Sorry, you need to enable JavaScript to visit this website.

ഇന്ത്യക്ക് പോരാട്ടം കടുപ്പം, അനസ് നാട്ടിലേക്കു മടങ്ങി

ദുഷാന്‍ബെ - താജിക്കിസ്ഥാനിലെ കൊടും തണുപ്പില്‍ അരങ്ങേറുന്ന ലോകകപ്പ് ഫുട്‌ബോളിന്റെ ഏഷ്യന്‍ യോഗ്യതാ റൗണ്ട് മത്സരത്തില്‍ ഇന്ത്യക്ക് വ്യാഴാഴ്ച അഫ്ഗാനിസ്ഥാനെ തോല്‍പിച്ചേ തീരൂ. പൂജ്യം ഡിഗ്രി താഴെ തണുപ്പില്‍ കൃത്രിമ ടര്‍ഫില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യന്‍ കളിക്കാരുടെ കഴിവ് പൂര്‍ണമായും പരീക്ഷിക്കപ്പെടും. അഫ്ഗാനിസ്ഥാന്റെ ഹോം മത്സരമാണ് ഇത്. 
യോഗ്യതാ റൗണ്ടില്‍ ഇതുവരെ സ്ഥിരത പുലര്‍ത്താന്‍ ഇന്ത്യക്കായിട്ടില്ല. ഒമാനെതിരായ ഹോം മത്സരത്തിലെ 1-2 തോല്‍വിയോടെയാണ് ടീം തുടങ്ങിയത്. എന്നാല്‍ ദോഹയില്‍ ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തറിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചത് ടീമിന് വലിയ ആവേശം പകര്‍ന്നു. എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ ബംഗ്ലാദേശിനോട് കഷ്ടിച്ചാണ് പരാജയം ഒഴിവാക്കിയത്. കളി തീരാന്‍ രണ്ടു മിനിറ്റുള്ളപ്പോള്‍ ആദില്‍ ഖാന്‍ ഗോള്‍ മടക്കിയിരുന്നില്ലെങ്കില്‍ കൊല്‍ക്കത്തയില്‍ ഇന്ത്യ തോറ്റേനേ. സാള്‍ട്‌ലെയ്ക്ക് സ്‌റ്റേഡിയത്തില്‍ തടിച്ചുകൂടിയ വന്‍ ജനാവലിയെ നിരാശപ്പെടുത്തി ഇന്ത്യയുടെ പ്രകടനം. യോഗ്യതാ റൗണ്ടിലെ ആദ്യ വിജയമാണ് അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ പ്രതീക്ഷിക്കുന്നത്. 
ഓരോ ഗ്രൂപ്പില്‍ നിന്നും ഒരു ടീം മാത്രമേ മുന്നേറൂ എന്നിരിക്കെ ഗ്രൂപ്പ് ഇ-യില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. ഒരു ജയവുമായി അഫ്ഗാനിസ്ഥാന്‍ ഗ്രൂപ്പില്‍ മൂന്നാമതാണ്. 
മലയാളി ഡിഫന്റര്‍ അനസ് എടത്തൊടിക ഇല്ലാതെയാണ് ഇന്ത്യന്‍ ടീം കളിക്കുക. താജിക്കിസ്ഥാനിലേക്കുള്ള യാത്രക്കിടെ ദുബായില്‍ ഇന്ത്യന്‍ ടീം പരിശീലനത്തിന് ഇറങ്ങിയ ഘട്ടത്തില്‍ ഉമ്മയുടെ മരണ വാര്‍ത്തയറിഞ്ഞ് അനസ് നാട്ടിലേക്കു മടങ്ങിയിരിക്കുകയാണ്. അനസിന്റെ സെന്‍ട്രല്‍ ഡിഫന്‍സിവ് പാര്‍ട്ണറായ സന്ദേശ് ജിന്‍ഗനും പരിക്കേറ്റു വിട്ടുനില്‍ക്കുകയാണ്. 
ഗോകുലം കേരളാ താരം ഹാറൂന്‍ അമീരിയാണ് അഫ്ഗാനിസ്ഥാന്റെ ഏറ്റവും പരിചയസമ്പന്നനായ കളിക്കാരന്‍. അമീരി 2011 മുതല്‍ ഇന്ത്യയില്‍ കളിക്കുന്നുണ്ട്. ഐ.എസ്.എല്ലില്‍ പ്രഥമ സീസണില്‍ എഫ്.സി ഗോവയുടെ കളിക്കാരനായിരുന്നു. 48 തവണ അഫ്ഗാനിസ്ഥാന്റെ ജഴ്‌സിയിട്ടിട്ടുണ്ട്. 

Latest News