Sorry, you need to enable JavaScript to visit this website.

ഖത്തറില്‍ കുടുബ വിസയിലുള്ള ആണ്‍മക്കള്‍ക്കും ജോലി ചെയ്യാന്‍ അനുമതി വരുന്നു

ദോഹ- ഖത്തറില്‍ കുടുംബ വിസയില്‍ കഴിയുന്ന പ്രവാസികളുടെ ആണ്‍മക്കള്‍ക്കും വിസ മാറ്റാതെ സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്യാന്‍ സാധിക്കും വിധം തൊഴില്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയ അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതുവരെ കുടുംബ വിസയിലുളള പെണ്‍മക്കള്‍ക്കും, ഭാര്യക്കുമായിരുന്നു രാജ്യത്ത് തൊഴില്‍ ചെയ്യാന്‍ അനുമതിയുണ്ടായിരുന്നത്. കുടുംബ വിസയിലുളള ആണ്‍മക്കള്‍ക്ക് കൂടി അവരുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാതെ രാജ്യത്ത് തൊഴില്‍ ചെയ്യാന്‍ അനുമതി നല്‍കുന്ന നിയമത്തെ കുറിച്ച് മന്ത്രാലയം പഠനം നടത്തിയതായും ഇത് നടപ്പിലാക്കാനുളള നിയമനടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പാസ്‌പോര്‍ട്ട് വിഭാഗം ഡയരക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ അതീഖ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പുതിയ ഭേദഗതിയിലൂടെ അവശ്യമായ അനുമതി ലഭ്യമാക്കിയാല്‍ രാജ്യത്ത് കുടുംബ വിസയില്‍ കഴിയുന്ന എല്ലാവര്‍ക്കും ജോലി ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു തീരുമാനം ഖത്തര്‍ തൊഴില്‍ വിപണിക്ക് ഗുണകരമാകുമെന്നും സ്ഥാപനങ്ങള്‍ക്ക് റിക്രൂട്ടിംഗ് ചെലവ്, താമസാനൂകൂല്യം തുടങ്ങിയ ചെലവുകളും കുറക്കാന്‍ സാധിക്കുമെന്നും അധികൃതര്‍ അഭിപ്രായപ്പെട്ടു.
രാജ്യത്ത് പുതിയ താല്‍ക്കാലിക തൊഴില്‍ വിസ അനുവദിക്കാനും തീരുമാനിച്ചതായി അധികൃതര്‍ അറിയിച്ചു. ആറ് മാസത്തെ കാലാവധിയുളള വിസകളാണ് അനുവദിക്കുക. ഖത്തര്‍ ആഭ്യന്തര മന്ത്രാലയം തൊഴില്‍ മന്ത്രാലയത്തിന്റെ അനുമതിയോടെയാണ് ഇത്തരം വിസകള്‍ അനുവദിക്കുക. വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഖത്തര്‍ വിസ സെന്ററുകള്‍ മുഖേനയോ, അല്ലെങ്കില്‍ വിദേശികള്‍ രാജ്യത്ത് എത്തിയതിന് ശേഷമോ ഇത്തരം വിസകള്‍ അനവദിക്കും. ഒരു മാസം കാലവധിയുളള തൊഴില്‍ വിസക്ക് 300 റിയാലും രണ്ട് മാസം കാലവധിയുളള വിസക്ക് 500 റിയാലുമായിരിക്കും ഈടാക്കുക. മൂന്ന് മാസം മുതല്‍ 6 മാസം വരെ കാലവധിയുളള വിസക്ക് ഓരോ മാസത്തിനും ഇരുനൂറ് റിയാല്‍ വീതം വിസ ചാര്‍ജായി ഈടാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയ സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴി ചെയ്യുന്നവര്‍ക്ക്  ഫീസിനത്തില്‍ 20 ശതമാനം ഡിസ്‌കൗണ്ട് നല്‍കാന്‍ തീരുമാനിച്ചതായും അധികൃതര്‍ പറഞ്ഞു. തൊഴില്‍ വകുപ്പിലെ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ഹസന്‍ അല്‍ ഉബൈദലി, നിയമ വിഭാഗം അസിസ്റ്റന്റ് ഡയരക്ടര്‍ ലെഫ്റ്റനന്റ് കേണല്‍ അഹമ്മദ് അബ്ദുല്‍ അല്‍ ഹറമി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
 

 

 

Latest News