Sorry, you need to enable JavaScript to visit this website.

അനിൽ നാരായണീയം

അനിൽ നാരായണ
അനിൽ നാരായണ കുടുംബത്തോടൊപ്പം
അനിൽ നാരായണ സാക്ഷാൽകാരം നൽകിയ ദൃശ്യകല

അന്തർദേശീയ കുടിയേറ്റ പഠനങ്ങൾ കാണിക്കുന്നത് ഇന്ന് ലോകത്ത് ഏറ്റവുമധികം പ്രവാസികൾ ഇന്ത്യക്കാരാണെന്നാണ്. തൊഴിലിനും കുടിയേറ്റത്തിനും പ്രവാസികളുടെ ഗൃഹാതുരതയെ ഒട്ടൊന്നാശ്വസിപ്പിക്കുന്നത് അവർ നിലവിൽ കഴിയുന്ന ഇടങ്ങളിൽ അരങ്ങേറുന്ന മഹിതമായ കലാസാംസ്‌കാരിക പ്രവർത്തനങ്ങളാണ്.
നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് ഭാരതവും അറേബ്യയും തമ്മിലുള്ള സാംസ്‌കാരിക വാണിജ്യ വിനിമയങ്ങൾക്ക്, വിശിഷ്യാ സൗദി അറേബ്യയുമായി.
പ്രവാസ ലോകത്തെ സാംസ്‌കാരിക പ്രവർത്തനങ്ങളിൽ തന്റേതായ പങ്കു വഹിച്ചിട്ടുള്ള കലാകാരന്മാരിൽ പ്രമുഖനാണ് അനിൽ നാരായണ.
ഏകദേശം കാൽ നൂറ്റാണ്ടായി പ്രവാസ ജീവിതം തുടരുന്ന അദ്ദേഹം 1994 ലാണ് സൗദിയിലെത്തിയത്. അതിനു മുൻപ് തന്റെ മറുനാടൻ പ്രവാസ ഭൂമികയായ ഗുജറാത്തിൽ മലയാളി സമാജങ്ങളിൽ മലയാള വായനയുടെ ലോകം പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുകയും ഒപ്പം കലാ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുകയും ചെയ്തു.
എഴുത്തിന്റെയും അരങ്ങിലെ അവതരണങ്ങളുടെയും കനലും ജ്വാലയുമായി നടന്ന സ്വദേശത്തെ യുവത്വം പ്രവാസ ലോകത്തും അദ്ദേഹം പ്രസരിപ്പിച്ചുകൊണ്ടിരിക്കുന്നു.
പ്രവാസത്തിന്റെ ആദ്യ കാലങ്ങളിൽ കഥകളിലൂടെയാണ് അനിൽ കലാലോകത്തേക്ക് പിച്ച വെച്ചത്. വൈവാഹികം, നാലു വരകൾക്കുള്ളിലെ സൗഹൃദങ്ങൾ, വടക്കൻ വീരഗാഥ. മരുഭൂമികൾ ഇല്ലാതെയാകുന്നത്  തുടങ്ങിയ നിരവധി കഥകൾ, മലയാളം ന്യൂസിലുൾപ്പെടെ അനിൽ നാരായണയുടേതായി പ്രസിദ്ധീകരിക്കപ്പെട്ടു.  


