ഇന്ത്യയിൽ അക്രമാസക്തമായി വളരുമ്പോഴും ലോകതലത്തിൽ മതേതര - ജനാധിപത്യ - ദേശീയ രാഷ്ട്രങ്ങളുടെ വളർച്ചയുടെ ചരിത്രം പരിശോധിച്ചാൽ ഹിന്ദുത്വരാഷ്ട്രവാദം അധികകാലം നിലനിൽക്കില്ലെന്ന് ഇടത് ചിന്തകൻ കെ. വേണു.
ദേശീയത എന്ന ആശയം ഉരുത്തിരിഞ്ഞത് എങ്ങനെയാണ്?
ദേശീയതയുടെ ദീർഘകാല ചരിത്രത്തെ കുറിച്ച് പലരും സംസാരിക്കാറുണ്ട്. എന്നാൽ ഇന്ന് നാം മനസ്സിലാക്കുന്ന രീതിയിലുള്ള ദേശീയത ആധുനിക രാഷ്ട്രീയ പ്രതിഭാസമാണ്. ഫ്യൂഡൽ കാലഘട്ടം വെട്ടിപ്പിടുത്തങ്ങളുടെ കാലമായിരുന്നു. രാജ്യത്തിന്റെ അതിർത്തികൾ മാറി മാറി വന്നിരുന്നു. ജനങ്ങൾ മാറി മാറി വന്നിരുന്ന, വെട്ടിപ്പിടുത്തത്തിൽ ജയിക്കുന്നവരുടെ പ്രജകൾ മാത്രമായിരുന്നു. എന്നാൽ ആധുനിക ദേശീയത അതല്ല. സ്ഥിരമായ അതിർത്തിയോടു കൂടിയ, സ്ഥിര ഭരണകൂടമുള്ള ദേശീയ രാഷ്ട്രങ്ങളാണ് ഇന്ന് നിലവിലുള്ളത്. മുതലാളിത്തത്തിന്റെ വളർച്ചയോടെയാണ് ഈ പ്രതിഭാസം ആരംഭിച്ചത്. തുടക്കം യൂറോപ്പിൽ നിന്നുതന്നെയായിരുന്നു. ഫ്രഞ്ചുവിപ്ലവമാണ് ഇത്തരമൊരു മാറ്റത്തിന് തുടക്കമിട്ടതെന്നു പറയാം.
ഭാഷയാണോ ദേശീയതയുടെ അടിസ്ഥാനമായി മാറിയത്?
ഭാഷ മാത്രമല്ല, ദേശീയതയുടെ അടിസ്ഥാനമായി മറ്റു പല ഘടകങ്ങളും ഉയർന്നുവന്ന രാഷ്ട്രങ്ങളുമുണ്ട്. എന്നാൽ അവിടങ്ങളിലും ഭാഷാസമൂഹങ്ങളുടെ തനതായ അസ്തിത്വപ്രശ്‌നം ഉയർന്നുവരുകയും പ്രായോഗിക പരിഹാരങ്ങൾ കണ്ടെത്തുകയും ചെയ്തിരുന്നു. സമാന സാംസ്‌കാരികത, മതം തുടങ്ങി മറ്റു ഘടകങ്ങളും ദേശീയതയുടെ അടിത്തറയായി മാറിയിട്ടുണ്ട്. ആ ദിശയിലും രാഷ്ട്രങ്ങൾ രൂപം കൊണ്ടിട്ടുണ്ട്. എന്നാൽ മതത്തിന്റെ അടിസ്ഥാനത്തിൽ രൂപം കൊള്ളുന്ന ദേശീയരാഷ്ട്രങ്ങൾ അധികകാലം നിലനിന്നിട്ടില്ല, നില നിൽക്കുകയുമില്ല. മതത്തിന്റെ അടിസ്ഥാനത്തിൽ രൂപം കൊണ്ട പാക്കിസ്ഥാൻ പോലും ഭാഷാടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ടു.
ദേശീയത എന്ന പ്രതിഭാസം മനുഷ്യ ചരിത്രത്തിൽ വഹിച്ച പങ്ക് പുരോഗമനപരമായിരുന്നോ, നിഷേധാത്മകമായിരുന്നോ?
