Sorry, you need to enable JavaScript to visit this website.

സൗദിയുടെ ഉള്ളറിഞ്ഞ എസ്.എൽ.പി  

നാല് ദശകങ്ങൾക്കപ്പുറം 1981 ഏപ്രിൽ 21ന് രാത്രി പത്തിന് ജിദ്ദ ഷറഫിയയിലെ വിമാനത്താവളത്തിൽ വന്നിറങ്ങി. തൊട്ടടുത്ത വർഷം ഇപ്പോഴത്തെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ നാട്ടിലേക്ക് യാത്ര തിരിച്ചു. മുത്തശ്ശി നഗരത്തോട് യാത്ര പറയുന്നതിനിടയ്ക്ക് മിഡിൽ ഈസ്റ്റിലെ തലയെടുപ്പുള്ള ടെർമിനൽ വണ്ണിന്റെ ഉദ്ഘാടനത്തിനും സാക്ഷ്യം വഹിക്കാനായി. യൂറോപ്യൻ രാജ്യങ്ങളിലേതിനോട് കിട പിടിക്കാവുന്ന ഹറമൈൻ ഹൈസ്പീഡ് ട്രെയിൻ മക്കയ്ക്കും മദീനയ്ക്കുമിടയിൽ സർവീസ് തുടങ്ങിയത് സൗദി അറേബ്യ കൈവരിച്ച പുരോഗതിയുടെ പ്രതീകമാണ് -ജീവിതത്തിൽ മൂന്നിൽ രണ്ടു കാലവും സൗദി അറേബ്യയിൽ ചെലവഴിച്ച് വൈകാതെ വിട പറയാനൊരുങ്ങുന്ന കണ്ണൂർ സ്വദേശി എസ്.എൽ.പി മുഹമ്മദ് കുഞ്ഞി പറഞ്ഞു. 


1981 മുതലാണ് സൗദി അറേബ്യയുടെ വികസന കുതിപ്പിന്റെ തുടക്കം. അതിന്റെ ആരംഭം മുതൽ സാക്ഷ്യം വഹിക്കാനായെന്നത് അഭിമാനിക്കാൻ വക നൽകുന്നു. ലോകത്തെ ഏറ്റവും വലിയ എണ്ണ ഉൽപാദക രാജ്യത്തിന്റെ കുതിപ്പിന് വഴിയൊരുക്കിയത് എണ്ണ കയറ്റുമതിയാണ്. നാട്ടിന്റേയും നാട്ടാരുടേയും അതിഥികളായെത്തിയ പ്രവാസികളുടേയും ക്ഷേമത്തിനായി ഇത് വിനിയോഗിച്ചുവെന്നതാണ് സൗദി അറേബ്യയിലെ ഭരണകർത്താക്കളെ വ്യത്യസ്തരാക്കുന്നത്. 


സൗദി ഭരണാധികാരികളായിരുന്ന ഖാലിദ് രാജാവ്, ഫഹദ് രാജാവ്, അബ്ദുല്ല രാജാവ്, തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ്, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ എന്നിവർ നേതൃത്വം നൽകി ഒരു സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുന്നത് നേരിട്ട് അനുഭവിച്ചറിയാനായത് മഹാഭാഗ്യമായി കരുതുന്നു. 


യൗവനം തുടങ്ങിയത് മുതൽ സൗദി അറേബ്യയിൽ ചെലവഴിച്ച എസ്.എൽ.പി വാചാലനായി. പുണ്യ നഗരങ്ങളായ മക്കയിലും മദീനയിലും വൻ തുക ചെലവ് ചെയ്താണ് അത്ഭുതകരമായ മാറ്റങ്ങളുണ്ടാക്കിയത്. സ്വദേശി, വിദേശി വ്യത്യാസമില്ലാതെ എല്ലാവർക്കും സബ്‌സിഡി നൽകുന്ന രാജ്യത്തെ നിയമങ്ങൾ എല്ലാവർക്കും ഒരുപോലെ ബാധകമാണ്. 


