Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പിന്നോട്ട് നടക്കുന്ന കാലം 

ലോകത്ത് ഇന്റർനെറ്റ് വിഛേദിക്കുന്ന കാര്യത്തിൽ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്. കശ്മീരിൽ തുടങ്ങി അസം, കർണാടക വഴി എവിടെ വേണമെങ്കിലും അത്യാധുനിക വാർത്താ വിനിമയ സംവിധാനമായ നെറ്റ് നിഷേധിക്കപ്പെടാമെന്ന സാഹചര്യം. കുഴപ്പങ്ങൾ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാനാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് അധികൃതരുടെ ഭാഷ്യം. ഇക്കഴിഞ്ഞ ഞായറാഴ്ച ദൽഹി ജാമിഅ മില്ലിയയിൽ സംഘർഷം രൂപപ്പെട്ട ദിവസം പ്രധാനമന്ത്രി മോഡിജി ജാർഖണ്ഡിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു. രാജ്യത്തിന്റെ ചില ഭാഗങ്ങളിലെ സംഘർഷത്തെ കുറിച്ച് അദ്ദേഹം പറഞ്ഞു: കുഴപ്പമുണ്ടാക്കുന്നവരെ അവരുടെ വസ്ത്രം നോക്കി തിരിച്ചറിയാമെന്ന്. പിന്നാലെ കാമ്പയിനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു: നാല് മാസത്തിനകം അയോധ്യയിൽ മാനം മുട്ടുന്ന രാമക്ഷേത്രം പണിയും. ഇന്ത്യ നേരിടുന്ന ഒരു വിധം പ്രശ്‌നങ്ങൾക്കെല്ലാം ഇതോടെ പരിഹാരമാവും. അതിരിക്കട്ടെ, ദൽഹി ജാമിഅയിൽ തുടങ്ങിയ സംഘർഷം മുതൽക്കിങ്ങോട്ട് കാര്യങ്ങൾ ആഗോള മാധ്യമങ്ങളുടെ ദൃഷ്ടിയിൽ പെട്ടിട്ടുണ്ട്. ബി.ബി.സി ന്യൂസിൽ സമഗ്രമായ റിപ്പോർട്ട് വന്നു. ഇന്ത്യൻ എക്‌സ്പ്രസ് പത്രം വെള്ളിയാഴ്ച നൽകിയ പ്രധാന തലവാചകം  'ഭാരതീയ ജനത പ്രൊട്ടസ്റ്റ്' എന്നാണ്. അടിയന്തരാവസ്ഥ  പ്രഖ്യാപിച്ച നാളിൽ എഡിറ്റോറിയൽ ബ്ലാങ്കാക്കിയ ഇറക്കിയ പത്രമാണിത്. ന്യൂയോർക്ക് ടൈംസ്, വാൾ സ്ട്രീറ്റ് ജേണൽ, വാഷിംഗ്ടൺ പോസ്റ്റ്, യു.കെയിലെ ഇൻഡിപെൻഡന്റ്, ഗാർഡിയൻ എന്നീ മാധ്യമങ്ങൾ ഇന്ത്യയിലെ സംഭവ വികാസങ്ങൾക്ക് വൻ പ്രാധാന്യമാണ് നൽകിയത്. ജാമിഅയിലെ പോലീസ് അതിക്രമം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ
