പുതുപ്രതീക്ഷകളിലേക്കൊരു കുതിപ്പ്

കായിക കേരളത്തിന്റെ ഈ വർഷത്തെ കൗമാര കുതിപ്പ് ഫിനിഷിംഗ് ലൈൻ പിന്നിട്ടിരിക്കുന്നു. അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂൾ കായിക മേളയുടെ പതാക കണ്ണൂർ സർവകലാശാലയുടെ സിന്തറ്റിക് ട്രാക്കിൽ താഴ്ന്നപ്പോൾ വരും നാളുകളിലേക്കുള്ള ഒരു പിടി പ്രതിഭകളാണ് വെന്നിക്കൊടി പാറിച്ചത്. ദേശീയ തലത്തിലും ഏഷ്യൻ മീറ്റുകളിലും ഒളിംപിക്‌സിലും വരെ വിജയപതാക പാറിക്കാൻ കണ്ണൂരിൽനിന്ന് മടങ്ങിയ കുട്ടികളിൽ ചിലരെങ്കിലും നാളെക്കൊപ്പമുണ്ടാകുമെന്ന പ്രതീക്ഷ വളരുന്നുണ്ട്.
പാലക്കാട് ജില്ലയാണ് കിരീടം ചൂടിയത്. 202 പോയന്റുമായി പാലക്കാട് മുന്നിലെത്തിയപ്പോൾ 158 പോയന്റുമായി എറണാകുളം ജില്ല രണ്ടാം സ്ഥാനത്തും 124 പോയന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തുമെത്തി. കഴിഞ്ഞ തവണ കൈവിട്ടു പോയ കിരീടം ഇത്തവണ പാലക്കാട് തിരിച്ചു പിടിക്കുകയായിരുന്നു. പാലക്കാടും എറണാകുളവും തമ്മിലുള്ള ശക്തമായ മത്സരങ്ങൾക്കാണ് കുറച്ചു കാലമായി കായികമേള സാക്ഷിയാകാറുള്ളത്. സ്‌പോർട്‌സിന് പ്രാധാന്യം നൽകുന്ന മണ്ണാർക്കാട് കല്ലടി സ്‌കൂളിന്റെ മുന്നേറ്റമാണ് ഇത്തവണയും പാലക്കാടിന് തുണയായത്. എറണാകുളത്തിനാകട്ടെ ശക്തരായ കോതമംഗലം മാർബേസിൽ സ്‌കൂളിന്റെ തേരിലേറിയാണ് ഇത്തവണ രണ്ടാം സ്ഥാനത്തെത്തിയത്. എല്ലാ വർഷവും ട്രാക്ക് കയ്യടക്കാറുള്ള എറണാകുളത്തിന്റെ സെന്റ് ജോർജ് സ്‌കൂൾ ഇത്തവണ മത്സര രംഗത്തില്ലാത്തതാണ് അവരുടെ ജയസാധ്യതകൾക്ക് മങ്ങലേൽപിച്ചത്. എറണാകുളം ജില്ലാതല മത്സരത്തിൽ മികവു പുലർത്താനാകാതിരുന്നതാണ് സെന്റ് ജോർജിന്റെ സാന്നിധ്യം കണ്ണൂരിൽ ഇല്ലാതിരിക്കാൻ കാരണം. സെന്റ് ജോർജ് താരങ്ങളുടെ അഭാവം കണ്ണൂർ മീറ്റിൽ പ്രകടമായിരുന്നു. 


സ്‌കൂളുകളിൽ ഇത്തവണ കോതമംഗലം മാർബേസിലാണ് കൂടുതൽ പോയന്റ് നേടിയത്. 63 പോയിന്റാണ് അവർ എറണാകുളത്തിന് വേണ്ടി വാരികൂട്ടിയത്. 59 പോയിന്റുമായി പാലക്കാടിന്റെ കല്ലടി സ്‌കൂൾ രണ്ടാം സ്ഥാനത്തും 33 പോയിന്റോടെ പി.ടി.ഉഷ പരിശീലനം നൽകുന്ന കോഴിക്കോട് ജില്ലയിലെ പുല്ലൂരാംപാറ സെന്റ് ജോസഫ് എച്ച്.എസ്.എസ് മൂന്നാം സ്ഥാനത്തെത്തി. 98 ഇനങ്ങളിലായി 1,904 കായിക താരങ്ങളാണ് ഇത്തവണ മേളയിൽ പങ്കെടുത്തത്. ഈ മീറ്റിൽ യോഗ്യത നേടിയവർ അടുത്തമാസം നാലിന് പഞ്ചാബിൽ നടക്കുന്ന ദേശീയ സ്‌കൂൾ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിക്കും.
