സമയരഥങ്ങളിൽ....

ബി. സുഭാഷ് റാവു ഭാര്യയോടൊപ്പം

വാച്ചുകളുടെ സുവർണകാലം കഴിഞ്ഞു. പറയുന്നത് മറ്റാരുമല്ല, കോഴിക്കോട് കോർട്ട് റോഡിലെ വാച്ചുകടക്കാരാണ്. നഗരത്തിൽ മാത്രം അക്കാലത്ത് നാൽപതിലേറെ വാച്ചുകടകളുണ്ടായിരുന്നു. അതിൽ പത്തിലേറെയും കോർട്ട് റോഡിലായിരുന്നു. ഒരു കാലത്ത് പ്രൗഢിയോടെ നിലയുറപ്പിച്ച അവയെല്ലാം ഇന്ന് സാമ്പത്തിക പ്രതിസന്ധിയിൽപെട്ട് നട്ടംതിരിയുകയാണ്. പലതിനും താഴ് വീണുകഴിഞ്ഞു. മറ്റു ചിലരാകട്ടെ ഒരേർപ്പാടെന്ന നിലയിൽ തുറന്നുവെച്ചിരിക്കുകയാണ്. കേടുപാടുകൾ തീർക്കുന്ന തൊഴിലാളികളുടെ അവസ്ഥയാണ് അതിലും ദയനീയം. എന്തു ചെയ്യണമെന്നറിയാതെ ഉഴലുകയാണവർ. മറ്റൊരു തൊഴിലും പരിശീലിച്ചിട്ടുമില്ല.
വാച്ചുകടക്കാർ നേരിടുന്ന വെല്ലുവിളി ഇന്നും ഇന്നലെയും തുടങ്ങിയതല്ല. സാങ്കേതിക വിദ്യയുടെ കടന്നുവരവും ആഗോളവൽക്കരണവുമെല്ലാം ഈ വ്യവസായത്തിന്റെ തകർച്ചക്ക് ആക്കം കൂട്ടുകയായിരുന്നു. മൊബൈൽ ഫോണുകൾ കടന്നുവന്നതോടെ യുവാക്കളിൽ വാച്ചുകൾ ഉപയോഗിക്കുന്ന ശീലം കുറഞ്ഞുവന്നു. ഇതിനിടയിൽ സ്മാർട്ട് വാച്ചുകളും രംഗത്തെത്തി. അതോടെ യുവസമൂഹം ഇതിനു പിന്നാലെയായി. മൊബൈൽ കമ്പനികൾ നിർമിക്കുന്ന വിവിധോദ്ദേശ്യ വാച്ചുകളാണ് ഇന്ന് പലരുടെയും ആകർഷണം.
ബി. സുഭാഷ് റാവുവിനെ കോഴിക്കോട്ടുകാർക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല. സായിബാബയെപ്പോലെ മുടി നീട്ടിവളർത്തി പുഞ്ചിരിയോടെ ആരെയും എതിരേൽക്കുന്ന വ്യക്തിത്വം. നഗരത്തിലെ വാച്ച് കടകളിൽ ഏറെ ശ്രദ്ധേയമായിരുന്ന എൻ.ബി. റാവു ആന്റ് കമ്പനിയിലൂടെയായിരുന്നു സുഭാഷ് റാവു ജീവിതം തുടങ്ങിയത്. 1943 ൽ പിതാവ് എൻ.ബാലാജി റാവുവായിരുന്നു കോർട്ട് റോഡിൽ റാവു ആന്റ് കമ്പനി എന്ന പേരിലുള്ള വാച്ചുകട തുടങ്ങിയത്.