ജാലിയൻ വാലാബാഗ് ഓർമപ്പെടുത്തിയപ്പോൾ മുൻ കേന്ദ്ര മന്ത്രി യശ്വന്ത് സിൻഹ വിശേഷിപ്പിച്ചത് മോഡി സർക്കാറിന്റെ 1974 എന്നാണ്. ജാമിഅ സംഭവത്തെ തുടർന്നുള്ള നാളുകളിൽ ഏഷ്യാനെറ്റ്, ന്യൂസ് 18 ചാനലുകളിലെ സന്ധ്യാ സംവാദത്തിൽ ജാമിഅയിലെ മലയാളി വിദ്യാർഥിനികളുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. പണ്ട് വി.എസ് പറഞ്ഞ കോപ്പിയടിച്ച് പാസായ ടീമുകളായിരുന്നു ഏറെയും. ഇന്ത്യയിലെ തലയെടുപ്പുള്ള സർവകലാശാലകളിൽ എം.ഫിൽ-പി.എച്ച്ഡി ഗവേഷണ വിദ്യാർഥികളായി കേരളത്തിൽ നിന്ന് ഇത്രയേറെ പേരുണ്ടെന്നത് അഭിമാനിക്കാൻ  വക നൽകുന്നു. അതിനിടക്ക് ഏഷ്യാനെറ്റ് കഴിഞ്ഞ വാരത്തിൽ നടത്തിയ ഒരു ന്യൂസ് അവറിൽ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്ലക്കുട്ടിയെ മറ്റു മൂന്ന് പാനലിസ്റ്റുകളും കൈകാര്യം ചെയ്യുന്നത് കണ്ടു. ഡി.വൈ.എഫ്.ഐ നേതാവ് റിയാസിനെ എടോ എന്ന് വിളിച്ചത് ദേശീയ മുസ്‌ലിമിനെ പ്രകോപിപ്പിച്ചു. അതിന് അബ്ദുല്ലക്കുട്ടി നൽകിയ മറുപടി ഇത് നായനാർ സ്റ്റൈലാണെന്നാണ്. രസം അതല്ല, മാറി മാറി മരം ചാടിയ കുരങ്ങിനോട് തന്നെ ഉപമിച്ചത് അബ്ദുല്ലക്കുട്ടി വീണ്ടും ആവർത്തിച്ചത് കൊണ്ട് വൈകിയെത്തിയ പ്രേക്ഷകർക്കും ചർച്ച ആസ്വദിക്കാനായി. മനോരമ ന്യൂസിൽ ഏതാണ്ട് ഇതേ അനുഭവമാണ് ബി.ജെ.പി നേതാവ് രാജേഷ് നേരിട്ടത്. അസമിലെ പൗരത്വ വിഷയത്തിൽ തുടങ്ങി എൽ.കെ.ജി കുട്ടി വരെയെത്തി ഷാനിയുടെ സംവാദത്തിൽ. 
*** *** ***
കർണാടക തലസ്ഥാനവും കേരളത്തോട് അതിർത്തി പങ്കിടുന്ന തുറമുഖ നഗരമായ മംഗളൂരുവും വ്യാഴാഴ്ച സംഘർഷത്തിന്റെ പിടിയിലായിരുന്നു. കേരളത്തിൽ നിന്നെത്തിയവരാണ് കുഴപ്പമുണ്ടാക്കുന്നതെന്ന് കർണാടക ആഭ്യന്തര മന്ത്രി ഉടൻ പ്രസ്താവിച്ചു. എന്തൊരു ഇന്റലിജൻസ്? 
വെള്ളിയാഴ്ച പുലർന്നപ്പോൾ ന്യൂസ് 9 ചാനലിൽ ഇതിനോട് സാദൃശ്യമുള്ള ഒരു വാർത്ത. കർണാടകയിൽ കുഴപ്പമുണ്ടാക്കാനെത്തിയ വ്യാജ മാധ്യമ പ്രവർത്തകർ പിടിയിൽ. ഇത് മലയാളത്തിലെ ഒരു ചാനലും വാർത്തയാക്കി. ഏറെ വൈകാതെ 24 ചാനലിൽ ശ്രീകണ്ഠൻ നായർ പ്രതികരിച്ചു.  ന്യൂസ് 18, ഏഷ്യാനെറ്റ്, 24, മീഡിയാ വൺ ചാനലുകളിലെ മലയാളി മാധ്യമ പ്രവർത്തകരെയാണ് മംഗളൂരുവിൽ കസ്റ്റഡിയിലെടുത്തത്. പോലീസ് ബസിൽ നിന്നാണ് ന്യൂസ് 18 മാധ്യമ പ്രവർത്തകൻ സുമേഷ് മൊറാഴയുടെ സന്ദേശം. 