ആറുപതിറ്റാണ്ടിലേറെയായി കായിക കേരളം ആഘോഷിക്കുന്ന ഉത്‌സവമാണ് സംസ്ഥാന സ്‌കൂൾ കായികമേള. ദേശീയ തലത്തിൽ തിളങ്ങിയ ഒട്ടേറെ താരങ്ങൾക്ക് ആദ്യവേദിയായ ട്രാക്കുകളാണ് സ്‌കൂൾ കായികമേളയുടേത്. ട്രാക്കിലും ഫീൽഡിലും പുതിയ പ്രതിഭകളെ കണ്ടെത്തുന്ന വേദി കൂടിയാണിത്. കഴിഞ്ഞ വർഷങ്ങളിൽ കുതിപ്പ് നടത്തി ഇത്തവണ മങ്ങിപ്പോയ പ്രകടനങ്ങളിൽ നിരാശ പൂണ്ട് തിരിച്ചു പോകുന്നവരുടെയും മേളയാണിത്. പുത്തൻ താരോദയങ്ങൾക്ക് സാക്ഷിയാകുന്നതും ഈ ട്രാക്കുകൾ തന്നെ. കായിക താരങ്ങൾക്ക് ഏറെ പ്രോത്സാഹനം നൽകുന്ന നാടാണ് എന്ന് തിരിച്ചറിയുന്നത് സ്‌കുൾ കായികമേളയിലാണ്. മറ്റ് സംസ്ഥാനങ്ങളെല്ലാം സ്‌കൂൾ മീറ്റുകൾ പുറം ലോകമറിയാതെ അവസാനിക്കുമ്പോൾ കേരളത്തിൽ സ്‌കൂളുകൾക്കും മാധ്യമങ്ങൾക്കും അതൊരു ആഘോഷമാണ്. സ്വന്തം നാട്ടിലെ സ്‌കൂൾ മേളയിൽ വിജയം നേടാൻ ആ നാട്ടുകാർ ഒന്നിച്ച് പ്രോത്സാഹിപ്പിക്കുന്ന നാടാണ് കേരളം. വിജയതിലകമണിഞ്ഞെത്തുന്നവർക്ക് ഉത്സവച്ഛായയിൽ അവർ വരവേൽപ്പുമൊരുക്കും.
ചെറുപ്രായത്തിൽ തന്നെ കുട്ടികളിലെ കായിക മികവിനെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയെന്നതാണ് മേളയുടെ അടിസ്ഥാന ലക്ഷ്യം. ഇതിനായി പ്രവർത്തിക്കുന്ന നിരവധി സ്‌കൂളുകളും പരിശീലകരുമുള്ള സംസ്ഥാനമാണ് കേരളം. പി.ടി.ഉഷയെ പോലെയുള്ള ദേശീയ, അന്തർദേശീയ പ്രശസ്തി നേടിയ താരങ്ങൾ സ്‌കൂൾ കായികമേളക്കെത്തുന്നതും കുട്ടികളെ പ്രോൽസാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ്.


