി ചിത്രകാരനോട് പറയുന്ന രീതിയിലുള്ള ഒരു കഥയായാണ് ആദ്യമെഴുതിയത്. ബേം എന്നായിരുന്നു കഥയുടെ പേര്. 2016 ഒക്ടോബറിൽ. ഒരു കഥയിൽ ഒതുങ്ങേണ്ടതിലധികം കാര്യങ്ങൾ ഈ വിഷയം ആവശ്യപ്പെടുന്നുണ്ട് എന്ന് ആദ്യം വായിച്ച സുഹൃത്ത് സച്ചിൻ പോളശ്ശേരി അഭിപ്രായപ്പെട്ടു. ആ ഒരു ചിന്ത കുറേക്കാലം മനസ്സിലിട്ടു കഴിഞ്ഞപ്പോൾ സഹറാവീയത്തിന് നോവൽ രൂപമുണ്ടായി. അധ്യായങ്ങൾ രൂപപ്പെട്ടു. ഒരു നോവലായി എഴുതാമെന്നായി. 

? ഈ നോവലിൽ താങ്കൾക്ക് പ്രിയപ്പെട്ട കഥാപാത്രം? എന്തുകൊണ്ട്?

ഒരെഴുത്തുകാർക്ക് അവർ സൃഷ്ടിക്കുന്ന എല്ലാ കഥാപാത്രങ്ങളും ഇഷ്ടമുള്ളവയായിരിക്കും. എന്നാലും ചിലരോട് ഒരു പ്രത്യേക മമതയുണ്ടാവും. സഹറാവീയത്തിൽ അത്തരം മമതയുള്ള ഒരു കഥാപാത്രമാണ് ബ്രാഹിം മുസ്തഫ. അദ്ദേഹം ഒരു കവിയും ആക്ടിവിസ്റ്റുമാണ്. സഹറാവികൾക്കായി അദ്ദേഹം നിലകൊള്ളുമ്പോഴും അയാൾ ആരാണെന്ന് അവർ അറിയുന്നില്ല. ഒരാളെ സഹായിക്കുമ്പോൾ അവർ അത് അറിയണമെന്ന് നിർബന്ധമില്ല എന്നൊരു തത്വമാണ് ബ്രാഹിം മുസ്തഫ പിന്തുടരുന്നത്. 

? താങ്കളുടെ എഴുത്ത് വഴികൾ, ശൈലികൾ

എന്റെ എഴുത്തിൽ ഒരു പ്രത്യേക ശൈലിയുണ്ടോയെന്ന് ഞാൻ ശ്രദ്ധിച്ചിട്ടില്ല. ഇതുവരെ ആകെ രണ്ടു നോവലുകളേ എഴുതിയിട്ടുള്ളൂ, അതിൽ ഒരു പരീക്ഷണമൊന്നും ചെയ്തിട്ടില്ല. മനസ്സിൽ വരുന്ന മുറക്ക്, രീതിയിൽ എഴുതുന്നു. കഥാപാത്രങ്ങളുമായി മനസ്സിൽ സംസാരിച്ചു നോക്കാറുണ്ട്. ഒരു സാഹചര്യത്തിൽ അവർ എന്തായിരിക്കും ചെയ്യുകയെന്നും ആലോചിക്കാറുണ്ട്. 

? മലയാളത്തിൽ ആദ്യമായി എഴുതപ്പെട്ട എത്‌നിക് പൊളിറ്റിക്കൽ ഫിക്ഷനാണ് സഹറാവീയം എന്ന അഭിപ്രായത്തെ എങ്ങനെ നോക്കിക്കാണുന്നു?

എഴുതുമ്പോൾ ഇതൊരു പ്രത്യേക ടോണിലുള്ള നോവലാണെന്ന ധാരണയിലൊന്നുമല്ല എഴുതുക. കഥാപാത്രങ്ങൾക്ക് യോജിച്ച രീതിയിൽ, അവരുടെ ചുറ്റുപാടുകൾ ഇതിനോടനുബന്ധിച്ച്, അവരോട് ചേർന്നുനിൽക്കുന്ന സാഹചര്യങ്ങൾ എഴുതുക എന്നതേയുള്ളൂ. സഹറാവീയത്തിനു മുൻപ് എത്‌നിക് പൊളിറ്റിക്കൽ ഫിക്ഷൻ ടോണറിൽ വേറെ പുസ്തകങ്ങൾ ഇറങ്ങിയിട്ടുണ്ടോയെന്നും അറിയില്ല. പൊനോൻ ഗോംബെ മലയാളികളോ മലയാള സാഹചര്യമോ പോലുമില്ലാത്ത, മലയാളത്തിൽ ആദ്യമിറങ്ങിയ നോവലാണെന്ന് ഒരു സുഹൃത്ത് പറഞ്ഞപ്പോഴാണ് ഞാനതിനെക്കുറിച്ച് ആലോചിച്ചതു തന്നെ. എഴുതുമ്പോൾ അവയൊന്നും മനസ്സിൽ വരാറില്ല. 

? പുതിയ എഴുത്തുകളെപ്പറ്റി, പ്രവാസ ജീവിതത്തെ കുറിച്ച്

ഒരു നോവലിനുള്ള ആശയം കിട്ടിയിട്ടുണ്ട്, അതുമായി കഴിയുന്നു. എഴുതിത്തുടങ്ങിയിട്ടില്ല. മുൻപ് എഴുതിയ കഥകളിൽ ആറെണ്ണം കേണൽ കന്നൻ എന്ന പേരിൽ പെൻഡുലം ബുക്‌സ് പ്രസിദ്ധീകരിക്കുന്നു. പ്രവാസ ജീവിതം തുടങ്ങിയിട്ടിപ്പോൾ 15 വർഷമായി. അയർലണ്ടിലെ ജീവിതം തുടർന്നുകൊണ്ടിരിക്കുന്നു. ദിവസവും സ്വന്തം വീട്ടിൽ വന്നുപോകാൻ സാധിക്കാത്ത അകലത്തിൽ കഴിയുന്നവരെല്ലാവരും പ്രവാസികളാണെന്നാണ് എന്റെ അഭിപ്രായം.

? കുടുംബത്തെപ്പറ്റി

ഭാര്യ ഫസീല, കാർഡിയാക് നഴ്‌സ് ആയി അയർലണ്ടിൽ ജോലി ചെയ്യുന്നു. രണ്ട് പെൺമക്കൾ ഫാത്തിമയും നിഹാലും
 

Latest News