നാല് പതിറ്റാണ്ടുകൾക്കപ്പുറം സൗദി വനിതകൾ ടെലിവിഷനിലും റേഡിയോയിലും വാർത്ത വായിച്ചിരുന്നു. അടുത്ത കാലത്തായി വനിതാ ഡ്രൈവിംഗ് അനുവദിച്ചത് പുതുയുഗപ്പിറവിയുടെ നാന്ദി കുറിച്ചു. സ്വദേശികളായ ധാരാളം വനിതകൾ വിവിധ രംഗങ്ങളിൽ സജീവമായത് സൗദിയുടെ സമ്പദ്ഘടനയ്ക്ക് ഗുണം ചെയ്യുമെന്നതിൽ സംശയമില്ല -അദ്ദേഹം തുടർന്നു.  39 പേരുടെ സംഘത്തിലാണ് ജിദ്ദയിൽ ആദ്യമായി എത്തിച്ചേർന്നത്.  അൽ നഫൂത്ത് കമ്പനിയുടെ വിസയിലായിരുന്നു വരവ്. മാട്ടൂൽ, മുട്ടം, പഴയങ്ങാടി തുടങ്ങിയ ഞങ്ങളുടെ പ്രദേശത്തുകാർ ഗൾഫിൽ കൂടുതലായുണ്ടായിരുന്നത് യു.എ.ഇയിലെ അബുദാബിയിലും മറ്റുമായിരുന്നു. അബുദാബിയിലാണെങ്കിൽ വ്യാപാര പ്രമുഖരുൾപ്പെടെ ധാരാളം ബന്ധുക്കളുമുണ്ട്. യാദൃഛികമായാണ് ഇവിടെ എത്തിയത്. 


കണ്ണൂർ മാടായിയിലെ സ്‌കൂളിൽ പഠിക്കുന്ന കാലത്തേ പൊതു പ്രവർത്തന രംഗത്ത് സജീവമായിരുന്നു. പ്രവാസ ലോകത്തും ഇതിന്റെ തുടർച്ച എളുപ്പമായി. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ട്രഷറർ, വൈസ് പ്രസിഡന്റ്, ഉപദേശക സമിതി അംഗം, കണ്ണൂർ ജില്ലാ കെ.എം.സി.സി വൈസ് പ്രസിഡന്റ്, പ്രസിഡന്റ്, ഉപദേശക സമിതി ചെയർമാൻ, സിജി എക്‌സിക്യൂട്ടീവ് മെമ്പർ, ജിദ്ദ കണ്ണൂർ ജില്ലാ സൗഹൃദ വേദി രക്ഷാധികാരി, ഇന്ത്യൻ കോൺസുലേറ്റ് കമ്യൂണിറ്റി മെമ്പർ, ജിദ്ദ ഇന്ത്യൻ സ്‌കൂൾ പാരന്റ്‌സ് ഫോറം എക്‌സിക്യൂട്ടീവ് മെമ്പർ. 
എം.എസ്.എഫ്, യൂത്ത് ലീഗ് സംസ്ഥാന കൗൺസിലർ, കണ്ണൂർ ജില്ലാ എം.എസ്.എഫ്, യൂത്ത് ലീഗ്, മുസ്‌ലിം ലീഗ് വർക്കിംഗ് കമ്മിറ്റി മെമ്പർ, മാടായി വേങ്ങര മുട്ടം വികസന സമിതി സെക്രട്ടറി, കണ്ണൂർ താലൂക്ക് എം.എസ്.എഫ് സെക്രട്ടറി, പയ്യന്നുർ നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി, മുട്ടം ചന്ദ്രിക പ്രതിനിധി എന്നീ നിലകളിൽ പ്രവർത്തിച്ചു. 


