വരിക്കാശ്ശേരിമനയുടെ മഹായാനം

മമ്മുട്ടി വരിക്കാശ്ശേരിമനയിൽ (ഫയൽ)
മനയുടെ പരിസരത്തെ വിശാലമായ കുളം 

1993 ലാണ് മലയാള സിനിമയിലെ മാസ്റ്റർ ക്രാഫ്റ്റ്‌സ്മാൻ എന്ന് വിശേഷിപ്പിക്കപ്പെട്ട സംവിധായകൻ ഐ.വി.  ശശിയുടെ എക്കാലത്തേയും മികവുറ്റ  ചിത്രങ്ങളിലൊന്നായ ദേവാസുരം ഇറങ്ങുന്നത്. രഞ്ജിത്തിന്റെ തിരക്കഥയിൽ രൂപം കൊണ്ട ആ ചിത്രത്തിലൂടെ മീശ പിരിച്ചും രൗദ്രഭാവങ്ങളുടെ ആസുരതയെ അലങ്കാരമാക്കിയും ആർഭാടങ്ങളിൽ അഭിരമിക്കുകയും ചെയ്തു നടന്ന ഫ്യൂഡൽ മാടമ്പിയെന്ന സോകോൾഡ് നായക-വില്ലൻ സങ്കൽപത്തിന് പ്രേക്ഷക മനസ്സുകളിൽ വേറിട്ടൊരു പരിപ്രേക്ഷ്യം ലഭിക്കുകയായിരുന്നു. മോഹൻലാൽ, മംഗലശ്ശേരി നീലകണ്ഠൻ എന്ന ആ കഥാപാത്രമായി നിറഞ്ഞാടിയപ്പോൾ പ്രശസ്തമായത് അദ്ദേഹത്തിന്റെ തറവാടായ മംഗലശ്ശേരിയായി ചി ത്രീകരിക്കപ്പെട്ട ഒറ്റപ്പാലത്തെ വരിക്കാശ്ശേരി മന കൂടിയാണ്.
മനകൾ ധാരാളമുണ്ട് കേരളത്തിൽ. സൂര്യകാലടി, ഒളപ്പമണ്ണ, നെടുമ്പിള്ളി, പുലാമന്തോൾ, പാമ്പുമേക്കാട്ട്, ഓർക്കാട്ടേരി എന്നിങ്ങനെ പോകുന്നു അവയുടെ പേരുകൾ. ഒരുപക്ഷേ, കെട്ടിലും മട്ടിലും പഴമയിലും വലിപ്പത്തിലും  ഇവയിൽ പലതും മുൻപന്തിയിലാണുതാനും. പക്ഷേ, എന്നിട്ടും വരിക്കാശ്ശേരി മനയോളം പേരും പെരുമയും നേടാൻ അവയിൽ പലതിനും കഴിഞ്ഞില്ല എന്നതാണ് വാസ്തവം. അതിന് മുഖ്യ കാരണം ഇന്ന് മലയാള സനിമക്കാരുടെ ഇഷ്ട ലൊക്കേഷനായിത്തീർന്നു എന്നതാണ്. അഥവാ സിനിമയിൽ മുഖം കാണിക്കുന്നതിലൂടെയാണ് ഈ മന ഇന്ന് ഇത്രയധികം പ്രശസ്തിയിലേക്ക് ഉയർന്നത്. 


പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തുള്ള മനിശ്ശേരിയിലാണ് വരിക്കാശ്ശേരി മന അഥവാ വരിക്കുംചേരി മന എന്ന പൗരാണിക പാരമ്പര്യങ്ങളുടെ പുകൾ പെറ്റ പൈതൃകം അവകാശപ്പെടാൻ കഴിയുന്ന സുപ്രസിദ്ധമായ ഈ മന നിലകൊള്ളുന്നത്. 1000 വർഷത്തിലധികം പഴക്കമുള്ളതാണ് മനയിലെ നമ്പൂതിരിമാരുടെ ചരിത്രം എന്ന് കരുതപ്പെടുന്നു. പുരാതന കേരളത്തിലെ അഷ്ട ഗൃഹ എന്നറിയപ്പെട്ടിരുന്ന സുപ്രസിദ്ധമായ നമ്പൂതിരി കുടുംബങ്ങളിൽ ഉൾപ്പെട്ടവരായിരുന്നത്രേ വരിക്കാശ്ശേരി മനയിലെ ആദ്യ തലമുറക്കാരിൽ ചിലർ. കോഴിക്കോട് വാണിരുന്ന സാമൂതിരി രാജാക്കൻമാരുമായി അടുത്ത സൗഹൃദ ബന്ധം പുലർത്തിയിരുന്നവരാണ് ഇവരുടെ കുടുംബം. ഊഷ്മളമായ ആ സൗ ഹൃദത്തിന്റെ ഓർമക്കായി സാമൂതിരി ഇഷ്ടദാനമായി നൽകിയ ഏകദേശം നാല് ഏക്കറോളം വരുന്ന സ്ഥലത്താണ് വരിക്കാശ്ശേരി കുടംബക്കാർ മന പണികഴിപ്പിക്കുന്നത്. 19 ാം നൂറ്റാണ്ടിന്റെ അവസാന പാദത്തിലാണ് അതിന്റെ തുടക്കം. 1902 ൽ അത് പൂർത്തിയായതായി ചരിത്രം പറയുന്നു. രവി നമ്പൂതിരിപ്പാടായിരുന്നു അന്ന് വരിക്കശ്ശേരി മനയിലെ മുഖ്യ കാരണവർ.
അന്നത്തെ കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന വാസ്തുശിൽപ വിദ്യയുടെ മാതൃകയിലാണ് മന പ്രധാനമായും രൂപകൽപന ചെയ്തത്. അതേ സമയം അതിന് പാശ്ചാത്യ വാസ്തുശിൽപ വിദ്യയുടെ സ്വാധീനം അൽപ സ്വൽപം പ്രകടവുമായിരുന്നു. മനയുടെ രൂപരേഖ തയാറാക്കിയ കൃഷ്ണൻ തമ്പുരാന്റെ താൽപര്യമാണ് അതിന് കാരണമായി പറയപ്പെടുന്നത്. ശിൽപി തമ്പുരാൻ എന്നു കൂടി അറിയപ്പെട്ടിരുന്ന അദ്ദേഹം അന്ന് മദ്രാസിലൊക്കെ പോയി പാശ്ചാത്യ രീതിയിലുള്ള വാസ്തുശിൽ വിദ്യയും മറ്റും അഭ്യസിച്ച ആളായിരുന്നു. അതിനാൽ തന്നെ കേരളത്തിൽ മറ്റൊരു മനയിലും കാണാനാവാത്ത രീതിയിലുള്ള സവിശേഷമായ നിർമിതിയാണ് വരിക്കാശ്ശേരി മനയുടേത് എന്നു പറയാം.


ചുറ്റുവട്ടത്തുള്ള പ്രദേശങ്ങളിൽ നിന്നു തന്നെ കൊത്തിയെടുത്ത ഒന്നാം തരം ചെങ്കല്ലായിരുന്നു മനയുടെ ചുമർ നിർമാണത്തിന് മുഖ്യമായും ഉപയോഗിച്ചത്. കല്ലിന് പുറമെ തേക്കിന്റെയും വീട്ടിയുടെയും തടിയിൽ തീർത്ത വാതിലുകൾ, ജനലുകൾ, തൂണുകൾ, ചുവരഴികൾ, ഗോവണികൾ എന്നിവയും മനയിൽ ധാരാളമുണ്ട്. തൂണുകളിലും വാതിലുകളിലും കാണുന്ന അതിശയിപ്പിക്കുന്ന ചിത്രപ്പണികൾ അന്നു ജീവിച്ചിരുന്ന കൊത്തുവേലക്കാരുടെ കലയോടുള്ള അർപ്പണ മനോഭാവത്തിനും വൈദഗ്ധ്യത്തിനും ഉത്തമോദാഹരണമാണ്. 1940 ലാണ് മനക്ക് ഇന്നു കാണുന്ന മനോഹരമായ പൂമുഖം പണി കഴിപ്പിച്ചത് എന്ന് കരുതപ്പെടുന്നു. അത് മനക്ക് കൂടുതൽ പ്രൗഢിയും ഗാംഭീര്യവും നൽകി. 
