ഗ്ലാൻസ് ഫ്രം ദ പാസ്റ്റ് പരമ്പരയിൽപെട്ട ചിത്രങ്ങളിലൊന്നാണ് ജഗേഷിനെ 2017-ൽ കേരള ലളിതകലാ അക്കാദമിയുടെ അംഗീകാരത്തിന് അർഹനാക്കിയത്. മനുഷ്യരെ അന്തമില്ലാതെ ആകുലപ്പെടുത്തുകയും ഇരുത്തി ചിന്തിപ്പിക്കുകയും ചെയ്യും വിധം സാമൂഹ്യ പ്രസക്തിയും പ്രാധാന്യവുമുള്ള ചിത്രങ്ങളാണ് ജഗേഷിന്റെ വരകളെ സ്വാധീനിക്കുന്നത്.
ചിത്രകലയെ, വർത്തമാന കാലത്തിന്റെ ഏറ്റവും സങ്കീർണമായ പ്രശ്‌നങ്ങളെ ശക്തമായി വിചാരണ ചെയ്യാനുള്ള മാധ്യമമാക്കിത്തീർക്കുക വഴി ശ്രദ്ധേയനായിത്തീർന്ന ചിത്രകാരനാണ് ജഗേഷ് എടക്കാട്. ഈ കഴിവിനുള്ള അംഗീകാരമായിട്ടാണ് കേരള ലളിതകലാ അക്കാദമിയുടെ മികച്ച ചിത്രകാരനുള്ള പുരസ്‌കാരം അദ്ദേഹത്തെ തേടി രണ്ടു പ്രാവശ്യമായി എത്തിയത്. 2012-ലായിരുന്നു ആദ്യം. 2017-ൽ രണ്ടാമത്തെ തവണയും.പ്രകൃതിയെ പ്രാകൃതമാക്കുന്ന പുതിയകാല പ്രവണതകൾക്കെതിരെ ഫലപ്രദമായ പ്രതിവിധികൾ പ്രതീക്ഷാപൂർവം പകരം വെക്കാനാണ് തന്റെ ചിത്രങ്ങളിലൂടെ ജഗേഷ് ശ്രമിക്കുന്നത്. നാം അധിവസിക്കുന്ന ഭൂമിയും പ്രകൃതിയും പല തരത്തിലുള്ള ചൂഷണങ്ങളെ ഇന്ന് അഭിമുഖീകരിക്കുന്നുണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടവയെ തെരഞ്ഞു പിടിച്ച് സമൂഹശ്രദ്ധയിൽ കൊണ്ടുവരാനുള്ള എളിയ ശ്രമങ്ങളാണ് ഒരു ചിത്രകാരൻ എന്ന നിലയിൽ ഞാൻ നടത്തുന്നത് -ചിത്രരചനയിലൂടെ താൻ എന്താണ് ലക്ഷ്യമിടുന്നത് എന്ന കാര്യം ജഗേഷിന്റെ ഈ വാക്കുകളിൽ വ്യക്തമാണ്.
