ദക്ഷിണേഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് മെഡല്‍ റെക്കോര്‍ഡ്

കാട്മണ്ഡു - റെക്കോര്‍ഡ് മെഡല്‍ക്കൊയ്ത്തുമായി ദക്ഷിണേഷ്യന്‍ ഗെയിംസില്‍ ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തി. 174 സ്വര്‍ണവും 93 വെള്ളിയും 45 വെങ്കലവുമായി 312 മെഡലുകളാണ് ഇന്ത്യക്കു ലഭിച്ചത്. കഴിഞ്ഞ തവണ കിട്ടിയ 309 മെഡലുകളുടെ റെക്കോര്‍ഡ് ടീം മറികടന്നു. തുടര്‍ച്ചയായ പതിമൂന്നാം തവണയാണ് ഗെയിംസില്‍ ഇന്ത്യ ഒന്നാമതെത്തുന്നത്. എന്നാല്‍ കഴിഞ്ഞ തവണ ഇന്ത്യക്ക് 189 സ്വര്‍ണം ലഭിച്ചിരുന്നു. കഴിഞ്ഞ തവണ 263 ഇനങ്ങളില്‍ മത്സരമുണ്ടായിരുന്നിടത്ത് ഇത്തവണ 338 ഇനങ്ങളില്‍ മത്സരവുമുണ്ടായിരുന്നു. 487 അത്‌ലറ്റുകളാണ് ഇത്തവണ ഇന്ത്യയെ പ്രതിനിധീകരിച്ചത്. 
ആതിഥേയരായ നേപ്പാളിനാണ് രണ്ടാം സ്ഥാനം (51-60-95-206). ശ്രീലങ്ക മൂന്നാമതെത്തി (40-83-128-251). അവസാന ദിനം ഇന്ത്യക്ക് 15 സ്വര്‍ണമുള്‍പ്പെടെ 18 മെഡലുകള്‍ കിട്ടി. ബാസ്‌കറ്റ്‌ബോളിലും സ്‌ക്വാഷിലും ബോക്‌സിംഗിലും ഇന്ത്യ മെഡല്‍ വാരി. ബോക്‌സിംഗില്‍ മാത്രം 12 സ്വര്‍ണം കിട്ടി.

Latest News