മനുഷ്യസമൂഹത്തിന്റെ ജനാധിപത്യവൽക്കരണ പ്രക്രിയയുടെ നിർണായകഘട്ടമാണ് ദേശീയരാഷ്ട്ര രൂപീകരണം. ആദ്യകാലത്തെ ഗോത്രസമൂഹങ്ങളിൽ ജനാധിപത്യത്തിന്റെ പല ഘടകങ്ങളും ഉണ്ടായിരുന്നു. എന്നാൽ പിന്നീട് നടന്നത് ദീർഘകാലത്തെ പരമാധികാര വാഴ്ചകളായിരുന്നു. അതിനുശേഷം ജനാധിപത്യം പുനരവതരിക്കുന്ന സന്ദർഭത്തിലാണ് കേന്ദ്രീകൃത പരമാധികാരത്തിനു പകരമായി ദേശീയവും ജനാധിപത്യപരവുമായ അധികാരം എന്ന സങ്കൽപ്പം നിലവിൽ വന്നത്. അങ്ങനെ ഉയർന്നുവന്ന സാമൂഹ്യ സ്വത്വബോധം ജനാധിപത്യപരവും മതേതരവുമായ രൂപം കൈകൊണ്ടു. ആ അടിസ്ഥാനത്തിൽ ദേശീയത പുരോഗമനപരമാണെന്നു കാണാം. അതേസമയം തീവ്രദേശീയവാദം ഫാസിസത്തിലേക്കും നയിക്കുമെന്നതിനു ഉദാഹരണങ്ങൾ ചരിത്രത്തിൽ നിരവധി. സത്യത്തിൽ ഹിറ്റ്‌ലറുടേത് ദേശീയതയേക്കാൾ വംശീയതയായിരുന്നു എന്നു കാണാം. ആര്യവംശത്തിന്റെ കീഴിൽ ലോകത്തെ കൊണ്ടുവരുകയായിരുന്നു ഹിറ്റ്‌ലറുടെ ലക്ഷ്യം. മുസ്സോളിനിയുടെത് ഇറ്റാലിയൻ ജനതയുടെ ആധിപത്യത്തിനുള്ള ശ്രമമായിരുന്നു. അതിലും പ്രകടമായി കാണാവുന്നത് വംശീയത തന്നെ.
ദേശീയതയെ കുറിച്ചുള്ള കമ്യൂണിസ്റ്റ് നിലപാടിനെ കുറിച്ച് എന്തുപറയുന്നു?
മാർക്‌സടക്കമുള്ള മാർക്‌സിസ്റ്റ് ചിന്തകർ ദേശീയതയെ കുറിച്ച് ഗൗരവതരമായ ചർച്ചകൾ നടത്തിയിട്ടുണ്ട്. മുതലാളിത്ത വിപണിയുടെ സൃഷ്ടിയായാണ് മാർക്‌സ് ദേശീയതയെ നോക്കി കണ്ടത്. ദേശീയ സാമൂഹ്യ സ്വത്വബോധത്തെ അദ്ദേഹം അവഗണിച്ചു. അതിനാൽ സോഷ്യലിസ്റ്റ് പരിണാമത്തോടെ വിപണി ഇല്ലാതാകുന്നതോടെ ദേശീയതയും അപ്രസക്തമാകുമെന്നു കരുതി. അതുവരെയുള്ള താൽക്കാലിക പ്രതിഭാസം മാത്രമായാണ് ദേശീയതയെ മാർക്‌സിസറ്റുകൾ പരിഗണിച്ചത്. റഷ്യയിൽ ഒരു പ്രായോഗികപ്രശ്‌നം എന്ന രീതിയിൽ ലെനിൻ ഈ വിഷയം ചർച്ച ചെയ്തിരുന്നു. അങ്ങനെയാണ് ദേശീയ സ്വയംനിർണ്ണയാവകാശം എന്ന ആശയം ഉയർന്നു വന്നത്. അപ്പോഴും കമ്യണിസ്റ്റ് ഏകീകരണ പ്രക്രിയയിലൂടെ അതിനെ മറികടക്കണമെന്നും ഉന്നയിക്കപ്പെട്ടിരുന്നു. അതായത് ദേശീയസ്വയം നിർണയാവകാശം ഉള്ളപ്പോഴും വിട്ടുപോകാതെ ദേശീയതകൾ സ്വമേധയാ ഒന്നിക്കണം എന്നർത്ഥം. പക്ഷെ യഥാർത്ഥത്തിൽ സോവിയറ്റ് യൂണിയനിൽ മുകളിൽ നിന്ന് അടിച്ചേൽപ്പിച്ച ഐക്യമാണ് നടപ്പായത്. അതാണ് പിന്നീടത് വിവിധ ദേശീയ രാഷ്ട്രങ്ങളായി പിരിയാൻ കാരണമായത്. യൂറോപ്പിൽ സ്വയം പരമാധികാരരാഷ്ട്രങ്ങളായി മാറിയ രാജ്യങ്ങൾ സ്വന്തം കാലിൽ ഉറച്ചുനിന്ന് ജനാധിപത്യപരമായ ഏകീകരണത്തിനു തയ്യാറായപ്പോൾ സോവിയറ്റ് യൂണിയനിലെ കൃത്രിമമായ ഐക്യം തകർന്നടിയുകായിരുന്നു. അതിന്റെ മറുവശമായിരുന്നു ജർമ്മനിയിൽ ബെർലിൻ മതിലിന്റെ തകർച്ച.
