Sorry, you need to enable JavaScript to visit this website.
Saturday , August   08, 2020
Saturday , August   08, 2020

രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയ സഫ എന്ന ഏറനാടൻ മൊഞ്ചത്തി

രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തുമ്പോൾ സഫയുടെ വാക്കുകൾക്ക് ഒരു പ്രത്യേകത കൂടിയുണ്ടായിരുന്നു. അത് അച്ചടിഭാഷ പോലെ മിനുക്കിയെടുത്ത ഒരു പ്രകടനമായിരുന്നില്ല. മറിച്ച് തനി ഏറനാടൻ ഭാഷയിൽ തന്നെയായിരുന്നു അവളുടെ മൊഴിമാറ്റം. 

ഇംഗ്ലീഷും മലയാളവും നല്ല പോലെ അറിയാവുന്ന ഒരാൾക്ക് ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക് മനോഹരമായി മൊഴിമാറ്റം നടത്താനാകും. എന്നാൽ, ഇതേ വ്യക്തിയ്ക്ക് മലയാളത്തിലോ, ഇംഗ്ലീഷിലോ വേണ്ട വിധം പ്രസംഗിക്കാൻ കഴിഞ്ഞെന്നു വരില്ല. ഇംഗ്ലീഷ് പ്രസംഗം പരിഭാഷപ്പെടുത്തുമ്പോൾ പ്രഗത്ഭരായ നേതാക്കൾ പോലും വേദിയിൽ പതറിപ്പോകുന്ന സംഭവങ്ങളുണ്ടാകാറുണ്ട്. ഭാഷ പരിഭാഷപ്പെടുത്തി പ്രസംഗിക്കുക എന്നത് അത്ര എളുപ്പമോ, നിസ്സാരമോ അല്ല. ഭാഷയിലുള്ള അറിവിനൊപ്പം, തികഞ്ഞ ശ്രദ്ധയും, ജാഗ്രതയുമൊക്കെ അതിനാവശ്യമാണ്. അതോടൊപ്പം പരിചയവും പരിശീലനവുമൊക്കെ അനിവാര്യമാണ് താനും. മലപ്പുറം ജില്ലയിലെ സാധാരണ കുടുംബത്തിൽ പിറന്ന പ്ലസ് ടു വിദ്യാർഥിനിയായ സഫ എന്ന 'തട്ടമിട്ടൊരു മൊഞ്ചത്തി' തികഞ്ഞ അത്ഭുതാവേശമായി മാറിയത് കഴിഞ്ഞ ദിവസമാണ്. ഇതോടൊപ്പം ചേർത്ത് പറയേണ്ട പല വസ്തുതകളുമുണ്ട്. അതിലേക്ക് പോകുന്നതിനു മുമ്പ് സഫയെ പരിചയപ്പെടാം.
സഫ ഫെബിൻ എന്നാണ് മുഴുവൻ പേര്. ഒരു സാധാരണ മുസ്‌ലിം പെൺകുട്ടി. അതിലുപരി മലപ്പുറം കരുവാരകുണ്ട് കിഴക്കേത്തലയിലെ മുനീറുൽ ഇസ്‌ലാം മദ്രസ അധ്യാപകനായ ഓടാല വീട്ടിൽ കുഞ്ഞിമുഹമ്മദ് മുസ്‌ലിയാർ-സാറ ദമ്പതിമാരുടെ മകളും. സർക്കാർ വിദ്യാലയത്തിലായിരുന്നു സഫയുടെ ഇതുവരെയുള്ള പഠനം. പത്താംക്ലാസിലും പ്ലസ് വണിലും എല്ലാ വിഷയങ്ങൾക്കും എ-പ്ലസ്  നേടി. പൊതു വിദ്യാഭ്യാസ മേഖലയുടെ മേന്മയ്ക്കും മികവിനും നേരുദാഹരണമാണ് ഈ പെൺകുട്ടിയെന്ന് പറയാം. സമകാലിക സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ കുറച്ച് കൂടി കാര്യങ്ങൾ എടുത്ത് പറയേണ്ടിയിരിക്കുന്നു. മലപ്പുറം