കുറച്ചു കാലമായി ആലോചിക്കുന്ന വിഷയമാണ് ഈ അർബൻ മാവോവാദിയും റൂറൽ മാവോവാദിയും തമ്മിൽ എന്ത് വ്യത്യാസമാണുണ്ടാവുകയെന്ന്. കേന്ദ്ര ആഭ്യന്തര മന്ത്രി കഴിഞ്ഞ വാരത്തിൽ ദൽഹിയിൽ വെച്ച് പറഞ്ഞതായി ദേശീയ ന്യൂസ് ചാനലായ സീ ന്യൂസ് റിപ്പോർട്ട് ചെയ്തത് അർബൻ മാവോവാദിയെ അടിച്ചമർത്തണമെന്നാണ്. ഗ്രാമീണ മാവോവാദി എങ്ങനെയെന്നതിനെ കുറിച്ചും ഒരു നിശ്ചയവുമില്ല. മുഖ്യമന്ത്രി അടുത്തിടെ നിയമസഭയിൽ വെച്ച് പറഞ്ഞത് പോലെ അമ്മേ, ലേശം അരി താ... കഞ്ഞി വെച്ച് കുടിച്ച് ജീവിച്ച് പോയ്‌ക്കോട്ടേ... എന്ന് പറയുന്ന വിഭാഗമാണോ എന്നും ഉറപ്പില്ല. ഏതായാലും അമിത് ഷാജി പറഞ്ഞ കണക്കിന് റൂറൽ ടീമിനേക്കാൾ ഭയപ്പെടേണ്ടത് നഗര മാവോകളെയാണ്. ഇവരെല്ലാം കൂടിച്ചെന്ന് മാവോസേ തൂംഗിന്റെ സ്വന്തം ചൈന കണ്ടാൽ അന്തം വിടും തീർച്ച. മുതലാളിത്ത-സാമ്രാജ്യത്വ രാജ്യങ്ങളുടെ വിപണി നിയന്ത്രിക്കുന്നത് നമ്മുടെ സ്വന്തം മധുരമനോജ്ഞ ചൈനയാണ്. സഹിക്കാൻ വയ്യാതായപ്പോൾ ട്രംപേട്ടൻ വ്യാപാര യുദ്ധം വരെ തുടങ്ങിയിട്ടുണ്ട്. അമേരിക്കയുടെ മുതൽ ചോർത്തി തടിച്ചു കൊഴുക്കുന്ന ഒരുത്തനും ഇവിടെ വാഴേണ്ടെന്നാണ് ട്രംപിന്റെ ഐഡിയോളജി. ഇതൊക്കെ അവിടെ നിൽക്കട്ടെ. കേരള കോൺടെക്സ്റ്റിലെ മാവോവാദിയെ പറ്റിയുള്ള പുതിയ വെളിപ്പെടുത്തലുമായി സഖാവ് മോഹനൻ മാഷ് രംഗത്തെത്തിയത് പിന്നിട്ട വാരത്തിലാണ്. കോഴിക്കോട്ടെ പ്രാദേശിക ചാനൽ സംപ്രേഷണം ചെയ്ത ബൈറ്റെടുത്ത് ഹിറ്റാക്കി മാറ്റിയതിന്റെ ക്രെഡിറ്റ് നഗരത്തിലെ ദൃശ്യ മാധ്യമ പ്രവർത്തകർക്കാണ്. മാവോവാദികളെ സഹായിക്കുന്നത് കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇസ്‌ലാമിക തീവ്രവാദ ഗ്രൂപ്പുകളാണെന്നാണ് തിയറി. പല ഗ്രൂപ്പുകളുണ്ട്. കേൾക്കുന്നവരെല്ലാം കൺഫ്യൂഷനിലാവും. മോഹനൻ മാഷ് പറയുമ്പോൾ അങ്ങനെയങ്ങ് തള്ളാനും വയ്യ. ഒഞ്ചിയത്തെ ടി.പി ജീവിതം മടുത്ത് പരിപാടി അവസാനിപ്പിച്ച വേളയിൽ മാഷാ അല്ലാഹ് സ്റ്റിക്കറൊട്ടിച്ച കാർ വന്നു നിന്ന കാര്യം വരെ സമൂഹ മാധ്യമങ്ങളിൽ ആളുകൾ ഓർമിപ്പിച്ചു. ഇതേ കേസുമായി ബന്ധപ്പെട്ട് സർക്കാർ ഭക്ഷണം കഴിക്കുന്ന കാലത്ത് മോഹനൻ മാസ്റ്റർക്ക് ശ്രീമതി വെള്ളിപറമ്പിലെ ചായപ്പീടികയിൽ നിന്ന് ഉണ്ടാപ്പവും കട്ടൻ ചായയും വാങ്ങിക്കൊടുത്തത് എക്‌സ്‌ക്ലൂസീവ് വാർത്തയാക്കിയ മീഡിയ വൺ ചാനൽ മുതൽ എല്ലാവരും മാഷുടെ തിയറിയെ ആഘോഷിച്ചു. വൈകുന്നേരം ന്യൂസ് അവറുകളിൽ സംവാദമായി. ഒരു മാധ്യമ പ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമായി. ഇസ്‌ലാമിക തീവ്രവാദ ഗ്രൂപ്പുകളിൽ ഏറ്റവും മുന്തിയത് സിമിയാണ്. സ്വഭാവ രൂപീകരണ കാലത്ത് അതിന്റെ ആശയങ്ങളിൽ അടിയുറച്ച് വിശ്വസിച്ച ഒരാളെ കമ്യൂണിസ്റ്റ് മന്ത്രിയാക്കിയാണ് മാവോ-ഇസ്‌ലാം ഐക്യത്തെ പറ്റി വാചാലരാകുന്നതെന്ന് പോസ്റ്റിൽ പറയുന്നു. ഏതായാലും കഴിഞ്ഞ ദിവസം മോഹനേട്ടൻ സിദ്ധാന്തത്തിൽ ചെറിയ ഭേദഗതി വരുത്തി.
