Sorry, you need to enable JavaScript to visit this website.

നീയറിഞ്ഞോ മേലേ മാനത്ത്...

സി.പി.എമ്മുകാരും ലീഗുകാരും രണ്ട് പാർട്ടികളുടെയും ശക്തിയെ പരിഹസിച്ച് സംസാരിക്കുന്നത് പലപ്പോഴും കേട്ടിട്ടുണ്ട്. വാളയാർ ചുരം കഴിഞ്ഞാൽ റെയിൽവേ സ്റ്റേഷനിൽ മാത്രമേ പച്ചക്കൊടിയും ചുവപ്പ് കൊടിയും കാണാൻ സാധിക്കുകയുള്ളൂവെന്നതും കുറച്ചു പഴക്കമുള്ള പ്രയോഗമാണ്. 
പശ്ചിമ ബംഗാൾ എന്ന വലിയ സംസ്ഥാനം സുദീർഘ കാലം ഭരിച്ച പാർട്ടിയാണ് സി.പി.എം. ലീഗിന് തമിഴ്‌നാട്ടിൽ നിന്ന് ഇപ്പോഴും എം.പിയുണ്ട്. മലപ്പുറമായി മാറിയ മഞ്ചേരിയിൽ നിന്നും പൊന്നാനിയിൽ നിന്നുമാണ് ലീഗ് എം.പിമാർ തെരഞ്ഞെടുക്കപ്പെടാറുള്ളത്. പാർട്ടിയുടെ പേര് ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗ് എന്നും. കേരളത്തിലെ ചെറിയ പാർട്ടി ദേശീയ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന വാരമാണ് പിന്നിട്ടത്. കോളിളക്കം സൃഷ്ടിച്ച വിഷയങ്ങൾ പാർലമെന്റിൽ ചർച്ചയായതിന്റെ പശ്ചാത്തലത്തിലാണിത്. പൗരത്വ ബിൽ രാജ്യസഭയുടെ പരിഗണനക്ക് വന്ന ദിവസം രാവിലെ ന്യൂസ് 18 ഉർദു ചാനലിന്റെ പ്രഭാത വാർത്തയിൽ ലീഗിന്റെ മൂന്ന് നേതാക്കളുടെ ബൈറ്റ് ഉൾപ്പെടുത്തിയിരുന്നു. പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ് എന്നീ നേതാക്കൾ ലേഖകന്റെ ചോദ്യങ്ങൾക്ക് ഇംഗ്ലീഷിലും ഉർദുവിലും മിക്‌സ് ചെയ്ത് മറുപടി നൽകി. സ്റ്റുഡിയോയിലിരുന്ന് വാർത്ത വായിക്കുന്ന വനിത കനാലിക്കുട്ടിയെന്ന് എന്ന് കേരള നേതാവിനെ വിശേഷിപ്പിച്ചപ്പോൾ പരിചയപ്പെടുത്തിയ ലേഖകന് അത് കെ.പി. കനാലിക്കുട്ടിയായി മാറി. 
അക്കാദമിക് ബിരുദങ്ങളേക്കാൾ പ്രധാനമാണല്ലോ ഒരാളുടെ നൈസർഗിക പ്രതിഭ. വിദ്യാർഥിയായിരിക്കേ പ്രസംഗ മത്സരങ്ങളിൽ തിളങ്ങിയ നേതാവാണ് ബഷീർ. അതുകൊണ്ട് മികവോടെ വിഷയങ്ങൾ അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിയുന്നു. 