കെ.എം.സി.സിയുടെ ആദ്യ രൂപമായ ചന്ദ്രിക റീഡേഴ്‌സ് ഫോറത്തിൽ പ്രവർത്തിച്ചായിരുന്നു ജിദ്ദയിലെ സാമൂഹ്യ പ്രവർത്തനങ്ങളുടെ തുടക്കം. അന്ന് ജിദ്ദയിൽ പ്രവാസിയായിരുന്ന പ്രശസ്ത മാധ്യമ പ്രവർത്തകനായ റഹീം മേച്ചേരിയായിരുന്നു ഫോറത്തിന്റെ നേതാവ്. 
ടെലിഫോണും മൊബൈലും ഒന്നുമില്ലാതിരുന്ന എൺപതുകളുടെ തുടക്കത്തിൽ നടന്നു ചെന്നാണ് സാമൂഹ്യ പ്രവർത്തനം നടത്തിയിരുന്നത്. വിലയേറിയ ആഡംബര ക്യാമറയായ നിക്കോണിന്റെയും ലൈക്കയുടേയും വിപണനം ചെയ്യുന്ന ടെക്‌നോ അറേബ്യൻ കമ്പനിയിലായിരുന്നു 1981 മുതൽ 86 വരെ ജോലി. 1986 മുതൽ 93 വരെ പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ അൽഫാഊവിൽ പ്രവർത്തിച്ചു. 1993 മുതൽ ഇപ്പോൾ പ്രവാസത്തോട് വിട പറയുന്നത് വരെ ദാനൂബ് ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പിൽ ഡിപ്പാർട്ട്‌മെന്റ് മാനേജറായി ജോലി ചെയ്യുന്നു. ഡിസംബർ 20 ന് വിരമിക്കും. വർഷാന്ത്യത്തിൽ നാട്ടിലേക്ക് തിരിക്കും. ജോലിയിൽ തുടരാൻ കമ്പനി നിർബന്ധിക്കുന്നുണ്ടെങ്കിലും വ്യക്തിപരമായ കാരണങ്ങളാലാണ് നാട്ടിലേക്ക് യാത്ര തിരിക്കുന്നത്. കണ്ണൂർ ജില്ലാ കെ.എം.സി.സി സഫീറോ ഹോട്ടലിൽ 13ന് വെള്ളിയാഴ്ച രാത്രി വിപുലമായ യാത്രയയപ്പ് പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. 


ആദ്യ കാലത്ത് ഒരാഴ്ച കഴിഞ്ഞാണ് നാട്ടിലിറങ്ങുന്ന മലയാളം പത്രങ്ങൾ ലഭിച്ചിരുന്നത്. കപ്പലിലാണ് ഇന്ത്യയിൽ നിന്ന് പത്രങ്ങൾ വന്നിരുന്നത്. എന്നിരുന്നാലും പത്രവായന എന്ന ശീലം മുടങ്ങാതെ തുടർന്നു. മലയാളം ന്യൂസ് പത്രത്തിന്റെ സ്ഥാപക പത്രാധിപരും മധ്യ പൗരസ്ത്യ ദേശത്തെ തലയെടുപ്പുള്ള മാധ്യമ പ്രവർത്തകനുമായ ഫാറൂഖ് ലുഖ്മാനെ ആദ്യ കാലത്തേ പരിചയപ്പെടാനായി. ജോലി ചെയ്തിരുന്ന സൂപ്പർ മാർക്കറ്റിലെ നിത്യ സന്ദർശകനായിരുന്നു അദ്ദേഹം. ന്യൂയോർക്ക് ടൈംസ്, വാഷിംഗ്ടൺ പോസ്റ്റ്, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ പത്രങ്ങൾ വാങ്ങാനാണ് അദ്ദേഹം എത്തിയിരുന്നത്. 90 കളുടെ ആദ്യ പാതിയിൽ മലയാളം ന്യൂസ് പത്രമെന്ന ആശയത്തെ കുറിച്ചും അദ്ദേഹം ചർച്ച ചെയ്തതോർക്കുന്നു. ഇവിടെ എത്തിയ കാലത്ത് ജിദ്ദയിലെ പ്രധാന വീഥിയായ മദീന റോഡിൽ ഫലസ്തീൻ പാലത്തിന് വടക്ക് ജനവാസമില്ലായിരുന്നു. മലയാളികളുടെ പ്രധാന താമസ കേന്ദ്രങ്ങൾ ബനീമാലിക്, ബാബ് മക്ക, മക്ക റോഡിലെ കിലോ അഞ്ച് എന്നീ പ്രദേശങ്ങളായിരുന്നു. ഒരു അമേരിക്കൻ ഡോളറിന് അന്ന് എട്ട് രൂപ അമ്പത് പൈസ കൊടുത്താൽ മതിയായിരുന്നു. ആദ്യ ശമ്പളത്തിൽ നിന്ന് നാനൂറ് സൗദി റിയാലെടുത്താണ് നാട്ടിലേക്ക് ആയിരം രൂപ അയച്ചത്.  