സരസ്വതീ നദി വറ്റിവരണ്ടപ്പോൾ ഗോവയിലേക്ക് കുടിയേറിപ്പാർത്തവരായിരുന്നു റാവുജിയുടെ പൂർവികർ. ഗോവയിലെ പോർച്ചുഗീസുകാരുടെ പീഡനം സഹിക്കാനാവാതെ വന്നപ്പോൾ അവർ കേരളത്തിലേക്കു കടന്നു. കൊങ്കിണി ഭാഷ സംസാരിക്കുന്ന ഈ ഗൗഢസാരസ്വത ബ്രാഹ്മണർ കേരളത്തിൽ പല ദിക്കുകളിലുമായാണ് ഇന്ന് കഴിയുന്നത്. തലശ്ശേരിയിലും കോഴിക്കോട്ടും കൊച്ചിയിലും മാത്രമല്ല, ആന്ധ്രയിലും തമിഴ്‌നാട്ടിലുമെല്ലാം ഇവർക്ക് വേരുകളുണ്ട്. മുത്തച്ഛന് തലശ്ശേരിയിൽ വാച്ചുകടയുണ്ടായിരുന്നു. അവിടെനിന്നാണ് അച്ഛൻ ബാലാജി റാവു കോഴിക്കോട്ട് വാച്ചുകട തുടങ്ങാനുള്ള വിദ്യ സ്വായത്തമാക്കിയത്.
വാച്ചുകൾക്കിടയിലായിരുന്നു സുഭാഷ് റാവുവിന്റെ ജീവിതം. വാച്ചുകളുടെ സുവർണ കാലത്തും പ്രതിസന്ധി ഘട്ടത്തിലും ഈ വ്യവസായത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം. ജീവിതത്തിന്റെ കയറ്റിറക്കങ്ങൾ ഏറെ അനുഭവിച്ച ഈ എഴുപത്തഞ്ചുകാരന് ആരോടും പരാതിയില്ല. തിരിച്ചുകിട്ടാത്ത ഒരു സുവർണ കാലത്തിന്റെ ഓർമകളാണ് ആ മനസ്സുനിറയെ...
- എന്നേക്കാൾ രണ്ട് വയസ്സ് പ്രായക്കൂടുതലുണ്ടായിരുന്നു എൻ.ബി. റാവു ആന്റ് കമ്പനിക്ക്. എങ്കിലും സ്‌കൂൾ കാലംതൊട്ടേ കടയിൽ പോകുമായിരുന്നു. മലബാർ ക്രിസ്ത്യൻ കോളേജിൽനിന്നും എക്കണോമിക്‌സ് ആന്റ് പൊളിറ്റിക്‌സിൽ ബിരുദം നേടിയതിനു ശേഷമാണ് മുഴുവൻ സമയം ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. വിദേശ നിർമിത വാച്ചുകളും ക്‌ളോക്കുകളുമായിരുന്നു അക്കാലത്ത് ഏറെയും കേടുപാടുകൾ തീർക്കാനെത്തിയിരുന്നത്.
1977 ൽ എച്ച്.എം.ടിയുടെ കടന്നുവരവോടെ വാച്ച് വിപണനമേഖലക്ക് പുതിയ ഊർജം കൈവരികയായിരുന്നു. 1963 മുതൽ എച്ച്.എം.ടി ഉൽപാദനം തുടങ്ങിയിരുന്നെങ്കിലും അവരുടെ ഷോറൂമുകളിൽ മാത്രമേ വിപണനമുണ്ടായിരുന്നുള്ളൂ. പിന്നീട് ഡീലർഷിപ്പ് നൽകിത്തുടങ്ങിയതോടെ അവരുടെ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ജില്ലയിലെ ആദ്യത്തെ എച്ച്.എം.ടി ഡീലറായി എൻ.ബി.റാവു ആന്റ് കമ്പനി മാറുകയായിരുന്നു. അക്കാലത്ത് മലബാറിലെ നാലു ജില്ലകളിൽ എച്ച്.എം.