ഇസ്‌ലാമിക ഗ്രൂപ്പുകളെന്ന് പറയുമ്പോൾ താനുദ്ദേശിച്ചത് പോപ്പുലർ ഫ്രണ്ടിനെ മാത്രമായിരുന്നുവെന്നാണ് തിരുത്ത്. ബഹുമാനം കൂടുമ്പോൾ നമ്മൾ കൾ എന്ന് പ്രയോഗിക്കാറുണ്ടല്ലോ. യുട്യൂബിൽ ബല്ലാത്ത പഹയൻ, സഖാവ് മോഹനനെ കുടയുന്നുണ്ട്. എന്നാലും ഈ മാവോ എന്നൊക്കെ പറഞ്ഞാൽ നമ്മുടെ സ്വന്തമല്ലേ, അതിങ്ങനെ മറ്റാർക്കെങ്കിലും ചാർത്തിക്കൊടുക്കുന്നത് ശരിയാണോ എന്നതാണ് പഹയന്റെ ചോദ്യം. ഈ കോലാഹലങ്ങൾക്കിടെ വെള്ളിയാഴ്ച രാത്രി അവസാനിച്ചത് മഹാരാഷ്ട്രയിൽ ഉത്തരമായി, ഉദ്ദവ് വരും എന്ന ദിനപത്രത്തിലെ ശീർഷകം മനസ്സിൽ കണ്ടാണ്. നേരം വെളുത്തപ്പോൾ 24 ചാനലിൽ തകർപ്പൻ ചർച്ച. എൻ.സി.പിയുടെ പീതാംബരൻ മാസ്റ്ററെ നിർത്തി പൊരിക്കുകയാണ്. മഹാരാഷ്ട്രയിൽ ബി.ജെ.പി നേതാവ് ഫഡ്‌നാവിസിനെ വീണ്ടും മുഖ്യമന്ത്രിയാകാൻ സഹായിച്ച പവാർ അനുയായികളെ തൂക്കിക്കൊല്ലുമോ എന്നാണ് അറിയേണ്ടത്. ജനാധിപത്യം പോയൊരു പോക്ക്. കൊടിയേറ്റത്തിലെ ഗോപിയുടെ ഡയലോഗ് ഓർത്തുപോയി - എന്തൊരു സ്പീഡ്.
*** *** ***
വയനാട്ടിലെ സ്‌കൂൾ വിദ്യാർഥിനി ഷഹല ഷെറിനെന്ന കുഞ്ഞോമനയോട് കേരളീയ സമൂഹത്തിന് മാപ്പ് പറയാം. അനാസ്ഥ കൊണ്ട് മാത്രമാണ് അതിന്റെ ജീവൻ രക്ഷിക്കാനാവാതിരുന്നത്.
ഇതിനിടയ്ക്ക് ആശ്വാസം പകരുന്നതാണ് അവളുടെ കൂട്ടുകാരികളായ കൊച്ചു മിടുക്കികൾ. മനോരമ ന്യൂസിൽ കണ്ട ഈ കുട്ടികളുടെ സംസാരം പൊതു വിദ്യാലയങ്ങളിൽ പഠിച്ച് വളരുന്ന പുതിയ തലമുറയെ കുറിച്ച് പ്രതീക്ഷകൾ പകരുന്നു. രാത്രി യാത്രാ നിരോധത്തിനെതിരെ വയനാട്ടിൽ ജനരോഷമുയർന്നപ്പോഴും ഈ കൂട്ടത്തിലെ ഫാത്തിമ നിദ എന്ന കുട്ടി മുൻപന്തിയിലുണ്ടായിരുന്നു. സമൂഹ മാധ്യമങ്ങളിലെ താരമാണ് ഈ കുട്ടി.
