Sorry, you need to enable JavaScript to visit this website.

രക്ഷാകർത്താവിന്റെ ഫൈനൽ എക്‌സിറ്റ് ആശ്രിതർക്കും ബാധകം -ജവാസാത്ത്‌

റിയാദ് - രക്ഷാകർത്താവിന് നൽകുന്ന ഫൈനൽ എക്‌സിറ്റ് അയാളുടെ സ്‌പോൺസർഷിപ്പിൽ രാജ്യത്ത് കഴിയുന്ന ആശ്രിതർക്കും ബാധകമാണെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. കുടുംബനാഥന് ഫൈനൽ എക്‌സിറ്റ് നൽകിയാൽ അത് ഗുണഭോക്താവിന്റെ സ്‌പോൺസർഷിപ്പിൽ രാജ്യത്ത് കഴിയുന്നവർക്കും ബാധകമാണെന്ന് ഉപയോക്താക്കളിൽ ഒരാളുടെ അന്വേഷണത്തിന് മറുപടിയായി ജവാസാത്ത് വ്യക്തമാക്കി. 


താൻ ഫൈനൽ എക്‌സിറ്റ് നേടിയാൽ ആശ്രിത വിസയിൽ കഴിയുന്ന മക്കൾക്കും ഓട്ടോമാറ്റിക് ആയി ഫൈനൽ എക്‌സിറ്റ് ലഭിക്കുമോ, അതല്ല, മക്കൾക്ക് പ്രത്യേകം ഫൈനൽ എക്‌സിറ്റ് നേടേണ്ട ആവശ്യമുണ്ടോയെന്നായിരുന്നു ഉപയോക്താവിന്റെ അന്വേഷണം. 


രക്ഷാകർത്താവ് സൗദി അറേബ്യക്കകത്തും ആശ്രിതരിൽ ഒരാൾ വിദേശത്തായിരിക്കുകയും ചെയ്യുന്ന സന്ദർഭങ്ങളിൽ ഹവിയ്യതു മുഖീം (ഇഖാമ) പുതുക്കുന്നതിന് തടസ്സമില്ല. സൗദി പാസ്‌പോർട്ട് പുതുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി മൂന്നു പ്രവൃത്തി ദിവസത്തിനു ശേഷം ഗുണഭോക്താവിന്റെ പ്രവിശ്യയിലുള്ള ജവാസാത്ത് ഡയറക്ടറേറ്റിനെ സമീപിച്ച് പുതുക്കിയ പാസ്‌പോർട്ട് കൈപ്പറ്റാവുന്നതാണ്. അഞ്ചു വർഷത്തേക്ക് പാസ്‌പോർട്ട് പുതുക്കുന്നതിന് 300 റിയാലും പത്തു വർഷത്തേക്ക് പുതുക്കുന്നതിന് 600 റിയാലുമാണ് ഫീസ് നൽകേണ്ടത്. 21 വയസ്സ് പൂർത്തിയായവർക്കു മാത്രമാണ് പത്തു വർഷത്തേക്ക് പാസ്‌പോർട്ട് പുതുക്കി നൽകുക. പുതിയ പാസ്‌പോർട്ട് ലഭിക്കുന്നതിനും പാസ്‌പോർട്ട് പുതുക്കുന്നതിനും ഗുണഭോക്താക്കളുടെ പേരിൽ ഗതാഗത നിയമ ലംഘനങ്ങൾക്ക് ചുമത്തപ്പെട്ട പിഴകൾ ഒടുക്കാതെ ബാക്കിയുണ്ടാകാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ടെന്നും ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി.  
 

Latest News