Sorry, you need to enable JavaScript to visit this website.

സൗദി കണക്കുതീര്‍ത്തു, ബഹ്‌റൈനുമായി ഫൈനല്‍

ദോഹ- ആതിഥേയരും ഏഷ്യൻ ചാമ്പ്യന്മാരുമായ ഖത്തറിനെ മറുപടിയില്ലാത്ത ഒരു ഗോളിന് തോൽപിച്ച് സൗദി അറേബ്യ 24-ാമത് ഗൾഫ് കപ്പ് ഫുട്‌ബോളിന്റെ ഫൈനലിലെത്തി. ഇറാഖിനെ ഷൂട്ടൗട്ടിൽ ഞെട്ടിച്ച ബഹ്‌റൈനുമായാണ് സൗദി ഞായറാഴ്ച ഫൈനൽ കളിക്കുക. 
2014 ന് ശേഷം ആദ്യമായാണ് സൗദി ഫൈനലിലെത്തുന്നത്. അത്തവണ ഫൈനലിൽ ഖത്തറിനോട് തോൽക്കുകയായിരുന്നു. കഴിഞ്ഞ ഏഷ്യൻ കപ്പിലും സൗദിയെ ഖത്തർ 2-0 ന് തോൽപിച്ചിരുന്നു. രണ്ട് തോൽവിക്കും ദോഹയിൽ അവരുടെ കാണികൾക്കു മുന്നിൽ ഖത്തറിനോട് സൗദി കണക്കു ചോദിച്ചു. 28-ാം മിനിറ്റിൽ അബ്ദുല്ല അൽഹംദാനാണ് സൗദിയുടെ ഗോളടിച്ചത്. 
ഗ്രൂപ്പ് എ ചാമ്പ്യന്മാരെന്ന നിലയി്ൽ അജയ്യരായി വന്ന ഇറാഖിന് കനത്ത നിരാശ പകരുന്നതായി ബഹ്‌റൈനെതിരായ തോൽവി. രണ്ടു തവണ പിന്നിലായ ശേഷമാണ് ബഹ്‌റൈൻ തിരിച്ചടിച്ചത്. ബഹ്‌റൈൻ ആദ്യമായാണ് ഫൈനൽ കളിക്കുക. ആറാം മിനിറ്റിൽ മുഹന്നദ് അലിയിലൂടെ ഇറാഖാണ് ലീഡ് നേടിയത്. എന്നാൽ പതിനാലാം മിനിറ്റിൽ അബ്ദുല്ല അൽഅസ്ഹയിലൂടെ ബഹ്‌റൈൻ തിരിച്ചടിച്ചു. ഇറാഖ് വിട്ടുകൊടുത്തില്ല. നാലു മിനിറ്റിനകം ഇബ്രാഹിം ബായിഷിലൂടെ അവർ ലീഡ് വീണ്ടെടുത്തു. ആദ്യ പകുതി അവസാനിക്കാൻ സെക്കന്റുകൾ മാത്രം അവശേഷിക്കെയാണ് ബഹ്‌റൈൻ വീണ്ടും തുല്യത നേടിയത്. മുഹമ്മദ് മർഹൂനാണ് സ്‌കോർ ചെയ്തത്. ആവേശകരമായ ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയിൽ ഗോൾ പിറന്നില്ല. ഷൂട്ടൗട്ടിൽ ബഹ്‌റൈൻ അഞ്ചു കിക്കും ഗോളാക്കി. ഇറാഖിന് മൂന്നു ഷോട്ടുകളേ ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചുള്ളൂ. 

Latest News