മാതൃഭൂമിയിൽ  1999 ൽ പ്രസിദ്ധീകരിച്ച 'വൈവാഹികം' വായിച്ച പ്രശസ്ത കഥാകൃത്ത്  വി.ബി. ജ്യോതിരാജ് എഴുതിയത്, കഥ മനോഹരം, അസൂയ തോന്നുന്നു എന്നാണ്. ആ  അനുമോദനക്കുറിപ്പ് ഇന്നും  തനിക്കു കിട്ടിയ ഏറ്റവും വലിയ അവാർഡായി ചേർത്തു പിടിക്കുന്നു അനിൽ നാരായണീയം. 18 കൊല്ലം  മുൻപ് മലയാളി മനസ്സുകൾക്ക് വേറിട്ട  അനുഭവമായി മാറിയ ഇടശ്ശേരിയുടെ പൂതപ്പാട്ട് ജിദ്ദയിലെ അരങ്ങെത്തെത്തിച്ചു കൊണ്ടാണ് തുടക്കം അരങ്ങിനെ ജ്വലിപ്പിച്ചത്. അന്നു വരെ സംഗീത, നൃത്ത സായാഹ്നങ്ങളിൽ ഒതുങ്ങിനിന്നിരുന്ന  ജിദ്ദയിലെ പ്രേക്ഷകർക്ക് വേറിട്ടൊരു അനുഭവമായിരുന്നു അത്.  പിന്നീടങ്ങോട്ട് പ്രവാസികൾക്ക് എന്നെന്നും  ഓർത്തിരിക്കാൻ ജിദ്ദയിലെ പ്രശസ്ത നൃത്താധ്യാപികമാരോടൊത്തു  അരങ്ങത്തെത്തിച്ച  ദൃശ്യ കേരളം, സംസ്‌കൃതി എക്‌സ്പ്രസ്, സായൂജ്യം, നൊസ്റ്റാൾജിയ,  കണ്ണകി, അരങ്ങേറ്റം, ഭരതം, എന്റെ കേരളം,  വാസവദത്ത, സൂര്യകാന്തി നോവ്, സൂര്യ കാലടി,  സ്വാതി തിരുനാൾ, കേരളീയം, പുനർജനി, സാക്ഷര കേരളം, അക്ഷര കേരളം, ഉദ്ദംസിംഗ്  -അങ്ങനെ ഈയിടെ നവോദയ വേദിയിൽ അവതരിപ്പിച്ച 'മഴ' വരെ നൂറോളം വേദികളിൽ സാഹിത്യ ഭംഗിയും സംവിധാന ചാരുതയും നാട്യശാസ്ത്ര ചിട്ടകളും ഒത്തിണക്കി അരങ്ങേറിയ ഭംഗി അനിലിന്റെ സർഗ സിദ്ധിയുടെ ആവിഷ്‌കാരങ്ങളേറെ. കാറപകടത്തിൽ തടവറക്കുള്ളിലായ  ഒരു ഹതഭാഗ്യന്റെ കുടുംബത്തിന്റെ അതിജീവന കഥ പറഞ്ഞ് സത്യവാൻ സാവിത്രി എന്ന കഥ എഴുതിയതും അനിൽ നാരായണയുടെ ക്രെഡിറ്റിലുണ്ട്.


ബാലെ രൂപത്തിൽ  അവതരിപ്പിച്ച  ആലിബാബയും നാൽപതു കള്ളന്മാരും നാടകത്തിനുള്ള ഏഷ്യാനെറ്റ് പുരസ്‌കാരം നേടി. ലോക മലയാള നാടക മത്സരത്തിൽ 2006 ലെ കൈരളി അറ്റ്‌ലസ് പുരസ്‌കാരം നേടിയ, 'ഓഷ്വിറ്റ്‌സ്' കുറച്ചു മാസങ്ങൾക്കു മുൻപ് ഒരു തിയേറ്റർ സംവിധായകന്റെ നേതൃത്വത്തിൽ അരങ്ങത്തെത്തിച്ചു. 
ഇന്ത്യൻ കോൺസുലേറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന നിരവധി കേരളോത്സവങ്ങളുടെ  മുഖ്യ അവതരണ കലാസൃഷ്ടി   അരങ്ങിൽ എത്തിക്കാനും അനിൽ നാരായണക്കായി.
കഥയാണ് തന്റെ തട്ടകമെന്നു അറിയാവുന്നതുകൊണ്ട് തന്നെ തന്റെ ആദ്യത്തെ കഥാസമാഹാരത്തിന്റെ പണിപ്പുരയിലാണ് അനിൽ നാരായണ. 
അതോടൊപ്പം വജ്രകേരളം എന്ന നാടകം  താമസിയാതെ അരങ്ങിലെത്തിക്കുവാനുള്ള ശ്രമത്തിലാണ്. 
കലാപൂർണതക്കു വേണ്ടി അരങ്ങിലും സദസ്സിലും പിന്തുണ നൽകുന്ന അനുവാചകരും കലാകാരന്മാരായ സുഹൃത്തുക്കളുമാണ്  ഈ വിജയങ്ങൾക്കു പിന്നിലെന്ന് അനിൽ വിശ്വസിക്കുന്നു.
വീട്ടമ്മയായ സിന്ധുവാണ് ഭാര്യ. എൻജിനീയറിംഗ്  കോളേജ് വിദ്യാർത്ഥിയായ അമലും സ്‌കൂൾ വിദ്യാർത്ഥിനിയായ  അനഘയും മക്കൾ. 

Latest News