നാല് ദശകങ്ങളിലെ പ്രവാസ ജീവിതത്തിനിടയ്ക്ക് വിദേശികളുടെ തിരിച്ചറിയൽ രേഖയായ ഇഖാമയ്ക്ക് വന്ന രൂപമാറ്റങ്ങളും കൗതുകകരമാണ്. ആദ്യം കാർഡ് രൂപത്തിലായിരുന്നു. പിന്നീട് പുസ്തക രൂപത്തിലേക്ക് മാറി. 1980 ന്റെ രണ്ടാം പാതി മുതൽ രണ്ട് വർണങ്ങളിലായി നാട്ടിലെ റേഷൻ കാർഡിന്റെ ചെറിയ പതിപ്പായി ഐ.ഡി മാറി. തുടർച്ചയായി പുതുക്കാനും കുടുംബാംഗങ്ങളുടെ പേര് വിവരം ചേർക്കാനും സ്‌പോൺസർഷിപ്പ് മാറ്റം രേഖപ്പെടുത്താനുമെല്ലാം ഈ പുസ്തകത്തിൽ സൗകര്യമുണ്ടായിരുന്നു. പുതിയ നൂറ്റാണ്ടിലാണ് ഡിജിറ്റൽ ഇഖാമ നിലവിൽ വന്നത്. ഹിജ്‌റ 1401 ൽ സൗദി അറേബ്യയിലെത്തിയ മുഹമ്മദ് കുഞ്ഞിയുടെ ഇഖാമയിൽ 1441 എന്ന വർഷമാണ് കാണിക്കുന്നത്. അതായത് നാൽപത് വർഷമായി ഇവിടെയെന്ന് ചുരുക്കം. സൗദിയിൽ പ്രവാസ ജീവിതം ആരംഭിച്ച നാളുകളിൽ ജിദ്ദയിലായിരുന്നു ഇന്ത്യൻ എംബസി. നാട്ടുകാരനും ബന്ധുവുമായ ടി.ടി.പി അബ്ദുല്ലയായിരുന്നു ഇന്ത്യയുടെ സ്ഥാനപതി. നയതന്ത്രജ്ഞൻ എന്ന നിലയ്ക്ക് ശോഭിച്ച ഈ ഐ.പി.എസ് ഉദ്യോഗസ്ഥന് അദ്ദേഹത്തിന്റെ പ്രാപ്തി വിലയിരുത്തി ഇന്ത്യാ സർക്കാർ കാലാവധി നീട്ടിക്കൊടുക്കുകയായിരുന്നു. 70 കളിലും 80 കളിലുമായി രണ്ട് പ്രാവശ്യമായി നാല് ടേം അദ്ദേഹം സ്ഥാനപതിയായി. ഇത് അപൂർവമായി മാത്രം സംഭവിക്കുന്നതാണ്. ജിദ്ദ ഇന്ത്യൻ സ്‌കൂൾ എന്ന ആശയത്തിന് പിന്നിൽ കണ്ണൂർ ജില്ലക്കാരനായ ഈ മലയാളിയായിരുന്നു. 1982ൽ ഇന്ദിരാ ഗാന്ധി സൗദി സന്ദർശിച്ചപ്പോൾ അംബാസഡർക്കൊപ്പം അവരെ അടുത്ത് കാണാനായി. തിരൂരങ്ങാടി സ്വദേശിയും ജിദ്ദ അൽജുമ കാർ കമ്പനി ജനറൽ മാനേജറുമായിരുന്ന അബ്ദു ഹാജി ചെയർമാനായി രൂപീകരിച്ച ഐവയാണ് പ്രവാസ മണ്ണിലെ ആദ്യ ഇന്ത്യൻ സംഘടന. ഇതിൽ അംഗമാവാനും സാധിച്ചു. പ്രവാസി ഇന്ത്യക്കാരുടേയും മറുനാടൻ മലയാളികളുടേയും ഏറ്റവും വലിയ സംഘടനയാണ് കെ.എം.സി.സി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കേരള മുസ്‌ലിം കൾച്ചറൽ സെന്റർ. സൗദി അറേബ്യയിൽ ആദ്യമായി കെ.എം.സി.സിയ്ക്ക് ഒരു ജില്ലാ ഘടകമുണ്ടാക്കിയത് ജിദ്ദയിലാണ്. 1994 ൽ ജിദ്ദ കണ്ണൂർ ജില്ലാ കെ.എം.സി.സിയുണ്ടാക്കി. മമ്മു പാലയാട്, ടി.പി മുഹമ്മദ് എന്നിവർക്കൊപ്പം ഇതിന് നേതൃത്വം നൽകാനും സാധിച്ചു. 

