മലയാളക്കരയിലെ മണിമക്ക പുരിയാകും മാറ്റൊത്ത മരതക ഊര്, നല്ല മാപ്പിള മലബാറിന്റതൃപ്പത്തിൽ ഇശൽ പാടും മലപ്പുറം പതി മശ്ഹൂറ്...
മലപ്പുറത്തിന്റെ മഹിത പൈതൃകത്തെക്കുറിച്ച്, ജില്ലയിലും പുറത്തും പ്രചാരം നേടിയ ഈ വരികൾ രചിച്ച പി.എ.ബി അച്ചനമ്പലം എന്ന തൂലികാ നാമത്തിൽ പ്രസിദ്ധനായ പി.എ ബീരാൻകുട്ടിയെ പരിചയപ്പെടുക. മലപ്പുറം വേങ്ങരയ്ക്കടുത്ത അച്ചനമ്പലത്തെ ഗ്രാമീണാന്തരീക്ഷത്തിൽ തന്റെ സർഗപ്രവർത്തനവുമായി കഴിയുന്ന കവിയും ഗാനരചയിതാവുമായ പി.എ.ബിയുടെ അമ്പതിലധികം മാപ്പിളപ്പാട്ടുകൾ ഇപ്പോൾ യുട്യൂബിൽ ലഭ്യമാണ്. പി.എ.ബിയുടെ നിരവധി വരികൾക്ക് കെ.ജി.മർക്കോസ്, വി.എം.കുട്ടി, എരഞ്ഞോളി മൂസ, എം.പി ഉമ്മർകുട്ടി, മിന്മിനി, വിളയിൽ ഫസീല, രഹ്‌ന, ഫാരിഷ തുടങ്ങിയ പ്രസിദ്ധ ഗായകർ ശബ്ദം നൽകിയിട്ടുണ്ട്. പല പാട്ടുകളും ഹിറ്റായി. വേങ്ങര ഹൈസ്‌കൂളിലെ പഠനശേഷം ഫാറൂഖ് റൗദത്തുൽ ഉലൂം അറബിക് കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കി ഏറെക്കാലം അറബി അധ്യാപകനായി ജോലി നോക്കിയ പി.എ.ബി ബാല്യകാലം തൊട്ടേ കഥയെഴുത്തിലും കവിതയെഴുത്തിലും മുഴുകിയിരുന്നു. ചന്ദ്രിക ബാലപംക്തിയിലായിരുന്നു തുടക്കം. അക്കാലത്ത് തന്നെ ആകാശവാണിയിൽ സ്വന്തം ഗാനങ്ങളും കവിതകളും അവതരിപ്പിക്കാൻ അവസരം കിട്ടി. പ്രസിദ്ധ ഗാനരചയിതാവ് തിരൂരങ്ങാടിയിലെ കെ.ടി മുഹമ്മദ്കുട്ടിയുമായി ചേർന്ന് സംഗീത ആൽബങ്ങൾ പുറത്തിറക്കി. സി.രാധാകൃഷ്ണന്റെ 'പൊരുൾ' അടിസ്ഥാനമാക്കി ആവിഷ്‌കരിച്ച ഗാനശിൽപവും പ്രസിദ്ധമായി. ഇസ്‌ലാമിക ഭക്തിഗാനങ്ങളിലായിരുന്നു കൂടുതൽ കമ്പം.
ഫാറൂഖ് റൗദത്തുൽ ഉലൂം അറബിക് കോളേജിലെ പഠനകാലത്ത് കോഴിക്കോട്ടെ സഹൃദയരുമയി അടുപ്പം സ്ഥാപിച്ചു. ഇത് എസ്.കെ പൊറ്റെക്കാട്, പി.എം.കാസിം (നാടകകൃത്ത്) തുടങ്ങിയ പ്രമുഖരുമായി ആത്മബന്ധത്തിന് നിമിത്തമായി. വൈക്കം മുഹമ്മദ് ബഷീറുമായുള്ള സൗഹൃദം ജീവിതത്തിലെ വലിയൊരു അനുഭവമായി മാറി. അദ്ദേഹത്തെ കാണാൻ പോകുമ്പോഴൊക്കെ ചാർമിനാർ സിഗരറ്റ് പായ്ക്കറ്റുകളുമായാണ് പോയിരുന്നതെന്നും പി.എ.ബി അനുസ്മരിക്കുന്നു.