പ്രതികരണങ്ങളുടെ പേരിൽ ഈ കുഞ്ഞുങ്ങളെ നരാധമന്മാർ ബുദ്ധിമുട്ടിക്കുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണ്.
*** *** ***
ശബരിമലയിൽ ചരിത്രം സൃഷ്ടിച്ച കനക ദുർഗ ബി.ബി.സി ചാനലിൽ. ജനുവരി രണ്ടിന് പുലർച്ചെ പോലീസ് പിന്തുണയോടെ ശബരിമലയിലെത്തി ദർശനം നടത്തിയ ശേഷം നേരിടേണ്ടി വന്ന കടുത്ത പരീക്ഷണങ്ങൾ അവർ വിവരിച്ചു. എല്ലാവരും ഒറ്റപ്പെടുത്തിയെന്നു പറഞ്ഞ് ബി.ബി.സി റിപ്പോർട്ടർക്ക് മുന്നിൽ കനക ദുർഗ പൊട്ടിക്കരഞ്ഞു. കോടതി ഉത്തരവ് സമ്പാദിച്ചു വീട്ടിൽ താമസിക്കാനായെങ്കിലും ഭർത്താവും ബന്ധുക്കളും വാടക വീട്ടിലേക്ക് മാറി. കുട്ടികളെ കാണാൻ പോലും അനുവദിക്കുന്നില്ല. ബി.ബി.സി തമിഴ് ചാനലിനോടാണ് കനക ദുർഗയുടെ വെളിപ്പെടുത്തൽ. തനിക്കിപ്പോൾ കുടുംബമില്ല. ശബരിമല സംഭവത്തിന് ശേഷം അവരെല്ലാം തന്നെ വെറുക്കുന്നു, ഒറ്റപ്പെടുത്തുന്നു.
ശബരിമലയിൽ നിന്നെത്തിയ ശേഷം അമ്മായിയമ്മ മർദിച്ചു. ആശുപത്രിയിൽ ചികിത്സ തേടി. കോടതി ഉത്തരവ് പ്രകാരം വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഭർത്താവും കുട്ടികളും വാടക വീട്ടിലേക്ക് മാറി. ശനിയും ഞായറും മാത്രമാണ് മക്കളെ കാണാൻ കഴിയുന്നത്. വിവാഹ മോചനത്തിന് ശേഷം ഭർത്താവ് സ്‌റ്റേ വാങ്ങി. ഇപ്പോൾ മക്കളെ കാണാൻ അനുവദിക്കുന്നില്ല. താനിപ്പോൾ കുട്ടികളെ കുറിച്ച് ഓർക്കാറില്ല. എന്റെ മക്കൾ എനിക്കൊപ്പം വേണം. അവരില്ലാതെ ഈ വീട്ടിൽ കഴിയുക ബുദ്ധിമുട്ടിയാണ്. അവർക്ക് അമ്മയോട് ദേഷ്യമുണ്ടാകില്ലെന്നും കരഞ്ഞുകൊണ്ട് കനക ദുർഗ പറഞ്ഞു.
സ്ത്രീകളുടെ അവകാശത്തിനായുള്ള പോരാട്ടം കൂടിയായിരുന്നു ശബരിമല പ്രവേശം. തനിയ്ക്ക് ശേഷം നൂറുകണക്കിന് യുവതികൾ ശബരിമലയിൽ പോകാൻ തയാറായിരുന്നു. എന്നാൽ തന്റെ അവസ്ഥ കണ്ട് പലരും പിന്മാറിയെന്നും കനക ദുർഗ പറയുന്നു.
*** *** ***
16 വർഷമായി നായിക നിരയിൽ പകരക്കാരില്ലാതെയാണ് നയൻസ് വിലസുന്നത്. സ്വയം തീർത്ത നിയന്ത്രണങ്ങളാണ് അവർക്കതിന് സഹായകരമായത്. ദൃശ്യ മാധ്യമങ്ങളിൽ നിന്നും പരമാവധി മാറി നിൽക്കുന്നതാണ് ഇതിൽ പ്രധാനം.
