Sorry, you need to enable JavaScript to visit this website.

വിദേശ ഉംറ തീർഥാടകർക്ക് ഇൻഷുറൻസ് നിർബന്ധമാക്കി

ജിദ്ദ - വിദേശങ്ങളിൽ നിന്ന് എത്തുന്ന ഉംറ തീർഥാടകർക്കുള്ള നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്ന നിയമം പ്രാബല്യത്തിൽ. ഹജ്, ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിൻതന്റെ സാന്നിധ്യത്തിൽ ഉംറ തീർഥാടകർക്കുള്ള ഇൻഷുറൻസ് പദ്ധതി ഹജ്, ഉംറ മന്ത്രാലയം പ്രഖ്യാപിച്ചു. സൗദിയിൽ എത്തുന്നതു മുതൽ രാജ്യം വിടുന്നതു വരെയുള്ള കാലത്ത് ഉംറ തീർഥാടകർക്ക് അടിയന്തിര ആരോഗ്യ സേവനങ്ങൾ ഉറപ്പുവരുത്തുന്നതിനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തആവുനിയ ഇൻഷുറൻസ് കമ്പനി വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. തീർഥാടകർക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നതിനുള്ള കരാറിൽ ഡോ. മുഹമ്മദ് സ്വാലിഹ് ബിൻതനും തആവുനിയ ഇൻഷുറൻസ് കമ്പനി ഡയറക്ടർ ബോർഡ് ചെയർമാൻ സുലൈമാൻ അൽഹുമൈദും ഒപ്പുവെച്ചു. 
ഉംറ വിസയെ ആരോഗ്യ ഇൻഷുറൻസുമായി ബന്ധിപ്പിച്ചാണ് തീർഥാടകർക്ക് ഇൻഷുറൻസ് നിർബന്ധമാക്കുന്നത്. തീർഥാടകർ സൗദിയിൽ പ്രവേശിക്കുന്ന നിമിഷം മുതൽ ആരോഗ്യ ഇൻഷുറൻസ് പോളിസി പ്രാബല്യത്തിൽവരും. വിവിധ ഭാഷകളിൽ ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന ഏകീകൃത കോൾസെന്ററും സമഗ്ര സേവന കേന്ദ്രങ്ങളും വഴി ഉപയോക്താക്കൾക്ക് ആവശ്യമായ പിന്തുണയും സഹായവും പദ്ധതി ലഭ്യമാക്കും. തീർഥാടകരുമായും വികലാംഗരുമായും ആശയ വിനിമയം എളുപ്പമാക്കുന്നതിനും അന്വേഷണങ്ങൾക്ക് മറുപടികൾ നൽകുന്നതിനും പരാതികൾ സ്വീകരിച്ച് പരിഹരിക്കുന്നതിനും ഇൻഷുറൻസുമായി ബന്ധപ്പെട്ട അവബോധം ഉയർത്തുന്നതിനും പരിശീലനം സിദ്ധിച്ച ഫീൽഡ് സംഘങ്ങളെയും നിയോഗിക്കും. തീർഥാടന യാത്രക്കിടെയുണ്ടാകുന്ന അടിയന്തിര ആരോഗ്യ പ്രശ്‌നങ്ങൾക്കെല്ലാം അതിവേഗ ചികിത്സയും പരിചരണങ്ങളും ഏറ്റവും മികച്ച സേവനങ്ങളും ഉറപ്പുവരുത്തുന്നതിന് ഇൻഷുറൻസ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. പോളിസി പ്രകാരം പരമാവധി ഒരു ലക്ഷം റിയാൽ വരെയുള്ള ചികിത്സാ കവറേജാണ് ഉംറ തീർഥാടകർക്ക് ലഭിക്കുക.
 

Latest News