വരിക്കാശ്ശേരി മന അടിസ്ഥാനപരമായി മൂന്നു നിലകളിലായി വിസ്തൃതമായി കിടക്കുന്ന ഒരു നാലുകെട്ടാണ്. വടക്കിനി, തെക്കിനി, കിഴക്കിനി, പടിഞ്ഞാറ്റി എന്നിങ്ങനെ നാലു ഭാഗങ്ങളും പിന്നെ അവ നാലും സന്ധിക്കുന്നതിന് ഇടയിലായി കാണുന്ന വിശാലമായ നടുമുറ്റവും ചേരുന്നതാണ് ഈ നാലുകെട്ട്. കൂടാതെ പടിപ്പുര, ഊട്ടുപുര (ഇപ്പോഴില്ല) പത്തായപ്പുരകൾ, പേറ്റുപുര, തേവാരപ്പുര, വെപ്പുപുര, ശ്രീലകം (പൂജാമുറി) എന്നിങ്ങനെ 74 ഓളം മുറികളുണ്ടായിരുന്നു, ഒരിക്കൽ ഈ മനക്ക്. കാലാന്തരത്തിൽ മുറികൾ ചിലത് കൂട്ടിയെടുക്കുകയും പല ഭാഗങ്ങളും പൊളിച്ചു മാറ്റുകയും ചെയ്യുകയുണ്ടായി (പ്രധാനമായും സിനിമാ ഷൂട്ടിംഗിന്റെ ആവശ്യവുമായി ബന്ധപ്പെട്ട്) സദാ നേരവും നാലു വശത്തു നിന്നും അകത്തേക്ക് കാറ്റും വെളിച്ചവും കടന്നു വരുന്ന രീതിയിലുള്ളതാണ് മനയുടെ നിർമാണം. അത് പുറത്ത് ചൂടുള്ളപ്പോഴും മനയുടെ അകത്ത് നേർത്ത തണുപ്പ് നിലനിർത്തി. മരം കൊണ്ട് പണിത മച്ചും അതിനൊരു കാരണമായിത്തീരുന്നുണ്ട്. 
25 പേരടങ്ങുന്ന ഒരു ട്രസ്റ്റാണ് ഇപ്പോൾ മനയുടെ നടത്തിപ്പിനായി നിലവിലുള്ളത്. അവരിൽ 10 പേർ വരിക്കാശ്ശേരി മനയിലെ നേരിട്ടുള്ള അവകാശികളാണ്. ബാക്കി 15 പേർ പുറത്തു നിന്നുള്ളവരും അതേ സമയം മനയിലെ അവകാശികളിൽ നിന്നും പണം കൊടുത്ത് അധികാരം വിലയ്ക്ക് വാങ്ങിയവരുമാണ്. അതെന്തായാലും അവരൊക്കെ ചേർന്ന് കേരളത്തിലെ അതിപുരാതനവും  പ്രൗഢഗംഭീരവുമായ ഈ മനയെ അതിന്റെ ചരിത്രവും ഐതിഹ്യവും പാരമ്പര്യവും നിലനിർത്തിക്കൊണ്ട് വലിയ തെറ്റു കൂടാതെ കാത്തുസൂക്ഷിക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. എന്നു മാത്രമല്ല, ഒരു കാരണവശാലും സർക്കാർ അതിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള സാഹചര്യം സൃഷ്ടിക്കരുത് എന്ന നിഷ്‌കർഷയും അവർക്കുണ്ട്. സർക്കാറിന്റെ കീഴിലെ പുരാവസ്തു സംരക്ഷണ വകുപ്പ് ഏറ്റെടുത്ത് അരക്ഷിതത്വം വരുത്തി അനാഥമാക്കിയ കേരളത്തിലെ പല പ്രാചീന മനകളുടെയും ദയനീയമായ അവസ്ഥയുമായി താ രതമ്യപ്പെടുത്തുമ്പോൾ വരിക്കാശ്ശേരി മനയുടെ ഇന്നത്തെ നില എല്ലാം കൊണ്ടും ഗംഭീരമാണ്.