ജില്ല വിദ്യാഭ്യാസമില്ലാത്തവരുടേയും, മതഭ്രാന്തൻമാരുടേയും, പോത്തിറച്ചി പ്രിയരുടേയും നാടാണ്. ജില്ലയിലെ ഹാജിയാക്കൻമാർ പല നികാഹ് വഴി മൂന്നും നാലും പെണ്ണ് കെട്ടുന്നവരും, അവരുടെ ബീവിമാർ 'പന്നി പ്രസവിക്കും' പോലെ എട്ടും പത്തും പെറ്റ് കൂട്ടുന്നവരുമാണ് എന്നൊക്കെയാണ് പലരും പറയുന്നതും, പറയാതെ പറയുന്നതും. നോർത്ത് ഇന്ത്യയിലെ ഹിന്ദി ബെൽറ്റിൽ 'മിനി പാക്കിസ്ഥാൻ' എന്ന അപഖ്യാതിയും മലപ്പുറത്തിനുണ്ട്. മലപ്പുറത്തെ വിദ്യാർഥികൾ 'കോപ്പിയടിച്ചാ'ണ് പരീക്ഷകൾ പാസാകുന്നതെന്ന ആരോപണവും പല കോണുകളിൽ നിന്നുണ്ടായിരുന്നു. അതിനെല്ലാം ക്രിയാത്മക മറുപടി എന്ന നിലയിലാണ് സഫ എന്ന പെൺകുട്ടി ഇപ്പോൾ മാധ്യമങ്ങളിൽ നിറഞ്ഞു കവിഞ്ഞത്. 
കരുവാരകുണ്ട് ഗവ. ഹൈസ്‌കൂളിൽ പുതുതായി നിർമിച്ച സയൻസ് ലാബ് കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനായി വയനാട് എം.പി രാഹുൽ ഗാന്ധി എത്തിയതോടെയാണ് സഫ എന്ന പെൺകുട്ടി ശ്രദ്ധേയമാകുന്നത്. തന്റെ പ്രസംഗം പരിഭാഷ ചെയ്യാൻ വിദ്യാർഥികൾ ആരെങ്കിലുമുണ്ടോ എന്ന് രാഹുൽ ഗാന്ധി വേദിയിൽ നിന്ന് കൗതുകപൂർവം തിരക്കിയപ്പോഴാണ് അപ്രതീക്ഷിതമായി, കണ്ണടധാരിയും മക്കന വേഷധാരിയുമായ സഫ, പരിഭ്രമമോ ചാഞ്ചല്യമോ ഒട്ടുമില്ലാതെ വേദിയിലേക്ക് കേറിച്ചെല്ലുന്നത്. ഒരു ദേശീയ നേതാവിന്റെ സാന്നിധ്യവും ജനക്കൂട്ടത്തിന്റെ ബാഹുല്യവും മൂലമുള്ള സഭാകമ്പം സഫയിൽ പ്രകടമായതുമില്ല. രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തുമ്പോൾ സഫയുടെ വാക്കുകൾക്ക് ഒരു പ്രത്യേകത കൂടിയുണ്ടായിരുന്നു. അത് അച്ചടിഭാഷ പോലെ മിനുക്കിയെടുത്ത ഒരു പ്രകടനമായിരുന്നില്ല. മറിച്ച് തനി ഏറനാടൻ ഭാഷയിൽ തന്നെയായിരുന്നു അവളുടെ മൊഴിമാറ്റം. എന്നുവെച്ചാൽ 'ദേർ ഈസ് നോ നത്തിംഗ് ഫൂളിഷ് ക്വസ്റ്റ്യൻ ഓർ സ്റ്റുപ്പിഡ് ക്വസ്റ്റ്യൻ' എന്ന് രാഹുൽ പറഞ്ഞപ്പോൾ സഫ അതിപ്രകാരം ഏറനാടൻ ശൈലിയിൽ തന്നെ മൊഴിമാറ്റം നടത്തി. 'മണ്ടൻ ചോദ്യമെന്നോ പൊട്ട ചോദ്യമെന്നോ എന്നൊരു സംഭവമില്ല...' രാഹുലിന്റെ ലളിതമായ പ്രസംഗത്തിന് അതിനേക്കാൾ ലളിതവും, നിസ്സങ്കോചവുമായിട്ടായിരുന്നു സഫയുടെ വിവർത്തനമുണ്ടായത്. ഇതോടെ സദസ്യരുടെ കയ്യടി ശക്തി പ്രാപിക്കുകയായിരുന്നു.