മാതൃപിതാവ് തൃക്കരിപ്പൂരിലെ എൻ.പി മുഹമ്മദ് കുഞ്ഞി ഹാജിയാണ് പൊതു പ്രവർത്തന രംഗത്ത് എസ്.എൽ.പിയുടെ പ്രചോദനം. മുസ്‌ലിം ലീഗ് സ്ഥാപക നേതാക്കളിലൊരാളും പ്രസിഡന്റുമായ സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങളുടെ സന്തത സഹചാരിയായിരുന്നു അദ്ദേഹം. ബാഫഖി തങ്ങൾ 1973ൽ ഹജിനെത്തി മക്കയിൽ വെച്ചാണ് അന്തരിച്ചത്. അന്നൊക്കെ ഹാജിമാർ മംഗലാപുരം വരെ ട്രെയിനിലെത്തി തുടർന്നാണ് മുംബൈ വഴി വിമാനത്തിൽ സൗദിയിലേക്ക് പറക്കാറുള്ളത്. ഉപ്പാപ്പയുടെ കൂടെ ബാഫഖി തങ്ങളെ മംഗലാപുരം വരെ അനുഗമിക്കാൻ സാധിച്ചു. യാത്ര ചോദിച്ച് പിരിയുമ്പോൾ തങ്ങൾ അനുഗ്രഹിച്ചത് നിറം മങ്ങാത്ത ഓർമയായി മനസ്സിലുണ്ട്. സുദീർഘമായ പ്രവാസത്തിലെ ഏറ്റവും വലിയ നേട്ടം മക്കയിൽ കഅബയിൽ പ്രവേശിച്ച് നമസ്‌കരിക്കാനും പ്രാർഥിക്കാനും അവസരം ലഭിച്ചുവെന്നതാണ്. 2003 ലാണിത്. ഒരു അവധി ദിനത്തിൽ മക്കയിലേക്ക് തിരിച്ചതായിരുന്നു. ഇശാ നമസ്‌കാരം കഴിഞ്ഞ വേള. കഅബ അറ്റകുറ്റപ്പണി നടക്കുന്നു. സ്വർണ കവാടം തുറന്നു കിടക്കുന്നു. പോലീസുകാരന്റെ അനുവാദത്തോടെ കഅബയുടെ ഉള്ളിൽ കയറി നമസ്‌കരിക്കാനും പ്രാർഥിക്കാനും സാധിച്ചു. പിന്തിരിഞ്ഞ് നോക്കുമ്പോൾ സൗദി ജീവിതത്തിലെ ഏറ്റവും തിളക്കമാർന്ന നേട്ടം. ആത്മ മിത്രമായ ഇ.അഹമ്മദ് പോലും കഅബയിൽ പ്രവേശിക്കുന്നതിന് എത്രയോ മുമ്പാണിത്. മുൻ കേന്ദ്ര മന്ത്രിയും ഇന്ത്യയെ പല തവണ യു.എന്നിൽ പ്രതിനിധീകരിക്കുകയും ചെയ്ത ഇ.അഹമ്മദുമായുള്ള ബന്ധം ആരംഭിക്കുന്നത് മാടായി സ്‌കൂളിൽ പഠിക്കുന്ന കാലത്താണ്. 1973ൽ റൂറൽ ഡെവലപ്‌മെന്റ് ബോർഡ് ചെയർമാനായ അദ്ദേഹം സ്‌കൂളിലെ ചടങ്ങിനെത്തി. സംസ്ഥാന മന്ത്രിയും എം.പിയും കേന്ദ്ര മന്ത്രിയുമായപ്പോഴെല്ലാം സൗഹൃദം തുടർന്നു. ജിദ്ദയിൽ ഏറ്റവുമൊടുവിൽ എത്തിയപ്പോഴും അദ്ദേഹത്തെ അനുഗമിച്ചു. 1983ൽ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ പ്രതിനിധിയായി അഹമ്മദ് ഫഹദ് രാജാവിനെ കാണാനെത്തി. ഇ.അഹമ്മദിനൊപ്പം രാജകൊട്ടാരത്തിൽ ആദ്യമായി പ്രവേശിക്കാൻ സാധിച്ചത് അപ്പോഴാണ്. ജിദ്ദയിൽ ഹജ് കരാർ ഒപ്പിടാൻ ഇ.അഹമ്മദ് എത്തിയ വേളകളിലെല്ലാം പങ്കെടുക്കാനും സാധിച്ചു. 