പുരോഗതിയിലേക്കു കുതിക്കുന്ന മനുഷ്യൻ, പ്രകൃതിയെ നാശത്തിലേക്കു നയിച്ചുകൊണ്ടാണ് അതിനുള്ള പാത തീർക്കുന്നത്. ഫലത്തിൽ പുരോഗതിയിലേക്കല്ല, അധോഗതിയിലേക്കുള്ള കുതിപ്പിലാണ് നാം -എന്നാണ് ഈ ചിത്രകാരൻ നിരീക്ഷിക്കുന്നത്. ഈ കണ്ടെത്തൽ പല തരം വിഷയങ്ങളിലൂടെ ചിത്രരചനയിലേക്ക് കൊണ്ടുവരികയും അവ ശക്തമായ ഒരു പൊതുജന ബോധവൽക്കരണ ഉപാധിയായി മാറ്റാൻ ഉദ്യമിക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹം. കണ്ടൽക്കാടുകൾ വെട്ടി നശിപ്പിക്കുകയും അവിടെ ഫഌറ്റുകളും വില്ലകളും പണിയുകയും ചെയ്യുന്ന മനുഷ്യൻ, തണ്ണീർത്തടങ്ങൾ മണ്ണിട്ടു നികത്തി ഷോപ്പിംഗ് കോംപ്ലക്‌സുകളും മാളുകളും കെട്ടിപ്പൊക്കുന്ന മനുഷ്യൻ, വയലുകളും കുളങ്ങളും നികത്തി വീടുകൾ ഉണ്ടാക്കുന്ന മനുഷ്യൻ, പ്ലാസ്റ്റിക്കിന്റെ അമിതമായ ഉപയോഗവും അത് ലക്കും ലഗാനുമില്ലാതെ വലിച്ചെറിഞ്ഞ് വെള്ളവും പരിസ്ഥിതിയും മലിനമാക്കുകയും ചെയ്യുന്ന മനുഷ്യൻ, അവൻ എവിടെയാണ് പുരോഗതിയിലേക്ക് കുതിക്കുന്നത് എന്ന വലിയ ചോദ്യമാണ് ജഗേഷ് തന്റെ ചിത്രങ്ങളിലൂടെ ഉയർത്തിക്കൊണ്ടു വരുന്നത്.

കണ്ണൂർ ജില്ലയിലെ തന്റെ ഗ്രാമമായ എടക്കാട്ട് ഒരു സ്‌കൂളിൽ കുറച്ചു കാലം ജഗേഷ് ചിത്രകലാധ്യാപകനായി ജോലി നോക്കിയിരുന്നു. അന്ന് സ്‌കൂൾ പരിസരത്ത് സമൃദ്ധമായി കണ്ടിരുന്ന കണ്ടൽക്കാടുകൾ പിന്നൊരിക്കൽ മുഴുവനായും വെട്ടി നശിപ്പിച്ച് അവിടം മണ്ണിട്ടു നികത്തിയത് കണ്ടപ്പോഴുണ്ടായ ആധിയിൽ നിന്നാണ് തന്നിലെ ചിത്രകാരൻ പരിസ്ഥിതി പ്രാധാന്യമുള്ള പ്രമേയങ്ങൾ വരയിലേക്ക് കാര്യമായി കൊണ്ടുവരാൻ തുടങ്ങിയത് എന്നദ്ദേഹം വ്യക്തമാക്കുന്നു. പ്രകൃതിയും പരിസ്ഥിതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യവും പ്രാധാന്യവും തിരിച്ചറിയാത്ത പുതുകാലത്തിന്റെ വളർച്ചയെ കുറിച്ചുള്ള ആശങ്കകൾ മനസ്സിൽ കനത്ത്, ആകുലതകൾ പെരുകിയപ്പോഴാണ് ബഡ്ഡിംഗ് കോസ്‌മോസ് എന്ന ചിത്രരചനാ പരമ്പര അദ്ദേഹം ആരംഭിച്ചത്.
ഭൂമിയുടെ തനതു ജൈവികത നഷ്ടപ്പെടുത്തുകയും ഒരിക്കലും നശിച്ചു പോകാതിരിക്കുകയും ചെയ്യുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ, മനുഷ്യരാശിയുടെ നിലനിൽപ്പിന് ഇന്ന് വലിയ ഭീഷണയായി തീർന്നിട്ടുണ്ട്. ഈ വിഷയം രൂക്ഷമായി പ്രതിഫലിപ്പിക്കുന്ന തരത്തിൽ ബഡ്ഡിംഗ് കോസ്‌മോസ് പരമ്പരയിൽ വരച്ച ചിത്രങ്ങൾക്കൊന്നിനാണ് ജഗേഷിനെ തേടി 2012-ലെ കേരള ലളിതകലാ അക്കാദമിയുടെ ആദ്യ അംഗീകാരമെത്തിയത്. 2014-ൽ അതേ ചിത്രത്തിന് തന്നെ കേന്ദ്ര ലളിതകലാ അക്കാദമിയിൽ സെലക്ഷൻ ലഭിക്കുകയും ചെയ്തു.
