Sorry, you need to enable JavaScript to visit this website.

അറബ് സാഹിത്യത്തിന് മലയാളിയുടെ സംഭാവന

സയ്യിദ് മുഹമ്മദ് ശാക്കിർ

അറബ് സർഗ്ഗാത്മക ലോകത്ത് രചനാ ശൈലിയുടെ വൈവിധ്യം കൊണ്ടും ആഴത്തിലുള്ള നിരീക്ഷണം കൊണ്ടും രാഷ്ട്രീയ നിലപാടു കൊണ്ടും വേറിട്ടു നിന്ന ഒരെഴുത്തുകാരനെക്കുറിച്ച് പതിവു രീതികൾ ഭേദിച്ച് നടത്തിയ ഗവേഷണം സാഹിത്യ പ്രേമികൾക്കുള്ള പുസ്തക സമ്മാനമായി മാറിയിരിക്കുന്നു. ചരിത്ര നോവൽ സാഹിത്യത്തിന് അലി അഹമ്മദ് ബാ കസീർ എന്ന എഴുത്തുകാരൻ നൽകിയ സംഭാവനകൾ മുഖ്യപ്രമേയമാക്കി പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജ് പ്രിൻസിപ്പൽ ഡോ. സയ്യിദ് മുഹമ്മദ് ശാക്കിർ നടത്തിയ ഗവേഷണമാണ് നല്ലൊരു സാഹിത്യ രചനയായി പുറത്തു വന്നിരിക്കുന്നത്. കോഴിക്കോട് സർവകലാശാല വൈസ് ചാൻസലർ ഡോ. മുഹമ്മദ് ബഷീറിനു കീഴിലായിരുന്നു ഗവേഷണം.
മറ്റു പല ഭാഷകളിലേത് പോലെ അറബി ഭാഷയിലും ധാരാളം ചരിത്ര നോവലുകൾ പിറവിയെടുത്തിട്ടുണ്ട്.  നജീബ് മഹ്ഫൂസ്, നജീബ് കീലാനി തുടങ്ങിയ  ഒട്ടനവധി പ്രഗത്ഭർക്കിടയിൽ ഉള്ളടക്കത്തിന്റെ വൈവിധ്യം കൊണ്ടും സാഹിത്യ നിലവാരത്താലും  ഭാഷാ ചാതുരിയാലും വ്യത്യസ്തത പുലർത്തിയ എഴുത്തുകാരനാണ് ബാകസീർ. നൊബേൽ സമ്മാനം നേടിയ നജീബ് മഹ്ഫൂസിനൊപ്പം പല പ്രശസ്ത അവാർഡുകളും ബാകസീർ പങ്കിട്ടിരുന്നുവെന്നതും ശ്രദ്ധേയമാണ്. 
ഡോ. സയ്യിദ് മുഹമ്മദ് ശാക്കിർ നടത്തിയ പഠനം ധാർമ്മികതയിലൂന്നിയ പ്രമേയത്തിലൂടെ വേറിട്ട കാഴ്ചപ്പാട് നിലനിർത്തിയത് കേന്ദ്രീകരിച്ചായിരുന്നു. ഒപ്പം തന്നെ ചരിത്ര നോവൽ സാഹിത്യത്തിന്റെ ചരിത്രവും സവിശേഷതകളും ഈ മേഖലയിൽ സംഭാവനകൾ അർപ്പിച്ച പ്രഗത്ഭരെക്കുറിച്ചുള്ള വിവരണവും ഉൾച്ചേർന്നിട്ടുണ്ട്. ബാകസീറിന്റെ നവോത്ഥാന ചിന്തകളും കാഴ്ചപ്പാടുകളും യാത്രകളുമെല്ലാം ഇതിൽ പ്രതിപാദിക്കുന്നുണ്ട്. കുറച്ചുകാലം സഊദിയിൽ ജീവിച്ച ബാകസീർ ആധുനിക സഊദി അറേബ്യയുടെ രൂപീകരണ വേളയിൽ കവിതകൾ പാടി ഐക്യദാർഢ്യം പ്രകടിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ സൗദി സന്ദർശന വിവരണത്തിൽ  അബ്ദുൽ അസീസ് രാജാവിനെയും മക്കളായ സൗദ്, ഫൈസൽ രാജകുമാരൻമാരെയും കണ്ട് കൂടിക്കാഴ്ച നടത്തിയതും ഒരു വർഷത്തോളം ഹിജാസിൽ, തായിഫിൽ, മദീനയിൽ താമസിച്ച കാലത്തെ അനുഭവങ്ങളും വ്യക്തമാക്കുന്നുണ്ട്. ബാകസീറിന്റെ കവിത, നാടക രംഗത്തെ രചനകളെക്കുറിച്ച് വിശദമായി ഗവേഷണ പഠനത്തിൽ ഉണ്ട്. 