എസ്.എൽ.പിയുടെ കുടുംബവും ദീർഘ കാലം ജിദ്ദയിൽ കഴിഞ്ഞിരുന്നു.  കണ്ണൂർ-തലശ്ശേരി ഭക്ഷ്യ വിഭവങ്ങളോട് പ്രത്യേക ആഭിമുഖ്യമുള്ള  ഇ. അഹമ്മദിന് ജിദ്ദയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ഹോം മെയ്ഡ് ഭക്ഷണം എത്തിക്കാറുണ്ടായിരുന്നു. മക്കയിലെത്തിയാൽ കണ്ണൂർ കമ്പിൽ സ്വദേശി സിദ്ദീഖും മദീനയിൽ സത്താർ എൻജിനീയറും ഇതുപോലെ അദ്ദേഹത്തിന്റെ ആഗ്രഹം കണ്ടറിഞ്ഞ് പ്രവർത്തിക്കാറുണ്ട്. ഇപ്പോഴത്തെ ഹൈടെക് ഹജ് കാലത്ത് നാട്ടിൽ നിന്ന് പുറപ്പെടുമ്പോൾ തന്നെ സംഘത്തിൽ ആരൊക്കെ, മക്കയിൽ ഏത് കെട്ടിടത്തിൽ താമസ സൗകര്യം എന്നെല്ലാം മനസ്സിലാക്കുന്നു. നാല് ദശകങ്ങൾക്കപ്പുറം വന്ന തീർഥാടകർക്ക് ഈ വക സൗകര്യങ്ങളൊന്നുമില്ലായിരുന്നു. ജിദ്ദ വിമാനത്താവളത്തിൽ വന്നിറങ്ങിയ തീർഥാടകർ മുതവ്വിഫിനെ തെരഞ്ഞെടുക്കും. അന്നൊക്കെ ജിദ്ദയിലുള്ള എല്ലാവരും ഹജിന് പോകും. സ്വയം ഹജ് നിർവഹിച്ചു കൊണ്ടു തന്നെ നാട്ടിൽ നിന്നെത്തിയ പ്രായം ചെന്ന തീർഥാടകർക്ക് സേവനങ്ങൾ ചെയ്തു. മക്കയിലും മദീനയിലും ഹറമിനോട് ചേർന്ന് ധാരാളം ജ്വല്ലറികൾ പ്രവർത്തിച്ചിരുന്നു. നമസ്‌കാരത്തിന് സമയമായാൽ ഇതൊന്നും അടച്ചു പൂട്ടുന്ന പതിവില്ല. കർട്ടൻ തൂക്കിയിട്ട് കട നടത്തിപ്പുകാരും തൊഴിലാളികളും പ്രാർഥനയിൽ പങ്ക് ചേരും. 

