Sorry, you need to enable JavaScript to visit this website.

കാഴ്ചയുടെ ഉൽസവത്തിന് കൊടിയിറക്കം

മേളയിലെ മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം ഡോ. ബിജു സംവിധാനം ചെയ്ത വെയിൽമരങ്ങൾ നേടി. നെറ്റ്പാക് പ്രത്യേക ജൂറി പരാമർശത്തിന് മധു സി. നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സ് അർഹമായി. രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചിത്രമായി സെർഹത്ത് കരാസ്ലാൻ സംവിധാനം ചെയ്ത പാസ്ഡ് ബൈ സെൻസർ പ്രദർശിപ്പിച്ചു.

രാജ്യാന്തര ചലച്ചിത്ര മേളയുടെ കൊടിയറങ്ങുമ്പോൾ തീർച്ചയായും നമുക്കഭിമാനിക്കാം. കേരളത്തിലെ ഏറ്റവും വലിയ സാംസ്‌കാരിക ഉൽസവമായി ചലച്ചിത്രമേള മാറിക്കഴിഞ്ഞു. വലിയ തോതിൽ വിവാദങ്ങൾ ഒന്നുമില്ലാതെ ഒരാഴ്ച നീണ്ടുനിന്ന ദൃശ്യവരുന്നിന് സമാപനം കുറിക്കാനായി. പതിനായിരത്തിലധികം ഡെലിഗേറ്റുകളാണ് ചലച്ചിത്രമേളക്ക് എത്തിയത്. 
സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നും ആയിരങ്ങളാണ് പങ്കെടുത്തത്. 176 രാജ്യങ്ങളിൽനിന്നുള്ള ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിച്ചു. ലോക രാജ്യങ്ങളിൽനിന്നുള്ള പ്രശസ്ത സംവിധായകാരും അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും മേളക്കെത്തി. ലോകത്ത് പല രാജ്യങ്ങളിലും ചലച്ചിത്ര മേളകൾ നടക്കുന്നുണ്ട്. എന്നാൽ ജനപങ്കാളിത്തം കൊണ്ട് കേരള രാജ്യന്തര ചലച്ചിത്ര മേളയോളം വലിപ്പം മറ്റൊരു മേളക്കും അവകാശപ്പെടാനില്ല. നിലവാരത്തിലും നമ്മൾ ഒട്ടും പിറകിലല്ല. എന്നാൽ ഇനിയും വളരെയേറെ മുന്നേറേണ്ടതായിട്ടുണ്ടുതാനും.


നമമുടെ ചലച്ചിത്ര മേളക്ക് ഇരുപത്തിയഞ്ചു വയസ്സ് തികയുകയാണ്. 2020 ൽ നടക്കുന്ന മേളയതുകൊണ്ടു തന്നെ കഴിഞ്ഞ 24 മേളകളൽനിന്ന് വേറിട്ടു നിൽക്കുന്നു. ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾക്കാണ് ചലച്ചിത്ര അക്കാദമി രൂപം നൽകിയിരിക്കുന്നത്. ചലച്ചിത്ര മേളക്കായൊരു സ്ഥിരം വേദിയെന്നതാണ് മുന്നോട്ട് വെക്കുന്ന ആശയം. കിംഫ്രയിൽ ഇതിനുള്ള സ്ഥലം ഏറ്റെടുത്തുകഴിഞ്ഞു. അടുത്ത വർഷം സ്ഥിരം വേദിക്കുള്ള തറക്കല്ലിടീൽ നടക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. തലസ്ഥാന നഗരിയിൽനിന്ന് മേള കിംഫ്രയിലേക്ക് പറിച്ചുനടുമ്പോൾ ഇപ്പോഴുള്ള പകിട്ട് കുറഞ്ഞുപോകുമെന്നൊരു വാദമുണ്ട്. ഇപ്പോൾ തലസ്ഥാനത്തെ എല്ലാ തിയേറ്ററുകളും കേന്ദ്രീകരിച്ചാണ് മേള നടക്കുന്നത്. മേളക്കാലമാകുമ്പോൾ നഗരം ഒന്നാകെ ഉണരും. എന്നാൽ മേള ഇവിടുന്ന് മാറ്റിയാൽ അതുണ്ടാകില്ലെന്ന ആശങ്കയുണ്ട്. 


ഈ മേളയിൽ സുവർണ ചകോരം ജോ ഒഡാഗിരി സംവിധാനം ചെയ്ത ജാപ്പനീസ് ചിത്രം ദേ സേ നതിംഗ് സ്‌റ്റെയിസ് ദി സെയിം നേടിയത്. തീർച്ചയായും ജൂറിയുടെ തീരുമാനത്തെ പ്രേക്ഷകരും കൈയടിയോടെ സ്വീകരിക്കും, അത്ര മികച്ച നിലയിലാണ് ചിത്രം ഒരുക്കിയത്. കാലത്തിന്റെ മാറ്റം ഉൾക്കൊള്ളാനാവാത്ത ഒരു കടത്തുകാരന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. പ്രകൃതി സൗന്ദര്യം തുളുമ്പുന്ന മനോഹരമായ ദൃശ്യങ്ങൾ കൊണ്ടും ചിത്രം ശ്രദ്ധ നേടി. പ്രേക്ഷക പ്രീതി നേടിയ ചിത്രമായി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ട് തെരഞ്ഞെടുക്കപ്പെട്ടു. ഇടുക്കിയിലെ ജീവിതത്തിന്റെ നേർപ്പകർപ്പായി ഈ ചിത്രം വിലയിരുത്തുന്നു. മികച്ച നിലയിലാണ് ഈ ചിത്രം ഒരുക്കിയത്. സംവിധായകന്റെ കലയാണ് സിനിമയെന്ന് തെളിയിക്കുന്നതായിരുന്നു ജെല്ലിക്കെട്ട്.
മികച്ച സംവിധായകനുള്ള രജത ചകോരം പാക്കരറ്റ് എന്ന ചിത്രത്തിന്റെ സംവിധായകൻ അലൻ ഡെബേർട്ടനാണ്. മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം സ്പാനിഷ് ചിത്രമായ അവർ മദേഴ്‌സിന്റെ സംവിധായകനായ സീസർ ഡയസ് നേടി. മികച്ച ചിത്രത്തിനുള്ള ഫിപ്രസി രാജ്യാന്തര പുരസ്‌കാരത്തിന് ബോറിസ് ലോജ്‌കെയ്ൻ സംവിധാനം ചെയ്ത കാമിലും ഈ വിഭാഗത്തിലെ മികച്ച മലയാള ചിത്രമായി സന്തോഷ് മണ്ടൂർ സംവിധാനം ചെയ്ത പനിയും തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള എഫ്.എഫ്എസ്.എ.  കെ.ആർ. മോഹനൻ പുരസ്‌കാരം ഫാഹിം ഇർഷാദിനാണ്. (ചിത്രം ആനിമാനി). മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും ആനിമാനിക്കാണ്. അവാർഡുകളുടെ കാര്യത്തിലും വിവാദങ്ങൾ കാര്യമായുണ്ടായില്ല.
മേളയിലെ മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം ഡോ. ബിജു സംവിധാനം ചെയ്ത വെയിൽ മരങ്ങൾ നേടി. നെറ്റ്പാക് പ്രത്യേക ജൂറി പരാമർശത്തിന് മധു സി. നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സ് അർഹമായി.


രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചിത്രമായി  സെർഹത്ത് കരാസ്ലാൻ സംവിധാനം ചെയ്ത പാസ്ഡ് ബൈ സെൻസർ പ്രദർശിപ്പിച്ചു. ടർക്കിഷ് സംവിധായകനായ കരാസ്ലാന്റെ ആദ്യ സംരംഭമായ ഈ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനം കൂടിയായിരുന്നു. ജയിൽ പുള്ളികളുടെ കത്തുകൾ സെൻസർ ചെയ്യുന്ന ജയിൽ ജീവനക്കാരന്റെ ആത്മസംഘർഷങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.  ഒരു തടവുപുള്ളിക്കായി എത്തുന്ന കത്തിനുള്ളിൽ നിന്നും ലഭിച്ച ഫോട്ടോയിലൂടെ ജയിൽ ജീവനക്കാരൻ മെനഞ്ഞെടുക്കുന്ന കഥയിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.  തുർക്കി ഭരണത്തിൽ കലാകാരന്മാർ വീർപ്പുമുട്ടുന്ന അവസ്ഥ കൂടിയാണ് ചിത്രം ചർച്ച ചെയ്യുന്നത്. ഗോൾഡൻ ഓറഞ്ച്, അങ്കാറ ഫിലിം ഫെസ്റ്റിവലുകളിൽ പ്രേക്ഷക പ്രീതി നേടിയ ചിത്രം യൂറോപ്യൻ ചലച്ചിത്ര നിരൂപക സംഘടനയുടെ ഈ വർഷത്തെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും നേടിയിട്ടുണ്ട്.
ഈ മേളയിൽ പ്രദർശിപ്പിച്ച ചിത്രങ്ങളൊക്കെ മഹത്തായ ചിത്രങ്ങളാണെന്ന അഭിപ്രായം ആർക്കുമുണ്ടാവില്ല. എന്നാൽ ഒരു പിടി നല്ല ചിത്രങ്ങൾ ഉണ്ടായിരുന്നുവെന്ന് എല്ലാവരും സമ്മതിക്കും. ഏഷ്യക്കും ആഫ്രിക്കക്കും ലാറ്റിനമേരിക്കക്കും പ്രമുഖ്യം നൽകിക്കൊണ്ടുള്ള ചലച്ചിത്ര മേളയാണിത്. ഇതിന്റെ പിന്നിൽ വ്യക്തമായ രാഷ്ട്രീയമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വ്യക്തമാക്കുന്നു. ലോക രാജ്യങ്ങളിൽ പല കാരണങ്ങൾ ജീവിത സാമ്യങ്ങളുള്ള രാജ്യങ്ങളാണിവയൊക്കെ. 
യൂറോപ്യൻ ജീവിത്തിൽനിന്നും നിരവധി വ്യത്യസ്തമായ ജീവിത പ്രതിസന്ധികൾ അഭിമുഖീകരിക്കുന്നവരാണ് ഈ രാജ്യങ്ങളിലുള്ളത്. അതുകൊണ്ടു തന്നെ മലയാളി പ്രേക്ഷകർക്ക് അവരുടെ നൊമ്പരങ്ങൾ വേഗത്തിൽ മനസ്സിലാവും.
കേരളത്തിന്റെ അഭിമാനമായി മാറിയ രാജ്യാന്തര ചലച്ചിത്ര മേളക്ക് 1994 ലാണ് തുടക്കമിട്ടത്. കോഴിക്കാട്ടായിരുന്നു ആദ്യ വേദി. ഇപ്പോൾ സ്ഥിരം വേദി തിരുവനന്തപുരമാണ്. 2000 ൽ കേരള ചലച്ചിത്ര അക്കാദമി സ്ഥാപിച്ചതോടെ മേളയുടെ കെട്ടിലും മട്ടിലും വലിമാറ്റം വന്നു. പ്രശസ്ത സംവിധായകനും ക്യാമറാമാനുമായ ഷാജി എൻ. കരുൺ ആയിരുന്നു ആദ്യത്തെ അക്കാദമി ചെയർമാൻ. ഇന്ന് കമൽ എന്ന പ്രഗത്ഭനായ സംവിധായകനാണ് അക്കാദമിയെ നയിക്കുന്നത്. കാൽ നൂറ്റാണ്ടിന്റെ ആഘോഷം നമ്മുടെ ചലച്ചിത്ര ലോകത്തിന് ആവേശം പകരുന്നതാകുമെന്ന് പ്രതീക്ഷിക്കാം,

Latest News