കിരീടാവകാശിയുടെ സൗമനസ്യം, ജപ്പാനിലേക്ക് സൗജന്യ യാത്ര

റിയാദ് - ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ഫൈനലിന്റെ രണ്ടാം പാദത്തിനായി അല്‍ഹിലാല്‍ ആരാധകര്‍ക്ക് ജപ്പാനിലേക്ക് വിമാനയാത്ര ഒരുക്കാനുള്ള കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ സൗമനസ്യം ഫുട്‌ബോള്‍ പ്രേമികളില്‍ ആവേശം പടര്‍ത്തി. ഉറാവ റെഡ്‌സിനെതിരെ റിയാദില്‍ നടന്ന ആദ്യ പാദം ഹിലാല്‍ 1-0 ന് ജയിച്ചിരുന്നു. അടുത്തയാഴ്ച നടക്കുന്ന രണ്ടാം പാദ ഫൈനല്‍ കാണാനായി ആരാധകര്‍ക്ക് നാല് വിമാനങ്ങളാണ് കിരീടാവകാശി ഏര്‍പ്പെടുത്തുന്നത്. 24 ന് ടോക്കിയോക്കടുത്ത സയ്റ്റാമയിലാണ് രണ്ടാം പാദം. 
ആരാധകരുടെ യാത്രക്ക് സൗകര്യമൊരുക്കാന്‍ സൗദി ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റിയും അല്‍ഹിലാല്‍ അധികൃതരും ശ്രമമാരംഭിച്ചിട്ടുണ്ട്. സൗദി ആരാധകരുടെ സാന്നിധ്യം ജപ്പാനില്‍ ഹിലാല്‍ കളിക്കാര്‍ക്ക് ആവേശം പകരും. സൗദി ഫുട്‌ബോളിനുള്ള കിരീടാവകാശിയുടെ പിന്തുണയാണ് ഇതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 
 

Latest News