ചന്ദ്രിക റീഡേഴ്‌സ് ഫോറം പ്രവർത്തകൻ മക്കയിലെ പി.വി അബ്ദുറഹിമാൻ വടകരയുടെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ നിന്ന് മലയാളി തീർഥാടകരെ മക്കയിലെത്തിച്ച് താമസ സൗകര്യം ഉറപ്പാക്കും. ഉമർ പുറത്തീൽ, ടി.എം.എ റഊഫ്, കുഞ്ഞിമുഹമ്മദ് പഴേരി, മഹ്മൂദ് പീടിയേലകത്ത്, ഹസ്സൻ സഗീർ, എൻ. മുഹമ്മദ്, കെ.പി മുഹമ്മദ്കുട്ടി, ബി. അബ്ദു ഹാജി, സയ്യിദ് അബൂബക്കർ ബാഫഖി തങ്ങൾ, അഡ്വ.വണ്ടൂർ അബൂബക്കർ, അഡ്വ.അബ്ദുറഹിമാൻ കൊടുവള്ളി, ഒ.ഐ.സി.സി നേതാവ് ചെമ്പൻ മൊയ്തീൻകുട്ടി, മദീനയിലെ എൻജിനീയർ സത്താർ തുടങ്ങിയവരും ഹാജിമാർക്ക് സേവനം ചെയ്യുന്നതിൽ മാതൃക പ്രകടിപ്പിച്ചു.
എസ്.എൽ.പിയുടെ പിതാവ് എൻ.പി മമ്മു ഹാജി തൃക്കരിപ്പൂർ പഞ്ചായത്ത് മെംബറും ബിസിനസുകാരനുമായിരുന്നു. മുസ്‌ലിം ലീഗിന്റെ ആദ്യകാല നേതാക്കളായ തിരൂരങ്ങാടിയിലെ കാരാടൻ മുഹമ്മദ് ഹാജി, പീച്ചിമണ്ണിൽ മുഹമ്മദ് ഹാജി എന്നിവർക്കൊപ്പം ചേർന്ന് തൃക്കരിപ്പൂരിൽ ബേക്കറി നടത്തി. മൂവരുടേയും താൽപര്യം രാഷ്ട്രീയ പ്രവർത്തനമായതിനാൽ ഏറെ വൈകാതെ കടയ്ക്ക് ഷട്ടർ വീണു. പിന്നീട് ഹെൽത്ത് സർവീസിൽ നിന്നാണ് അദ്ദേഹം വിരമിച്ചത്. കുഞ്ഞാലി മരയ്ക്കാർ പരമ്പരയിൽപെട്ട വടക്കേ മലബാറിലെ പ്രശസ്ത കുടുംബമായ സൈദമ്മാടകത്ത് തറവാട്ടിലെ എസ്.എൽ.പി ബീവിയാണ് മാതാവ്. 
കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിൽ പോസ്റ്റ് മാസ്റ്റർ ആയി വിരമിച്ച  പരേതനായ അഴീക്കൽ കെ.പി മുസ്തഫ ഹാജി മാസ്റ്ററുടെ മകൾ ഇ.കെ ഹസീനയാണ് ഭാര്യ. അഴീക്കോട് മണ്ഡലം എം.എസ്.എഫ് മുൻ ജനറൽ സെക്രട്ടറിയും ഇപ്പോൾ ദുബായ് അഴീക്കോട് മണ്ഡലം കെ.എം.സി.സി ജനറൽ സെക്രട്ടറിയും ആസ്റ്റർ ഗ്രൂപ്പിന്റെ ദുബായ്  മെഡിക്കൽ സെന്റർ മാനേജറും ആയ ഷംസീർ മകനും നൗറസ് ബാനു (ദുബായ്) മരുമകളുമാണ്. ഷബ്‌ന, ഷഹ്‌ല എന്നിവർ പുത്രിമാരാണ്. മരുമകൻ എ.പി.എം ജുനൈദ് (സോഫ്റ്റ്‌വെയർ എൻജിനീയർ). ഖത്തറിലെ ഷഹ്‌സിനുമായി ഇളയ മകളുടെ വിവാഹം ജനുവരിയിൽ കണ്ണൂർ അലവിലിലെ വസതിയിൽ. 
പതിമൂന്നാം വയസ്സിൽ മാടായി ഹൈസ്‌കൂളിൽ എം.എസ്.എഫ് യൂനിറ്റ് സെക്രട്ടറിയായി തുടങ്ങിയതാണ് പൊതു പ്രവർത്തനം. അതുകൊണ്ട് തന്നെ പ്രവാസ ജീവിതത്തിൽ ഒരിക്കലും ബുദ്ധിമുട്ട് നേരിടേണ്ടി വന്നിട്ടില്ല -എസ്.എൽ.പി വിജയരഹസ്യം വെളിപ്പെടുത്തി. ചിട്ടയായ ജീവിതക്രമം പിന്തുടർന്നതിനാൽ അല്ലാഹുവിന്റെ അനുഗ്രഹത്താൽ ജീവിത ശൈലീ രോഗങ്ങളൊന്നും ബാധിക്കാതെ സമ്പൂർണ ആരോഗ്യവാനായാണ് പ്രവാസത്തോട് വിട പറയുന്നത്. 0502384292 എന്ന നമ്പറിൽ എസ്.എൽ.പിയുമായി ബന്ധപ്പെടാവുന്നതാണ്.

Latest News