രണ്ട് കേരളാ താരങ്ങള്‍ രണ്ടാം റൗണ്ടില്‍

കണ്ണൂര്‍ - മുണ്ടയാട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ആരഭിച്ച ദേശീയ സീനിയര്‍ വനിതാ ബോക്‌സിംഗിന്റെ ആദ്യ ദിനം കേരളത്തിന്റെ രണ്ട് താരങ്ങള്‍ രണ്ടാം റൗണ്ടില്‍ കടന്നു. 45-48 കിലൊ വിഭാഗത്തില്‍  അഞ്ജു സാബു ബംഗാളിലെ മനിക കുമാരിയേയും 48-51 കിലൊ വിഭാഗത്തില്‍ അനന്യ ദാസ് ഒഡീഷയിലെ സന്ധ്യാറാണി ദാസിനേയും പരാജയപ്പെടുത്തി. ഇന്നലെ പത്തു വിഭാഗങ്ങളില്‍ മത്സരങ്ങള്‍ നടന്നു.
കണ്ണൂര്‍ ഇതാദ്യമായാണ് ഇത്തരമൊരു മേളക്ക് വേദിയാവുന്നത്. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ചാമ്പ്യന്‍ഷിപ് ഉദ്ഘാടനം ചെയ്തു. കായിക രംഗത്ത് കേരളത്തിന് വലിയ സാധ്യതകളുണ്ടെന്നും ദേശീയ, അന്തര്‍ദേശീയ മത്സരങ്ങള്‍ നടത്താനുള്ള അടിസ്ഥാന സൗകര്യം കേരളത്തിലുണ്ടെന്നും അദേഹം പറഞ്ഞു. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ഒ.കെ.വിനീഷ് അടക്കമുള്ളവര്‍ സംബന്ധിച്ചു.
ദേശീയ ബോക്‌സിംഗ് ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ ജയ്‌കോ കോഹ്‌ലി പതാക ഉയര്‍ത്തിയതോടെയാണ് ചാമ്പ്യന്‍ഷിപ്പിന് തുടക്കമായത്. 

Latest News