Sorry, you need to enable JavaScript to visit this website.
Tuesday , July   07, 2020
Tuesday , July   07, 2020

പുര നിറഞ്ഞു നിൽക്കുന്ന കത്രീന

മലയാള സിനിമാ രംഗം വീണ്ടും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നു. കലാകാരന്മാരും കലാകാരികളും ലഹരിക്കടിപ്പെട്ടിട്ടുണ്ടോയെന്നതാണ് ചർച്ചാ വിഷയം. 
സിനിമാ സെറ്റുകളിൽ ലഹരി ഉപയോഗമുണ്ടെന്ന് അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ബാബുരാജ് ദൃശ്യ മാധ്യമത്തിന്റെ അഭിമുഖത്തിൽ പറഞ്ഞു. സെറ്റിൽ പോലീസ് പരിശോധനയുണ്ടായാൽ പലരും കുടുങ്ങുമെന്നും ബാബുരാജ് പറഞ്ഞു. 
മംഗളം ടി.വിയും പ്രമുഖ ഓൺലൈൻ മാധ്യമവും വെളിപ്പെടുത്തുന്നത് കൂടുതൽ അപകടകരമായ കാര്യങ്ങളാണ്. പുതുതലമുറയിലെ ചില താരങ്ങൾ മയക്കു മരുന്നുപയോഗിക്കുന്നുണ്ടെന്ന നിർമാതാക്കളുടെ ആരോപണത്തിന് പിന്നാലെയാണ്  ബാബുരാജിന്റെ  പ്രതികരണം. സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം ഇപ്പോൾ ഫാഷനായി മാറിയിരിക്കുകയാണെന്നും ബാബുരാജ് പറഞ്ഞു. എൽ.എസ്.ഡിയേക്കാൾ രൂക്ഷമായ മയക്കുമരുന്നുകളും താരങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലഹരി ഉപയോഗിക്കാത്തവർ ഒന്നിനും കൊള്ളാത്തവരാണെന്നാണ് ഇവരുടെ നിലപാട്. നിർമാതാക്കൾ പറയുന്നതിൽ സത്യമുണ്ടെന്നും ബാബുരാജ് വ്യക്തമാക്കി. സിനിമാ രംഗത്തെ അനഭിലഷണീയ പ്രവണതകൾ ഏഷ്യാനെറ്റ് ന്യൂസ് അവറിൽ ചർച്ച ചെയ്തപ്പോൾ ലിബർട്ടി ബഷീറുൾപ്പെടെയുള്ളവർ പങ്കെടുത്തു. 
കള്ളപ്പണമാണ് സിനിമാ നിർമാണത്തിന് ഒഴുകിയെത്തുന്നതെന്ന പരാമർശവും ചർച്ചയിൽ കേട്ടു. നോട്ട് റദ്ദാക്കലിന് ശേഷം കാര്യങ്ങൾ മാറിയെന്ന് പിന്നീട് തിരുത്തിയെങ്കിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെയും ആദായ നികുതി വകുപ്പിലെയും ഇന്റലിജൻസ് വിഭാഗങ്ങൾക്ക് പണി കൂടും, തീർച്ച. ഷെയ്ൻ നിഗം എന്ന യുവതാരത്തിന് മൂല്യം വർധിച്ചു വരികയാണ്. പുതിയ താലമുറ താരങ്ങളിൽ ദുൽഖർ കഴിഞ്ഞാൽ ഏറ്റവും ഫാൻസുള്ള നടനാണ്. അബിയുടെ മകനെന്ന നിലയിൽ ആശ്രിത നിയമനത്തിലൂടെ വന്നതൊന്നുമല്ല. പല ചിത്രങ്ങളിലും കഴിവ്  തെളിയിച്ച നടനാണ്. ഒപ്പം വന്ന മറ്റു താരപുത്രന്മാർ ശോഭിക്കാതെ പോയപ്പോഴാണ് ഷെയ്ൻ മികവ് പുലർത്തുന്നത്. യുവനടൻ ഷെയ്ൻ നിഗത്തെ നിർമാതാക്കളുടെ സംഘടന വിലക്കിയതോടെ വിവാദം കത്തിപ്പടരുകയാണ്. ഷെയ്ൻ നിഗത്തെ പിന്തുണച്ചും വിമർശിച്ചും സിനിമാ രംഗം രണ്ടായി തിരിഞ്ഞിരിക്കുന്നു. ഷെയ്‌നിന്റെ ഭാഗത്ത് നിന്നുണ്ടായ അച്ചടക്കമില്ലായ്മ തെറ്റാണെന്നും എന്നാൽ വിലക്കി ഒറ്റപ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്നും സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയ സംവിധായകൻ വിനയൻ പ്രതികരിച്ചു.  

