മനാമ- ആഡംബര ഇന്ത്യന്‍ കല്യാണത്തിന് ഒരുങ്ങി മനാമ. വിവാഹത്തില്‍ പങ്കെടുക്കാന്‍ 200 അതിഥികള്‍ ഇതിനകം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് രാജ്യത്ത് എത്തിയിട്ടുണ്ട്. പരിപാടിക്ക് അല്‍ അരീന്‍ പാലസ്, സ്പാ, ലോസ്റ്റ് പാരഡൈസ് ഓഫ് ദില്‍മണ്‍ (എല്‍പിഒഡി) എന്നിവ ബുക്ക് ചെയ്തിട്ടുണ്ട്. വിവാഹ അലങ്കാരങ്ങള്‍ നടത്തിയത് ഇവന്റോക്‌സ് ഇവന്റ് മാനേജ്‌മെന്റ് ആണ്.
മഹത്തായ ഇന്ത്യന്‍ വിവാഹങ്ങളുടെ പ്രീമിയം ഡെസ്റ്റിനേഷനായി കിംഗ്ഡം മുന്നേറുകയാണെന്ന് ബഹ്‌റൈന്‍ ടൂറിസം ആന്‍ഡ് എക്‌സിബിഷന്‍ അതോറിറ്റി (ബി.ടി.ഇ.എ) അഭിപ്രായപ്പെട്ടു. എക്‌സ്‌ക്ലൂസീവ് വിവാഹങ്ങള്‍, വിവാഹ നിശ്ചയം, വാര്‍ഷികങ്ങള്‍, മധുവിധു, ജന്മദിനങ്ങള്‍ എന്നിവയും അതിലേറെയും ലക്ഷ്യമാക്കിയിട്ടുള്ള ബി.ടി.ഇ.എ ടീം ഇവന്റ് മാനേജ്‌മെന്റ് കമ്പനികളുമായും ഇന്ത്യന്‍ വിവാഹ വിപണിയിലെ മറ്റ് നിരവധി ഘടകങ്ങളുമായും ഏകോപിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രി സായിദ് അല്‍ സയാനിയുടെ അധ്യക്ഷതയില്‍ ബഹ്‌റൈന്‍ ടൂറിസം ആന്‍ഡ് എക്‌സിബിഷന്‍ അതോറിറ്റി (ബിടിഇഎ) മുന്‍ സി.ഇ.ഒ ശൈഖ് ഖാലിദ് ബിന്‍ ഹമൂദ് അല്‍ ഖലീഫയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ബി.ടി.ഇ.എ യോഗത്തിലാണ് രാജ്യത്തെ വരേണ്യ വിവാഹങ്ങളുടെ ലക്ഷ്യസ്ഥാനമാക്കി മാറ്റാനുള്ള ആശയം പിറന്നത്. ഇത്തരം പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിലും സംഘടിപ്പിക്കുന്നതിലും ബി.ടി.ഇ.എ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.”