മാധ്യമ പ്രവർത്തകരുടെ ക്യാമറയും മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തുവെന്നാണ് സുമേഷ് വ്യക്തമാക്കിയത്. പോലീസിന് പിടിച്ചെടുക്കാൻ സാധിക്കാതിരുന്ന ഒരു മൊബൈൽ ഫോണിൽ നിന്ന് റെക്കോർഡ് ചെയ്ത സന്ദേശമാണ് സുമേഷ് ന്യൂസ് 18 ചാനലിന് നൽകിയത്. മുഖ്യമന്ത്രിയും പോലീസ് മേധാവിയും ഇടപെട്ടിട്ടും മണിക്കൂറുകളോളം പട്ടിണിക്കിട്ടാണ് മാധ്യമ പ്രവർത്തകരെ മോചിപ്പിക്കാനായത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം കനത്ത മംഗളൂരുവിൽ റിപ്പോർട്ടിംഗിനെത്തിയ മലയാളി മാധ്യമ പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ കർണാടക പോലീസിനെ രാജീവ് ചന്ദ്രശേഖർ  അഭിനന്ദിച്ചു.  ഏഷ്യാനെറ്റ് ന്യൂസ് ഉൾപ്പടെയുള്ള മലയാള മാധ്യമ പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തിലാണ് കർണാടക പോലീസിനെ അഭിനന്ദിച്ച് രാജീവ് ചന്ദ്രശേഖർ രംഗത്തെത്തിയത്. പോലീസ് അതിന്റെ ജോലി ഭംഗിയായി നിർവഹിച്ചതായി അഭിപ്രായപ്പെട്ട രാജീവ് ചന്ദ്രശേഖർ മംഗളൂരു കമ്മീഷണറെ അഭിനന്ദിച്ചു. ഏഷ്യാനെറ്റ് കന്നഡ ചാനൽ സുവർണ 50 വ്യാജ മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്തു എന്നാണ് വാർത്ത നൽകിയിരുന്നത്. ഏഷ്യാനെറ്റ് ന്യൂസിന്റെ മാതൃകമ്പനിയായ ജൂപ്പിറ്റർ എന്റർടെയിൻമെന്റ് വെൻച്വേർസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമകളിലൊരാളും ബി.ജെ.പിയുടെ രാജ്യസഭ എ.ംപിയുമാണ് രാജീവ് ചന്ദ്രശേഖർ.
*** *** ***
പൗരത്വ ഭേദഗതി നിയമത്തിന് എതിരെ അതിരൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് നടനും സംവിധായകനും നിർമാതാവും ഗായകനുമായ വിനീത് ശ്രീനിവാസൻ. ഫേസ്ബുക്കിലാണ് വിനീതിന്റെ പ്രതികരണം. 'നിങ്ങളെ സംബന്ധിച്ച് അവർ ന്യൂനപക്ഷം ആയിരിക്കാം. എന്നാൽ ഞങ്ങളെ സംബന്ധിച്ച് അവർ സഹോദരന്മാരും സഹോദരിമാരുമാണ്. ദയവു ചെയ്ത് നിങ്ങളുടെ പൗരത്വ ഭേദഗതി നിയമവും ചുരുട്ടിക്കെട്ടി ഞങ്ങളിൽ നിന്നും ദൂരെ എവിടേക്കെങ്കിലും പോയിത്തരൂ. ദേശീയ പൗരത്വ രജിസ്റ്റർ അടക്കമുളള നിങ്ങളുടെ മറ്റെല്ലാം നിയമങ്ങളും അക്കൂട്ടത്തിലെടുത്തോളൂ' എന്നാണ് വിനീത് ശ്രീനിവാസൻ തുറന്നടിച്ചത്. 