അമേരിക്കയുടെ വളർച്ചയെ എങ്ങനെ നോക്കിക്കാണുന്നു?
ചരിത്രപ്രക്രിയകൾ എപ്പോഴും നടക്കുന്നത് കർക്കശമായ നിയമങ്ങളംഗീകരിച്ചല്ല. ചരിത്രം സഞ്ചരിക്കുന്നത് ഋജുരേഖയിലുമല്ല. പലപ്പോഴും യാദൃശ്ചികമായ സംഭവങ്ങൾ ചരിത്രത്തെ ശക്തമായി സ്വാധീനിക്കാറുണ്ട്. അത്തരമൊരു പ്രതിഭാസമാണ് ലോകചരിത്രത്തിൽ അമേരിക്കയുടെ ഉദയം. തികച്ചും യാദൃശ്ചികമായി ഇന്ത്യക്കുപകരം കണ്ടെത്തിയ അമേരിക്കയിലേക്കുണ്ടായ കുടിയേറ്റമാണ് വ്യത്യസ്ഥമായ ഈ ചരിത്രപ്രക്രിയയെ സൃഷ്ടിച്ചത്. രണ്ടു അമേരിക്കൻ ഭൂഖണ്ഡങ്ങളിലും വ്യത്യസ്ഥരീതിയിലാണ് കൊളോയണലിസ്റ്റ് കാലം ആരംഭിച്ചത്. തെക്കെ അമേരിക്കയിൽ സ്‌പെയിൻ, പോർച്ചുഗൽ രാജ്യങ്ങളായിരുന്നു ഇത്തരമൊരു പ്രക്രയക്ക് തുടക്കമിട്ടത്. തദ്ദേശീയജനതയെ ഉൾക്കൊണ്ടായിരുന്നു അവിടെ കൊളോയണലിസത്തിന്റെ വളർച്ച. എന്നാൽ തെക്കെ അമേരിക്കയിൽ മുഖ്യമായും കുടിയേറ്റം നടന്നത് ഇംഗ്ലണ്ടിൽ നിന്നുള്ളവരുടെ നേതൃത്വത്തിലായിരുന്നു. തദ്ദേശവാസികളെ ക്രൂരമായി പുറത്താക്കിയായിരുന്നു അവർ മേധാവിത്വം സ്ഥാപിച്ചത്. ലോകത്തൊരിടത്തും നടക്കാത്ത രീതിയിലുള്ള അധിനിവേശമായിരുന്നു അവിടെ നടന്നത്. ഏറ്റവും പരിഷ്‌കൃതരാണെന്നവകാശപ്പെട്ടിരുന്ന വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു അധിനിവേശക്കാർ. അതിനാൽതന്നെ ചുരുങ്ങിയ സമയം കൊണ്ട് ഏറ്റവും ആധുനികമായ സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കാൻ അവർക്കു കഴിഞ്ഞു. ചുരുങ്ങിയ കാലം കൊണ്ട് വലിയ സാമ്പത്തികശക്തിയായി മാറാനും കഴിഞ്ഞു. ലോകയുദ്ധങ്ങളിലും കാര്യമായ പോറലുകൾ ഉണ്ടായില്ല. വിവിധ കൊളോണിയൽ രാജ്യങ്ങളിൽ നടന്ന വിമോചനസമരങ്ങളുമായി ബന്ധമില്ലാത്ത പ്രക്രിയകളായിരുന്നു അവിടെ നടന്നത്. അധിനിവേശക്കാരും തദ്ദേശീയ അധികാരികളും എല്ലാം പങ്കുവെക്കുകയായിയരുന്നു. അങ്ങനെ വലിയ നേട്ടങ്ങളായിരുന്നു കുടിയേറ്റക്കാർക്ക് ലഭിച്ചത്. ഇന്നും അമേരിക്ക വൻശക്തിയായി തുടരുന്നതിനു പുറകിൽ ഈ ചരിത്രങ്ങളെല്ലാം കാരണമാണ്.