ഉത്തരേന്ത്യയിൽ ധാരാളം വ്യൂവേഴ്‌സുള്ള 18 ന്റെ ഉർദു ചാനലിനെ പോലെ എ.ബി.പി ന്യൂസും ലീഗ് നേതാക്കളെ വാർത്തയിൽ പരാമർശിച്ചു. കേരളമൊഴികെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുസ്‌ലിം സമുദായം സംസാരിക്കുന്നത് ഉർദു ഭാഷയിലാണ്. ഇന്ത്യൻ യൂനിയൻ പാർട്ടിയായി മാറാനുള്ള അവസരമാണ് പക്വതയോടെ വിഷയങ്ങളെ സമീപിക്കുന്ന ലീഗ് നേതൃത്വത്തിന് കൈവന്നിരിക്കുന്നത്. ഇതേ ദിവസം രാത്രി ഏഷ്യാനെറ്റ് ന്യൂസിലെ ആക്ഷേപ ഹാസ്യ പരിപാടി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പാർലമെന്റ് പ്രകടനത്തെ കളിയാക്കുന്നതാണ് കണ്ടത്. മനോരമ ന്യൂസിൽ ഷാനി നയിച്ച ചർച്ചയിൽ കേരളത്തിലെ ഒരു എം.എൽ.എയും ഇ.ടിയും ബി.ജെ.പി പ്രതിനിധിയുമുണ്ടായിരുന്നു. 
ചർച്ച ചൂട് പിടിച്ചു വന്നപ്പോൾ പാനലിലെ ബി.ജെ.പിക്കാരനൊരു സംശയം. ഇ.ടി പാക്കിസ്ഥാനിലെ എം.പിയല്ലേയെന്ന്. ഇന്നസെന്റ് പണ്ട് സന്ദേശം സിനിമയിൽ നാരിയൽ കാ പാനി അന്വേഷിച്ചപ്പോൾ മാമുക്കോയ ചോദിച്ച ഡയലോഗ്-ഒറ്റ വിവരമുള്ളവനുമില്ലേ നമ്മുടെ പാർട്ടിയിൽ എന്നു കണ്ടു നിന്നവരൊക്കെ ചോദിച്ചു പോയിട്ടുണ്ടാകും. പാനലിലെ കോൺഗ്രസ് എം.എൽ.എ ഇ.ടി സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയായി ചെയ്ത സേവനങ്ങൾ വിവരിക്കുന്നത് കേട്ടു. എന്ത് കാര്യം? കലിയടങ്ങാത്ത ചാർച്ചികൻ ഷാനി പറയാതെ വയ്യ എന്ന പരിപാടിയിൽ നമ്മുടെ പ്രധാനമന്ത്രിയെ പതിവായി വിമർശിക്കുന്നതാണ് മറുചോദ്യമായി ഉന്നയിച്ചത്. മലയാളത്തിലെ മെഗാ സൂപ്പർ, താരങ്ങൾ സമകാലിക സംഭവങ്ങൾ കണ്ടില്ലെന്ന് നടിക്കുമ്പോൾ പാർവതി തിരുവോത്തിനെ ആഘോഷിക്കുകയാണ് സോഷ്യൽ മീഡിയ. ചെന്നൈയിലെ ഒരു മാധ്യമ പ്രവർത്തകയുടെ ട്വീറ്റിന് പാർവതി കുറിച്ച റിട്വീറ്റാണ് വൈറലായത്. പൗരത്വ ഭേദഗതി ബില്ലിനെ രൂക്ഷമായി എതിർത്ത് പ്രമുഖ ബോളിവുഡ് നടി സ്വര ഭാസ്‌കറും രംഗത്തെത്തി.  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ച ബിൽ ലോക്‌സഭ പാസാക്കിയതിന് പിന്നാലെയാണ് സ്വര ഭാസ്‌കർ പ്രതികരിച്ചത്. 
 
