Sorry, you need to enable JavaScript to visit this website.

നൊസ്റ്റാൾജിയ: സ്‌നേഹമണമിറ്റുന്ന നാട്ടുപാതകൾ...

പ്രവാസം മടുപ്പിന്റെ അടയാളങ്ങൾ കാണിച്ചുതുടങ്ങിയിരിക്കുന്നു. മടങ്ങിപ്പോകണമെന്ന് മോഹത്തിന്റെ പക്ഷികൾ ചിറക് വിടർത്തുന്നു. എന്നിട്ടും എന്തോ ഒന്ന് പ്രവാസത്തിന്റെ മണ്ണിലേക്ക് വേരുകളാഴ്ത്തുന്നു. ആ വേരുകളിൽ തന്നെ പുതിയ മോഹങ്ങൾ മുളപൊട്ടുന്നു. 
തിരിച്ചുപോകണമെന്ന മോഹത്തിന്റെ അറ്റം തൊട്ടുനിൽക്കുന്നത് തറവാട്ടിലാണ്. എന്റെ വീട്ടിൽ. എനിക്കും വീടിനും ഒരേ വയസ്സാണ്. ഇവിടെയിരുന്നാണ് അമ്മ കഥകളോരോന്നും പറഞ്ഞത്. വീടിന് അന്നും ഇന്നും ഒരേ പ്രായമാണ്. മുറ്റം കരിയിലയും പുല്ലും നിറഞ്ഞിരിക്കുന്നു. എവിടെനിന്നോ ഒരു കാറ്റ് വന്നു തലോടി കടന്നുപോയി. അമ്മയുടെ മണമുള്ള കാറ്റ്.  
വീട്ടകത്ത് മാറാല ഊഞ്ഞാലാടുന്നു. നേരെ നോക്കിയത് അച്ഛന്റെയും അമ്മയുടെയും ഫോട്ടോയിൽ. ചിരി മായാതെ നിൽക്കുകയാണ് രണ്ടാളും. കുഞ്ഞു ബൾബിന്റെ വെളിച്ചത്തിൽ അവരുടെ നോട്ടത്തിന് തെളിമ കൂടി. കറന്റ് ഉണ്ടാവുമ്പോൾ ചെറിയ ബൾബ് കത്തണമെന്ന് പറഞ്ഞപ്പോഴാണ് ഈ സംവിധാനമുണ്ടാക്കിയത്. ഔട്ട് ഹൗസിൽ താമസക്കാരുള്ളതുകൊണ്ട് വെള്ളവും വെളിച്ചവും നിലയ്ക്കാറില്ല. ഔട്ട് ഹൗസിൽ ചെന്ന് ചേച്ചിയെ കണ്ടില്ലല്ലോ എന്ന ഓർമ വന്നത് ഇപ്പോഴാണ്. ഇവിടെ വന്നാൽ എല്ലാം മറന്നുപോകും. 