ഇന്ത്യയിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വളർച്ചക്ക് അനുകൂലമായ സാഹചര്യമെന്താണ്?
ഇന്ത്യൻ രാഷ്ട്രീയഘടനയുടെ സവിശേഷത ജനാധിപത്യം, മതേതരത്വം, ഫെഡറലിസം എന്നിവയാണ്. അവ പരസ്പരപൂരകമാണ്. ഇതിലേതെങ്കിലും ദുർബ്ബലമായാൽ ഇന്നത്തെ അന്തരീക്ഷം തന്നെ മാറും. സമീപകാലത്തു ശക്തമാകുന്ന മതാധിഷ്ഠിതദേശീയത എന്ന സങ്കൽപ്പം അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ ഇവക്കെല്ലാം ഭീഷണിയാണ്. ഇതുവരെയുള്ള ഇന്ത്യൻ ചരിത്രത്തെ നിഷേധിക്കുന്ന രീതിയിലാണത് വളരുന്നത്. തീർച്ചയായും അതൊരു വലിയ ഭീഷണിയുമാണ്. എന്നാൽ ചരിത്രപരമായി പരിശോധിക്കുമ്പോൾ അത്തരമൊരു പ്രക്രിയക്ക് വളരാനുള്ള സാഹചര്യം അനുകൂലമല്ല എന്നു കാണാം. ഒന്നാമതായി ഭാഷാസമൂഹങ്ങളുടെ അസ്തിത്വം. പിന്നെ ഹിന്ദുത്വത്തിന്റെ ആന്തരിക ശിഥിലീകരണം. വർണ- ജാതി വ്യവസ്ഥയിലെ വൈരുധ്യങ്ങൾ രൂക്ഷമാക്കുന്ന രീതിയിലാണ് ഹിന്ദുത്വ ദേശീയത മേധാവിത്വത്തിനു ശ്രമിക്കുന്നത്. അടിസ്ഥാനവിഭാഗത്തിലെ വലിയൊരു ഭാഗം ഈ പ്രക്രിയയിൽ പങ്കാളികളാകാൻ പോകുന്നില്ല. സംഘപരിവാറിന് താൽക്കാലിക നേട്ടങ്ങളുണ്ടാക്കാൻ കഴിഞ്ഞേക്കുമെങ്കിലും ഹിന്ദുരാഷ്ട്രം എന്ന സങ്കൽപ്പം യാഥാർത്ഥ്യമാകുമെന്ന് കരുതാനാകില്ല. ഈ ദൗർബ്ബല്ല്യം തിരിച്ചറിയുന്നതിനാൽ തന്നെയാണവർ കൃത്രിമമായ ദേശീയബോധം വളർത്താൻ ശ്രമിക്കുന്നത്. പാക്കിസ്ഥാനേയും ചൈനയേയും ശത്രുരാജ്യങ്ങളായി കാണുന്നതും മുസ്‌ലിംകളെ ശത്രുക്കളും അപരരുമായി കാണുന്നതും ആ ലക്ഷ്യത്തിലാണ്. ബാബ്‌രി മസ്ജിദ് മുതൽ ഗോവധനിരോധനം വരെയുള്ള സംഭവങ്ങളും അതിനുവേണ്ടിയാണ്. മറ്റു മതങ്ങളെപോലെ കേന്ദ്രീകൃത ആശയ സംഹിതയോ നേതൃത്വമോ സംഘടനാരൂപമോ ഇല്ലാത്ത ഒന്നാണ് ഹിന്ദുമതം എന്നു വിളിക്കപ്പെടുന്ന സങ്കൽപ്പം. ഏകീകൃതമാണെന്നു തോന്നുന്ന ഏകഘടകം നിഷേധാത്മകമായ ജാതിവ്യവസ്ഥയാണ്. അതിനാൽ പുതിയ ഹിന്ദുത്വബിംബങ്ങൾ അവർക്ക് അനിവാര്യമാണ്. ചരിത്രപരമായി ഒരടിസ്ഥാനവുമില്ലാത്ത ഗോമാതാസങ്കൽപ്പം അതിന്റെ ഭാഗമാണ്. ബ്രാഹ്മണർപോലും വലിയൊരു ഭാഗം മാംസഭുക്കുകളായിരുന്നു എന്ന് പ്രശസ്തചരിത്രകാരന്മാർ പോലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹിന്ദുത്വസത്വബോധം വളർത്താനുള്ള പല ശ്രമങ്ങളിൽ ഒന്നാണ് കൃത്രിമമായി വളർത്തിയെടുക്കുന്ന ഗോമാതാ സങ്കൽപ്പം. പക്ഷെ വലിയൊരു വിഭാഗം ജനങ്ങളുടെ ഉപജീവനമാർഗം പോലും അടക്കുന്ന ഈ നീക്കം വിജയിക്കാനിടയില്ല.
