കത്രീന യുവനായകനുമായി പ്രണയത്തില്‍?  പുതുവര്‍ഷ ആഘോഷം ഇത്തവണ ഒരുമിച്ച്

മുംബൈ-ബോളിവുഡില്‍ നിന്ന് കത്രീന നായികയായ മറ്റൊരു പ്രണയകഥ കൂടി പുറത്ത്. സല്‍മാന്‍ഖാന്‍, രണ്‍ബീര്‍ കപൂര്‍ എന്നിവര്‍ക്ക് ശേഷം കത്രീന കൈഫിന്റെ കാമുക സ്ഥാനത്തു എത്തിയത് യുവനായകന്‍ വിക്കി കൗശല്‍ ആണ്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകുമെന്നുമാണ് ബോളിവുഡില്‍ നിന്നുള്ള പുതിയ വാര്‍ത്ത വിശേഷം. ഇരുവരും ഒരുമിച്ചുള്ള ദീപാവലി ഡിന്നര്‍ ഡേറ്റ് ചിത്രങ്ങള്‍ പ്രചരിച്ചതോടെയാണ് ഇവര്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പരക്കാന്‍ തുടങ്ങിയത്.
ഒരു അവാര്‍ഡ് ദാന ചടങ്ങില്‍, മുന്‍ കാമുകന്‍ സല്‍മാന്റെ സന്നിധ്യത്തില്‍ വിക്കി കത്രീനയെ പ്രൊപ്പോസ് ചെയ്തത് വാര്‍ത്തയായിരുന്നു. 'എന്നെപ്പോലെ സുമുഖനായൊരു ചെറുപ്പക്കാരനെ കണ്ടെത്തി നിങ്ങള്‍ എന്ത് കൊണ്ട് വിവാഹം ചെയ്തു കൂടെ? ഇപ്പോള്‍ വിവാഹങ്ങളുടെ കാലമാണല്ലോ . നിങ്ങളും വിവാഹം ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. അതിനാലാണ് ഞാനിത് ചോദിക്കുന്നത്' എന്ന് പറഞ്ഞു കൊണ്ടായിരുന്നു വിക്കിയുടെ പ്രൊപ്പോസല്‍.
വിക്കിയോടൊപ്പം അഭിനയിക്കാന്‍ ഇഷ്ടമാണെന്നും, തങ്ങള്‍ ബോളിവുഡിലെ മികച്ച ജോഡിയായിരിക്കുമെന്നും കത്രീനയും ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരുന്നു. ഇരുവരും തങ്ങളുടെ പ്രണയബന്ധം പരസ്യമാക്കാനുള്ള തയാറെടുപ്പിലാണ് എന്നാണ് വിവരം. ഇത്തവണ ഒരുമിച്ചാണ് താരങ്ങള്‍ അമേരിക്കയില്‍ പുതുവര്‍ഷം ആഘോഷിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Latest News