ഗ്ലാമര്‍ താരം നമിത ബി.ജെ.പിയില്‍

ചെന്നൈ- തമിഴകത്തും ഇതുവരെ ചുവടുറപ്പിക്കാനാവാത്ത ബിജെപിയ്ക്ക് ഗ്ലാമര്‍ മുഖം നല്‍കി ഗുജറാത്തിലെ  സൂറത്ത് സ്വദേശി പഴയ തെന്നിന്ത്യല്‍ മാദക റാണി നമിത ബി.ജെ.പിയില്‍ ചേര്‍ന്നു. ചെന്നൈയില്‍ ബി.ജെ.പി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നഡ്ഡയുടെ സാന്നിധ്യത്തിലായിരുന്നു അവരുടെ പാര്‍ട്ടി പ്രവേശം. ഭര്‍ത്താവ് വീരേന്ദ്ര ചൗധരിക്കൊപ്പമാണ് താരം അംഗത്വമെടുക്കാന്‍ എത്തിയത്.2016 ല്‍ എ.ഐ.ഡി.എം.കെ.യില്‍ നമിത അംഗത്വം എടുത്തിരുന്നു. തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ സാന്നിധ്യത്തിലായിരുന്നു താരം എ.ഐ.ഡി.എം.കെ.യില്‍ ചേര്‍ന്നത്.
മൂന്നുവര്‍ഷത്തിനു ശേഷമാണ് ഈ വര്‍ഷം അവരുടെ ഒരു സിനിമ പുറത്തിറങ്ങുന്നത്. തമിഴ്, കന്നഡ, തെലുങ്ക് സിനിമകളില്‍ സജീവമായിരുന്ന അവര്‍ 2016ല്‍ മലയാള സിനിമയായ പുലിമുരുകനില്‍ അഭിനയിച്ചിരുന്നു. ഇതിനു ശേഷം പുറത്തിറങ്ങുന്ന ആദ്യ സിനിമയാണ് ഈ വര്‍ഷത്തേത്.
പുലിമുരുകനെക്കൂടാതെ ബ്ലാക്ക് സ്റ്റാലിയന്‍ എന്ന മലയാള സിനിമയിലും അവര്‍ അഭിനയിച്ചിട്ടുണ്ട്. കൂടാതെ ഓരോ ഹിന്ദി, ഇംഗ്ലീഷ് സിനിമകളിലും സാന്നിധ്യമറിയിച്ചു. 2017ല്‍ ബിഗ് ബോസ് തമിഴ് സീസണ്‍ ഒന്നില്‍ അവര്‍ മത്സരാര്‍ഥിയായിരുന്നു.2008ല്‍ നമിതയുടെ പേരില്‍ അവരുടെ ആരാധകന്‍ കോയമ്പത്തൂരില്‍ ഒരു ക്ഷേത്രം നിര്‍മിച്ചത് വാര്‍ത്തയായിരുന്നു.

Latest News