Sorry, you need to enable JavaScript to visit this website.

സൗദിയിൽ സുരക്ഷാ വ്യവസ്ഥകൾ പാലിക്കാത്ത സ്‌കൂൾ  ബസ് ഡ്രൈവർമാർക്ക് വൻ തുക പിഴ വരുന്നു

റിയാദ് - സുരക്ഷാ വ്യവസ്ഥകൾ പാലിക്കാത്ത സ്‌കൂൾ ബസ് ഡ്രൈവർമാർക്ക് വൻ തുക പിഴ ചുമത്തുന്ന പുതിയ നിയമാവലി പൊതുഗതാഗത അതോറിറ്റി തയാറാക്കുന്നു.

ഡ്രൈവർമാർക്ക് 500 റിയാൽ മുതൽ 5,000 റിയാൽ വരെ പിഴകൾ വ്യവസ്ഥ ചെയ്യുന്ന നിയമാവലി അന്തിമ ഘട്ടത്തിലാണ്. സ്വകാര്യ, സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥി, വിദ്യാർഥിനികൾക്കും അധ്യാപകർക്കും ഓഫീസ് ജീവനക്കാർക്കും യാത്രാ സൗകര്യം നൽകുന്ന മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കും സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഡ്രൈവർമാർക്കും പുതിയ നിയമാവലി ബാധകമായിരിക്കും. 


സ്‌കൂൾ ട്രാൻസ്‌പോർട്ടേഷൻ സേവനത്തിന്റെ ഗുണമേന്മ ഉയർത്തുന്നതിനും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾക്ക് അനുസൃതമായി നിക്ഷേപങ്ങൾക്ക് അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കുന്നതിനും പുതിയ നിയമാവലിയിലൂടെ ഉന്നമിടുന്നു. സ്‌കൂൾ ട്രാൻസ്‌പോർട്ടേഷൻ വാഹനങ്ങളിൽ ജോലി ചെയ്യുന്ന ഡ്രൈവർമാർ പ്രാഥമിക ശുശ്രൂഷകൾ നൽകുന്നതിൽ അംഗീകൃത സ്ഥാപനത്തിൽനിന്ന് പരിശീലനം നേടൽ നിയമാവലി നിർബന്ധമാക്കുന്നു. കിന്റർഗാർട്ടനുകൾ, നഴ്‌സറികൾ, സ്‌കൂളുകൾ, കോളേജുകൾ, ഇൻസ്റ്റിറ്റിയൂട്ടുകൾ, യൂനിവേഴ്‌സിറ്റികൾ, തഹ്ഫീദുൽ ഖുർആൻ സ്‌കൂളുകൾ തുടങ്ങി മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കീഴിലെ ബസുകൾക്കും വാനുകൾക്കും പുതിയ നിയമാവലി ബാധകമായിരിക്കും. പ്രത്യേക ഓപറേറ്റിംഗ് കാർഡ് നേടിയ ശേഷം വ്യക്തികൾക്ക് ഒരു സ്‌കൂൾ ട്രാൻസ്‌പോർട്ടേഷൻ വാഹനം പ്രവർത്തിപ്പിക്കാവുന്നതാണ്. സ്‌കൂൾ ട്രാൻസ്‌പോർട്ടേഷൻ മേഖലയിൽ പ്രവർത്തിക്കുന്നതിന് വ്യക്തികൾക്ക് ഒരു വർഷത്തേക്കുള്ള ലൈസൻസ് ആയി ഓപറേറ്റിംഗ് കാർഡ് കണക്കാക്കും. കാലാവധി അവസാനിച്ച ശേഷം കാർഡ് പുതുക്കാതെ സ്‌കൂൾ ട്രാൻസ്‌പോർട്ടേഷൻ മേഖലയിൽ പ്രവർത്തിക്കുന്നതിന് വിലക്കുണ്ടാകും. 