***      ***      ***

സവാള വില കുത്തനെ ഉയരുമ്പോൾ ട്രക്കിൽ കയറ്റിയയച്ച 40 ടൺ സവാള കൊള്ളയടിച്ചു. മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്ന് ഉത്തർപ്രദേശിലെ ഗോരഖ്പുരിലേക്ക് കയറ്റി അയച്ച സവാളയാണ് കൊള്ളയടിച്ചത്. 22 ലക്ഷം രൂപ വില വരുന്ന സവാളയായിരുന്നു ട്രക്കിലുണ്ടായിരുന്നത്. ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേ ടി.വി സംപ്രേഷണം ചെയ്ത വാർത്തയാണിത്. ഇന്ത്യയുടെ പല ഭാഗങ്ങളിലും ഉള്ളി കച്ചവടക്കാരാണ് വി.ഐ.പികൾ. നവംബർ 11 നു നാസിക്കിൽ നിന്ന് സവാളയുമായി പുറപ്പെട്ട വാഹനം  കഴിഞ്ഞ 22 ന് ഗോരഖ്പുരിലേക്ക് എത്തേണ്ടതായിരുന്നു. ചരക്കുമായി വാഹനം എത്താത്തതിനെ തുടർന്ന് മൊത്തക്കച്ചവടക്കാരൻ പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സോൻഭദ്ര ജില്ലയിലെ തെണ്ഡു പോലീസ് സ്‌റ്റേഷൻ പരിധിയിൽ ഒഴിഞ്ഞ സ്ഥലത്ത് ട്രക്ക് പാർക്ക് ചെയ്ത നിലയിൽ കണ്ടെത്തിയത്. എന്നാൽ ട്രക്കിനുള്ളിൽ സവാള ഇല്ലായിരുന്നു. സവാളക്ക് മൊത്തക്കച്ചവട കേന്ദ്രങ്ങളിൽ 100 രൂപയും ചില്ലറ വിൽപന കേന്ദ്രങ്ങളിൽ 120 രൂപയുമാണ്  ശരാശരി നിരക്ക്. ഒക്ടോബർ അവസാനം 45 രൂപയായിരുന്നതാണ് ഒരു മാസം ആയപ്പോഴേക്കും ഇത്രയും കുതിച്ചുയർന്നത്.
 