2015-ൽ കേരള ലളിതകലാ അക്കാദമിയുടെ വ്യക്തിഗത ചിത്രപ്രദർശനത്തിനുള്ള ധനസഹായം ജഗേഷിന് ലഭിച്ചിരുന്നു. തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിൽ നിന്നും ബി.എഫ്.എ (ബാച്ചിലർ ഓഫ് ഫൈൻ ആർട്‌സ്) കഴിഞ്ഞിറങ്ങിയ സമയത്തായിരുന്നു അത്. പഠിച്ചിറങ്ങിയ ഉടനെ കിട്ടിയ ആ സഹായം ഒരു ചിത്രകാരൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ വളർച്ചയിൽ നിർണായകമായ പങ്കു വഹിച്ചു. ആ ഗ്രാന്റ് ഉപയോഗിച്ച് അവിടെ തന്നെ അദ്ദേഹം ഒരു ചിത്രപ്രദർശനം സംഘടിപ്പിക്കുകയുണ്ടായി. അതിൽ അദ്ദേഹത്തിന്റെ ഡിസീസ്ഡ് നാച്വർ എന്ന ചിത്ര പരമ്പരയിൽപെട്ട പോർട്രെയിറ്റ് ഓഫ് വാട്ട എന്ന ചിത്രം ഏറെ ശ്രദ്ധേയമായി. ഓളം വെട്ടുന്ന വെള്ളം ഒരു വലിയ കാൻവാസിൽ നിറഞ്ഞു നിൽക്കുന്ന ചിത്രം അത് വിനിമയം ചെയ്ത രാഷ്ട്രീയത്തിന്റെ പിൻബലത്തിലാണ് അനേകരെ ആകർഷിച്ചത്. തണ്ണീർത്തടങ്ങളും വയലുകളും കാടും കണ്ടൽക്കാടും നശിപ്പിച്ച് മുന്നോട്ടു കുതിക്കുന്ന (പുരോഗതിയിലേക്ക്!!!) മനുഷ്യൻ വരും കാലത്ത് നേരിടാൻ പോകുന്ന ഏറ്റവും വലിയ ഭീഷണി ജലദൗർലഭ്യമാണെന്ന വ്യക്തമായ സൂചനയാണ് ആ ചിത്രം മുന്നോട്ട് വെക്കുന്നത്.
ഗ്ലാൻസ് ഫ്രം ദി പാസ്റ്റ് ആണ് ജഗേഷിന്റെ മറ്റൊരു മികച്ച ചിത്രരചനാ പരമ്പര. സർവവും നശിപ്പിക്കുന്ന നാഗരികതയുടെ പ്രചണ്ഡതയിൽ നഷ്ടപ്പെട്ടു പോകുന്ന ഗ്രാമങ്ങളെ അതിന്റെ തനിമയിൽ വീണ്ടെടുക്കാനുള്ള ഒരു ചിത്രകാരന്റെ പ്രാർഥനാനിർഭരമായ ചിന്തകളാണ് ആ ചിത്രങ്ങളിൽ തെളിഞ്ഞു നിൽക്കുന്നത്. ഗ്രാമങ്ങൾ ഇല്ലാതാകുമ്പോൾ ഒപ്പം ഇല്ലാതാകുന്നത് മനുഷ്യന്റെ നൈതികതയും മനുഷ്യത്വവും മൂല്യബോധവും കൂടിയാണ് എന്ന് ഈ ചിത്രകാരൻ സൂക്ഷ്മമായി വിലയിരുത്തുന്നു. അതിന്റെ ഉപലബ്ധി എന്ന നിലയിലാണ് അപ്രത്യക്ഷമാകുന്ന വയലുകൾ, കണ്ടൽക്കാടുകൾ, പുഴകൾ, തോടുകൾ, ചിറകൾ, മരങ്ങൾ, ചെമ്മൺ പാതകൾ, ഓലമേഞ്ഞ പുരകൾ ഓടുമേഞ്ഞ കെട്ടിടങ്ങൾ, പള്ളികൾ, കടകൾ തുടങ്ങി ഒരു ഗ്രാമത്തിന്റെ തനതു കാഴ്ചകളെല്ലാം ഓർത്തോർത്ത് ഗൃഹാതുരത്വത്തോടെ ജഗേഷ് ഈ പരമ്പരയിൽ വരയ്ക്കുന്നത്. അവയെല്ലാം ആകാശക്കാഴ്ചകളായിട്ടാണ് അദ്ദേഹം ചിത്രണം ചെയ്യുന്നത്. അത് ചിത്രങ്ങൾക്ക് കൂടുതൽ മിഴിവേകുന്നു. ശക്തിയും തിളക്കവും നൽകുന്നു. കാഴ്ചക്കാരന്റെ മനസ്സിൽ ആഴത്തിൽ പതിയാനും ചിന്തകളിൽ അനുരണനങ്ങൾ സൃഷ്ടിക്കാനും അവയ്ക്കാവുന്നു.