***      ***      ***

ബോളിവുഡിലെ സിനിമാ പ്രസിദ്ധീകരണങ്ങളിലെ ഗോസിപ്പുകൾ വായിച്ചിരുന്നാൽ ട്രെയിൻ നമ്മുടെ ലക്ഷ്യത്തിലെത്തുന്നത് അറിയില്ല. ഫിലിം ഫെയറും സ്റ്റാർ ആന്റ് സ്റ്റൈലുമെല്ലാം താരങ്ങളുടെ ചെയ്തികൾ വിവരിക്കാൻ ധാരാളം പേജുകളാണ് മാറ്റി വെച്ചുകൊണ്ടിരുന്നത്. മനീഷ കൊയ്‌രാള എന്ന നേപ്പാളി സുന്ദരി വിലസി വാണ കാലം. അക്കാലത്ത് മനീഷയുടേതായി വന്ന ഉദ്ധരണി മറക്കാനാവില്ല. ബോളിവുഡിൽ താനടക്കം ആരും വെർജിനല്ലെന്നായിരുന്നു വെളിപ്പെടുത്തൽ. എന്തൊരു സത്യസന്ധത? 
കേരള കൗമുദി ടി.വിയുടെ അതിഥി പരിപാടിയിൽ പങ്കെടുക്കുന്ന മലയാളി നടിമാരുടെ തള്ളൽ ട്രോളന്മാർക്ക് ചാകരയാവാറുണ്ട്. മാനസിക പിരിമുറുക്കം അനുഭവപ്പെടുന്നവർ ഇത്തരം ട്രോളുകൾക്കായി അര മണിക്കൂർ മാറ്റിവെക്കുന്നത് നല്ല മാനസിക ഉല്ലാസം പ്രദാനം ചെയ്യും. ചില എഫ്.എം റേഡിയോ അഭിമുഖങ്ങളും രസകരമാണ്. 
ആസിഫ് അലി നായകനായി എത്തിയ കെട്ട്യോൾ ആണെന്റെ മാലാഖ എന്ന ചിത്രം നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ നായികയായി എത്തിയത് പുതുമുഖം വീണ നന്ദകുമാറായിരുന്നു. ഇപ്പോൾ ഒരു എഫ്.എം റേഡിയോയിലെ അഭിമുഖത്തിലാണ്  വീണ മനസ്സു തുറന്നത്. വീണ അധികം സംസാരിക്കാത്ത ആളാണോ എന്നായിരുന്നു അവതാരകന്റെ ചോദ്യം, തനിക്ക് തോന്നിയാൽ കുറെ സംസാരിക്കുമെന്നും രണ്ടെണ്ണം അടിച്ചാൽ ഒരുപാട് സംസാരിക്കുമെന്നുമായിരുന്നു നടിയുടെ മറുപടി. ''അത്ര വലിയ കപ്പാസിറ്റിയൊന്നും ഇല്ല. കുറച്ചേ ആയുള്ളൂ ഇതൊക്കെ തുടങ്ങിയിട്ട്. ബിയറാണ് ഇഷ്ടം. ചിലപ്പോൾ ഒരെണ്ണം അടിച്ചാലും നന്നായി സംസാരിക്കും'', വീണ പറഞ്ഞു. ന്യൂജെൻ താരങ്ങളുടെ ഓരോരോ ശീലങ്ങൾ. 
 
