Sorry, you need to enable JavaScript to visit this website.

നൈറ്റ് ഇല്ലാതെ ഡേ-നൈറ്റ് ടെസ്റ്റ്

കൊല്‍ക്കത്ത - ഇന്ത്യ ആതിഥ്യമരുളുന്ന ആദ്യ ഡേ-നൈറ്റ് ക്രിക്കറ്റ് ടെസ്റ്റില്‍ കളി ഏറെയും പകലില്‍. മഞ്ഞുവീഴ്ച ഭയന്നാണ് ഇത്. ഉച്ചക്ക് ഒരു മണിക്ക് ആരംഭിച്ച് ഓരോ ദിവസത്തെയും കളി രാത്രി എട്ടിന് അവസാനിക്കും. ജോലി കഴിഞ്ഞെത്തി കളി കാണാന്‍ ആരാധകര്‍ക്ക് അവസരം നല്‍കുകയെന്നതാണ് ഡേ-നൈറ്റ് ടെസ്റ്റിന്റെ ഉദ്ദേശ്യം. ആ ഉദ്ദേശ്യമാണ് ഇതോടെ ഇല്ലാതാവുന്നത്. ഈ മാസം 22 മുതല്‍ ഇന്ത്യയും ബ്ംഗ്ലാദേശും തമ്മില്‍ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലാണ് ഡേ-നൈറ്റ് മത്സരം അരങ്ങേറുന്നത്. 
തണുപ്പ് കാലത്ത് അരങ്ങേറുന്ന ലോകത്തെ ആദ്യത്തെ ഡേ-നൈറ്റ് ക്രിക്കറ്റ് ടെസ്റ്റാണ് കൊല്‍ക്കത്തയിലേത്. ഇതുവരെ നടന്നതെല്ലാം വേനല്‍ക്കാലത്തോ മഞ്ഞുവീഴ്ച ബാധിക്കാത്ത യു.എ.ഇയിലോ ആയിരുന്നു. കനത്ത മഞ്ഞുവീഴ്ചയുണ്ടായാല്‍ പിങ്ക് പന്ത് പഞ്ഞിപോലെ ആവും. ബൗളിംഗ് ദുഷ്‌കരമാവും. ഈ സാഹചര്യത്തില്‍ കളി ഉച്ചയോടെ തുടങ്ങണമെന്ന് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ബി.സി.സി.ഐയോട് അഭ്യര്‍ഥിക്കുകയായിരുന്നു. സാധാരണ വൈകുന്നേരം അഞ്ചോടെയാണ് ഡേ-നൈറ്റ് ടെസ്റ്റ് ആരംഭിക്കുക. കൊല്‍ക്കത്തയില്‍ ഉച്ചക്ക് ഒന്ന് മുതല്‍ മൂന്ന് വരെയായിരിക്കും ആദ്യ സെഷന്‍. 3.40 മുതല്‍ 5.40 വരെ രണ്ടാം സെഷനും ആറ് മുതല്‍ എട്ട് വരെ മൂന്നാം സെഷനുമായിരിക്കും. 

Latest News