ഗ്ലാൻസ് ഫ്രം ദ പാസ്റ്റ് പരമ്പരയിൽപെട്ട ചിത്രങ്ങളിലൊന്നാണ് ജഗേഷിനെ 2017-ൽ കേരള ലളിതകലാ അക്കാദമിയുടെ അംഗീകാരത്തിന് അർഹനാക്കിയത്. മനുഷ്യരെ അന്തമില്ലാതെ ആകുലപ്പെടുത്തുകയും ഇരുത്തി ചിന്തിപ്പിക്കുകയും ചെയ്യും വിധം സാമൂഹ്യ പ്രസക്തിയും പ്രാധാന്യവുമുള്ള ചിത്രങ്ങളാണ് ജഗേഷിന്റെ വരകളെ സ്വാധീനിക്കുന്നത്. പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുന്ന വർത്തമാനകാല മനുഷ്യരുടെ ഇടപെടലുകൾ, പ്ലാസ്റ്റിക്് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഉയർത്തുന്ന ഭീഷണി, കണ്ടൽക്കാടുകളുടെ വ്യാപകമായ നാശം, ജലദൗർലഭ്യം സൃഷ്ടിക്കുന്ന പ്രതിസന്ധികൾ തുടങ്ങി നിരവധി ശ്രദ്ധേയമായ വിഷയങ്ങളുടെ ആവിഷ്‌കാരമാണ് അദ്ദേഹം തന്റെ സൃഷ്ടികളിലേക്ക് കൊണ്ടുവരുന്നത്. താൻ ജീവിക്കുന്ന ചുറ്റുപാടുകളിലെ അനുഭവങ്ങളുടെ സത്യസന്ധമായ ആവിഷ്‌കാരമാണ് തന്റെ ചിത്രങ്ങളിൽ തെളിയുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്യുന്നു.