തട്ടിൻപുറത്തുനിന്ന് ഗൗളി കളിയാക്കി ചിരിക്കുന്നു. 'ഓ.. വന്നൂലേ?' എന്നാണ് കളിയാക്കൽ. ചെറിയ ഇരുട്ടിൽ തണുപ്പ് അരിച്ചെത്തി. കാറ്റു പോലെ ഒരു സ്‌നേഹക്കരുതൽ. അമ്മയുടെ സ്‌നേഹക്കരുതൽ കൂടുതൽ അനുഭവിച്ച ഓരോ തൂണും അന്നും ഓരോ കഥ പറഞ്ഞു. തൂണിലൂടെ വിരൽ ഓടിച്ചു. പൂപ്പൽ പിടിച്ചിരിക്കുന്നു. വൃത്തിയുടെ കാര്യത്തിൽ അമ്മക്കു നിർബന്ധങ്ങൾ ഉണ്ടായിരുന്നു. ഓർമകൾ വലിഞ്ഞു മുറുക്കി. അടുക്കള ഭാഗത്തേക്ക് നടന്നു. പാത്രങ്ങളും തവിയുമൊക്കെ നിറഞ്ഞ ഷെൽഫിൽ കറിക്കൂട്ടുകൾ വരെ. അടുക്കളയിൽ ജീവനുണ്ടാവണം എന്ന് അമ്മയുടെ നിർബന്ധമായിരുന്നു. അടുക്കളയുടെ ജീവനാണ് വീട്ടിന്റെ ഐശ്വര്യമെന്ന്. മരണം വന്നു കൊണ്ടുപോയിട്ടും അമ്മ ഇവിടെത്തന്നെ ഉണ്ട്. മനസ്സ് പറഞ്ഞു..  കൂടെ കണ്ണ് നിറഞ്ഞു.. അമ്മേടെ ശബ്ദം കേട്ട പോലെ. ഒരു നീട്ടിവിളി.. 'മോളുട്ടീ..കുട്ടി കാപ്പി കുടിക്കാതെ ബാക്കിവെച്ചൂ ലേ. ഒറ്റ മിടുക്ക് കൂടി കുടിച്ചാൽ അമ്മ ഇന്ന് ഒരു സൂത്രം ണ്ടാക്കി വെക്കും. (മിടുക്ക് പാലക്കാടൻ ഭാഷയിൽ ഒരു കവിൾ). ഒരു ഗ്ലാസ് പാലിൽ പേരിന്, ഒരു നുള്ള് കാപ്പിപ്പൊടി. പാൽ കുടിക്കാൻ മടി ഉള്ള എന്നെ കാപ്പി എന്ന പേരിൽ കുടിപ്പിക്കുന്ന ഈ സൂത്രം എനിക്ക് കുറെ കാലംവരെ അറിയില്ലായിരുന്നു. പാൽ കുടിച്ചാൽ നിറം വരും, മുടി വളരും, ഭംഗിയുള്ള കണ്ണുകൾ ഉണ്ടാവും. അമ്മ പറഞ്ഞത് ഒക്കെ ചെവിയിൽ ഉള്ള പോലെ. അമ്മ ഇവിടെത്തന്നെ ഉണ്ട്.. ശരിക്കും അമ്മേടെ വേഷ്ടിമുണ്ടിന്റെ   ഇഷ്ടമണം പോലെ.. സ്‌നേഹ മണം. 
ഊഞ്ഞാൽ മാവിന്റെ ചോട്ടിലാണ്. ആദ്യസ്ഥാനം ഈ മുത്തച്ഛൻ മാവിനു തന്നെ. പരിഭവം നിറഞ്ഞ മൗനം  'എത്ര ഊഞ്ഞാൽ ആട്ടിയിരിക്കുന്നു. അമ്മു ന്തേ, ഞങ്ങളെ ഒക്കെ മറന്നൂ, ലേ? വരാറേ  ഇല്ലാലോ ഇങ്ങോട്ടൊക്കെ ' കെട്ടിപ്പിടിച്ചു കുറേ നേരം നിന്നു, ഞാൻ. എത്ര ഓർമകൾ. ഉച്ചവെയിൽ കനത്തപ്പോൾ തൊടിയിൽനിന്ന് കേറി വീടിന്റെ  ഉമ്മറത്തിണ്ണയിൽ ഇരുന്ന് ചുറ്റും നോക്കി. തെങ്ങുകളൊക്കെ ആകാശം മുട്ടെ വളർന്നു നീണ്ടുപോയി. ചെടികൾ അച്ചടക്കം തെറ്റി വളർന്നു പടർന്നു. മുറ്റമൊക്കെ  കാട് പിടിച്ച പോലെ. അപ്പോൾ ദേ സ്വന്തം വീട് പോലെ ഒരാൾ ഗേറ്റ് കടന്നുവരുന്നു. ദേവകി ഏടത്തി. ദൂരെനിന്നേ എനിക്ക് പെട്ടെന്ന് മനസ്സിലായി. എന്നാൽ എന്നെ മനസ്സിലാവാത്തോണ്ട് അവിടെ നിന്നേ പറഞ്ഞു. 'പുതിയ വാടകക്കാരാണോ? ഈ വീടോന്നും വാടകക്ക് കൊടുക്കില്ലാട്ടോ. ഐശ്വര്യം നിറഞ്ഞ വീടാ,  ഇത് ആന വന്നു പറ എടുത്ത വീടാ, അറിയോ..' എന്നെ ഒന്നൂടെ സൂക്ഷിച്ചുനോക്കി. ഞാൻ അടുത്തു ചെന്ന് ആ കൈ പിടിച്ചു. 'ദേവകി ഏടത്ത്യേ, വാടകക്കാരി അല്ലാട്ടോ. വീട്ടുകാരി..അമ്മു ആണ്. മനസ്സിലായോ? ' 'ആ.. എന്റെ  അമ്മുട്ടിയോ... തേവരേ, നീ കൊണ്ടന്നൂലോ ന്റെ  കുട്ടീനെ. ഒന്ന് കാണാൻ മോഹിച്ച് എത്ര കാലായി'. കണ്ണ് നിറഞ്ഞു ദേവകി ഏടത്തീടെ.  കെട്ടിപ്പിടിച്ചു. ഉമ്മ വെച്ചു. ഒരു വിങ്ങൽ മനസ്സിൽ.. 
കറിവേപ്പില എടുക്കാൻ വരുന്നതാ ദേവകി ഏടത്തി. ഏടത്തിക്കും സുധാകരേട്ടനും ആശുപത്രിക്ക് അടുത്ത് ഒരു ചായപ്പീടിക ഉണ്ട്. കുട്ടികൾ ഇല്ല അവർക്ക്. വർത്താനം കഴിയുന്നേ ഇല്ല  ഏടത്തീടെ.. ഇടക്ക് കണ്ണ് തുടക്കുന്നുണ്ട്.. 'വീണുകിടക്കുന്ന തേങ്ങ, മാങ്ങാ, കുരുമുളക് ഒക്കെ ഞാൻ എടുക്കാറുണ്ട് ട്ടോ അമ്മുട്ടീ. അതിനിപ്പോ ആരടേം സമ്മതം വേണ്ടലോ, നിക്ക്..'ഞാൻ ആ വർത്തമാനം കേട്ടു  നിന്നു. സ്‌നേഹക്കൂട്ട് ചാലിച്ച ആ ഇഷ്ടം. അമ്മേടെ പരിചയക്കാരിൽ ഇവർ പ്രധാനികൾ. അമ്മ പറയും സാമ്പത്തികം,  ജാതി വ്യത്യാസം ഒന്നും നമ്മൾ ആരോടും കണക്കാക്കരുത്. സ്‌നേഹം ആണ് വലുത്. ഈ കൂട്ടരേ ഒക്കെ പേരിനു കൂടെ ചേച്ചി, മാമ, ഏട്ടൻ ഒക്കെ ചേർത്ത് വിളിക്കണം. ആരും ജോലിക്കാരായി ജനിക്കുന്നില്ല. സാഹചര്യം അവരെ അങ്ങനെ ആക്കുന്നതല്ലേ എന്ന്. എത്ര സത്യം. അതല്ലേ ഈ സ്‌നേഹത്തിന്  ഇന്നും പത്തര മാറ്റ് തിളക്കം..