പ്രസംഗത്തിലുടനീളം സയൻസിനെക്കുറിച്ചാണ് രാഹുൽ സംസാരിച്ചത്. സയൻസിൽ ഉത്തരങ്ങളേക്കാൾ പ്രാധാന്യമർഹിക്കുന്നത് തുടർച്ചയായുള്ള ചോദ്യങ്ങളാണെന്ന് പറഞ്ഞ രാഹുൽ, വയനാട്ടിൽ പാമ്പുകടിയേറ്റ് മരണപ്പെട്ട ഷഹ്‌ലയെക്കുറിച്ചും പ്രതിപാദിച്ചു. വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ എം.പി ഫണ്ട് വളരെ കുറവാണെങ്കിലും വിദ്യാർഥികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ശ്രമിക്കുമെന്നും രാഹുൽ പറഞ്ഞു. പ്രസംഗത്തിന്റെ അവസാനം സഫയ്ക്ക് നന്ദി പറഞ്ഞ രാഹുൽ അവൾക്ക് ചോക്ലേറ്റ് നൽകി ചേർത്തുപിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തു. വേദിയിൽ എ.ഐ.സി.സി ജന. സെക്രട്ടറി കെ.സി വേണുഗോപാൽ, എ.പി അനിൽകുമാർ എം.എൽ.എ എന്നിവരടക്കമുള്ള കോൺഗ്രസ് നേതാക്കളും ഉണ്ടായിരുന്നു. കേരളത്തിന്റെ വിദ്യാഭ്യാസ നിലവാരത്തെ അഭിനന്ദിച്ച് കൊണ്ട് 'കേരളത്തിന്റെ ആദർശം ഇതാ പ്രവൃത്തിയിൽ' എന്ന വിശേഷണത്തോടെ തന്റെ പ്രസംഗവും, അത് പരിഭാഷപ്പെടുത്തുന്ന പെൺകുട്ടിയുടെ വീഡിയോ ക്ലിപ്പിംഗും രാഹുൽ ഗാന്ധി തന്റെ ഒദ്യോഗിക സോഷ്യൽ മീഡിയാ അക്കൗണ്ടിൽ പങ്ക് വെച്ചതോടെ ഇത് സോഷ്യൽ മീഡിയയിൽ വൈറലായി. തുടർന്ന് സഫ ഫെബിനും, രാഹുൽ ഗാന്ധിയ്ക്കും അഭിനന്ദന കമന്റുകളുമായി രാജ്യത്തെ വിവിധ മേഖലകളിൽ നിന്നുള്ള ആളുകളുമെത്തി. കോൺഗ്രസ് നേതാക്കളടക്കമുള്ള നിരവധി പേർ സഫ പ്രസംഗിക്കുന്ന വീഡിയോ ക്ലിപ്പ് ഷെയർ ചെയ്തിട്ടുണ്ട്.


പൊതു സമൂഹത്തിനിടയിൽ മനസ്സിൽ കപടത കൊണ്ട് നടക്കുന്നവർ ഏറെയാണ്. വിദ്യാഭ്യാസം നേടിയതിന്റെ പേരിലും, ഇംഗ്ലീഷ് സംസാരിക്കാൻ കഴിയുന്നതിന്റെ പേരിലുമൊക്കെ അഹങ്കരിക്കുന്നവരും, പൊയ്്മുഖ വ്യക്തി പ്രഭാവത്തിൽ വിരാജിക്കുന്നവരുമൊക്കെ തങ്ങളുടെ മനസ്സിലെ കപടത പുറത്ത് ചാടുമോയെന്ന് സദാ ഭയക്കുകയും ചെയ്യുന്നു. ഒരർഥത്തിൽ ഇതിന് തന്നെയാണ് സഭാകമ്പം എന്ന് വിശേഷിപ്പിക്കുന്നതും. ഇവിടെ പ്രസക്തമായ ഒരു വസ്തുതയുണ്ട്. സഫ നാളിതു വരെ ഒരു പ്രസംഗം നടത്തിയിട്ടില്ല. ആദ്യമായി പ്രസംഗിക്കുന്നതാകട്ടെ, ഒരു ദേശീയ നേതാവിന്റെ പ്രസംഗത്തിന്റെ മൊഴി മാറ്റവും. എന്നുവെച്ചാൽ സഫ എന്ന പെൺകുട്ടി അതിരില്ലാത്ത ആത്മവിശ്വാസത്തിന്റെ പര്യായമാണെന്ന് തെളിയിച്ചിരിക്കുകയാണ്. പരിഭാഷപ്പെടുത്തുന്നത് തെറ്റിപ്പോകുമോ, വേദിയിൽ താൻ ചമ്മിപ്പോകുമോ എന്ന കാര്യങ്ങളൊന്നും അവളെയൊട്ടും ബാധിച്ചതുമില്ല. അവളുടെ മനസ്സിൽ കപടതയില്ല എന്ന വസ്തുതയാണ് ഇത് വെളിവാക്കുന്നതും. 
കേട്ടറിഞ്ഞും, ചിത്രങ്ങളിൽ കണ്ടറിഞ്ഞും മാത്രം തനിയ്ക്ക് പരിചയമുള്ള രാഹുൽ ഗാന്ധി, താൻ പഠിയ്ക്കുന്ന സ്‌കൂളിൽ മുഖ്യാതിഥിയായെത്തിയപ്പോൾ അദ്ദേഹത്തെ കാണാനും, പ്രസംഗം കേൾക്കാനുമായിട്ടാണ് വേദിയിലുണ്ടായിരുന്ന മറ്റനേകം വിദ്യാർഥികൾക്കിടയിൽ സഫ സ്ഥാനം പിടിച്ചിരുന്നത്. തീർത്തും അപ്രതീക്ഷിതമായാണ് രാഹുൽ ഗാന്ധി തന്റെ പ്രസംഗം പരിഭാഷപ്പെടുത്താൻ വിദ്യാർഥികളിലൊരാളെ ക്ഷണിയ്ക്കുന്നത്. സ്വാഭാവിക നിലയിലാണ് സഫ വേദിയിലേക്ക് കയറിച്ചെന്നതും. പ്രസംഗം കഴിഞ്ഞപ്പോഴാണ് ഇതൊരു വലിയ സംഭവമായെന്ന് സഫ തിരിച്ചറിഞ്ഞത്. തന്റെ മകൾ രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തുന്നത് കണ്ട് തന്റെ കണ്ണുകൾ നിറഞ്ഞതായി സഫയുടെ മാതാവ് പറയുന്നു. കുഞ്ഞിമുഹമ്മദ് മുസ്‌ല്യാരുടെ അഞ്ചു മക്കളിൽ ഏറ്റവും ഇളയവളാണ് സഫ. പഠിച്ചതെല്ലാം സർക്കാർ വിദ്യാലയത്തിൽ തന്നെ. അഷ്‌റഫ്, അബ്ദുൽ ഖാദർ, ഷാഫി, ഗനിയ്യ്, സലീന എന്നിവരാണ് സഹോദരങ്ങൾ.


