പാരീസ് - ഫുട്‌ബോളിലെ പ്രതാപകാലം വീണ്ടെടുത്ത ഇറ്റലി, ഗോൾ മഴ വർഷിച്ച് അരങ്ങ് തകർത്തു. യൂറോ കപ്പ് യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിൽ അർമീനിയെ 9-1 ന് തകർത്തുകൊണ്ടാണ് അസ്സൂറികൾ ക്ലീൻ ഷീറ്റ് തീർത്തത്. നേരത്തെ തന്നെ യോഗ്യത നേടിക്കഴിഞ്ഞ ഇറ്റലി ഇതോടെ യോഗ്യതാ റൗണ്ടിലെ എല്ലാ മത്സരങ്ങളും ജയിച്ച് അസൂയാവഹമായ പ്രകടനമാണ് കാഴ്ചവെച്ചത്. റുമാനിയയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്ത സ്‌പെയിനും ഗോൾ മഴ തീർത്തു.
ഡെന്മാർക്ക്, സ്വിറ്റ്‌സർലാന്റ് ടീമുകളും യോഗ്യത നേടിയതോടെ അടുത്ത വർഷം നടക്കുന്ന യൂറോ കപ്പിന് ടിക്കറ്റ് കിട്ടിയ ടീമുകളുടെ എണ്ണം 19 ആയി. ഇതാദ്യമായി മൊത്തം 24 ടീമുകളാണ് യൂറോ കപ്പിൽ കളിക്കുക.
ദുർബലരായ ജിബ്രാൾട്ടറിനെ 1-6 ന് തകർത്താണ് സ്വിറ്റ്‌സർലാന്റ് ഡി ഗ്രൂപ്പ് ജേതാക്കളായി യോഗ്യത നേടിയത്. അയർലാന്റുമായുള്ള മത്സരം 1-1 ന് പിരിഞ്ഞതോടെ ഡെന്മാർക്ക് ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി.
എങ്കിലും ജെ ഗ്രൂപ്പിൽ ഇറ്റലിയുടെ പ്രകടനം യൂറോ കപ്പിന് തയാറെടുക്കുന്ന എല്ലാ ടീമുകൾക്കും മുന്നറിയിപ്പ് നൽകുന്നതായി. അമിത പ്രതിരോധമെന്ന പഴയ ശൈലി ഉപേക്ഷിച്ച് ആക്രമണ തിരമാലകൾ തീർക്കുകയായിരുന്നു റോബർട്ടോ മാൻസീനിയുടെ സംഘം. യോഗ്യതാ റൗണ്ടിലെ പത്താമത്തെയും അവസാനത്തെയും മത്സരത്തിലാണ് അസ്സൂറികൾ അർമീനിയയെ ഒമ്പത് ഗോളിന് തകർത്തത്. ഇറ്റാലിയൻ ലീഗിലെ ടോപ് സ്‌കോറർ സിറോ ഇമ്മൊബിലി, നിക്കോളോ സനിയോളോ എന്നിവർ രണ്ട് ഗോൾ വീതമടിച്ചപ്പോൾ, അലേഷ്യോ റോമഗ്നോലി, നിക്കോള ബരേല, ജോർജിഞ്ഞോ, റിക്കാർഡോ ഒർസോലിനി, ഫെഡറിക്കോ ചീസ എന്നിവരും സ്‌കോർ ചെയ്തു.
മാൻസിനിക്കു കീഴിൽ ഇറ്റലിയുടെ തുടർച്ചയായ പതിനൊന്നാം വിജയമാണിത്. യോഗ്യതാ റൗണ്ടിലെ പത്ത് കളികളിലായി അവർ അടിച്ചത് 37 ഗോളുകൾ. വഴങ്ങിയത് വെറും നാല് ഗോളുകളും.
എഫ് ഗ്രൂപ്പ് ജേതാക്കളായി നേരത്തെ യോഗ്യത നേടിക്കഴിഞ്ഞ സ്‌പെയിനും അവസാന മത്സരം ഗംഭീരമാക്കി. റുമാനിയക്കെതിരെ ജെറാഡ് മൊറേനോ രണ്ട് ഗോളടിച്ചു. എഫ് ഗ്രൂപ്പിൽനിന്ന് രണ്ടാം സ്ഥാനക്കാരായി യോഗ്യത നേടിയ സ്വീഡൻ 3-0 ഫറോ ഐലന്റ്‌സിനെ തകർത്തു.






