മല്ലന്മാര്‍ ദിര്‍ഇയയില്‍

റിയാദ് - ശനിയാഴ്ച നടക്കുന്ന ലോക ഹെവിവെയ്റ്റ് ബോക്‌സിംഗ് റീമാച്ചിന് മുന്നോടിയായി നിലവിലെ ചാമ്പ്യന്‍ ആന്‍ഡി റൂയിസ് ജൂനിയറും എതിരാളി ആന്റണി ജോഷ്വയും സൗദി അറേബ്യയിലെത്തി. ജൂണില്‍ ന്യൂയോര്‍ക്കില്‍ ജോഷ്വയെ റൂയിസ് തോല്‍പിച്ചത് ഹെവിവെയ്റ്റ് ബോക്‌സിംഗിലെ വന്‍ അട്ടിമറികളിലൊന്നായിരുന്നു. ഇത്തവണ കിരീടം വീണ്ടെടുക്കാനുള്ള സമ്മര്‍ദ്ദം ജോഷ്വക്കായിരിക്കുമെന്ന് റൂയിസ് വാദിച്ചു. അമേരിക്കയില്‍ ജനിച്ച റൂയിസ് മെക്‌സിക്കോക്കാരനായാണ് മത്സരിക്കുന്നത്. ജൂണിലെ വിജയത്തോടെ ഡബ്ല്യു.ബി.എ, ഐ.ബി.എഫ്, ഡബ്ല്യു.ബി.ഒ കിരീടങ്ങള്‍ റൂയിസ് പിടിച്ചെടുത്തിരുന്നു. 
ദിര്‍ഇയയിലെ പോരാട്ടത്തെ മണല്‍ക്കുന്നുകളിലെ മല്‍പിടുത്തം എന്നാണ് പേരിട്ടിരിക്കുന്നത്. കൂടുതല്‍ വിജയം വേണമെന്ന് ആഗ്രഹമുണ്ടെങ്കിലും താന്‍ സ്വപ്‌നം കരഗതമാക്കിക്കഴിഞ്ഞുവെന്ന് റൂയിസ് പറഞ്ഞു. അതിനാല്‍ സമ്മര്‍ദ്ദമില്ല. സമ്മര്‍ദ്ദം മുഴുവന്‍ ജോഷ്വക്കാണ് -റൂയിസ് വാദിച്ചു. 
സൗദിയിലെത്തിയതില്‍ അതിയായ സന്തോഷമുണ്ടെന്ന് റൂയിസ് പറഞ്ഞു. എല്ലാവരും എന്നെ ഊഷ്മളമായി സ്വീകരിക്കുന്നു. ഇവിടത്തെ വിഭവങ്ങള്‍ സ്വാദിഷ്ടമാണ് -റൂയിസ് പറഞ്ഞു. 

Latest News