സഫയുടെ പ്രസംഗം വാർത്തയായതോടെ, വീണു കിട്ടിയ അവസരം പരമാവധി പ്രയോജനപ്പെടുത്തി ആ നേട്ടത്തിന്റെ അവകാശ വാദങ്ങളുമായി സോഷ്യൽ മീഡിയയിൽ പലരും നിറഞ്ഞാടുകയാണ്. കേരളത്തിൽ തിളങ്ങിക്കൊണ്ടിരിക്കുന്ന പൊതു വിദ്യാഭ്യാസത്തിന്റെ നേട്ടമാണ് സഫയെന്ന പെൺകുട്ടിയെന്ന് ഭരണകക്ഷി അനുകൂലികൾ പറയുന്നു. വയനാട്ടിലെ സ്‌കൂളിൽ വെച്ച് സർപ്പ ദംശനമേറ്റ് ഒരു ബാലിക മരണപ്പെട്ടപ്പോൾ അവിടുത്തെ എം.പിയേയും, എം.എൽ.എയേയും പഴിച്ചവർ സഫയുടെ കാര്യത്തിൽ സംസ്ഥാന ഭരണകൂടത്തെ പ്രകീർത്തിക്കുന്നത് ഇരട്ടത്താപ്പാണെന്ന് മറു വിഭാഗവും ചൂണ്ടിക്കാട്ടുന്നു. സഫയ്ക്ക് ഇത്രയധികം മാധ്യമ ശ്രദ്ധ കിട്ടിയത് അവൾ 'മുസ്‌ലിം' ആയത് കൊണ്ടാണെന്ന് മറ്റൊരു കൂട്ടരും പറയുന്നു. തങ്ങൾ കൊണ്ടുവന്ന വിദ്യാഭ്യാസ നയങ്ങളുടേയും, സ്ഥാപനങ്ങളുടേയും നേട്ടമാണ് സഫയെ പോലുള്ള മിടുക്കികൾ ഉണ്ടായതെന്ന് സാമുദായിക രാഷ്ട്രീയ വക്താക്കളും പറയുന്നു. ഒരു കാര്യം ഉറപ്പാണ്, മലപ്പുറത്തുകാരെ ചതുർഥിയായി കാണുന്നവർക്ക് കാലം നൽകുന്ന തിരിച്ചടിയുടെ പ്രതീകമാണ് സഫ എന്ന നിഷ്‌കളങ്കയായ പെൺകുട്ടി.

Latest News