90 കളുടെ ആദ്യം മുംബൈ മഹാനഗരത്തിൽ വർഗീയ കലാപമുണ്ടായപ്പോൾ പോലീസിന് കാര്യങ്ങൾ നിയന്ത്രിക്കാനാവാതെ വന്നു. 
ഇന്ത്യയുടെ വാണിജ്യ തലസ്ഥാനം ഉടൻ പട്ടാളത്തെ ഏൽപിക്കൂവെന്ന് അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവുവിനെ കണ്ട് ആവശ്യപ്പെട്ട നടനാണ് ഉലക നായകൻ കമൽ ഹാസൻ. പിന്നിട്ട വാരത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിദ്യാർത്ഥി പ്രക്ഷോഭം നടക്കുന്ന മദ്രാസ് സർവകലാശാലയിൽ എത്തിയ കമൽ ഹാസനെ പോലീസ് തടഞ്ഞു. 
സുരക്ഷ മുൻനിർത്തിയാണ് കമൽ ഹാസനെ തടഞ്ഞതെന്ന് പോലീസ് വിശദീകരിച്ചു. അനീതിയാണ് നടക്കുന്നതെന്ന് കമൽ ഹാസൻ പ്രതികരിച്ചു. എ.ഐ.എ.ഡി.എം.കെ വിചാരിച്ചിരുന്നെങ്കിൽ പൗരത്വ ഭേദഗതി നിയമം പാസാക്കുന്നത് തടയാമായിരുന്നെന്നും കമൽ ഹാസൻ പറഞ്ഞു. മദ്രാസ്  സർവകലാശാലയിൽ വിദ്യാർഥികൾക്കു പിന്തുണയുമായെത്തിയ ആദ്യ നേതാവാണ് കമൽ ഹാസൻ.
വിദ്യാർഥികളെ മാത്രമേ സർവകലാശാലയ്ക്കുള്ളിലേക്ക് പ്രവേശിപ്പിക്കൂ എന്ന പോലീസ് നിലപാടിനെയും അദ്ദേഹം വിമർശിച്ചു. താൻ സ്വയം ഒരു വിദ്യാർഥിയായാണ് കണക്കാക്കുന്നതെന്നും മരണം വരെയും അങ്ങനെയായിരിക്കുമെന്നും കമൽ ഹാസൻ പറഞ്ഞു.
*** *** ***
തനിക്ക് ഈഗോ ഉണ്ട് എന്നും അത് തന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണെന്നും നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. അമൃത ടി.വിയിൽ ആനീസ് കിച്ചൺ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു നടി. സന്തോഷമാണെങ്കിലും ദേഷ്യമാണെങ്കിലും അതിന്റെ ഏറ്റവും ഉയരത്തിലാണ് ഞാൻ നിൽക്കാറുള്ളത്. സങ്കടം വന്നാൽ പുറത്ത് കാണിക്കാറില്ല.. അതിന് എന്റെ ഈഗോ സമ്മതിക്കാറില്ല. സങ്കടം വരുമ്പോഴും ദേഷ്യപ്പെടുകയാണ് ചെയ്യാറുള്ളത് -രഞ്ജിനി പറഞ്ഞു. പ്രതികരിക്കുന്ന കാര്യത്തിൽ താൻ ഒരു തനി മലയാളി തന്നെയാണെന്ന് രഞ്ജിനി പറയുന്നു. എന്തിനോടും പ്രതികരിക്കുന്ന ശീലം ചെറുപ്പം മുതലേ ഉണ്ടായിരുന്നു. അച്ഛനില്ലാതെ വളരുന്ന പെൺകുട്ടികൾക്ക് ധൈര്യവും ഒരു തന്റേടവും തീർച്ചയായും ഉണ്ടായിരിക്കുമെന്ന് തന്റെ അനുഭവത്തിൽ നിന്ന് രഞ്ജിനി പറഞ്ഞു. 