കാനേഷ് പൂനൂർ, ഒ.എം കരുവാരകുണ്ട് തുടങ്ങിയവരുമായും നല്ല സൗഹൃദത്തിലായി. തന്റെ എഴുത്തിന് ഈ കോഴിക്കോടൻ ബന്ധങ്ങൾ ഏറെ ഉപകരിച്ചുവെന്ന് പി.എ.ബി പറയുന്നു. വേങ്ങരയിലെ സംഗീത തൽപരരായ സുഹൃത്തുക്കളുമായിച്ചേർന്ന് രൂപീകരിച്ച 'സരിഗ' ക്ലബ്ബായിരുന്നു ഒഴിവു ദിനങ്ങളിലെ കൂട്ടായ്മക്ക് ഇടമായതും തന്റെ ഈരടികൾക്ക് ഈണം നൽകാൻ അവസരം നൽകിയതെന്നും പി.എ.ബി ഓർക്കുന്നു. കോഴിക്കോട് അബൂബക്കർ, ചാന്ദ്പാഷ, ബേണി, അഷ്‌റഫ് മഞ്ചേരി, മുഹ്‌സിൻ കുരിക്കൾ തുടങ്ങിയവരൊക്കെ പി.എ.ബിയുടെ വരികൾ ചിട്ടപ്പെടുത്തിയവരിലുൾപ്പെടും.

പല പാട്ടുകളും ജനകീയമായി. ഉമ്മയാണെന്നുമെന്റെ ഉറ്റ സഹായി, ഉലകിലില്ല മറ്റൊരാളും നിത്യകൂട്ടായി... മാതൃസ്‌നേഹം വഴിഞ്ഞൊഴുകുന്ന ഈ വരികൾ മലബാറിലെങ്ങും തലമുറ കൈമാറി സംഗീതാസ്വാദകർ ഏറ്റെടുത്തു. മെഹ്‌റിൻ ആലപിച്ച ഈ ഗാനം യുട്യൂബിലൂടെ രണ്ടു ലക്ഷത്തോളം ആളുകൾ കേട്ടുകഴിഞ്ഞു.
1975 മുതലാണ് മാപ്പിളപ്പാട്ടുകൾ രചിച്ച് തുടങ്ങിയത്. ആനുകാലികങ്ങളിൽ മാപ്പിളപ്പാട്ടുകളും അത് സംബന്ധിച്ച പഠനങ്ങളും എഴുതി വരുന്ന പി.എ.ബി വായനയുടേയും എഴുത്തിന്റേയും ലോകത്ത് സജീവമാണ്. അരിമുല്ല മണം വീശും... എന്ന പാട്ട് വിവാഹ വേദികളിലും മറ്റും ഏറെ പ്രചാരം സിദ്ധിച്ച പി.എ.ബിയുടെ വരികളാണ്. മഴവില്ല് വിടരുന്ന മാനസങ്ങൾ, സ്വർഗം നാണിക്കുന്ന നാട്ടിൽ, തങ്കവർണത്തിങ്കൾ പോലെ, അബുദാബി പോയെന്റെ ബാപ്പയും, ആകാശം ചോപ്പണിഞ്ഞു, പതി മക്കത്തുദിച്ച, കരളുരുകി ഇരുകരമുയർത്തി, പഞ്ചവൻകാട്ടിലെ, ഹിദായത്തെന്നിൽ കനിഞ്ഞത്, മന്നവനല്ലാ പടൈത്തേ, കടക്കണ്ണിൻ മുന കൊണ്ട്... തുടങ്ങിയ മനോഹരമായ വരികൾ പി.എ.ബിയുടേതാണ്. കല്യാണപ്പാട്ടുകൾ, ഭക്തിഗാനങ്ങൾ, ചരിത്രഗാനങ്ങൾ എന്നിവയൊക്കെ പ്രാസഭംഗിയോടെ എഴുതി, സഹൃദയരിൽ പുതിയൊരനുഭവമാണ് പി.എ.ബി എന്ന കവി സൃഷ്ടിച്ചിട്ടുള്ളത്. ഒരുപക്ഷേ മുഖ്യധാരാ പാട്ടെഴുത്തുകാരിൽ നിന്ന് വ്യതിരിക്തത കാത്തു സൂക്ഷിക്കുമ്പോഴും തന്റെ വരികളിൽ നൂറു ശതമാനം കവിതയുടെ കാതൽ വേണമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ട്. ആലാപന ചാരുതയോടൊപ്പം കാവ്യഭംഗി കൂടി വേണമെന്ന നിശിതമായ വാശിയാണ് പി.എ.ബിയെ ഇത്രയും ജനപ്രിയനായ കവിയും പാട്ടെഴുത്തുകാരനുമാക്കി മാറ്റിയത്.
കോഴിക്കോട് മാപ്പിള സോംഗ് ലവേഴ്‌സ് അസോസിയേഷന്റെ ആരംഭകാലം തൊട്ടേയുള്ള പ്രവർത്തകനായ പി.എ.ബി സംസ്ഥാന യുവജനോൽസവങ്ങളിലെ മാപ്പിളപ്പാട്ട് ഇനങ്ങളിലെ ജഡ്ജിയായും ക്ഷണിക്കപ്പെടാറുണ്ട്. ആയിശയാണ് ഭാര്യ. മക്കൾ: നിലോഫർ, ഇബ്രാസ്, നസീം (ദുബായ്).
-എം