പുതിയ നിയമാവലിയിൽ വ്യവസ്ഥ ചെയ്യുന്ന ഏറ്റവും ഉയർന്ന പിഴ തുക 5,000 റിയാലാണ്. വിദ്യാർഥികളെയും മറ്റും വീടുകളിൽനിന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തിരിച്ചും എത്തിച്ചു കഴിഞ്ഞ ശേഷം ബസുകളിൽ ഉപയോക്താക്കൾ ആരുമില്ലെന്ന് പരിശോധിച്ച് ഉറപ്പുവരുത്താത്ത ഡ്രൈവർമാർക്ക് ആണ് 5,000 റിയാൽ പിഴ ചുമത്തുക. ഗുണഭോക്താക്കളുമായോ അവരുടെ രക്ഷകർത്താക്കളുമായോ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായോ ഗവൺമെന്റ് സ്‌കൂളുകളിൽ ട്രാൻസ്‌പോർട്ടേഷൻ സേവനത്തിന് മേൽനോട്ടം വഹിക്കുന്ന വകുപ്പുമായോ കരാർ ഒപ്പുവെക്കാതിരുന്നാലും ഇതേ തുക പിഴ ലഭിക്കും. ഗുണഭോക്താക്കൾ കയറുന്നതിനും ഇറങ്ങുന്നതിനുമിടെ വാഹനം പൂർണമായും നിർത്താതിരിക്കുന്നതിന് 2,000 റിയാൽ പിഴ ലഭിക്കും. ഗുണഭോക്താക്കൾക്ക് കയറുന്നതിനും ഇറങ്ങുന്നതിനും പ്രത്യേകം നിശ്ചയിച്ച സ്ഥലങ്ങളിൽ നിർത്താതിരുന്നാലും ഇതേ തുക പിഴ ചുമത്തും. 


താമസസ്ഥലത്തിനും വിദ്യാഭ്യാസ സ്ഥാപനത്തിനും മുന്നിലല്ലാതെ ഗുണഭോക്താക്കളെ ഇറക്കിയാലും 2,000 റിയാൽ പിഴ ചുമത്തും. വിദ്യാർഥികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും കയറിപ്പോകുന്നതിനു മുമ്പായി ബസുമായി സ്ഥലം വിടൽ, പൂർണമായും നിർത്തുന്നതിനു മുമ്പായി ബസുകളുടെ ഡോറുകൾ തുറക്കൽ, യാത്രക്കിടെ ഡോറുകൾ അടക്കാതിരിക്കൽ എന്നീ നിയമ ലംഘനങ്ങൾക്കും 2,000 റിയാൽ തോതിൽ പിഴ ചുമത്തും. 


ആവശ്യം വരുന്ന സാഹചര്യങ്ങളിൽ ഗുണഭോക്താക്കൾക്ക് പ്രാഥമിക ശുശ്രൂഷകൾ നൽകാതിരിക്കൽ, ഗുണഭോക്താക്കൾ സീറ്റുകളിൽ ഇരിപ്പുറപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താതിരിക്കൽ, ഗുണഭോക്താക്കളുടെ സുരക്ഷിതത്വം സംരക്ഷിക്കാതിരിക്കൽ എന്നിവക്ക് 1,000 റിയാൽ തോതിലാണ് പിഴ ചുമത്തുക. ബസുകളിൽ കയറുന്നതിനും ഇറങ്ങുന്നതിനും വികലാംഗരെ സഹായിക്കാതിരിക്കൽ, സ്‌കൂൾ ബസ്, കോളേജ് ബസ്, യൂനിവേഴ്‌സിറ്റി ബസ് എന്നീ വാചകങ്ങൾ സ്‌കൂൾ, കോളേജ്, യൂനിവേഴ്‌സിറ്റി വിദ്യാർഥികൾക്ക് യാത്രാ സൗകര്യം നൽകുന്ന ബസുകളിൽ ഇല്ലാതിരിക്കൽ എന്നീ നിയമ ലംഘനങ്ങൾക്കാണ് ഏറ്റവും കുറഞ്ഞ പിഴ ലഭിക്കുക. ഇത്തരം നിയമ ലംഘനങ്ങൾക്ക് 500 റിയാൽ വീതം പിഴയാണ് പുതിയ കരടു നിയമാവലിയിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. 

 

Latest News