ദുബായ്- ദുബായ് സന്ദര്‍ശനത്തിനിടെ ടാക്‌സി കാറില്‍ മറന്നുവെച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്തി ഫ്രഞ്ചുകാരന് പാര്‍സലായി അയച്ചുകൊടുത്ത ദുബായ് പോലീസ് സേവനചരിത്രത്തില്‍ പുതിയ അധ്യായമെഴുതി. മൊബൈല്‍ നഷ്ടപ്പെട്ടെന്ന് ദുബായ് പൊലീസിന് ഒരു ഇ–മെയില്‍ അയച്ചതാണ് ഫ്രഞ്ചുകാരന് ഗുണകരമായത്.
താന്‍ സഞ്ചരിച്ച വാഹനത്തിന്റെ വിശദാംശങ്ങളും അദ്ദേഹം നല്‍കിയിരുന്നു. ഉടന്‍ ഫോണ്‍ കണ്ടെത്തി ഫ്രാന്‍സിലേക്ക് അയക്കുകയായിരുന്നു. ഫ്രാന്‍സിലേക്ക് മടങ്ങി പോകുന്നതിനു ദുബായ് വിമാനത്താവളത്തിലുള്ള യാത്രക്കിടെയാണ് വിനോദ സഞ്ചാരിക്ക് സ്മാര്‍ട്ട് ഫോണ്‍ നഷ്ടമായതെന്ന് ബര്‍ ദുബായ് സ്‌റ്റേഷന്‍ ചീഫും പോലീസ് സ്‌റ്റേഷനുകളുടെ തലവനുമായ ബ്രിഗേഡിയര്‍ അബ്ദുല്ല ഖദീം ബിന്‍ സുരൂര്‍ പറഞ്ഞു. സഞ്ചാരികളുടെ വിലപ്പെട്ട വസ്തുക്കള്‍ നഷ്ടപ്പെട്ടാതായി പരാതി ലഭിച്ചാല്‍ ഉടന്‍ അവ കണ്ടെത്തി അവരുടെ വിലാസത്തിലേക്ക് എത്തിക്കുമെന്ന് ദുബായ് പോലീസ് അധികൃതര്‍ പറഞ്ഞു.