ആമിര്‍ഖാന്‍ വര്‍ക്കല ബീച്ചില്‍ 

വര്‍ക്കല-ബോളിവുഡിലെ ഖാന്‍മാരില്‍ ബുദ്ധിജീവിയാണ് ആമിര്‍ഖാന്‍. സമയമെടുത്താണ് ചിത്രങ്ങളെടുക്കുക. ഓരോ സിനിമയ്ക്കും മികച്ച സന്ദേശങ്ങളുണ്ടാകും. ലാല്‍ സിംഗ് ഛദ്ദ എന്ന പുതിയ പ്രോജക്റ്റിന്റെ ചിത്രീകരണ തിരക്കിലാണ് ആമിര്‍ഖാന്‍. ഇന്ത്യയിലെ നൂറ് ലൊക്കേഷനുകളിലാണ് ഈ ബിഗ് ബജറ്റ് ചിത്രം ഒരുങ്ങുന്നത്. ചണ്ഡീഗഡ്, ദല്‍ഹി, ഗുജറാത്ത്, മുംബൈ, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലെ ഷൂട്ടിംഗ് ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കിയാണ് അദ്ദേഹം ചൊവ്വാഴ്ച തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല ബീച്ചിലെത്തിയത്. വിനോദ സഞ്ചാരികളുടെ പറുദീസയായ വര്‍ക്കലയുടെ മനോഹാരിത ബോളിവുഡ് നായകന് നന്നെ രസിച്ചു. കുന്നിന്‍ ചെരിവിലെ സൂര്യോദയവും അസ്തമയവും ആസ്വദിച്ചു. കരീന കപൂര്‍ ഖാനാണ് ചിത്രത്തിലെ നായിക. ഹോളിവുഡില്‍ 1994ല്‍ പുറത്തിറങ്ങിയ ഫോറസ്റ്റ് ഗമ്പിന്റെ ഹിന്ദി പതിപ്പാണിത്. ഫോറസ്റ്റ് ഗമ്പിലെ നായകന്‍ അമേരിക്കയാകെ കറങ്ങിയാണ് സിനിമ ചിത്രീകരിച്ചത്. മുമ്പൊരിക്കല്‍ അന്യഗ്രഹ ജീവിയുടെ കഥ പറഞ്ഞ് സമകാലിക ഇന്ത്യയ്ക്ക് കുറേ ചോദ്യചിഹ്നങ്ങളെറിഞ്ഞ ആമിര്‍ ഖാനും ഇന്ത്യയാകെ കറങ്ങിയാണ് സിനിമയെടുക്കുന്നതെന്ന് പ്രത്യേകതയുണ്ട്. ഈ സിനിമയില്‍ അഭിനയിക്കാന്‍ ആമിര്‍ഖാന്‍ ഇരുപത് കിലോഗ്രാമാണ് തൂക്കം കുറച്ചത്. 

Latest News