ടിയുടെ വിപണനാവകാശം എൻ.ബി.റാവു ആന്റ് കമ്പനിക്കായിരുന്നു. ''ടൈംകീപ്പേഴ്‌സ് ടു ദ നേഷൻ'' എന്നായിരുന്നു എച്ച്.എം.ടിയുടെ മുദ്രാവാക്യം. സംതൃപ്തരായ ഉപഭോക്താക്കളാണ് കമ്പനിയുടെ വിജയം എന്ന ലക്ഷ്യം മുൻനിർത്തി ഡീലർമാർക്ക് റിപ്പയറിംഗിനെക്കുറിച്ചും മാർക്കറ്റിംഗിനെക്കുറിച്ചുമെല്ലാം മൂന്നു മാസത്തിലൊരിക്കൽ ക്ലാസുകളും നടത്താറുണ്ടായിരുന്നു. കൂടാതെ നഗരത്തിലെ പല സാമൂഹ്യ പ്രവർത്തനങ്ങൾക്കും എച്ച്.എം.ടിയെക്കൊണ്ട് സ്‌പോൺസർ ചെയ്യിക്കാൻ പലരും സമീപിച്ചിരുന്നതും എൻ.ബി. റാവു ആന്റ് കമ്പനിയെയായിരുന്നു. ആദ്യമായി കോഴിക്കോട്ട് എയിഡ്‌സ് ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കാനും എച്ച്.എം.ടി മുന്നോട്ടു വന്നു. മലബാർ ക്രിസ്ത്യൻ കോളേജിലെ എൻ.എസ്.എസ് വളണ്ടിയർമാരുമായി ചേർന്ന് കോഴിക്കോട്ടുനിന്നും എലത്തൂർ വരെ ബോധവൽക്കരണ കാൽനടജാഥ നയിച്ചതും തിളങ്ങുന്ന ഓർമയായി സുഭാഷ് റാവുവിന്റെ മനസ്സിലുണ്ട്.
ടൈറ്റാൻ, ടൈമക്‌സ് തുടങ്ങിയ വാച്ചുകമ്പനികൾ കുറഞ്ഞ വിലയ്ക്ക് കോർട്ട്‌സ് ടെക്‌നോളജി വാച്ചുകൾ വിപണിയിൽ ഇറക്കിയതോടെ തിരിച്ചടികൾ നേരിട്ടുതുടങ്ങുകയായിരുന്നു. ചൈനീസ് വാച്ചുകളുടെ കടന്നുകയറ്റവും വിനയായി. കുറഞ്ഞ വിലയ്ക്ക് ആകർഷണീയവും ഗാരണ്ടിയില്ലാത്തതുമായ വാച്ചുകൾ യഥേഷ്ടം വന്നുതുടങ്ങി. യൂസ് ആന്റ് ത്രോ സംസ്‌കാരമാണ് പിന്നീട് കണ്ടത്. അതോടെ ജനങ്ങൾക്ക് എച്ച്.എം.ടി വാച്ചുകളോടുള്ള പ്രിയം കുറഞ്ഞുവന്നു. മാനേജ്‌മെന്റ് തലത്തിലുള്ള കെടുകാര്യസ്ഥത മൂലം എച്ച്.എം.ടി കമ്പനി അടച്ചുപൂട്ടിയതോടെ വാച്ചുകളുടെ ലോകത്തെ അതികായരായ ആ ത്ര്യയക്ഷരം ഓർമ മാത്രമായി.


പിന്നീട് ഗ്രാമങ്ങളിൽ പോലും വാച്ചുകടകൾ ഉയരുന്നതാണ് കണ്ടത്. മൊബൈൽ ഫോൺ വ്യാപകമായതോടെ ജനങ്ങൾക്കിടയിൽ വാച്ച് ഉപയോഗിക്കുന്ന ശീലത്തിനും മാറ്റം വന്നുതുടങ്ങി. കൂടാതെ ഓൺലൈനിലൂടെയും വാച്ചുകൾ ലഭിച്ചുതുടങ്ങി. ബ്രാൻഡഡ് കമ്പനികൾ അവരവരുടെ കടകളിലൂടെയും സ്വന്തമായുണ്ടാക്കിയ വെബ്‌സൈറ്റിലൂടെയും വാച്ചുകൾ വിറ്റഴിക്കാൻ തുടങ്ങിയതോടെ വാച്ച് കടകൾക്ക് അതിജീവിക്കാൻ പറ്റാതായി.
