Sorry, you need to enable JavaScript to visit this website.

നാട്യലഹരിയുടെ ചതുര്‍ദിനങ്ങള്‍ക്ക് കൊടിയിറക്കം

ദുബായ്- ഇന്റര്‍നാഷനല്‍ കഥകളി, കൂടിയാട്ടം ഉത്സവ (ഐ.കെ.കെ.എഫ്)ത്തിന് തിങ്കളാഴ്ച സമാപനം. ട്രഡീഷന്‍സ് ലൈവ് സംഘടിപ്പിച്ച മൂന്നാംദിവസത്തെ അവതരണങ്ങളില്‍ ശൂര്‍പ്പണഖാങ്കം കൂടിയാട്ടത്തില്‍ ലളിതയായി ഉഷാനങ്ങ്യാരും ശൂര്‍പ്പണഖയായി രജനീഷ് ചാക്യാരും ആസ്വാദക ഹൃദയങ്ങളില്‍ സ്ഥാനംപിടിച്ചു.
ആദ്യ കഥകളിയായി നളചരിതം നാലാംദിവസം അവതരിപ്പിക്കപ്പെട്ടു. പീശപ്പിള്ളി രാജീവന്‍ ബാഹുകനായും കലാമണ്ഡലം ഷണ്‍മുഖദാസ് ദമയന്തിയായും രംഗത്തെത്തി.
ഹനുമാന്‍ കേന്ദ്രകഥാപാത്രമായ ലവണാസുരവധമാണ് തുടര്‍ന്ന് അവതരിപ്പിച്ചത്. കലാമണ്ഡലം പ്രദീപ്കുമാര്‍ ഹനുമാനായും കോട്ടയ്ക്കല്‍ പ്രദീപും കലാമണ്ഡലം വിപിനും കുശലവന്മാരുമായും രംഗത്തെത്തി ചിട്ടവിടാതെയുള്ള കുട്ടിത്തം തുളുമ്പുന്ന ചുവടുകള്‍വച്ചതും അതിനു മേളക്കാര്‍ നല്‍കിയ സംയോഗവും ഹൃദ്യമായ അനുഭവമായി.
പതിമ്മൂന്നാം വര്‍ഷത്തിലെ ഉത്സവത്തിലെ അവസാന തായമ്പക തുടര്‍ന്ന് അരങ്ങേറി. പനമണ്ണ ശശിയും മട്ടന്നൂര്‍ ശ്രീരാജും ചേര്‍ന്നൊരുക്കിയ തായമ്പക പഞ്ചാരിക്കൂറിന്റെയും ചമ്പക്കൂറിന്റെയും മാധുര്യം മറക്കാനാകാത്ത വാദ്യവിരുന്നൊരുക്കി. തിങ്കളാഴ്ച രാത്രി പഞ്ചവാദ്യത്തോടെയാണ് സമാപനം.

 

Latest News