മലയാള സിനിമയിലെ ഭാഗ്യാന്വേഷികളുടെ ഐശ്വര്യദായകമായ ഷൂട്ടിംഗ് ലൊക്കേഷൻ ആയിത്തീരുന്നതോടെയാണ് സത്യത്തിൽ വരിക്കാശ്ശേരി മനയുടെ തലവര മാറിമറയുന്നത്. 1987 ലാണ് ഒരു മലയാള സിനിമ ആദ്യമായി അവിടെ ചിത്രീകരണത്തിന് ഒരുങ്ങുന്നത്. തീർത്ഥം എന്നു പേരുള്ള ആ ചിത്രമൊരുക്കിയത് മോഹൻ എന്ന സംവിധായകനായിരുന്നു. അതിന് മുമ്പുള്ള കാലത്ത് പല സിനിമക്കാരും വരിക്കാശ്ശേരി മന ചിത്രീകരണത്തിനായി ചോദിച്ചിരുന്നെങ്കിലും നൽകപ്പെടാതെ പോവുകയായിരുന്നു. പ്രധാനമായും അന്നത്തെ യാഥാസ്ഥിതികരായ ചില നമ്പൂതിരി കാരണവന്മാരുടെ സിനിമയോടുള്ള അടിസ്ഥാനമില്ലാത്ത വെറുപ്പും പിന്നെ സിനിമക്കാർ തൊട്ടശുദ്ധമാക്കി മന യുടെ പരിശുദ്ധി കളയും എന്ന വിശ്വാസവുമായിരുന്നു കാരണം. എന്നാൽ വിദ്യാസമ്പന്നരും പുരോഗമന ചിന്താഗതിക്കാരുമായ മനയിലെ പുതിയ തല മുറ അടിസ്ഥാനമില്ലാത്ത ആ അന്ധവിശ്വാസത്തെ അപ്പടി പടിയടച്ച് പിണ്ഡം വെച്ച് മന, ചില നിബന്ധനകളോടെ സിനിമക്കാർക്ക് ഷൂട്ടിംഗിനായി നൽകിത്തുടങ്ങുകയായിരുന്നു (ശ്രീലകത്ത്-പൂജാമുറി-ആരും പ്രവേശിക്കരുത് എന്നത് അവരുടെ കർശന നിർദേശമാണ്) അതെന്തായാലും അതിലൂടെ മനയിലേക്ക് നല്ലൊരു വരുമാനം കണ്ടെത്താൻ അവർക്കായി. ഇന്ന് അറ്റകുറ്റപ്പണികൾ തീർത്ത് മനയെ കാര്യക്ഷമമായി നിലനിർത്തുന്നത് ആ വരുമാനവും കൂടി ഉപയോഗിച്ചുകൊണ്ടാണ്. 
തീർത്ഥം എന്ന ചിത്രം മനയിൽ ചിത്രീകരിക്കപ്പെട്ടെങ്കിലും പടം ശ്രദ്ധിക്കപ്പെടുകയോ മികച്ച വിജയം കൈവരിക്കുകയോ ചെയ്തില്ല. കാര്യമായി കലക്ട് ചെയ്യാതെ പടം പെട്ടെന്ന് പെട്ടിയിലാവുകയും ചെയ്തു. അന്ധവിശ്വാസം കൊടികുത്തി വാഴുന്ന സിനിമാ ലോകം അതൊരു അശുഭലക്ഷണമായാണ് കണ്ടത്. സിനിമ അവിടെ ചിത്രീകരിച്ചാൽ അത് അധികനാൾ ഓടില്ലെന്നും സാമ്പത്തിക വിജയം നേടില്ലെന്നുമുള്ള ധാരണ അവരിൽ വളർന്നു. അതോടെ വരിക്കാശ്ശേരി മനയുടെ അടുത്തു കൂടെ പോലും കുറെ കാലത്തേക്ക് സിനിമക്കാർ പോകാതെയായി. ആ സ്ഥിതി ഒന്നു മാറിക്കിട്ടാൻ പിന്നെയും കുറച്ചു വർഷങ്ങൾ കൂടി കാത്തിരിക്കേണ്ടി വന്നു. 