*** *** ***
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായ ഫിൻലാൻഡിലെ സന്ന മാരിനെ പരിഹസിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് എസ്‌റ്റോണിയ. എസ്‌റ്റോണിയയിലെ ആഭ്യന്തര മന്ത്രിയും തീവ്ര വലതുപക്ഷ പാർട്ടിയുടെ നേതാവുമായ മാർട്ട് ഹെൽമെയാണ് സന്ന മാരിനെ 'സെയിൽസ് ഗേൾ' എന്ന് വിളിച്ച് പരിഹസിക്കുകയും രാജ്യം നയിക്കാനുള്ള കഴിവിനെ ചോദ്യം ചെയ്യുകയും ചെയ്തത്. സി.എൻ.എൻ, ബി.ബി.സി എന്നീ അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഇത് വാർത്തയായിരുന്നു. റേഡിയോയിലെ ടോക്ക് ഷോക്കിടെയായിരുന്നു മാർട്ട് ഹെൽമെയുടെ പ്രതികരണം. ഒരു സെയിൽസ് ഗേൾ പ്രധാനമന്ത്രിയായതും മറ്റു ചില ആക്ടിവിസ്റ്റുകളും തെരുവിൽ കഴിയുന്ന വിദ്യാഭ്യാസമില്ലാത്തവരും മന്ത്രിസഭയിൽ എത്തിയതുമാണ് ഇപ്പോൾ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതേത്തുടർന്ന് മാർട്ടിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. ഈ സാഹചര്യത്തിലാണ് എസ്‌റ്റോണിയൻ പ്രസിഡന്റ് കെർസ്റ്റി കൽജുലൈഡ് ഫിൻലാൻഡ് പ്രസിഡന്റ് സൗലി നിനിസ്‌റ്റോയോട് ക്ഷമ ചോദിച്ചത്. തന്റെ ക്ഷമാപണം മാരിനെയെയും അവരുടെ സർക്കാറിനെയും അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാരിൻ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നതിന് മുൻപ് കാഷ്യറായി ജോലി ചെയ്തിരുന്നു. പിന്നോക്ക കുടുംബത്തിൽ നിന്നും രാജ്യത്തെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്താൻ സാധിച്ചതിൽ തനിക്ക് അഭിമാനമുണ്ടെന്ന് മാരിൻ ട്വിറ്ററിൽ കുറിച്ചു. ഈ രോഗം നമ്മുടെ നാട്ടിൽ മാത്രമുള്ളതല്ലെന്ന് ചുരുക്കം. 
*** *** ***
2019 ലെ കായിക, വിനോദ മേഖലകളിൽ നിന്നുള്ള 100 ഇന്ത്യൻ പ്രമുഖരുടെ പട്ടിക ഫോർബ്‌സ് മാസിക പ്രസിദ്ധീകരിച്ചു. കഴിഞ്ഞ കൊല്ലത്തെ പട്ടികയിൽ നിന്ന് തികച്ചും വ്യത്യസ്തമായ പട്ടികയിൽ ക്രിക്കറ്റ് താരം വിരാട് കോലിയാണ് ഒന്നാം സ്ഥാനത്ത്. മലയാളികളുടെ പ്രിയതാരങ്ങൾ മോഹൻലാലും മമ്മൂട്ടിയും പട്ടികയിലുണ്ട്. മോഹൻലാൽ 27 ാം സ്ഥാനത്തും മമ്മൂട്ടി 62 ാം സ്ഥാനത്തുമാണുള്ളത്. 2016 മുതൽ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടർന്നിരുന്ന സൽമാൻ ഖാൻ ഇക്കൊല്ലം മൂന്നാം സ്ഥാനത്തേക്ക് താണു. 2018 ഒക്ടോബർ ഒന്ന് മുതൽ 2019 സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ താരങ്ങൾ നേടുന്ന പ്രതിഫലവും താരമൂല്യവും അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കിയത്. ഇക്ക-ഏട്ടൻ ഫാൻസിന് ആഹ്ലാദിക്കാൻ ഇനിയെന്ത് വേണം? 

 

Latest News