ലേഡി സൂപ്പർസ്റ്റാർ പട്ടം സിനിമയിൽ മാത്രമല്ല, പരസ്യ മേഖലയിലും കരസ്ഥമാക്കിയിരിക്കുകയാണിപ്പോൾ. വലിയ ഡിമാന്റാണ് പരസ്യ മേഖലയിൽ നയൻതാരയ്ക്ക് നിലവിലുള്ളത്. രാജ്യമെങ്ങും സ്ഥാപനങ്ങളുള്ള കേരളത്തിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറാവാൻ പോലും നിൽക്കാതെ നയൻതാര മുഖം തിരിച്ചു കഴിഞ്ഞു. കൂടുതൽ വലിയ ഓഫർ മറ്റൊരു ജ്വല്ലറി ഗ്രൂപ്പ് നൽകിയതോടെയായിരുന്നു നയൻസിന്റെ ഈ ചുവട് മാറ്റം. വിപണിയിൽ തനിക്കുള്ള മൂല്യം തിരിച്ചറിഞ്ഞ് തന്ത്രപരമായ നിലപാടാണ് നയൻതാര നിലവിൽ സ്വീകരിച്ച് വരുന്നത്. സിനിമാ രംഗത്തെ പോലെ തന്നെ പരസ്യ മേഖലയിലും കടുത്ത നിയന്ത്രണമാണ് അവർ സ്വയം ഏർപ്പെടുത്തിയിരിക്കുന്നത്. എത്ര സിനിമ ചെയ്തു എന്നതിലല്ല, ഏതൊക്കെ സിനിമ ചെയ്തു എന്നതിലാണ് കാര്യമെന്നതാണ് നയൻസിന്റെ നിലപാട്. സിനിമ സെലക്ട് ചെയ്യുന്നതു പോലെ തന്നെയാണ് പരസ്യ ചിത്രങ്ങളും നയൻതാര സെലക്ട് ചെയ്യുന്നത്. ഒരുപാട് എണ്ണത്തിൽ അഭിനയിക്കുക എന്നതിൽനിന്നു മാറി സെലക്ടീവായി മാത്രം അഭിനയിക്കുകയാണ് തന്ത്രം. ഇതിനായി വാങ്ങുന്ന തുകയാകട്ടെ കോടികളുമാണ്. ഒരു ചെറിയ സിനിമയ്ക്ക് പോലും നയൻതാരയെ വേണമെങ്കിൽ ചുരുങ്ങിയത് മൂന്ന് കോടിയെങ്കിലും കൊടുക്കണം. നയൻതാര വാങ്ങുന്ന അത്രയും തുക പരസ്യ മേഖലയിലായാലും സിനിമയിലായാലും മറ്റൊരു നടിയും നിലവിൽ വാങ്ങുന്നില്ല. 10 വർഷത്തിനു ശേഷം കഴിഞ്ഞ മാസമാണ് ഒരു മാധ്യമത്തിന് നയൻതാര അഭിമുഖം നൽകിയിരുന്നത്. അതാകട്ടെ സിനിമാ മേഖലയിലെ അസമത്വത്തെ കുറിച്ച് മാത്രവുമായിരുന്നു. മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടാൻ ഇങ്ങനെ പിശുക്ക് കാട്ടുമ്പോഴും കൈ നിറയെ അവസരങ്ങൾ ഇപ്പോഴും നയൻതാരയെ തേടിയെത്തുന്നു.
*** *** ***
സോഷ്യൽ മീഡിയയിലെ മനോരോഗികൾ സെലിബ്രിറ്റികളെ കൊല്ലുന്ന പരിപാടി തുടരുകയാണ്. നിയന്ത്രിക്കാൻ എഡിറ്ററില്ലാത്തതിന്റെ സ്വാതന്ത്ര്യം പരമാവധി വിനിയോഗിക്കുന്നതിൽ പൊരിഞ്ഞ മത്സരമാണ്. ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കറാണ് അവസാനത്തെ ഇര. മുംബൈയിലെ ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ച ഉടൻ തന്നെ അന്ത്യാഞ്ജലിയും അനുശോചനവും ഫോർവേഡുകളായി പ്രവഹിക്കുന്നു. ഗൾഫിലെ ഒരു സംഘടന ചുവപ്പൻ അഭിവാദ്യങ്ങളോടെയാണ് യാത്രയാക്കിയത്. ലതാജിയുടെ ഏതെങ്കിലും ഹിറ്റ് ഗാനത്തിന്റെ വരികൾ ചോദിച്ചാൽ ഈ മഹാന്മാർ കുഴയും.
ഇതൊരു കണക്കിന് നല്ലതാണ്. മനുഷ്യരുള്ളിടത്തോളം കാലം അച്ചടി മാധ്യമങ്ങൾ നിലനിൽക്കണമല്ലോ.