ക്രിക്കറ്റോ ഫുട്ബാളോ പോലെ ഗ്ലാമർ ഇനമല്ല സ്‌പോർട്‌സ്. പ്രതികൂല സാഹചര്യങ്ങളിൽ പരിശീലിച്ച് സംസ്ഥാന തലത്തിലും ദേശീയ തലത്തിലും മികവു തെളിയികുന്ന കുട്ടികളുടെ നേട്ടങ്ങൾക്ക് പത്തരമാറ്റ് തിളക്കമാണ്. ഓരോ കായികമേള കഴിയുമ്പോഴും സമൂഹത്തിന് മുന്നിൽ ഇല്ലായ്്മകളുടെ ഒട്ടേറെ ചിത്രങ്ങൾ തെളിയുന്നു. താമസിക്കാൻ സുരക്ഷിതമായ വീടില്ലാത്ത, കഴിക്കാൻ നല്ല ഭക്ഷണമില്ലാത്ത, പരിശീലിക്കാൻ നല്ല ഇടങ്ങളില്ലാത്ത കുട്ടികൾ ട്രാക്കിൽ വേഗതയുടെയും ഉയരുങ്ങളുടേയും പുതിയ റെക്കോർഡുകൾ കുറിക്കുന്നത് അമ്പരപ്പോടെ മാത്രമേ കാണാനാകൂ. സ്‌പോൺസർ ചെയ്യാൻ സ്ഥാപനങ്ങളോ വ്യക്തികളോ ഇല്ലാതെയാണ് പല കായികതാരങ്ങളും ട്രാക്കിലെത്തുന്നത്. 
കായികതാരങ്ങളുടെ വളർച്ചക്ക് സർക്കാർ നൽകുന്ന സഹായങ്ങൾ പരിമിതമാണ്. മികച്ച പരിശീലന ഉപകരണങ്ങളില്ലാതെയാണ് പല താരങ്ങളുടെ പരിശീലനം നടത്തുന്നത്. സ്‌പോർട്‌സ് സ്‌കൂളുകളിലെ പരിമിതമായ അടിസ്ഥാന സൗകര്യവും ഭക്ഷണവുമാണ് ഇവർക്ക് ലഭിക്കുന്ന സഹായം. ക്രിക്കറ്റിനും ഫുട്ബാളിനും സ്വകാര്യമേഖലയിൽനിന്ന് ലഭിക്കുന്ന സഹായവും പിന്തുണയും ഇന്നും സ്‌പോർട്‌സിന് ലഭിക്കുന്നില്ല. ട്രാക്കിൽ മികവു പുലർത്തുന്ന കുട്ടികൾ പലരും വ്യക്തിപരമായ മികവിന്റെയും പ്രതികൂലമായ സാഹചര്യങ്ങളെ തരണം ചെയ്യാനുള്ള ഇച്ഛാശക്തിയുടെയും ബലത്തിൽ വിജയപീഠമേറുന്നവരാണ്.
സ്‌കൂൾ കായികമേളകളിൽ ശോഭിക്കുന്നവരിലേറെയും ഗ്രാമീണ വിദ്യാലയങ്ങളിൽ നിന്നെത്തുന്നവരാണ്. നഗരങ്ങളുടെ ശബളിമയിലല്ല അവർ പരിശീലനം നേടുന്നത്. മലയോര മേഖലകളിലെയും ഉൾനാടൻ ഗ്രാമങ്ങളിലെയും നാട്ടുപാതകളിലൂടെ ഓടിത്തഴമ്പിച്ച കാലുകളുമായാണ് അവർ സിന്തറ്റിക് ട്രാക്കുകളിൽ മത്സരിക്കാനെത്തുന്നത്. പലരും സിന്തറ്റിക് ട്രാക്ക് കാണുന്നത് തന്നെ സംസ്ഥാന സ്‌കൂൾ മീറ്റിനെത്തുമ്പോഴാണ്. കേരളത്തിന്റെ കായികരംഗത്തെ ഇല്ലായ്മകളുടെ യഥാർഥ ചിത്രം കൂടിയാണ് സംസ്ഥാന സ്‌കൂൾ കായികമേളകളിൽ കാണുന്നത്.
ഓരോ സംസ്ഥാന മേള അവസാനിക്കുമ്പോഴും പരാധീനതകളുടെ ഇത്തരമൊരുപാട് കഥകൾ പുറത്തു വരാറുണ്ട്. എന്നാൽ കായിക രംഗത്ത് കുട്ടികളുടെ ഭാവി ശോഭനമാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ഇനിയുമേറെ നടക്കേണ്ടതുണ്ട്. മികച്ച ട്രാക്കുകൾ, പരിശീലകർ, ഭക്ഷണം, ഉപകരണങ്ങൾ തുടങ്ങി എല്ലാ മേഖലകളിലും കുട്ടികൾക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുങ്ങേണ്ടതുണ്ട്.  

Latest News