വിൽപനയും റിപ്പയറിംഗുമില്ലാതെ ഏറെ നാൾ പിടിച്ചുനിൽക്കാൻ കമ്പനിക്കായില്ല. 2013 ൽ എൻ.ബി.റാവു വാച്ച് കമ്പനിക്കും താഴു വീണു. സാമ്പത്തിക ബാധ്യതകൾ തീർക്കാൻ സ്വന്തമായുണ്ടായിരുന്ന വീടും വിൽക്കേണ്ടിവന്നു. ഒടുവിൽ നഗരത്തിൽ ഗാന്ധി റോഡിനടുത്ത വാടക വീട്ടിലേയ്ക്ക് റാവുജിയും കുടുംബവും കൂടുമാറുകയായിരുന്നു. മകൾ സംഗീത റാവുവിനെ എറണാകുളത്തേക്ക് വിവാഹം കഴിച്ചയക്കുകയും ചെയ്തു. വിദ്യാഭ്യാസത്തിനിടയിൽ എച്ച്.എം.ടിയുടെയും റാഡോയുടെയും പരിശീലനം ലഭിച്ച മകൾ സംഗീതയും അച്ഛന് കൂട്ടായി വാച്ച് കമ്പനിയിൽ എത്താറുണ്ടായിരുന്നു.
പ്രായം എഴുപത്തഞ്ചായെങ്കിലും തനിക്കിന്നും സ്വീറ്റ് സെവന്റീനാണെന്ന് റാവുജി പറയുന്നു. മകളോടൊപ്പം എറണാകുളത്തേക്ക് ചേക്കേറാനൊരുങ്ങിയെങ്കിലും സുഹൃത്തുക്കളുടെ സ്‌നേഹപൂർണമായ നിർബന്ധത്തിനു വഴങ്ങി അദ്ദേഹം ആ ഉദ്യമം വേണ്ടെന്നുവെച്ചു. പഴയകാല സുഹൃത്തിന്റെ സുഗുണ വാച്ച് കടയിൽ ഇപ്പോഴും അദ്ദേഹത്തെ കാണാം. തന്റെ അറിവുകൾ മറ്റുള്ളവർക്കു പകർന്നുനൽകാൻ അദ്ദേഹം ഒരുക്കമാണ്.
നഗരത്തിലെ സാമൂഹ്യ പ്രവർത്തനങ്ങളിൽ ചിരിക്കുന്ന മുഖവുമായി അദ്ദേഹത്തെ കാണാം. വർഷങ്ങൾക്കു മുൻപ് കോർട്ട് റോഡിലെ ഒരു സംഘം വ്യാപാരികളുമായി ചേർന്ന് രൂപം കൊടുത്ത ചിരിക്ലബ്ബിന്റെ സാരഥി കൂടിയാണ് റാവുജി. റാവുജി ചിരി ഫൗണ്ടേഷൻ എന്നു പേരിട്ടിരിക്കുന്ന ഈ കൂട്ടായ്മയിലൂടെ ചിരിയുടെ മഹത്വം ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് അദ്ദേഹം. കാലത്തിന്റെ മാറ്റങ്ങൾ തിരിച്ചറിഞ്ഞുള്ള വിപണന തന്ത്രം ആവിഷ്‌കരിച്ചില്ലെങ്കിൽ നഗരത്തിൽ ഇന്ന് കാണുന്ന വാച്ചുകടകൾ കൂടി നാമാവശേഷമാകുമെന്ന ദുഃഖ സത്യവും അദ്ദേഹം മറച്ചുവെക്കുന്നില്ല.

Latest News