***      ***      ***

യൂബറിൽ യാത്ര ചെയ്യുന്നതും സിഗ്ഗിയിൽ ഭക്ഷണത്തിന് ഓർഡർ ചെയ്യുന്നതും കേരളീയ നഗരങ്ങളിൽ പതിവായിരിക്കുന്നു. ഉപോഭാക്താക്കൾക്കെന്ന പോലെ ഹോട്ടലുകാർക്കും ഇതൊരു അനുഗ്രഹമാണ്. നമ്മുടെ അഭിരുചിക്കൊത്ത ഭോജനശാലയിലെ വിഭവങ്ങൾ ഓർഡർ ചെയ്യാം. ഓൺലൈൻ ഭക്ഷണത്തിലെ ചതിക്കുഴികളെ കുറിച്ചും റിപ്പോർട്ടുകളുണ്ടായിരുന്നു. സിഗ്ഗിയിൽ ചിക്കന് ഓർഡർ ചെയ്ത കോഴിക്കോട് പട്ടേരിയിലെ വീട്ടമ്മയുടെ അനുഭവം ന്യൂസ് 18 സംപ്രേഷണം ചെയ്തു. മലബാർ കാറ്ററിംഗിന് പകരം വൃത്തിഹീനമായ ഏതോ കേന്ദ്രത്തിൽ തയാറാക്കിയ വേവാത്ത കോഴി മാംസമാണ് കസ്റ്റമർക്ക് ലഭിച്ചത്. ചാനലിന്റെ വാർത്താ സംഘം വെള്ളയിൽ ഭാഗത്തെ മലബാർ കാറ്ററിംഗ് എന്ന സ്ഥാപനം കണ്ടെത്തി. അവർക്ക് പക്ഷേ, ഓൺലൈൻ ഫുഡ് സപ്ലൈ ചെയ്യുന്ന പരിപാടി ഇല്ല. ഓർഡർ പ്രകാരം പാർട്ടികൾക്കുള്ള വിഭവങ്ങൾ തയാറാക്കുന്വരാണ്. നല്ല സാധ്യതയുള്ള ഒരു ഫീൽഡാണ് കള്ള നാണയങ്ങൾ നശിപ്പിക്കുന്നത്. 

***      ***      ***

ഓൺലൈൻ വാർത്താ മാധ്യമങ്ങളുടെ രജിസ്‌ട്രേഷൻ കേന്ദ്ര സർക്കാർ നിർബന്ധമാക്കുന്നു. ദിനപത്രങ്ങൾ രജിസ്റ്റർ ചെയ്യുന്ന മാതൃകയിൽ ഇന്ത്യൻ ന്യൂസ് പേപ്പർ രജിസ്ട്രാർ സമക്ഷം ഓൺലൈൻ മാധ്യമങ്ങളും രജിസ്റ്റർ ചെയ്തിരിക്കണമെന്ന് നിർബന്ധമാക്കുന്ന നിയമ നിർമാണത്തിനാണ് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രാലയം ഒരുങ്ങുന്നത്. രജിസ്‌ട്രേഷനില്ലാത്ത വാർത്താ വെബ്‌സൈറ്റുകളുടെ പ്രവർത്തനം പുതിയ നിയമം നിലവിൽ വരുന്നതോടെ നിയമ വിരുദ്ധമായി മാറും. ഓൺലൈൻ മാധ്യമങ്ങളിൽ വരുന്ന നിയമ വിരുദ്ധ ഉള്ളടക്കങ്ങൾ നിരീക്ഷിക്കപ്പെടുകയും നിയന്ത്രിക്കപ്പെടുകയും മാധ്യമ സ്ഥാപന ഉടമ വാർത്തകൾക്കെല്ലാം ഉത്തരവാദിയാവുകയും ചെയ്യും. ഇതുമായി ബന്ധപ്പെട്ട രജിസ്‌ട്രേഷൻ ഓഫ് പ്രസ് ആന്റ് പിരിയോഡിക്കൽ (ആർ.പി.പി) ബിൽ 2019 ന്റെ കരട് രൂപം ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 
നിലവിലുള്ള 1867 ലെ പ്രസ് ആന്റ് രജിസ്‌ട്രേഷൻ ഓഫ് ബുക്‌സ് (പി.ആർ.ബി) ചട്ടങ്ങൾ ഇതോടെ ഒഴിവാക്കപ്പെടും. ഇന്റർനെറ്റ്, മൊബൈൽ നെറ്റ് വർക്ക്, കംപ്യൂട്ടർ എന്നിവ വഴി പ്രചരിക്കുന്ന ടെക്സ്റ്റ്, ശബ്ദം, വീഡിയോ, ഗ്രാഫിക്‌സ് ഉൾപ്പെടുന്ന വാർത്താ ഉള്ളടക്കങ്ങൾ എന്നർത്ഥമാക്കുന്ന 'ന്യൂസ് ഓൺ ഡിജിറ്റൽ മീഡിയ' എന്ന വിശാലാർഥത്തിലുള്ള നിർവചനമാണ് ഓൺലൈൻ മാധ്യമങ്ങൾക്ക് ബില്ലിൽ നൽകിയിരിക്കുന്നത്.