ചിത്രകലാ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത ഒരു സാധാരണ കുടുംബത്തിലാണ് ജഗേഷ് എടക്കാടിന്റെ ജനനം. കണ്ണൂർ ജില്ലയിലെ കടമ്പൂർ ഹയർ സെക്കന്ററി സ്‌കൂളിൽ 10-ാം ക്ലാസ് വിദ്യാർഥിയായിരിക്കെ ചിത്രരചനയുടെ വഴിയിലേക്കിറങ്ങി. സ്‌കൂൾ പഠനം കഴിഞ്ഞപ്പോൾ നാട്ടിലെ ഒരു ചിത്രകാരനൊപ്പം ബോർഡും ബാനറും വരയ്ക്കാൻ കൂടി. അവിടെയൊന്നും അദ്ദേഹത്തിന് തന്റെ കഴിവുകൾ കാര്യമായി പ്രകടിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. ആയിടയ്ക്ക് ഒരു ബന്ധു മരിച്ചപ്പോൾ അദ്ദേഹത്തിന്റെ പടം ഓയിൽ പെയിന്റ് ഉപയോഗിച്ച് ഭംഗിയായി വരക്കാൻ കഴിഞ്ഞത് ജഗേഷിന്റെ ജീവിതത്തിൽ വഴിത്തിരിവായി. അത് നൽകിയ ആത്മവിശ്വാസം ചിത്രരചനയിൽ കൂടുതൽ ആണ്ടിറങ്ങാനുള്ള ആവേശമുണർത്തി. അങ്ങനെയാണ് തലശ്ശേരിയിലെ സ്‌കൂൾ ഓഫ് ആർട്‌സിൽ ചേർന്നത്. പ്രശസ്ത ചിത്രകാരൻ പി.എസ്.കരുണാകരനായിരുന്നു അന്നവിടെ പ്രിൻസിപ്പൽ. ജഗേഷ് അദ്ദേഹത്തിന്റെ ശിഷ്യനായി. അങ്ങനെ അവിടെ രണ്ടു വർഷം. എന്താണ് ചിത്രരചന എന്ന് അവിടെ നിന്നാണ് മനസ്സിലാക്കി തുടങ്ങിയത്.
2000-ൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിൽ ബി.എഫ്.എയ്ക്ക് ചേർന്നു. ചിത്രകലയുടെ വിശാലമായ ലോകത്തെ കുറിച്ച് അറിവ് ലഭിക്കുന്നത് അവിടെ എത്തിയതോടെയാണ്. 2004-ൽ ലളിതകലാ അക്കാദമിയുടെ സ്റ്റുഡന്റ്‌സ് സ്‌കോളർഷിപ്പും രണ്ടാം റാങ്കും നേടി വിജയിച്ചു. തുടർന്ന് എം.എഫ്.എയ്ക്ക് കൊൽക്കത്തയിലെ ശാന്തി നികേതനിൽ അപേക്ഷിച്ചെങ്കിലും അഭിമുഖത്തിന്് പങ്കെടുക്കാൻ കഴിഞ്ഞില്ല. 2008-ൽ എം.എഫ്.എയ്ക്ക് വീണ്ടും ആർ.എൽ.വി കോളേജിൽ തന്നെ എത്തി. 2010-ൽ മികച്ച നിലയിൽ പഠിച്ചിറങ്ങിയ ജഗേഷ്, 2013-ൽ അവിടെ തന്നെ ചിത്രകലാ അധ്യാപകനായി ചേർന്നു.
തലശ്ശേരി, എറണാകുളം, തൃപ്പൂണിത്തുറ, ബംഗളൂരു, ചെന്നൈ, ഗോവ, ദൽഹി, കൊൽക്കത്ത തുടങ്ങി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിരവധി തവണ ജഗേഷ് എടക്കാട് ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. നിരന്തരം വരച്ചു കൊണ്ടിരിക്കാനാണ് തനിക്കാഗ്രഹം എന്നദ്ദേഹം പറയുന്നു. അതിന് കാരണമുണ്ട്. അങ്ങനെ ചെയ്യുന്ന ഒരാളിൽ മാത്രമേ പുതിയ ഭാവുകത്വ പരിണാമങ്ങൾ കടന്നുവരൂ എന്നദ്ദേഹം വിശ്വസിക്കുന്നു. ചിത്രകലയിൽ പി.എച്ച്.ഡിയാണ് ഇനിയുള്ള ലക്ഷ്യം. അതിനായി വടക്കേ മലബാറിന്റെ ഗ്രാമ്യ പാരമ്പര്യ പരിസരത്തു നിന്നും ഇന്ന് അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന കോതാമൂരി, ആടിവേടൻ തുടങ്ങിയ കലാ രൂപങ്ങളെ കേന്ദ്രീകരിച്ച് പഠനം നടത്തണമെന്നാണ് ആഗ്രഹം. അതിനുള്ള ശ്രമങ്ങളും തയാറെടുപ്പുകളും അദ്ദേഹം തുടങ്ങിക്കഴിഞ്ഞു.






