Sorry, you need to enable JavaScript to visit this website.

രഞ്ജി: തോല്‍വി മുനമ്പില്‍ ദല്‍ഹി രക്ഷപ്പെട്ടു

തിരുവനന്തപുരം - രണ്ടാം ഇന്നിംഗ്‌സില്‍ ധീരമായി ചെറുത്തുനിന്ന ദല്‍ഹി രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ ഉറച്ച പരാജയത്തില്‍ നിന്ന് രക്ഷപ്പെട്ടു. ഒമ്പതിന് 525 ല്‍ ഡിക്ലയര്‍ ചെയ്ത കേരളത്തിനെതിരെ ആദ്യ ഇന്നിംഗ്‌സില്‍ 142 ന് ഓളൗട്ടായ ദല്‍ഹി രണ്ടാം ഇന്നിംഗ്‌സില്‍ പൊരുതിനിന്ന് സമനിലയും ഒരു പോയന്റും സമ്പാദിച്ചു. കേരളത്തിന് മൂന്നു പോയന്റ് കിട്ടി. 
തുമ്പ സെയ്ന്റ് സേവ്യേഴേസ് ഗ്രൗണ്ടില്‍ നടന്ന കളിയില്‍ നാലാമത്തെയും അവസാനത്തെയു ദിനം സ്റ്റമ്പെടുക്കുമ്പോള്‍ ദല്‍ഹി ഫോളോഓണില്‍ നാലിന് 395 ലെത്തിയിരുന്നു. കുനാല്‍ ചന്ദേലയും (125) നിതിഷ് റാണയും (114) ഓപണര്‍ അനുജ് റാവത്തുമാണ് (87) ദല്‍ഹിയുടെ രക്ഷകര്‍. എട്ട് ബൗളര്‍മാരെ ഉപയോഗിച്ചിട്ടും വിജയം നേടാന്‍ കേരളത്തിന് കഴിഞ്ഞില്ല. 
ഒന്നിന് 142 ല്‍ ഇന്നിംഗ്‌സ് പുനരാരംഭിച്ച ദല്‍ഹിക്ക് കേരളത്തെ വീണ്ടും ബാറ്റ് ചെയ്യിക്കാന്‍ 241 റണ്‍സ് കൂടി വേണമായിരുന്നു. എന്നാല്‍ ഇന്നലെ മൂന്ന് വിക്കറ്റ് മാത്രമാണ് ദല്‍ഹിക്കു നഷ്ടപ്പെട്ടത്. 253 റണ്‍സ് കൂടി നേടുകയും ചെയ്തു. ആദ്യ ഇന്നിംഗ്‌സില്‍ ആറു വിക്കറ്റെടുത്ത ജലജ് സക്‌സേനക്ക് രണ്ടു വിക്കറ്റ് കൂടി ലഭിച്ചു. സന്ദീപ് വാര്യറും ക്യാപ്റ്റന്‍ സചിന്‍ ബേബിയും ഓരോ വിക്കറ്റ് സ്വന്തമാക്കി. 

Latest News