ബാകസീറിന്റെ ചരിത്ര നോവലുകളായ സല്ലാമത്തുൽ ഖസ്സ്, അൽ സാഇറുൽ അഹ്മർ, അൽ ഫാരിസുൽ ജമീൽ, സീറത് ശുജാ എന്നിവയെക്കുറിച്ച് കൃത്യമായ അപഗ്രഥനം ശാക്കിർ നടത്തുന്നുണ്ട്. 
പ്രവാചക വിയോഗത്തിന് ശേഷമുള്ള ചരിത്രം, ഉമവി, അബ്ബാസി, ഫാത്വിമി കാലം മുതൽ ആധുനിക കാലത്തെ ചരിത്രങ്ങൾ വരെ ബാകസീർ നോവലുകളുടെ പ്രമേയമാണ്. കമ്യൂണിസത്തിന്റെ വരവ്, ഈജിപ്തിലെ പ്രക്ഷുബ്ധമായ രാഷ്ട്രീയ ചുറ്റുപാട്, ഫലസ്തീൻ പ്രശ്‌നവുമെല്ലാം രചനകളിൽ ഒളിഞ്ഞും തെളിഞ്ഞും  കടന്നു പോകുന്നു. താർത്താരികൾക്കെതിരെ മുസ്‌ലിം സേന വിജയം നേടിയതും മറ്റു പല ഘട്ടങ്ങളിൽ പരാജയത്തിന്റെ രുചി അറിഞ്ഞ സംഭവങ്ങളും വിജയ പരാജയത്തിന്റെ കാരണങ്ങളും അന്വേഷണ വിധേയമാകുന്നു. 
ഷാർജ സർക്കാരിന്റെ  സാംസ്‌കാരിക വകുപ്പാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ഒരു മലയാളിയുടെ അറബ് ഗ്രന്ഥം ആദ്യമായാണ് അറബ് സാംസ്‌കാരിക തലസ്ഥാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഷാർജയുടെ സാംസ്‌കാരിക വകുപ്പ് പ്രസിദ്ധീകരിക്കുന്നത്. യെമൻകാരനായ അലി അഹമ്മദ് ബാകസീർ 1910 ൽ ഇന്തോനേഷ്യയിൽ ആണ്    ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം യെമനിലെ  ഹദർ മൗത്തിലേക്ക് മടങ്ങിയ അദ്ദേഹം 10 വർഷം അവിടെ പഠിച്ചു. സാഹിത്യത്തിന്റെ മുഴുവൻ ശാഖകളിലും വ്യുൽപത്തിയുള്ള അദ്ദേഹം പതിമൂന്നാം വയസ്സിൽ കവിത രചിച്ചു. നാടകം, നോവൽ സാഹിത്യത്തിൽ ഒട്ടേറെ രചനകൾ സംഭാവന ചെയ്തു. മതരംഗത്തെ പരിഷ്‌കരണ പ്രസ്ഥാനങ്ങൾക്കൊപ്പം നിലകൊണ്ടു. ആധുനിക സൗദി അറേബ്യ രൂപം കൊള്ളുന്ന വേളയിൽ യെമനിൽ നിന്ന് മനോഹരമായ കവിതകൾ രചിച്ചു പിന്തുണയേകി. 1932 ൽ സഊദിയിലെ ഹിജാസിൽ എത്തിയ ബാകസീറിന് വീരോചിത സ്വീകരണമാണ് ലഭിച്ചത്. കേവലം 22 വയസ്സ് മാത്രം പ്രായമുള്ള അദ്ദേഹം അന്ന് തന്നെ അറബ് ലോകത്തെ അറിയപ്പെടുന്ന കവിയും സാഹിത്യകാരനുമായിരുന്നു. അബ്ദുൽ അസീസ് രാജാവിനെയും മക്കളായ സൗദ്, ഫൈസൽ രാജകുമാരൻമാരെയും കാണാൻ അവസരം ലഭിച്ചു. സൗദിയിലെ സാഹിത്യ, മതമേഖലയിലെ പ്രഗത്ഭരുമായി സംവദിക്കാൻ അവസരമുണ്ടായി. ഒരു വർഷത്തിന് ശേഷം ഈജിപ്തിൽ എത്തിയ അദ്ദേഹം ജീവിതാന്ത്യം വരെ അവിടെ തന്റെ സാഹിത്യ സപര്യ തുടർന്നു. ഇംഗ്ലീഷ് സാഹിത്യത്തിലും ആഴത്തിൽ അവഗാഹമുണ്ടായിരുന്ന അദ്ദേഹം ദീർഘകാലം ഇംഗ്ലീഷ് അധ്യാപകനായും ഈജിപ്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈജിപ്തിൽ സ്ഥിര താമസമാക്കിയ ബാകസീർ കൈറോ സർവ്വകലാശാലയിൽ നിന്ന് ഇംഗ്ലീഷ് ഭാഷാ സാഹിത്യത്തിലും പഠനം നടത്തിയിട്ടുണ്ട്. പഠന കാലയളവിനിടെ 1936ൽ റൂമിയോ ജൂലിയറ്റ് എന്ന ഷേക്‌സിപയർ രചന അറബിയിലേക്ക് സ്വതന്ത്ര വിവർത്തനവും അദ്ദേഹം നടത്തിയിട്ടുണ്ട്. അറബ് സാഹിത്യ ലോകത്ത് പോയറ്റിക് പ്ലേ (കാവ്യ നാടകം) എന്ന ആശയത്തിന് തുടക്കമിട്ടത് അദ്ദേഹമാണ്. 
1969 ൽ മരണപ്പെടുന്നതിനിടയിലെ സംഭവ ബഹുലമായ ജീവിതത്തിൽ ഒട്ടനവധി കവിതകൾ, അറുപതോളം നാടകങ്ങൾ, ആറ് നോവലുകൾ രചിച്ചു. തന്റെ ജീവിതവും സാഹിത്യ ലോകവും സമന്വയിപ്പിച്ച അദ്ദേഹം അറബ് ഇസ്‌ലാമിക ലോകത്തിന്റെ വേദനകളും വ്യഥകളും നെഞ്ചേറ്റി പരിഹാരങ്ങൾക്ക് ശ്രമിച്ച എഴുത്തകാരൻ കൂടിയാണ് എന്നത് ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്. 
ഡോ. ഉമർ അബ്ദുൽ അസീസ്, ഡോ. ശിഹാബ് ഗാനം, ഡോ അബ്ദുൽ ഹക്കീം സുബൈദി തുടങ്ങിയ സാഹിത്യ ലോകത്തെ അതികായരുമായീ വിഷയ സംബന്ധമായി ചർച്ചകൾ നടത്തിയാണ് സയ്യിദ് മുഹമ്മദ് ശാക്കിർ ഈ പഠന ഗ്രന്ഥം തയ്യാറാക്കിയത്. ഈയ്യിടെ നടന്ന ഷാർജ അന്താരാഷ്ട്രാ പുസ്തക മേളയിൽ ഏറെ ശ്രദ്ധ നേടിയ ശാകിറിന്റെ രചന മാധ്യമലോകത്തും ചർച്ച ചെയ്യപ്പെട്ടു.  മുഹമ്മദ് ശുഐബ് അൽ ഹമ്മാദി (യു.എ.ഇ റൈറ്റേഴ്‌സ് ഫോറം ഭാരവാഹി, അബുദാബി റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ്), പ്രമുഖ എഴുത്തുകാരനും നോവലിസ്റ്റുമായ ഉബൈദ് ഇബ്രാഹിം ബൂമിൽ, കെ.പി. രാമനുണ്ണി, ഡോ. സാബിർ നവാസ്, ഹുസൈൻ സലഫി, ഡോ. സി. മുഹമ്മദ് റാഫി തുടങ്ങിയവർ ഷാർജയിലെ പുസ്തക പ്രകാശനത്തിൽ പങ്കെടുത്തിരുന്നു.
 

Latest News