വെയിൽ ആറിവരുന്നു. പാടവരമ്പത്തു വരെ ഒന്ന് നടക്കാം.. ചൂട് കുറഞ്ഞ കാറ്റ് വന്നു തഴുകിപ്പോയി, മുടി ഒക്കെ പാറും വിധം. പരിഭവം പോലെ തോന്നി. 'കുട്ടി ഇപ്പോ ഞങ്ങളെ ഒക്കെ മറന്നു വിദേശി ആയീലോ.' പറയാതെ ആരോ പറയും പോലെ. ദൂരെ അമ്പലത്തിൽനിന്ന് സന്ധ്യക്കു വെക്കുന്ന പാട്ട് കേൾക്കാം. ദൂരെ നോക്കി കുറെ നേരം നിന്നു. ഒരേ നിൽപ്.. അനങ്ങാൻ കഴിയുന്നില്ല.. ആരോ പിടിച്ചുനിർത്തിയ പോലെ. ദൂരെനിന്ന്  ഒരാൾ വരുന്നുണ്ട്. 
കൂന്നുകൂന്നു  നടക്കുന്നു.. പാവം  നാണിയമ്മയാണ്..
അമ്മേടെ അലക്കുകാരി. ഈ ഗ്രാമത്തിന്റെ തന്നെ. നാണിത്തള്ളാന്ന്  എല്ലാരും വിളിക്കും. പക്ഷേ, അമ്മ പറഞ്ഞിട്ടുണ്ട്. എന്നെ പ്രസവിച്ചപ്പോൾ തുണികൾ അലക്കിയിരുന്നു ഇവർ. നാണിയമ്മ എന്നേ വിളിക്കാവൂ എന്ന്. എന്നെ വലിയ കാര്യാണ്. 'ഈ കുട്ടി വന്നാൽ വീട് നിറയുംന്ന്' പണ്ട് ഞാൻ ഹോസ്റ്റലിൽനിന്നു വരുമ്പോൾ  പറയും. 'ഇല്ലേൽ വീട് ഉറങ്ങും. ഈ കിലുക്കാംപെട്ടീടെ ചിരികളിയൊക്കെ രസാർന്നു.. അമ്മേടെ ഭാഗ്യക്കുട്ടി ഞാനെന്നും പറയും.' അടുത്ത് വന്നപ്പോൾ നാണിയമ്മേന്നു നീട്ടിവിളിച്ചു..മെല്ലെ തല പൊക്കി നോക്കി.. 'ആരാ, മനസ്സിലായില്ല.
അടുത്തു പോയി ആ കൈ പിടിച്ചു 'തെങ്ങുംതൊടീലെ അമ്മു ആണ് നാണിയമ്മേ..' പറഞ്ഞുതീരും മുൻപ് 'കുട്ട്യേ' ന്നൊരു വിളി..'എവിടാർന്നു ്െറപഖ ആള് ഇത്രേം കാലം..? ആരും വീട്ടിൽ ഇല്ലാത്തോണ്ട് അങ്ങ്‌ഡേ പൂവാറില്ലിയാ ഞാൻ. ഇനീ പോണ്ട ്െറപഖ കുട്ടീ ഒരെടത്തെക്കും'  കെട്ടിപ്പിടിച്ചു പറഞ്ഞു. മരുന്നു മണം നാണി അമ്മയെ. പാവം വയസ്സും ഒരു പാടായിലോ. കുറെ സംസാരിക്കാൻ വയ്യ. ശ്വാസംമുട്ടുണ്ട് ഇപ്പോ. പാവം. 'തടി ഇത്തിരി കൂടി, ന്നാലും ആ ചിരി മുഖം ഒക്കെ അതന്നെ ട്ടോ. അമ്മ തന്നെ ഇപ്പൊ കാണുമ്പോ.  മരിക്കും മുമ്പ് ഒന്ന് കണ്ടൂലോ..സന്തോഷായി..ശീലം ഇല്ലാത്ത വഴീലേ, നോക്കി പോണം, ട്ടോ ഇരുട്ട് വരും മുൻപ് പോയിക്കോളു..' 
നാമം ജപിച്ചു മെല്ലെ കൂന്നു നടന്നുപോകുന്ന അവരെ ഞാൻ നോക്കി നിന്നു.
