മദീനയിലെ ഖുർആൻ പ്രദർശനം

മദീനയിലെ ഖുർആൻ എക്‌സിബിഷൻ കേന്ദ്രം
ഖുർആൻ കൈയെഴുത്ത് പ്രതി

ലോകാവസാനം വരെയുള്ള മാനവ രാശിയുടെ മാർഗദർശനത്തിനും വിമോചനത്തിനും ആകാശ ലോകത്തു നിന്ന് ജഗന്നിയന്താവ് പ്രവാചക ശ്രേഷ്ഠൻ മുഹമ്മദ് നബി (സ) വഴി ഇറക്കിയ വിശുദ്ധ ഖുർആന്റെ കൈയെഴുത്തു പ്രതികൾ അടങ്ങിയ മദീനയിലെ ഖുർആൻ എക്‌സിബിഷൻ തീർഥാടകരെയും വിശ്വാസികളെയും ചരിത്ര കുതുകികളെയും ആകർഷിക്കുന്നു. 
മദീനാ സന്ദർശകരും തീർഥാടകരും അടക്കം നിരവധി പേരാണ് പ്രവാചക മസ്ജിദിനു സമീപത്ത് സംഘടിപ്പിക്കുന്ന എക്‌സിബിഷൻ സന്ദർശിക്കുന്നത്. കിംഗ് ഫഹദ് മുസ്ഹഫ് പ്രിന്റിംഗ് കോംപ്ലക്‌സ്, കിംഗ് അബ്ദുൽ അസീസ് ഫൗണ്ടേഷൻ ഫോർ റിസർച്ച് ആന്റ് ആർക്കൈവ്‌സ്, മദീന കിംഗ് അബ്ദുൽ അസീസ് പബ്ലിക് ലൈബ്രറി, കിംഗ് സൗദ് യൂനിവേഴ്‌സിറ്റി, കിംഗ് അബ്ദുൽ അസീസ് യൂനിവേഴ്‌സിറ്റി എന്നിവ സഹകരിച്ചാണ് എക്‌സിബിഷൻ സംഘടിപ്പിക്കുന്നത്. വിശുദ്ധ ഖുർആൻ ഉള്ളടക്കത്തെ കുറിച്ച് സാങ്കേതിക വിദ്യകളുടെ സഹായത്തോടെ സൂക്ഷ്മമായി പരിചയപ്പെടുത്തുന്നതിനാണ് എക്‌സിബിഷനിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ഖുർആൻ ക്രോഡീകരണ-അച്ചടി ചരിത്രം, ഖുർആനുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യകൾ, ഖുർആൻ പരിചരണത്തിന് സൗദി അറേബ്യ നടത്തുന്ന പരിശ്രമങ്ങൾ എന്നിവയിലേക്ക് വെളിച്ചം വീശുന്നതിനും എക്‌സിബിഷനിലൂടെ ലക്ഷ്യമിടുന്നു. 
വിശുദ്ധ ഖുർആന്റെ പുരാതന കൈയെഴുത്തു പ്രതികൾ, ഖുർആൻ എഴുത്തിന് ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ, കാലിഗ്രഫികൾ, ഫോട്ടോകൾ, പുരാതന കാലത്ത് ഖുർആനുമായി ബന്ധപ്പെട്ട വസ്തുക്കൾ എന്നിവ എക്‌സിബിഷനിലുണ്ട്. പുരാതന കൈയെഴുത്തു പ്രതികൾക്കു പുറമെ ഖുർആൻ അച്ചടിക്ക് ഉപയോഗിക്കുന്ന ആധുനിക സാങ്കേതിക വിദ്യകളും എക്‌സിബിഷനിൽ പ്രദർശിപ്പിക്കുന്നതായി എക്‌സിബിഷൻ സൂപ്പർവൈസർ ഹംസ അബ്ദുൽ കരീം പറഞ്ഞു. മാൻ തോലിൽ എഴുതിയ ഖുർആൻ, കിഴക്കന്മാരും പടിഞ്ഞാറന്മാരും എഴുതിയ മുസ്ഹഫ് കൈയെഴുത്ത് കോപ്പികൾ, അൽഹാഫിള് ഉസ്മാൻ എഴുതിയ കോപ്പികൾ എന്നിവ എക്‌സിബിഷനിലുണ്ട്. അൽഹാഫിള് ഉസ്മാൻ 106 മുസ്ഹഫ് കോപ്പികൾ എഴുതിയിരുന്നു. 107 ാമത്തെ മുസ്ഹഫ് എഴുതുന്നതിനിടെയാണ് ഇദ്ദേഹം ഇഹലോകവാസം വെടിഞ്ഞത്. 
വിശുദ്ധ ഖുർആന്റെ ലോകത്തെ ഏറ്റവും വലിയ കൈയെഴുത്തു പ്രതിയും എക്‌സിബിഷനിലുണ്ട്. ഇരുനൂറു വർഷം മുമ്പ് അഫ്ഗാനിസ്ഥാനിലെ ഗുലാം മുഹ്‌യുദ്ദീൻ ആണ് ഈ മുസ്ഹഫ് എഴുതിയത്. 154 കിലോ ഭാരമുള്ള ഈ മുസ്ഹഫ് അഫ്ഗാനിസ്ഥാനിൽ നിന്ന് നാലു ഒട്ടകങ്ങളുടെ പുറത്താണ് മദീനയിൽ എത്തിച്ചത്. ഒന്നര മീറ്റർ നീളവും ഒരു മീറ്റർ വീതിയുമുള്ള ഈ മുസ്ഹഫിന്റെ അടിഭാഗത്ത് പേർഷ്യൻ ഭാഷയിലുള്ള ഖുർആൻ വിവർത്തനവുമുണ്ട്. പന്ത്രണ്ട് ഹാളുകളിലാണ് എക്‌സിബിഷൻ നടക്കുന്നത്. അറബി, ഇംഗ്ലീഷ്, ഫ്രഞ്ച്, പേർഷ്യൻ, ഉർദു, ഇന്തോനേഷ്യ, തുർക്കി, മലാവി, പഷ്ടു ഭാഷകളിലെ വിവർത്തകരുടെ സേവനവും ഇവിടെ സന്ദർശകർക്ക് ലഭിക്കുന്നുണ്ട്. ഹജ്, ഉംറ സീസണുകളിൽ എക്‌സിബിഷൻ സന്ദർശകരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടാകും. ചില ദിവസങ്ങളിൽ പതിനായിരം പേർ വരെ എക്‌സിബിഷൻ സന്ദർശിക്കും. 150 രാജ്യങ്ങളിൽ നിന്നുള്ളവർ ഇതിനകം എക്‌സിബിഷൻ സന്ദർശിച്ചിട്ടുണ്ടെന്നും ഹംസ അബ്ദുൽ കരീം പറഞ്ഞു. 

Latest News