ഒരു നല്ല തിരക്കഥയും അതിനെ അതിമനോഹരമായി അഭ്രപാളികളിൽ ആവിഷ്‌കരിക്കാൻ ആർജവമുള്ള സംവിധായക പ്രതിഭയും ഉണ്ടെങ്കിൽ ഇപ്പറഞ്ഞ അന്ധവിശ്വാസങ്ങളെയും അശുഭ ലക്ഷണങ്ങളെയും പടിക്കു പുറത്താക്കാം എന്ന് രഞ്ജിത്തും ഐ.വി.ശശിയും കൂടി ചങ്കൂറ്റത്തോടെ തെളിയിക്കുകയായിരുന്നു ദേവാസുരം എന്ന ചിത്രത്തിലൂടെ. മംഗലശ്ശേരി നീലകണ്ഠൻ എന്ന ഫ്യൂഡൽ മാടമ്പിയുടെ തറവാടായി ചിത്രീകരിക്കപ്പെട്ടത് വരിക്കാശ്ശേരി മ നയിലാണ്. അംഗോപാംഗം സ്വരമുഖരം ദ്രുതചലനം...എന്ന ഗാനത്തിലൂടെ നൃത്ത-നൃത്യങ്ങളുടെ ലാസ്യ-ലാവണ്യ ഭാവങ്ങൾ ആസുരമായി ആടിത്തിമർത്ത് ഒടുവിൽ ചിലങ്കയഴിച്ച് ഭാനുമതി (നടി രേവതി) നീലകണ്ഠന്റെ മുഖത്തേക്ക് വലിച്ചെറിയുന്നത് ഈ വരിക്കാശ്ശേരിയുടെ പൂമുഖത്തു വെച്ചാണ്. അത് നീലകണ്ഠന്റെ മനസ്സിനെ ഒരു മാറ്റത്തിനായി പൊള്ളിച്ച് പതം വരുത്തി പരുവപ്പെടുത്തുകയായിരുന്നു. അതു പോലെയാണ് സിനിമക്കാർക്കിടയിലെ വരിക്കാശ്ശേരി മനയെ കുറിച്ചുളള വിശ്വാസ സംഹിതകളിൽ ദേവാസുരം മാറ്റങ്ങളുടെ മണിമുഴക്കം സൃഷ്ടിക്കുന്നത്.  
വരിക്കാശ്ശേരി മനയുടെ ഭാഗ്യജാതകം അവിടെ എഴുതപ്പെട്ടു. ഹൃദയ ശംഖിൽ കോരിയെടുത്ത ഗംഗാതീർത്ഥം പോലെ, സഹസ്രദള പത്മത്തിൽ വീണ മഞ്ഞുതുള്ളി പോലെ നമ്മൾ കൊതിയോടെ നിറവോടെ ലാളിച്ചുപോയ സിനിമ എന്ന പരസ്യവുമായാണ് ദേവാസുരത്തിന്റെ നൂറാം പിറന്നാൾ പൊലിമയോടെ ആഘോഷിക്കപ്പെട്ടത്. അവിടെ ചിത്രീകരിക്കപ്പെടുന്ന സിനിമകൾ വിജയിക്കുമെന്നല്ല, വലിയ വിജയം നെടുമെന്ന വിശ്വാസമാണ് പിന്നീടുണ്ടായത്. ആ വിശ്വാസം നൽകിയ കരുത്തിൽ പിന്നീടിങ്ങോട്ട് അനവധി സിനിമകളാണ് അതിന്റെ നിഴലിലും നിശ്വാസത്തിലുമായി ചിത്രീകരിക്കപ്പെട്ടത്. അന്യ ഭാഷാ ചിത്രങ്ങൾ ഉൾപ്പെടെ 250 ലേറെ ചിത്രങ്ങളാണ് ഈ 26 വർഷത്തിനിടയിൽ അവിടെ ചിത്രീകരിക്കപ്പെട്ടത്. മിക്കതും ബോക്‌സോഫീസ് ഹിറ്റുകളുമായി.