***      ***      ***

ബോളിവുഡിൽ നിന്ന് കത്രീന നായികയായ മറ്റൊരു പ്രണയ കഥയാണ് ആജ് തക് ചാനലിന്റെ എന്റർടെയിൻമെന്റ് ന്യൂസിൽ കണ്ടത്. സൽമാൻ ഖാൻ, രൺബീർ കപൂർ എന്നിവർക്ക് ശേഷം കത്രീന കൈഫിന്റെ കാമുക സ്ഥാനത്തെത്തിയത് യുവനായകൻ വിക്കി കൗശൽ ആണ്. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്നും ഉടൻ വിവാഹിതരാകുമെന്നുമാണ് ബോളിവുഡിൽ നിന്നുള്ള പുതിയ വാർത്ത.  ഇരുവരും ഒരുമിച്ചുള്ള ദീപാവലി ഡിന്നർ ഡേറ്റ് ചിത്രങ്ങൾ പ്രചരിച്ചതോടെയാണ് ഇവർ പ്രണയത്തിലാണെന്ന ഗോസിപ്പുകൾ പരക്കാൻ തുടങ്ങിയത്.
ഒരു അവാർഡ് ദാന ചടങ്ങിൽ, മുൻ കാമുകൻ സൽമാന്റെ സന്നിധ്യത്തിൽ വിക്കി കത്രീനയെ പ്രൊപ്പോസ് ചെയ്തത് വാർത്തയായിരുന്നു. 'എന്നെപ്പോലെ സുമുഖനായൊരു ചെറുപ്പക്കാരനെ കണ്ടെത്തി നിങ്ങൾക്ക് എന്തുകൊണ്ട് വിവാഹം ചെയ്തു കൂടാ? ഇപ്പോൾ വിവാഹങ്ങളുടെ കാലമാണല്ലോ . നിങ്ങളും വിവാഹം ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. അതിനാലാണ് ഞാനിത് ചോദിക്കുന്നത്' എന്നു പറഞ്ഞുകൊണ്ടായിരുന്നു വിക്കിയുടെ പ്രൊപ്പോസൽ.
വിക്കിയോടൊപ്പം അഭിനയിക്കാൻ ഇഷ്ടമാണെന്നും തങ്ങൾ ബോളിവുഡിലെ മികച്ച ജോഡിയായിരിക്കുമെന്നും കത്രീനയും ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു. ഇത്തവണ ഒരുമിച്ചാണ് താരങ്ങൾ അമേരിക്കയിൽ പുതുവർഷം ആഘോഷിക്കുന്നത്. ഇതോടെ ഭാരതീയരെ അലട്ടിയ വലിയൊരു പ്രശ്‌നത്തിന് പരിഹാരമാവുമെന്ന് പ്രതീക്ഷിക്കാം. 
 