***      ***      ***

2019 ലെ പത്രസ്വാതന്ത്ര്യ സൂചികയിൽ 140 ാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയിരിക്കുകയാണ് ഇന്ത്യ. ഒരു കൂട്ടം മാധ്യമങ്ങൾ  സർക്കാറിന്റെ റ്യർ സ്റ്റാമ്പായി മാറുന്ന സ്ഥിതി. ജീവൽപ്രശ്‌നങ്ങൾ അവഗണിക്കുകയാണ് മാധ്യമങ്ങൾ. 2019 ഒക്‌ടോബർ 19 വരെ പ്രമുഖ ഹിന്ദി വാർത്താ ചാനലുകളിലെ 202 ചർച്ചകൾ ~ഒരു ഏജൻസി പരിശോധിച്ചപ്പോൾ അതിൽ 79 എണ്ണം പാക്കിസ്ഥാനെ എതിർക്കാനും 66 എണ്ണം പ്രതിപക്ഷത്തെ അവഹേളിക്കാനും 36 എണ്ണം സംഘപരിവാരത്തെ സ്തുതിക്കാനുമാണ് നടത്തിയത്. 14 എണ്ണം രാമ മന്ദിരത്തെപ്പറ്റിയും 3 എണ്ണം ബിഹാർ പ്രളയത്തെപ്പറ്റിയും 2 എണ്ണം ചന്ദ്രയാൻ യാത്രയെപ്പറ്റിയുമുണ്ടായിരുന്നു. ഒരു തവണ റേപ് കേസും ഒരു തവണ ബാങ്ക് അഴിമതിയും ചർച്ച ചെയ്തു. സാമ്പത്തിക നില, തൊഴിലില്ലായ്മ, വിദ്യാഭ്യാസം, ആരോഗ്യം, പശ്ചാത്തല വികസനം, കാർഷിക പ്രശ്‌നങ്ങൾ, ദാരിദ്ര്യം, സ്ത്രീ പ്രശ്‌നം, പരിസ്ഥിതി, ആൾക്കൂട്ട കൊലപാതകം എന്നീ വിഷയങ്ങളൊന്നും ചാനൽ ചർച്ചകൾക്ക് വിഷമമായില്ല എന്നാണ് കണ്ടെത്തിയത്. ജനപ്രിയ പരിപാടികളായ ഭംഗൽ (ആജ് തക്), ആർപാർ (ന്യൂസ് 18), താൾതോക്ക് കെ (സീ ന്യൂസ്), കുരുക്ഷേത്ര (ഇന്ത്യാ ടി.വി) എന്നീ പരിപാടികളാണ് സർവേക്ക് വിധേയമാക്കിയത്. 
 
***      ***      ***

മലയാളത്തിലെ നവസിനിമാ തരംഗത്തിന് കരുത്തു പകർന്ന സംവിധായകൻ ആഷിക് അബു ഹിന്ദിയിൽ അരങ്ങേറ്റം കുറിക്കുന്നു. ഷാരൂഖ് ഖാനാണ് നായകൻ എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ശ്യാം പുഷ്‌കരനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ആക്ഷൻ ഡ്രാമ വിഭാഗത്തിൽ പെടുന്നതായിരിക്കും ചിത്രമെന്നാണ് സൂചന. സിനിമ സംബന്ധിച്ചുള്ള ചർച്ചകൾ ഷാരൂഖിന്റെ മുംബൈയിലെ വീടായ മന്നത്തിൽ നടന്നു. ഷാരൂഖുമൊത്തുള്ള ചിത്രം 'താങ്ക് യൂ എസ്.ആർ.കെ വീ ലവ് യൂ' എന്ന തലക്കെട്ടോടെ ആഷിഖ് അബു ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.
 
***      ***      ***

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ ഒരു പ്രയോഗമാണ് വരമ്പത്ത് കൂലി. തെറ്റായ വാർത്ത കൊടുത്താൽ ദൃശ്യ മാധ്യമ പ്രവർത്തകർക്കും ഇതായിരിക്കും അനുഭവം. കൊച്ചിയിൽ നിന്ന് ലൈവ് വാർത്ത കൊടുത്ത ഏഷ്യാനെറ്റ് ലേഖകനെ ജനം കൈകാര്യം ചെയ്യുന്നതാണ്് സോഷ്യൽ മീഡിയയിൽ കണ്ടത്. 
നാട്ടുകാർ മുൻകൈയെടുത്ത് കുഴിയടച്ചു എന്ന് കൊടുക്കേണ്ടതിന് പകരം ബി.ജെ.പിക്കാരാണ് ഇത് ചെയ്തതെന്ന് തെറ്റായി വാർത്ത നൽകിയതിനാണ് ജനക്കൂട്ടം 'ആദരിച്ചത്'.
 

Latest News