Sorry, you need to enable JavaScript to visit this website.

'ബാലന്‍ഡാറി'ല്‍ മിന്നി മെസ്സി

പാരിസ് - പ്രവചിക്കപ്പെട്ടതു പോലെ ലിയണല്‍ മെസ്സി 2015 നു ശേഷം ആദ്യമായി ലോകത്തിലെ മികച്ച ഫുട്‌ബോളര്‍ക്കുള്ള ബാലന്‍ഡോര്‍ ബഹുമതി വീണ്ടെടുത്തു. റെക്കോര്‍ഡായ ആറാം തവണ ഫ്രാന്‍സ് ഫുട്‌ബോള്‍ മാഗസിന്റെ ലോക ബഹുമതി ബാഴ്‌സലോണ സൂപ്പര്‍ താരം സ്വന്തമാക്കുന്നത്. ലോകത്തിലെ പ്രമുഖരായ 180 സ്‌പോര്‍ട്‌സ് ജേണലിസ്റ്റുകളാണ് വിജയിയെ തെരഞ്ഞെടുത്തത്. അമേരിക്കയുടെ ലോകകപ്പ് ചാമ്പ്യന്‍ മെഗാന്‍ റാപിനോയാണ് മികച്ച വനിതാ താരം. ഇവര്‍ ഇരുവരും തന്നെയാണ് മികച്ച കളിക്കാര്‍ക്കുള്ള ഫിഫയുടെ 'ദ ബെസ്റ്റ്' ബഹുമതിയും സ്വന്തമാക്കിയത്. എന്നാല്‍ യുവേഫ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തത് ലിവര്‍പൂളിന്റെ ഡച്ച് ഡിഫന്റര്‍ വിര്‍ജില്‍ വാന്‍ഡെക്കിനെയായിരുന്നു. ബാലന്‍ഡോറിലും വാന്‍ഡെക്കിനെയാണ് മെസ്സി മറികടന്നത്. ക്രിസ്റ്റിയാനൊ റൊണാള്‍ഡൊ മൂന്നാമതെത്തി. 2010 നു ശേഷം ആദ്യമായാണ് ക്രിസ്റ്റിയാനൊ രണ്ടിനപ്പുറത്തേക്കു പോവുന്നത്. വാന്‍ഡെക് നിരാശനായെങ്കിലും മികച്ച ഗോള്‍കീപ്പര്‍ക്കായി ഈ വര്‍ഷം ഏര്‍പ്പെടുത്തിയ ലെവ് യാഷിന്‍ ബഹുമതി ലിവര്‍പൂളിന്റെ ബ്രസീല്‍ താരം ആലിസന് ലഭിച്ചു. മികച്ച യുവ താരമായി ഡച്ച് ഡിഫന്റര്‍ മതിസ് ഡിലൈറ്റ് തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ സീസണില്‍ അയാക്‌സിന് കളിച്ച ഡിലൈറ്റ് ഇപ്പോള്‍ യുവന്റസിന്റെ പിന്‍നിരയിലാണ്. കഴിഞ്ഞ വര്‍ഷം കീലിയന്‍ എംബാപ്പെക്കാണ് ഈ ബഹുമതി കിട്ടിയത്. 
ആറാം ബാലന്‍ഡോറോടെ മെസ്സി ബദ്ധവൈരി ക്രിസ്റ്റിയാനൊ റൊണാള്‍ഡോയെ പിന്നിലാക്കി. 
ഈ വര്‍ഷം 54 കളികളില്‍ മെസ്സി 46 ഗോളടിച്ചു. ബാഴ്‌സലോണ സ്പാനിഷ് ലീഗ് ചാമ്പ്യന്മാരായ കഴിഞ്ഞ സീസണില്‍ 34 ലാ ലിഗ മത്സരങ്ങളില്‍ 36 ഗോളുണ്ട്. കോപ അമേരിക്കയില്‍ അര്‍ജന്റീന ജഴ്‌സിയില്‍ തിളങ്ങാനായില്ലെങ്കിലും ചാമ്പ്യന്‍സ് ലീഗില്‍ 12 ഗോളോടെ ടോപ്‌സ്‌കോററായി. 
 

Latest News