മാഞ്ചസ്റ്റര്‍ - ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിലെ മാഞ്ചസ്റ്റര്‍ പോരാട്ടത്തില്‍ യുനൈറ്റഡിനോട് 1-2 ന് തോറ്റതോടെ നിലവിലെ ചാമ്പ്യന്മാരായ സിറ്റിയുടെ കിരീടസ്വപ്‌നം തകരുന്നു. 16 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ലിവര്‍പൂളിനെക്കാള്‍ 14 പോയന്റ് പിന്നിലായി സിറ്റി. സിറ്റി കോച്ച് പെപ് ഗാഡിയോളയുടെ 11 വര്‍ഷത്തെ പ്രൊഫഷനല്‍ പരിശീലക കരിയറില്‍ ആദ്യമായാണ് ഇത്രയും കുറഞ്ഞ പോയന്റ് കിട്ടുന്നത്. ഹാട്രിക് കിരീടമെന്ന സിറ്റിയുടെ സ്വപ്‌നം ഏതാണ്ട് അവസാനിച്ചു കഴിഞ്ഞു.
ബോണ്‍മൊത്തിനെ 3-0 ന് തകര്‍ത്ത ലിവര്‍പൂള്‍ 30 വര്‍ഷത്തെ ഇടവേളക്കു ശേഷം പ്രീമിയര്‍ ലീഗ് കിരീടത്തിലേക്ക് കുതിക്കുകയാണ്. ഏറെ പിന്നിലുള്ള ലെസ്റ്ററാണ് ഇപ്പോള്‍ ലിവര്‍പൂളിന്റെ അടുത്ത എതിരാളി.
ഇരുപത്തിമൂന്നാം മിനിറ്റില്‍ പെനാല്‍ട്ടിയില്‍ നിന്ന് മാര്‍ക്കസ് റാഷ്ഫഡും ഇരുപത്തൊമ്പതാം മിനിറ്റില്‍ ആന്റണി മാര്‍ഷ്യാലുമാണ് സ്‌കോര്‍ ചെയ്തത്. കളി തീരാന്‍ അഞ്ച് മിനിറ്റ് ശേഷിക്കെ ഡിഫന്റര്‍ നിക്കൊളാസ് ഓടാമെണ്ടി സിറ്റിക്കു വേണ്ടി ഗോള്‍ മടക്കിയെങ്കിലും സമനിലക്കു ശ്രമിക്കാന്‍ അവര്‍ക്ക് അധികം സമയം അവശേഷിച്ചിരുന്നില്ല. യുനൈറ്റഡ് കളിക്കാര്‍ക്കെതിരെ വംശീയാക്രമണമുണ്ടായത് മത്സരത്തിന്റെ നിറം കെടുത്തി.