Sorry, you need to enable JavaScript to visit this website.

സൂപ്പര്‍ ചെയ്‌സില്‍ ഇന്ത്യ ജയിച്ചു

ഹൈദരാബാദ് - വന്‍ സ്‌കോര്‍ പിന്തുടരുന്നത് ശീലമാക്കിയ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഒരിക്കല്‍കൂടി അവസരത്തിനൊത്തുയര്‍ന്നതോടെ വെസ്റ്റിന്‍ഡീസിനെതിരായ പരമ്പര ഇന്ത്യ ജയത്തോടെ തുടങ്ങി. വെസ്റ്റിന്‍ഡീസ് അടിച്ചെടുത്ത അഞ്ചിന് 207 എന്ന മികച്ച സ്‌കോര്‍ ക്യാപ്റ്റന്റെ കരുത്തില്‍ ഇന്ത്യ എട്ട് പന്ത് ശേഷിക്കെ മറികടന്നു. കോഹ്‌ലി (50 പന്തില്‍ 94 നോട്ടൗട്ട്) കത്തിക്കയറിയപ്പോള്‍ ആറ് വിക്കറ്റിന്റെ ഉശിരന്‍ വിജയമാണ് ടീം അടിച്ചെടുത്തത്. അവസാന അഞ്ചോവറില്‍ 54 റണ്‍സ് വേണമെന്നിരിക്കെയാണ് എട്ട് പന്ത് ശേഷിക്കെ ഇന്ത്യ ജയം സ്വന്തമാക്കിയത്. മൂന്നു മത്സര പരമ്പരയിലെ രണ്ടാം ട്വന്റി20 നാളെ തിരുവനന്തപുരത്താണ്.
രോഹിത് ശര്‍മ (8) എളുപ്പം പുറത്തായ ശേഷം കോഹ്‌ലിയും കെ.എല്‍ രാഹുലും (40 പന്തില്‍ 62) രണ്ടാം വിക്കറ്റില്‍ നേടിയ 100 റണ്‍സാണ് വലിയ ചെയ്‌സിന് ഇന്ത്യക്ക് അടിത്തറയൊരുക്കിയത്. പിന്നീട് റിഷഭ് പന്തും (9 പന്തില്‍ 18) ശ്രേയസ് അയ്യരും (4) എളുപ്പം പുറത്തായെങ്കിലും കോഹ്‌ലി ആഞ്ഞടിച്ചു. ആറ് സിക്‌സറും ആറ് ബൗണ്ടറിയും സഹിതമാണ് കോഹ്‌ലി കരിയര്‍ ബെസ്റ്റ് ട്വന്റി20 സ്‌കോറിലെത്തിയത്. സിക്‌സറോടെ ഇന്ത്യയെ വിജയത്തിലേക്കു നയിക്കുകയും തന്റെ കരിയര്‍ ബെസ്റ്റ് സ്‌കോര്‍ (90) മറികടക്കുകയും ചെയ്തു ക്യാപ്റ്റന്‍. 
നേരത്തെ ഷിംറോന്‍ ഹെത്മയറുടെ കന്നി അര്‍ധ ശതമാണ് (41 പന്തില്‍ 56) വിന്‍ഡീസിനെ 200 കടത്തിയത്. ഓപണര്‍ എവിന്‍ ലൂയിസ് (17 പന്തില്‍ 40) നല്‍കിയ തുടക്കം വിന്‍ഡീസ് പാഴാക്കിയില്ല. ബ്രാന്‍ഡന്‍ കിംഗും (23 പന്തില്‍ 31) ഹെത്മയറും ക്യാപ്റ്റന്‍ കെരോണ്‍ പോളാഡും (19 പന്തില്‍ 37) ഗതിവേഗം നിലനിര്‍ത്തി. മുന്‍ നായകന്‍ ജെയ്‌സന്‍ ഹോള്‍ഡര്‍ (9 പന്തില്‍ 24 നോട്ടൗട്ട്) ഒടുക്കം ഗംഭീരമാക്കുകയും ചെയ്തു. എന്നാല്‍ അത് ഇന്ത്യക്ക് വെല്ലുവിളിയേ ആയില്ല. മൂന്നു പന്തിനിടെ ഹെത്മയറെയും പോളാഡിനെയും പുറത്താക്കിയ ലെഗ്‌സ്പിന്നര്‍ യുസവേന്ദ്ര ചഹലാണ് കൂടുതല്‍ വലിയ സ്‌കോറിലെത്തുന്നതില്‍ നിന്ന് വിന്‍ഡീസിനെ തടഞ്ഞത്. ഹെത്മയറെ 44 ലും 54 ലും ഫീല്‍ഡര്‍മാര്‍ കൈവിട്ടു. അവസാന രണ്ടോവറില്‍ വിന്‍ഡീസ് 29 റണ്‍സ് വാരി. 

 

Latest News