അമ്പലത്തിൽ പാട്ട് ഉച്ചത്തിൽ കേൾക്കുന്നു.. വേഗം തിരിച്ചു നടന്നു. വീടെത്തി. സന്ധ്യ ആയല്ലോ. 'മോളുട്ടി വേഗം മേൽ കഴുകി അമ്പലത്തിൽ പോയിക്കോളൂ.' അമ്മേടെ ശബ്ദം.. ഒന്നും തിരിച്ചുപറയാതെ അനുസരിച്ചു. 
ടാപ് തുറന്നു തണുത്ത വെള്ളം ദേഹത്ത് വീണപ്പോൾ ഒരു ബാത്ത് ടബിൽ നിന്നും,  ക്യൂബിക്ക്ൾ   ഷവറിൽനിന്നും കിട്ടാത്ത ഒരു സുഖം. മേല് കഴുകിക്കഴിഞ്ഞു. അമ്മേടെ അലമാരി തുറന്നു കറുത്ത കര വേഷ്ടിമുണ്ട്  എടുത്തുടുത്തു. കണ്ണാടി നോക്കി. അമ്മയെ കണ്ട പോലെ. ഞാൻ ഒരുങ്ങുന്നത് നോക്കിനിൽക്കുന്ന അമ്മയുടെ  ഓർരകൾ..കൂടെ സ്‌നേഹ ശകാരവും ഉണ്ടാവും..'മുടി തോർത്തു കെട്ടീത് ശരി ആയില്ല.. വെള്ളം പോയില്ലേ മോളുട്ടീ. ഈ കുട്ടിക്ക് മുടിയെ ഒരു ശ്രദ്ധീല്ലാ. എണ്ണ പോരാ. മുടി മുഴുവൻ കെട്ടാണല്ലോ ന്റെ അമ്മൂ..' അങ്ങനെ നീളും അമ്മേടെ സ്‌നേഹക്കൂട്ട്. സമയം വൈകി. ദീപാരാധനക്കു മുൻപേ എത്തണം അമ്പലത്തിൽ.. 'ഇരുട്ടായാപ്പിന്നെ ആൽമരത്തിന്റെ   അടുത്ത് പോകരുത്.' ആരോ എന്തോ കണ്ടു പേടിച്ചു എന്നൊക്കെ ആരോ അമ്മയെ ധരിപ്പിച്ചിട്ടുണ്ട്. അമ്മേടെ താക്കീത് ഓർത്തു. 
കുറച്ച് അന്ധവിശ്വാസം അമ്മക്ക് ഉണ്ടായിരുന്നൂന്ന്  ഇപ്പോ തോന്നും.. പാവം ഇഷ്ടക്കൂടുതൽ ഉണ്ടാവുമ്പോൾ  ഞാനും ഇങ്ങനത്തെയൊക്കെ വിശ്വസിക്കാറുണ്ട്. വീട് പൂട്ടി വേഗം ഇറങ്ങി. വഴിയിൽ പലതും ഓർത്തു.. പണ്ടത്തെ പലതും.
ഇറങ്ങിപ്പോകുന്ന വഴികളെല്ലാം ചെന്നുമുട്ടുന്നത് ഓർമയുടെ മറുകരയിലാണ്. ജീവിപ്പിക്കാൻ മോഹിപ്പിക്കുന്ന നാട്ടുവഴികൾ. 
മനസ്സിലെ ഓർമയുടെ വഴികളൊന്നും ഒരിക്കലും വേരറ്റ് പോകുന്നില്ല. 
യാത്ര പറയുന്നില്ല. വരേണ്ടത് ഈ മണ്ണിലേക്കു തന്നെ. ജീവനോടെ ആയാലും അല്ലെങ്കിലും. ഈ മണ്ണും കാറ്റും ആകാശവുമൊക്കെ നിറങ്ങളുടെ ലോകത്ത് എന്നും നിറക്കൂട്ടായുണ്ടാകും. 
നിഴൽച്ചാർത്തായി, അമ്മയുടെ സ്‌നേഹത്തിന്റെ മണം പുരട്ടി..

Latest News