ദേവാസുരത്തിന് പുറമെ ആറാം തമ്പുരാൻ, രാപ്പകൽ, മാടമ്പി, ചന്ദ്രോത്സവം, വല്യേട്ടൻ, തൂവൽകൊട്ടാരം, അനന്തഭദ്രം, ദ്രോണ, സിംഹാസനം, സൂഫി പറഞ്ഞ കഥ, പ്രേതം തുടങ്ങി നിരവധി മലയാള ചിത്രങ്ങൾ അവിടെയാണ് ചിത്രീകരിച്ചത്. ഷാജി കൈലാസിന്റെ ജന എന്ന തമിഴ് പടത്തിന്റെ ചിത്രീകരണം അവിടെ ചെയ്തതോടെ കോളിവുഡിന്റെയും ഇഷ്ട ലൊക്കേഷനായിത്തീർന്നു, വരിക്കാശ്ശേരി മന. കേരളത്തിലെ റാമോജി സിറ്റി എന്നൊരു ഓമനപ്പേരും അതിന് ചാർത്തിക്കിട്ടി. ഫ്‌ളെയിംസ് ഇൻ പാരഡൈസ്, ഗോഡ്‌സ് ഓൺ കൺട്രി തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളിലും വരിക്കാശ്ശേരി മന കടന്നു വരുന്നുണ്ട്. അങ്ങനെ വരിക്കാശ്ശേരി മനയുടെ ഖ്യാതി കടൽ കടക്കാനും തുടങ്ങി.


ഇന്ന് സിനിമക്കാരെ മാത്രമല്ല കേരളത്തിലും പുറത്തുമുള്ള ആയിരക്കണക്കിന് സഞ്ചാരികളെ കൂടി, നിളാ നദിയുടെ തീരത്ത് നീണ്ടു നിവർന്നു കിടക്കുന്ന കേരളത്തിന്റെ അഭിമാനമായ ഈ മന സ്വാഗതം ചെയ്യുന്നുണ്ട്. രാവിലെ 9 മണി മുതൽ 5.30 വരെയാണ് സന്ദർശക സമയം. പ്രവേശനത്തിന് 20 രൂപയുടെ പാസ് എടുക്കണം. മനയുടെ അകത്ത് ക്യാമറ ഉപയോഗിക്കുന്നതിന് ചില നിയന്ത്രണങ്ങളുണ്ട്. പാദരക്ഷകളും പുകവലിയും ഭക്ഷണ സാധനങ്ങൾ ഉപയോഗിക്കുന്നതും കർശനമായി അകത്ത് നിരോധിച്ചിരിക്കുകയാണ്. അകം വൃത്തിയായി സൂക്ഷിക്കാനും ചുമർച്ചിത്രങ്ങൾക്ക് കേടുപാടുകൾ വരാതിരിക്കാനുമാണ് ഈ മുൻകരുതൽ. അതേ സമയം സിനിമാ ഷൂട്ടിംഗ് ഉള്ള ദിവസങ്ങളിൽ പുറമെ നിന്നുള്ള സന്ദർശകർക്ക് ഇവിടെ പ്രവേശിക്കാൻ അനുമതിയില്ല.
വരിക്കാശ്ശേരി മന കണ്ടിറങ്ങുമ്പോൾ നമുടെ മനസ്സ് ഒരിക്കലും ഇഛാ ഭംഗത്തിന് ഇടയാകില്ല, അതുറപ്പ്. ആധുനികതയുടെ അമിതാഡംബരങ്ങൾ അതിരുവിട്ട്, അതിക്രമമാകുന്ന പുതിയ കാലത്ത് വരിക്കാശ്ശരി മന, നമ്മിൽ ഏതൊക്കെയോ ആശ്വാസങ്ങളുടെ നിശ്വാസങ്ങളുതിർക്കും. 
അതിന് സാഹചര്യമൊരുക്കിയ മനയിലെ പൂർവ സൂരികളുടെ വിശാല മനസ്‌കതയെ അനുസ്മരിച്ചും അതിശയിച്ചും അറിയാതെ നാം അവരെ മനസ്സിൽ നമിക്കും. ദേവാസുരത്തിലൂടെ മലയാള സിനിമയുടെ പൂമുഖത്തേക്ക് ശുഭലക്ഷണങ്ങളുടെയും വിജയ ഗാഥകളുടെയും തുടർക്കഥകൾ എഴുതിച്ചേർത്ത് കടന്നുവന്ന വരിക്കാശ്ശേരി മന ഇപ്പോഴും മലയാളി ഉൾപ്പെടെയുള്ള രാജ്യത്തുള്ള എല്ലാ സന്ദർശകരെയും സ്‌നേഹപൂർവം വിളിക്കുന്നു, വരൂ... 

Latest News