ഹിന്ദുത്വരാഷ്ട്രവാദത്തെ എങ്ങനെയാണ് പ്രതിരോധിക്കാനാവുക?
ഹിന്ദുത്വരാഷ്ട്രീയം അടിസ്ഥാനപരമായി മതേതരത്വത്തിനും ജനാധിപത്യത്തിനും എതിരാണ്. ഏതു മതാധിഷ്ഠിതരാഷ്ട്രീയത്തിനും അങ്ങനെയേ നിലനിൽക്കാനാകൂ. ഈ ഫാസിസം വെല്ലുവിളിക്കുന്നത് മതേതര ജനാധിപത്യ ശക്തികളെ തന്നെയാണ്. അവയുയർത്തിപിടിക്കുന്ന ശക്തികളുടെ ഐക്യത്തിലൂടേയേ ഇതിനെ പ്രതിരോധിക്കാനാവൂ. ഇക്കാര്യത്തിൽ രണ്ടുവീക്ഷണം നിലനിൽക്കുന്നുണ്ട്.
ഹിന്ദുത്വത്തിനെതിരായ നിലപാടെടുക്കുന്ന എല്ലാവരും ഒന്നിക്കണമെന്നതാണ് ഒരു വീക്ഷണം. മതേതര ജനാധിപത്യ ശക്തികൾ മാത്രമാണ് ഈ പോരാട്ടം നടത്തേണ്ടതെന്നതാണ് രണ്ടാമത്തെ വീക്ഷണം. ഹിന്ദുത്വത്തെ എതിർക്കുന്നവരിൽ മതേതരനിലപാടില്ലാത്ത വിഭാഗങ്ങളുണ്ട്.
അതുപോലെ ജനാധിപത്യത്തെ ആശയപരമായി അംഗീകരിക്കാത്ത, അടവുപരമായി മാത്രം കാണുന്ന വിഭാഗങ്ങളുണ്ട്. താൽക്കാലികമായി ഇവരെല്ലാം ഐക്യപ്പെടണമെന്നു പറയാം. പ്രായോഗികരംഗത്ത് അത്തരം ഐക്യങ്ങൾ ആവശ്യവുമാകാം. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ രണ്ടാമത്തെ നിലപാടാണ് ശരി
കേരളത്തിൽ ഹിന്ദുത്വശക്തികൾക്കെതിരായ പ്രതിരോധം സാധ്യമാവുക കമ്യൂണിസ്റ്റ് നേതൃത്വത്തിലാണോ?
കേരളത്തിൽ ശക്തമായ ആധിപത്യമുള്ളതിനാൽ സിപിഎം നേതൃത്വത്തിലാണ് സംഘപരിവാറിനെ പ്രതിരോധിക്കാനാകുക എന്ന വാദം ശക്തമാണ്. കായികമായി അവരെ നേരിടാൻ സിപിഎം ശ്രമിക്കുന്നുമുണ്ട്. എന്നാൽ അതു സ്ഥായിയല്ല. ഹിന്ദുത്വശക്തികളെ പ്രതിരോധിക്കാനുള്ള രാഷ്ട്രീയ അടിത്തറ അവർക്കില്ല. അഖിലേന്ത്യാതലത്തിൽ ഹിന്ദുത്വശക്തികളെ പ്രതിരോധിക്കുന്നതിൽ മുമ്പിൽ അംബേദ്കർ - ലോഹ്യയിസ്റ്റുകളാണ്.