***      ***      ***

ലൈംഗിക അതിക്രമത്തിന് ആണുങ്ങളെ മാത്രം കുറ്റപ്പെടുത്താനാവില്ലെന്ന് സംവിധായകനും അഭിനേതാവുമായ ഭാഗ്യരാജ്. സ്ത്രീകളുടെ ദൗർബല്യങ്ങളെ മുതലെടുക്കാൻ പുരുഷന്മാർക്ക് അവസരം നൽകുന്നത് സ്ത്രീകൾ തന്നെയാണെന്നും സ്ത്രീകളുടെ അവിഹിത ബന്ധങ്ങൾ ഭർത്താവിനെ കൊലപ്പെടുത്തുന്നതിലേക്കു വരെ എത്തുമെന്നും ഭാഗ്യരാജ് പറഞ്ഞു. ഒരു തമിഴ് സിനിമയുടെ മ്യൂസിക് ലോഞ്ചിനിടെയായിരുന്നു ഭാഗ്യരാജിന്റെ വിവാദ പരാമർശങ്ങൾ. സ്ത്രീകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നും പണ്ടു കാലത്ത് സ്ത്രീകൾക്ക് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നെന്നും ഭാഗ്യരാജ് പറഞ്ഞുവെന്ന് ദിനതന്തി ടി.വി റിപ്പോർട്ട് ചെയ്തു. മൊബൈൽ ഫോണുകളുടെ വരവോടെ സ്ത്രീകൾക്ക് ആത്മനിയന്ത്രണം നഷ്ടപ്പെട്ടു. ലൈംഗിക കുറ്റകൃത്യങ്ങളിൽ ഇരകളാക്കപ്പെട്ട സ്ത്രീകളും ഒരേപോലെ ഉത്തരവാദികളാണ്. 
വിവാദമായ പൊള്ളാച്ചി കേസിലെ പ്രതികളെയും ഭാഗ്യരാജ് ന്യായീകരിച്ചു. പൊള്ളാച്ചി കേസിൽ ആൺകുട്ടികളെ മാത്രം തെറ്റ് പറയാൻ കഴിയില്ല. പെൺകുട്ടികളുടെ ബലഹീനത അവർ ഉപയോഗപ്പെടുത്തി. നിങ്ങൾ അവർക്ക് ആ അവസരം നൽകി, അതൊരു വലിയ തെറ്റാണ്. സ്ത്രീകൾ നല്ല രീതിയിൽ പെരുമാറിയാൽ ഇതൊന്നും സംഭവിക്കില്ലെന്നും ഭാഗ്യരാജ് അഭിപ്രായപ്പെട്ടു. 

       ***      ***      ***

കേരള മുഖ്യമന്ത്രിയും സംഘവും ഏതാനും മാസങ്ങൾക്കപ്പുറം  യൂറോപ്യൻ നാടുകളിൽ പര്യടനം നടത്തി. ഈ സന്ദർശനത്തിൽ നെതർലാൻഡ്‌സ് ഉൾപ്പെടുത്തിയതിന്റെ ഗുണഫലം കേരളത്തിന് ലഭിക്കുമെന്നും പ്രചാരണമുണ്ടായിരുന്നു. നെതർലാൻഡ്‌സിന് ആവശ്യത്തിന് നഴ്‌സുമാരെ ലഭിക്കുന്നില്ല. നമുക്കാണെങ്കിൽ വേണ്ടതിലേറെയുണ്ടുതാനും. ആദ്യ ബാച്ചെന്ന നിലയിൽ മുപ്പതിനായിരം നഴ്‌സുമാർ കടൽ കടക്കുമെന്നായിരുന്നു കാമ്പയിൻ. ഇതെല്ലാം വിശ്വസിച്ച അവിടത്തെ രാജാവും പരിവാരവും കേരളത്തിലെത്തിയപ്പോൾ കൊച്ചിയിലെ തകർന്നടിഞ്ഞ റോഡുകൾ യുദ്ധ കാലാടിസ്ഥാനത്തിലാണ് നമ്മൾ റിപ്പയർ ചെയ്തത്. മംഗളം ടി.വി റിപ്പോർട്ട് പ്രകാരം മലയാളി മങ്കമാർ തൽക്കാലം പറക്കേണ്ടതില്ല. നെതർലാൻഡ്‌സ് ആരോഗ്യ മേഖലയിലേക്ക് ഇന്ത്യയിൽ നിന്ന് ആരെയും റിക്രൂട്ട് ചെയ്യാൻ ഉദ്ദേശിക്കുന്നില്ലപോലും. ആളെ വേണമെങ്കിൽ തന്നെ യൂറോപ്പിൽ നിന്ന് എടുത്തോളും. ഡച്ച് ഭാഷ അറിയാത്തവരെ നിയമിക്കാൻ തൽക്കാലം ഉദ്ദേശിക്കുന്നില്ല. നമുക്ക് മധുരം മലയാളം പറഞ്ഞിരിക്കാം.
 

Latest News